Wednesday, April 01, 2020

ധാരാവിയിലെ കൊറോണ മരണം നൽകുന്ന മുന്നറിയിപ്പ്.

ഷ്യയിലെ ഏറ്റവും വല്യ ചേരി പ്രദേശമായ ധാരാവിയാണ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രത ഏറിയ സ്ഥലവും. ഏകദേശം രണ്ടു ചതുരശ്ര കിലോമീറ്ററിൽ എട്ടു ലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്നിടം. അവിടെ കൊറോണ പടർന്നു പിടിച്ചാൽ എന്താകും എന്ന ആശങ്ക നേരത്തേ പങ്കു വെച്ചിരുന്നു.
.
നിർഭാഗ്യകരം എന്ന് പറയട്ടെ, ഇപ്പോൾ ധാരാവിയിൽ നിന്നും കൊറോണ ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മഹാ ദുരന്തം അതല്ല. 56 വയസുളള ഈ ഹതഭാഗ്യന് കൊറോണ സ്ഥിരീകരിച്ചത് ഇന്നാണ് എന്നുള്ളതാണ്.
.
മാർച്ച് 23-നു ആണ് ഇദ്ദേഹം പനിയും ചുമയും ശ്വാസം മുട്ടലും ഒക്കെയായി ധാരാവിയിൽ   തന്നെയുള്ള ഒരു ലോക്കൽ ക്ലിനിക്കിൽ പോകുന്നത്. ഒരു വൈറൽ ഫ്യുവറിനു അപ്പുറം ആയ ഒരു ഗൗരവം പരിശോധിച്ച ഡോക്ടർക്ക് തോന്നിയില്ല.  അസുഖം കൂടുതൽ വഷളായപ്പോൾ അദ്ദേഹത്തെ മുംബയിലെ സിയോൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്വാബ്‌ ടെസ്റ്റ് നടത്തി. ടെസ്റ്റിന്റെ റിസൾട്ട് ഇന്ന് ഉച്ചയോടെ വന്നു, റിസൾട്ട് പോസിറ്റീവ് ആയി.
.
സിയോൺ ഹോസ്പിറ്റലിൽ കൊറോണ ചികിത്സയ്ക്ക് വേണ്ടുന്ന സൗകര്യങ്ങൾ കുറവായത് കൊണ്ടും സുരക്ഷയെ കരുതിയും ഇദ്ദേഹത്തെ കസ്തൂർബാ ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചു. കസ്തൂർബാ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും വഴി രാത്രി പത്ത് മുപ്പതോടെ അദ്ദേഹം മരണത്തിനു കീഴടങ്ങി.
.
ഇദ്ദേഹത്തിന് ഒരു ട്രാവൽ ഹിസ്റ്ററിയും ഇല്ല. മാർച്ച് ഇരുപത്തി മൂന്നിന് ആദ്യം ഹോസ്പിറ്റലിൽ പോകുമ്പോഴും   അതിനു മുന്നെയും അതിനു ശേഷം കൊറോണ പോസിറ്റീവ് ആയ റിസൾട്ട് വരുന്ന വരെയും സമൂഹവും ആയി പൂർണമായും ഇടപഴകിയ റൂട്ട് മാപ്പാണ് ഇദ്ദേഹത്തിന് ഉള്ളത്. അത് കണ്ടെത്തുക അത്രമേൽ സങ്കീർണമാണ്. എന്നിട്ടും ബീ എം സി റൂട്ട് മാപ്പ് ഉണ്ടാക്കാൻ   ഉള്ള ശ്രമത്തിൽ ആണ്.
.
ഡോക്ടർ ബിർള നഗർ എസ്സ്. ആർ. എ സൊസൈറ്റി ഇദ്ദേഹം താമസിച്ചിരുന്നതിന്റെ സമീപത്തെ മുന്നൂറിൽ അധികം  ഫ്‌ളാറ്റുകളും  നൂറിലധികം ഷോപ്പുകളും ഇന്ന്  പൂർണമായും ക്ളോസ് സീൽ ചെയ്തിട്ടുണ്ട്.   പ്രാഥമിക സമ്പർക്ക ലിസ്റ്റ് ഉണ്ടാക്കി അവരെ ക്വറന്റൈൻ ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്ഥിരമായി ഇടപെടുന്ന ഷോപ്പിലെ ആളുകളുടെയും സാമ്പിൾ സ്വാബ് ടെസ്റ്റിന് അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള എലലാ സീനിയർ സിറ്റിസെൻസിന്റെയും സാമ്പിളും ടെസ്റ്റിന് വിട്ടു.
.
പക്ഷേ ഇപ്പോൾ എടുത്തിരിക്കുന്ന ഈ സുരക്ഷാ മാനദണ്ഡങ്ങൾ മാർച്ച് ഇരുപത്തി മൂന്നിന് തന്നെ ചെയ്യേണ്ടിയിരുന്നതാണ്. അതും ധാരാവി പോലെയുള്ള ഒരിടത്ത് കൊറോണ സംശയിക്കത്തക്ക തരത്തിൽ ഒരു പേഷ്യന്റ് ക്ലിനിക്കിൽ എത്തിയതിനെ ഗൗരവത്തിൽ എടുക്കാൻ ക്ലിനിക്കിലെ ബന്ധപ്പെട്ടവർക്ക് കഴിയാതെ പോയി.
.
കൊറോണയെ അലംഭാവത്തോടെ സമീപിക്കാൻ ആകില്ല. മരണ നിരക്ക് ഏറ്റവും നല്ല ആരോഗ്യ സംരക്ഷണ സാഹചര്യത്തിൽ കൃത്യമായ പരിചരണത്തിൽ  ആണ് മൂന്നു ശതമാനം. രോഗം പടരുന്നതിന് അനുസരിച്ച്  ആരോഗ്യമേഖലയിൽ എല്ലാ രോഗികൾക്കും വേണ്ടത്ര ചികിത്സ  ലഭ്യമാക്കാൻ കഴിയാതെ വരും. കിടത്താൻ കൃത്യമായ കിടക്കയോ ആശുപത്രി സൗകര്യങ്ങളോ മരുന്നോ ഇല്ലാതെ വരും. ഇറ്റലിയിൽ കണ്ട പോലെ പൊതുനിരത്തിൽ കിടക്കകൾ ഇടേണ്ടി വരും. ആ സാഹചര്യത്തിൽ മരണ നിരക്ക് മൂന്ന് ശതമാനം ആകില്ല. കൊറോണ ബാധിച്ചാൽ മരണം എന്ന അവസ്ഥ എത്തും. കരുതൽ അല്ലാതെ മറ്റൊരു മാർഗ്ഗവും ലോകത്തിനു മുന്നിൽ ഇല്ല.
.
മനുഷ്യൻ അത്രമേൽ ഇടതിങ്ങി   ജീവിക്കുന്ന ധാരാവിയിൽ ഇപ്പോൾ ഉണ്ടായ അശ്രദ്ധ കൂടുതൽ ദുരന്തങ്ങൾക്ക് ഹേതുവാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ ഇപ്പോൾ ആകുള്ളൂ.

No comments: