Monday, March 23, 2020

ദുരന്തങ്ങൾ മഹാ ദുരന്തങ്ങൾക്ക് വഴി തെളിക്കുമ്പോൾ.

ന്ന് പഞ്ചാബിൽ നിന്നും വന്ന ഒരു വാർത്ത അങ്ങേയറ്റം ദുഃഖകരവും അതേസമയം ഭീതി ഉളവാക്കുന്നതും ആണ്. "കൊറോണ" എത്രമേൽ ലളിതമായി നമ്മളിലേക്ക് എത്തിച്ചേരാം എന്നതിന് പ്രത്യക്ഷ ഉദാഹരണം തന്നെയാണ് പഞ്ചാബിലെ ശഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ നവൻഷഹർ പട്ടണത്തിൽ നിന്നും കേൾക്കേണ്ടി വന്നത്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഓരോന്നും നമ്മുടെ ഉദാസീനത എത്ര മേൽ അപകടം നിറഞ്ഞത് ആണ് എന്ന് നമ്മെ പഠിപ്പിക്കുന്നു.

.
മാർച്ച് അഞ്ചാം തീയതി 70 വയസുള്ള ബൽദേവ് സിംഗ് എന്ന   മുത്തശ്ചൻ  ജർമനിയിൽ നിന്നും ഇറ്റലി വഴി  അദ്ദേഹത്തിന്റെ മാതൃസ്ഥലമായ പത്ലാവ ഗ്രാമത്തിൽ    എത്തുന്നു. വന്നതിന്റെ അടൂത്ത ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബംഗാ സിവിൽ  ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുന്നു. മാർച്ച് അഞ്ച് എന്നത് പഞ്ചാബിൽ കൊറോണയുടെ സാന്നിധ്യം അത്രമേൽ ഉണ്ടായിട്ടില്ല എന്നത് കൊണ്ട് തന്നെ കൊറോണ ടെസ്റ്റ് ഒന്നും നടക്കുന്നില്ല. ദിവസങ്ങളോളം അദ്ദേഹം ഹോസ്പിറ്റലിൽ കിടക്കുന്നു . മാർച്ച് പന്ത്രണ്ടാം തീയതിയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതൽ തകരാറിൽ ആകുന്നു. ശക്തമായ ചുമയും ശ്വാസം മുട്ടലും കൊണ്ട് അദ്ദേഹം അനുദിനം അവശനാകുന്നു. അപ്പോഴേക്കും കൊറോണ വ്യാപകമായ അവസ്ഥയായതു കൊണ്ട് കൊറോണ ടെസ്റ്റിന് സാമ്പിൾ അയക്കുന്നു.
.
കഴിഞ്ഞ ബുധനാഴ്ച് ആ മുത്തശ്ചൻ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണം അടഞ്ഞു. മരിക്കുമ്പോഴും അദ്ദേഹത്തിന്റെ കൊറോണ ടെസ്റ്റിന്റെ റിസൾട്ട് വന്നിട്ടില്ലായിരുന്നു. പതിനെട്ടാം തീയതി  അദ്ദേഹത്തിന്റെ കോവിഡ് - 19 ടെസ്റ്റ് റിസൾട്ട് വന്നു. ദൗർഭാഗ്യകരം എന്ന് പറയട്ടെ, ടെസ്റ്റ് റിസൾട്ട് പോസിറ്റീവ്. അതേ തുടർന്ന് ബൽദേവ് സിംഗിന്റെ വീടിനു മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശം സർക്കാർ സീൽ ചെയ്തു. അദ്ദേഹത്തിന്റെ ബന്ധു മിത്രാദികളെയും ശുശ്രൂഷിച്ചവരെയും സന്ദർശിച്ചവരെയും ഒക്കെയും ക്വറന്റൈൻ ചെയ്തു.

ഒരു ദുരന്തത്തിന്റെ ആദ്യ ഘട്ടം ആയിരുന്നു അത്.  ക്വറന്റൈൻ ചെയ്ത ആളുകളുടെ ടെസ്റ്റ് റിപ്പോർട്ട് വന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ പതിനൊന്നു പേർക്ക് കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ്. അതിൽ രണ്ടു വയസുള്ള ഒരു കുഞ്ഞും ഉണ്ട്. ഇപ്പോൾ ആരോഗ്യ പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാൻ ആകുന്നില്ല. അത് വെളിപ്പെടുത്താൻ ബൽദേവ് സിങ്ങ് ഇന്ന് ജീവിച്ചിരിപ്പില്ല.

ഇങ്ങിനെ ദുരന്തങ്ങൾ വൻ ദുരന്തങ്ങളിലേക്ക് വഴി തെളിക്കുന്ന സംഭവങ്ങൾ ഓരോ ദിവസവും നമ്മുടെ മുന്നിലൂടെ കടന്നു പോകുന്നു. പക്ഷേ ഇപ്പോഴും കൊറോണ എന്ന മഹാ ദുരന്തത്തെ നാം എത്രേമേൽ ആണ് ലാഘവത്തോടെ കണക്കാക്കുന്നത്. സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും  മാത്രം ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ ആകില്ല. അകന്ന് നിന്ന് അകത്തിരുന്ന അപകടത്തെ നാം അകറ്റിയേ മതിയാകുള്ളൂ.

No comments: