Saturday, April 18, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും - 2 : ചെന്നൈയിലെ ഡീ മോണ്ടെ കോളനി.

ഇന്ന് നമ്മൾ പോകുന്നത് ചെന്നൈ  നഗരത്തിലെ  ഏറ്റവും ദുരൂഹത നിറഞ്ഞത് എന്ന് വിശ്വസിക്കപ്പെടുന്ന ഒരിടത്തേക്ക് ആണ്. "ഒറ്റയ്ക്ക് പോകരുത്" എന്ന് ഇപ്പോഴും വിലക്കപ്പെടുന്ന ഒരിടത്തേക്ക്. ഒരിക്കൽ പോയാൽ നമ്മളും പറയും ആ വഴിക്ക് ഒറ്റയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്ന്. ആ വഴിക്ക് പോയിട്ടുണ്ട് എങ്കിലും ഉള്ളിൽ കയറാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഉള്ളിലേക്ക് ആരെയും കടത്തി വിടുന്നും ഇല്ല.
.
അഭിരാമപുരത്തെ സെൻറ് മേരീസ് റോഡിലൂടെ മുന്നോട്ടു പോകുമ്പോൾ റോഡ് വക്കത്ത് നിന്നും കുറച്ച് ഉള്ളിലേക്ക് കയറി ഒരു ബോർഡ് കാണാം. "Demonte Colony". ആ ബോർഡ് ചൂണ്ടി കാണിച്ചിരിക്കുന്നിടത്തേക്ക് കുറച്ച് ദൂരം മുന്നിലേക്ക് പോയാൽ അടുത്ത ബോർഡ് കാണാം.

 "This Property Belongs to Sir John D'  Monte Trust. Trespassers will be Prosecuted.  This Property is not for Sale"
.
ഇടതൂർന്ന മരങ്ങളും പകൽ പോലും ഇരുട്ട് മൂടി കിടക്കുന്നത് പോലെ തോന്നുന്ന ചുറ്റുപാടുകളും. അവിടെ തലയുയർത്തി നിൽക്കുന്ന കവാടത്തിനു ഉള്ളിൽ  ഡ്രാക്കുള സിനിമകളെ ഓർമ്മിപ്പിക്കുന്ന ഒരേ പോലെയുള്ള  വിശാലമായ 10  ഇരുനില ബംഗ്ളാവുകൾ. പോർച്ച്ഗീസ് വ്യാപാരിയായിരുന്ന  Lord John De Monte യുടെ സ്വത്ത് ആണിത്. ഒരു കാലത്ത് ചെന്നൈ നഗരത്തിന്റെ നല്ലൊരു ഭാഗം ഈ വ്യാപാരിയ്ക്ക് സ്വന്തമായിരുന്നു. ഇതിൽ ഒരു ബംഗ്ളാവിൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും മകനും താമസിച്ചിരുന്നു.
.
തൻറെ  ഭാര്യയുടെ ഒരു ജന്മ ദിനത്തിൽ പ്രഭു പ്രത്യേകം പറഞ്ഞ് പണിതെടുത്ത ഒരു വജ്ര നെക്ലേസ് ഭാര്യക്ക് സമ്മാനമായി നൽകി. അത്യാഡംബരത്തോടെ ആഘോഷിക്കപ്പെട്ട ആ ജന്മ ദിനം ആയിരുന്നു പ്രഭുവിന്റെ ഭാര്യയുടെ സന്തോഷകരമായ അവസാനത്തെ ജന്മദിനം. ആ ജന്മ ദിനാഘോഷത്തിൻറെ തൊട്ടടുത്ത ദിനം അവരുടെ മാനസിക നില തെറ്റി. ഭർത്താവിനാൽ സമ്മാനിക്കപ്പെട്ട ആ നെക്ലസ് ധരിച്ച നിമിഷം മുതൽ ഭാര്യയുടെ  സ്വഭാവത്തിന് മാറ്റം വന്നു തുടങ്ങിയത് പ്രഭു ശ്രദ്ധിച്ചിരുന്നു. പിറ്റേന്ന് സമചിത്തത നഷ്ടപ്പെട്ട നിലയിൽ ആണ് ഭാര്യയെ പ്രഭു കണ്ടത്.
.
ഭാര്യയുടെ അസുഖം ഭേദമാക്കാൻ പ്രഭു ആവുന്നതും ശ്രമിച്ചു. എന്നാൽ നാൾക്ക് നാൾ അത് കൂടി കൂടി വരികയാണുണ്ടായത്. കൽക്കട്ടയിൽ കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന മകനെ പിതാവ് വിവരങ്ങൾ അറിയിച്ചു. നാട്ടിലേക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് ദുരൂഹ സാഹചര്യത്തിൽ മകൻ കൊല്ലപ്പെട്ടു. ഭാര്യയുടെ അസുഖവും മകൻറെ മരണവും പ്രഭുവിനെ ഡിപ്രഷനിൽ ആക്കി. സ്വത്ത് എല്ലാം വിറ്റിട്ട് പോർച്ചുഗലിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനം എടുത്തു. കൽക്കട്ടയിലെ മാർവാടികൾ ആരെയെങ്കിലും കൊണ്ട് സ്വത്തുക്കൾ വാങ്ങിപ്പിക്കാൻ ആകുമോ എന്ന് അറിയാൻ അദ്ദേഹം ഭാര്യയെ നോക്കാൻ ചില ജോലിക്കാരെ ഏല്പിച്ചിട്ട്  കൽക്കട്ടയിലേക്ക് പോയി. നിർഭാഗ്യകരമെന്ന് പറയട്ടെ ആരും ബംഗ്ളാവ് വാങ്ങാൻ ആയിട്ട് തയ്യാറായില്ല. നിരാശനായി മടങ്ങിയ പ്രഭുവിനെ ബംഗ്ളാവിൽ മറ്റൊരു ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു.
.
കൽക്കട്ടയിൽ നിന്നും ആറ് മാസം കഴിഞ്ഞ് തിരിച്ചെത്തിയ പ്രഭു കണ്ടത് മൂന്ന് മാസം ഗർഭിണിയായ തൻ്റെ ഭാര്യയെ ആണ്. ജോലിക്കാരെ കഠിനമായി ചോദ്യം ചെയ്തതിൽ നിന്നും  സമനില തെറ്റിയ തൻറെ ഭാര്യയെ തൻറെ വിശ്വസ്തരായ ജോലിക്കാർ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് മനസിലാക്കി. സർവ്വതും തകർന്നു എന്ന് തോന്നിയ ഒരു നിമിഷത്തിൽ ഭാര്യയേയും ജീവനക്കാരെയും വധിച്ചിട്ട് പ്രഭു ആത്മഹത്യ ചെയ്‌തു. ഒരു പട്ടണത്തിൻറെ ഒരു ഭാഗം സ്വന്തമായിട്ടുണ്ടായിരുന്ന Sir John D'  Monte യുടെ ജീവിതം അവിടെ അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്നും പ്രഭു തൻറെ അടുത്ത ജീവിതം ആരംഭിച്ചു.
.
എല്ലാം അവസാനിച്ച ദിവസങ്ങൾക്കകം അയൽ വക്കത്ത് ഉള്ളവർ കണ്ടത്  ബംഗ്ളാവിൻറെ രണ്ടാം നിലയിൽ റാന്തലിൻറെ അരണ്ട വെളിച്ചത്തിൽ നിശാ വസ്ത്രം ധരിച്ച്  തൻറെ ആട്ടു കസേരയിൽ ചാഞ്ഞിരുന്നു പൈപ്പ് വലിക്കുന്ന പ്രഭുവിനെയാണ്. പല ദിവസങ്ങളിലും രാത്രികാലങ്ങളിൽ പ്രഭു തൻറെ ബംഗ്ളാവിനു മുന്നിൽ ഉലാത്തുന്നതും കണ്ടിട്ടുളളതായി അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ഒരിക്കൽ തങ്ങളുടെ ഒരു വളർത്തു നായ ആ കോളനിക്ക് ഉള്ളിലേക്ക് ഓടി കയറി. പക്ഷേ ആ നായ പിന്നീട് തിരികെ എത്തിയില്ല. തുടർന്നാണ് അയൽ വക്കത്തുള്ളവർ അത് ശ്രദ്ധിച്ചത്. ഏതു ജന്തുക്കൾ ഉള്ളിലേക്ക് കയറി പോയാലും പിന്നെ മടങ്ങി എത്തുന്നില്ല. ഇത് നിത്യ സംഭവം ആയപ്പോൾ എല്ലാവരും കൂടി തിരച്ചിൽ ആരംഭിച്ചു. പക്ഷേ ഒരു വളർത്ത് മൃഗങ്ങളെയോ പക്ഷികളെയോ ജീവനോടെയോ അല്ലാതെയോ കണ്ടെത്താൻ അവർക്ക് ആയില്ല.
.
രാത്രി കാലങ്ങളിൽ ഒരു സ്ത്രീയുടെ നിലവിളിയും ഒച്ചയും ഒക്കെ കേൾക്കാൻ തുടങ്ങിയ ഒരു നാൾ നാട്ടുവാസികൾ എല്ലാം കൂടി ചേർന്ന് അധികാരികളെ സമീപിച്ച് പരാതി ഉന്നയിച്ചു. അധികാരികൾ അവിടെ ഒരു പാറാവ് കാരനെ ഏർപ്പെടുത്തി. ഒരു ദിവസം രാത്രി ഇരുട്ടി വെളുത്തപ്പോൾ ആ പാറാവുകാരനും അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു. അയാൾ എങ്ങോട്ട് പോയി എന്ന് ആർക്കും അറിയില്ല. തിരച്ചിൽ ഒക്കെ നടത്തിയിട്ടും അയാളെ കണ്ടെത്താൻ ആയില്ല.
.
ദുരൂഹതകൾ ഏറി വന്നപ്പോൾ പ്രഭുവിൻറെ ബന്ധുക്കൾ കോളനി വിൽക്കാൻ ശ്രമിച്ചു എങ്കിലും ഇതുവരെയും വിൽക്കാൻ ആയിട്ടില്ല. ഇപ്പോഴും  പ്രഭുവിൻറെ നാമത്തിൽ തന്നെ ആ സ്ഥലം നിഗൂഢതകൾ പേറി നില കൊള്ളുന്നു. കോളനിയിലേക്ക് പോകുന്ന വഴിയിൽ ഇന്നും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ല. ഇരുട്ടിയാൽ കട്ടപിടിച്ച ഇരുട്ട്. വെളിച്ചത്തെ കോളനി ആട്ടി അകറ്റിയ പോലെ തോന്നും. ഒറ്റയ്ക്ക് പകൽ പോലും ആ വഴി ആരും പോകില്ല. കഥകേട്ട് വരുന്ന വിനോദ സഞ്ചാരികൾ  കവാടത്തിനു പുറത്ത് നിന്നും ഫോട്ടോകൾ ഒക്കെ എടുത്ത് പോകും. പൊതുജന സഞ്ചാരവും ഇടപെടലും  തീരെ കുറഞ്ഞ ഒരു പ്രദേശമായി Demonte Colony യും പരിസര പ്രദേശവും ഇപ്പോഴും പ്രഭുവിൻറെ നാമവും പേറി പുതിയ കഥകളും ഉണ്ടാക്കി അങ്ങിനെ തുടരുന്നു.
.
ചെന്നൈയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പക്ഷേ പ്രഭുവിൽ നിന്നും ശല്യം ഒന്നും ഉണ്ടാകുന്നില്ല എന്നിടത്ത് കേൾക്കുന്ന കഥകൾ ഒക്കെയും കെട്ടു കഥകൾ ആണെന്ന് തെളിയിക്കപ്പെടുന്നു. കോളനിക്ക് ഉള്ളിലേക്ക് ആളുകൾ കടക്കുന്നതിനെ തടയാനും പരിസരങ്ങളിൽ നിന്നും ആളുകളെ ഒഴിവാക്കാനും വേണ്ടി മിടുക്കന്മാരായാ ആരോ ഉണ്ടാക്കിയ കഥകൾ ആകാം ഇവയൊക്കെയും. അല്ലെങ്കിൽ പ്രഭുവിൻറെ സ്വത്ത് ചുളുവിന്‌ വാങ്ങിയെടുക്കാൻ ശ്രമിക്കുന്ന ആരുടെയോ കുതന്ത്രങ്ങൾ. പക്ഷേ ഒറ്റയ്ക്കു ആ വഴി പോകാൻ ഇമ്മിണി ബുദ്ധിമുട്ട് തന്നെയാണെന്ന്  സമ്മതിക്കാതെ തരമില്ല.
.
ആർ . അജയ് ജ്ഞാന മുത്തു  സംവിധാനം ചെയ്ത "Demonte Colony" എന്ന തമിഴ് ഹൊറർ മൂവി പ്രഭുവിൻറെ മരണവും കേട്ട് കേൾവിയുള്ള മരണാനന്തര സംഭവങ്ങളും  അധികരിച്ച് നിർമിച്ച സിനിമയാണ്.  

No comments: