Friday, August 25, 2017

പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്നവർ.

പിച്ച ചട്ടിയിൽ കൈയിട്ടു വാരുക എന്ന കൊടും ക്രൂരത ഇന്ന് ഏറ്റവും കൃത്യം ആയി കാണുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടുകളിൽ ആണ്. അതിനു ചൂട്ടു പിടിച്ചു കൊടുക്കുന്നതോ കേന്ദ്ര സർക്കാരും. ഒരു ബാങ്ക് അക്കൗണ്ട് ഇല്ലാതെ ഭാരതത്തിലെ ഒരു ദരിദ്ര പ്രജക്കും ഇന്ന് ജീവിക്കാൻ കഴിയില്ല. ബുദ്ധിക്ക് മണ്ഡരി ബാധിച്ച ഒരു ഭരണ കൂടത്തിന്റെ തലച്ചോറിൽ വിരിഞ്ഞ പണരഹിത ഇക്കോണമി എന്ന ഉഡായിപ്പിൽ ബാങ്ക് അക്കൗണ്ട് ജീവ വായു പോലെ പ്രധാന പെട്ട ഒരു ഘടകം ആയി മാറി. ഫലമോ ഉണ്ണാനുടുക്കാനില്ലേലും ബാങ്ക് അക്കൗണ്ട് നിർബന്ധം എന്ന നില വന്നു. ഗ്യാസിന്റെ സബ്‌സിഡി, സ്കോളർഷിപ് എന്ന് വേണ്ട സർവ കാര്യങ്ങൾക്കും ബാങ്ക് അക്കൗണ്ട് അത്യാവശ്യം ആവുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും വല്യ പൊതുമേഖല ബാങ്ക് അങ്ങിനെ ദരിദ്ര ഭാരതീയരുടെ അക്കൗണ്ട് കൊണ്ട് നിറഞ്ഞു. മിനിമം ബാലൻസ് ഇല്ലാ എങ്കിൽ പിഴ ഈടാക്കും എന്ന നില വന്നു. അന്നന്നത്തെ അഷ്ടിക്ക് വകയില്ലാത്തവൻ ബാങ്കിൽ നിർബന്ധിത നിക്ഷേപം നടത്തണം എന്ന്.!

പിഴയുടെ പെരുമഴക്കാലം ബാങ്കുകൾ ആഘോഷിച്ചു തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം കഴിഞ്ഞ മൂന്നു മാസം പിരിച്ചെടുത്ത പിഴ 235 കോടി രൂപ.!!!

പിരിച്ചെടുത്തത് കോർപ്പറേറ്റുകളുടെ പക്കൽ നിന്നും അല്ല. തുശ്ചമായ മിനിമം ബാലൻസ് പോലും ബാങ്കിൽ സൂക്ഷിക്കാൻ കഴിയാത്ത ദരിദ്ര ഭാരതീയന്റെ പിച്ച ചട്ടിയിൽ നിന്നും.

മിനിമം ബാലൻസ് സൂക്ഷിക്കാൻ പോലും നിവർത്തിയില്ലാത്തവനെ ചൂഷണം ചെയ്തിട്ട് അതിൽ നിന്നും ശമ്പളം വാങ്ങുന്നവൻ പോലും ഗതി പിടിക്കില്ല. ഒരു ഗതിയും പരഗതിയും ഇല്ലാത്ത സാധുക്കളെ ബാങ്ക് അക്കൗണ്ട് എന്ന കെണിയിൽ പെടുത്തി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം സർക്കാരിലേക്കും പോകുന്നുണ്ട്. സർക്കാർ സ്‌പോൺസേർഡ് ചൂഷണം തന്നെയാണ് ഈ ദ്രോഹവും.

ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഒരു നേരത്തെ അന്നം പോലും അന്യമായ ഒരു സമൂഹത്തിന്റെ ശാപം ഭരണ കൂടമേ നിങ്ങളെ വിട്ടൊഴിയില്ല. രാജ്യദ്രോഹികളുടെ ഭരണം ജനദ്രോഹം ആകുന്നതിൽ അത്ഭുതപ്പെടാനും ഇല്ല.
  

ഉഡായിപ്പുകളുടെ ആശാന്മാർ ഭരണം കയ്യാളുമ്പോൾ പിച്ച ചട്ടികൾ പോലും കൊള്ളയടിക്കപ്പെടുന്നു.

No comments: