Wednesday, August 29, 2007

ഗള്‍ഫ് മലയാള റേഡിയോ

മലയാളത്തെയും മലയാളിയേയും പരിപോഷിപ്പിക്കാനായി ഗള്‍ഫില്‍ കുരുത്ത മലയാളം റേഡിയോകള്‍ എഫ്.എമ്മും ഏ.എമ്മും ഒക്കെയായി നാലഞ്ചെണ്ണം. റേഡിയോ എന്ന മാധ്യമത്തിന്റെ പ്രവര്‍ത്തനം എങ്ങിനെ ആകരുത് എന്നതിന് ‍ ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ മതി.

ഒരു മലയാളം എഫ്.എം. സ്റ്റേഷന്‍ അനുനിമിഷം അറേബ്യയുടെ അന്തരീക്ഷത്തിലേക്ക് തുപ്പികൊണ്ടിരിക്കുന്ന “ശുദ്ധ മലയാളം” കേട്ടാല്‍ ആ റേഡിയോവിലേക്ക് അവതാരകരെ തിരഞ്ഞെടുക്കാന്‍ ഏല്പിച്ച ഏജന്‍സിയോട് മാനേജ്‌മെന്റ് “ഏറ്റവും വികൃതമായി മലയാളം സംസാരിക്കുന്നവരെ മാത്രം ഞങ്ങളുടെ മലയാളം വിഭാഗത്തിലേക്ക് തിരഞ്ഞെടുത്താല്‍ മതി. മലയാളത്തെ വികൃതമാക്കുന്നതില്‍ ഞങ്ങളുടെ അവതാരകരെ മറ്റാരും മറികടക്കരുത്” എന്ന ഗുണപരമായ നിര്‍ദ്ദേശം കൊടുത്തിരുന്നത് പോലെ തോന്നും. നേരെ ചൊവ്വേ മലയാളം പറയാന്‍ അറിയില്ല എന്നത് പോകട്ടെ സാമാന്യ വിവരമോ പൊതുവിജ്ഞാനമോ തൊട്ടു തീണ്ടിയില്ലാത്തവരുടെ വിവരക്കേടുകളും സ്വയം പുകഴ്തലുകളും ശൃംഗാരവും കൊണ്ട് മലയാളം അനുഭവിക്കൂന്ന ശ്വാസം മുട്ടല്‍ അനിര്‍വചനീയമാണ്. മലയാളത്തിലെന്നല്ല ഒരു ഭാഷയിലും തട്ടുംതടവും ഇല്ലാതെ ഒരു മിനിറ്റ് പോലും സംസാരിക്കാന്‍ കഴിയാത്തവര്‍ ആര്‍.ജെ കുപ്പായവും ഇട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രോതാക്കള്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നു എന്നതാണ് വാസ്തവം.

മലയാളത്തെ “പരിപോഷിപ്പിക്കല്‍” ഒരു വഴിക്ക് നടക്കുമ്പോള്‍ ഗള്‍ഫില്‍ പോകണം എന്ന് ആഗ്രഹിക്കുന്ന നിമിഷം മുതല്‍ ഗള്‍ഫ് മലയാളി നേരിടുന്ന ചൂഷണങ്ങള്‍ പരദേശ മലയാള പ്രക്ഷേപണങ്ങളും അനുവര്‍ത്തിക്കുന്നു എന്നത് അതി ദയനീയമാണ്. എസ്.എം.എസ് എന്ന ഇരയില്‍ തൂക്കി അത്താഴപഷ്ണിക്കാരനെ “സമ്മാനാര്‍ഹര്‍” ആക്കുന്ന ബഹുമുഖ പരിപാടികളാല്‍ സമ്പന്നമാണ് മലയാള പ്രക്ഷേപണം. സാംസ്കാരിക മൂല്യങ്ങള്‍ ഉന്നതിയിലേക്കെത്തിക്കുന്ന ചോദ്യോത്തര പംക്തി കേട്ടാല്‍ ആരും ഒന്ന് നാണിച്ച് തല താഴ്തി പോകും.

“കേരളത്തിന്റെ തലസ്ഥാനം ഏത്”? “തിരുവനന്തപുരമാണോ കാണ്ഡഹാറാണോ” ഉത്തരം എസ്.എം.എസ് ചെയ്യുക. ഉത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് “ചിണുങ്ങുന്ന മാവേലി” മെഗാ ഷോയുടെ ഒരു പാസ് ഫ്രീ. ഉത്തരം അയക്കുന്നവന് നാട്ടില്‍ കുടുംബത്തെ വിളിച്ച് ഒരു മിനിട്ട് സംസാരിക്കാനുള്ള വക മൊബൈലില്‍ നിന്നും “സ്വാഹ” . ഒരു മഹാഭാഗ്യന് പാസ് ലഭിക്കും. പാസ് വാങ്ങാന്‍ ടാക്സി പിടിച്ച് റേഡിയോ ഓഫീസില്‍ ചെല്ലുന്നവന് പാസ് കയ്യില്‍ കിട്ടും വരെ ചിലവ് ഏകദേശം അമ്പത് ദിര്‍ഹം. അമ്പത് ദിര്‍ഹം ചിലവഴിച്ച് “സൌജന്യമായി” നേടിയ ഗ്യാലറി പാസ്സുമായി മഹാഭാഗ്യവാന്‍ റൂമിലെത്തുമ്പോള്‍ സഹമുറിയന്‍ ഇരുപത് ദിര്‍ഹം കൊടുത്ത് അടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ഗ്യാലറി പാസെടുത്ത് കാട്ടും. ഹതഭാഗ്യന്‍ റേഡിയോ ഓഫീസില്‍ പോയി റിസപ്ഷനിസ്റ്റിനെ കണ്ടല്ലോ എന്ന സായൂജ്യം വിളമ്പി സമാധാനിക്കും. ഇതൊക്കെ വര്‍ത്തമാന കാല ഗള്‍ഫ് റേഡിയോ വിശേഷങ്ങള്‍.

മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ പിന്നാമ്പുറം ഇങ്ങിനെയൊക്കെയാണെങ്കിലും നിസ്സാ‍ര്‍ സെയ്ദ് റേഡിയോ ഏഷ്യയില്‍ രചിക്കുന്ന നന്മയുടെ പുതിയ അദ്ധ്യായം പ്രവാസത്തില്‍ ഒറ്റപെട്ടവര്‍ക്ക് സാന്ത്വന സ്പര്‍ശ്ശമാകുന്നു. എങ്ങിനെ ഒരു റേഡിയോ പരിപാടി നന്മനിറഞ്ഞതാക്കാമെന്നും റേഡിയോ എന്ന മാധ്യമത്തെ എങ്ങിനെ മനുഷ്യ നന്മക്ക് വേണ്ടി ഉപയോഗിക്കാമെന്നും റേഡിയോ ഏഷ്യയില്‍ രാത്രി ഒമ്പത് മണിക്ക് പ്രക്ഷേപണം ചെയ്യുന്ന “ടുഡേയ്സ് ടോപ് സ്റ്റോറി” എന്ന പരിപാടിയിലൂടെ നിസ്സാര്‍ സെയ്ദ് കാട്ടി തരുന്നു. പൊതുമാപ്പിന്റെ ആനുകൂല്യം പറ്റി നാട്ടില്‍ പോകാന്‍ കാത്തു നില്‍ക്കുന്ന നിസ്സഹായരായവര്‍ക്ക് വേണ്ടി പ്രവാസഭൂമികയിലെ നല്ലമനസ്സുകളെ നിസ്സാര്‍ സെയ്ദ് നന്മയുടെ നൂലില്‍ കോര്‍ത്തെടുക്കുന്നത് പുതിയ ഒരു റേഡിയോ അനുഭവമായി. പ്രവാസത്തിന്റെ പിന്നാമ്പുറങ്ങളില്‍ പെട്ടു പോയവര്‍ക്ക് സഹജീവികള്‍ ദാനമാക്കുന്ന ജീവിതം ചില പ്രായോഗികതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്, കൃത്യമായ ഉദ്ധ്യേശ്യത്തോടെ ലക്ഷ്യബോധത്തോടെ പ്രവാസത്തിന്റെ നീറ്റലുകളിലേക്ക് സാന്ത്വനം പകരാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ലക്ഷ്യപ്രാപ്തിയിലെത്താന്‍ ആരുടെയും ബാനര്‍ ഇല്ലാതെ ഗള്‍ഫ് മലയാളി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും എന്ന പരമമായ പ്രായോഗികതയിലേക്ക്.

ചൂഷണരഹിതമായ റേഡിയോ അനുഭവങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. പ്രവാസത്തിലെ ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ടവര്‍ തന്നെ കേവല എസ്.എം.എസ് പ്രഹസനങ്ങളിലൂടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് ചൂഷണ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞ് ഗള്‍ഫ് മലയാളിക്ക് തുണയായി മാറാന്‍ നിസ്സാര്‍ സെയ്ദിനെ പോലെയുള്ളവരുടെ നന്മകള്‍ക്ക് കഴിയട്ടെ എന്നാഗ്രഹിച്ച് പോകുന്നു.

17 comments:

അഞ്ചല്‍ക്കാരന്‍ said...

ഗള്‍ഫ് മലയാള പ്രക്ഷേപണങ്ങളിലെ ചൂഷണങ്ങളും നന്മകളും.

ഏറനാടന്‍ said...

വാസ്തവം തന്നെ!

തറവാടി said...

പ്രിയ അഞ്ചല്‍ക്കാരാ ,

താങ്കള്‍ പറയുന്ന ഇതേ റേഡിയോ സ്റ്റേഷനുകളെ സ്വന്തമായി കൊണ്ടുനടക്കുന്ന ഒരു വലിയ സമൂഹമുണ്ടിവിടെ ,

കലികാലം അല്ലാതെന്തു പറയാന്‍ എന്നാല്‍ ചോദിക്കട്ടെ ,

ഇതിനേക്കാളുമൊക്കെ ഭയാനകമായത്‌ നമ്മുടെ സ്വന്തം നാട്ടിലില്ലെ? ഒരു സാധനമില്ലെ , ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പരിപാടി അവതരിപ്പിക്കുന്ന ഒരു "സംഭവം",

( ഒരുദാഹരണം മാത്രം,) അപ്പോ എന്തിനാ ഗള്‍ഫിനെ മാത്രം കുറ്റം പറയുന്നെ!

മുകേഷിന്‍റ്റെ അനിയത്തി ഇംഗ്ളീഷ്‌ ഉച്ഛാരണം പരിശീലിക്കുന്നോര്‍ക്കുന്നില്ലെ ,

സിനിമയുടെ പേരു മറന്നു പോയി,

ഇതൊരു ആഗോള പ്രതിഭാസമാണെന്നു സമാധാനിക്കാം ,

അത്തിക്കുര്‍ശി said...

പോസ്റ്റ്‌ നന്നായി..

നിസാര്‍ സൈദിന്റെ Today's Top Stories പ്രതിപാദിക്കാന്‍ വിട്ടു പോകാതിരുന്നതിന്‌ പ്രത്യേക നന്ദി!

കണ്ണൂസ്‌ said...

റേഡിയോ ഏഷ്യാ 1269 AM-ന്റെ പല പരിപാടികളും വളരെ ഭേദപ്പെട്ടവയാണ്‌. സ്ഥാനത്തും അസ്ഥാനത്തും ആംഗലേയം തുപ്പില്ലെങ്കിലും, അവതാരകര്‍ക്ക് അവര്‍ ചെയ്യുന്ന പരിപാടിയെപ്പറ്റിയും, സമകാലീന കേരളത്തെപ്പറ്റിയും, ചലച്ചിത്രങ്ങളുടേയും ഗാനശാഖയുടേയും ചരിത്രത്തെപ്പറ്റിയും ഒക്കെ സാമാന്യബോധമുണ്ട്.

ആരോഗ്യ നികേതനം ഉള്‍പ്പടെ പല പ്രസിദ്ധ കൃതികള്‍ക്കും റേഡിയോ രൂപാന്തരം കൊടുത്തിരുന്നു അവര്‍ എന്നോര്‍ക്കുന്നു. വാദം സം‌വാദം തുടങ്ങിയ ചില ജനകീയ പ്രതിനിധ്യമുള്ള പരിപാടികളും എടുത്ത് പറയേണ്ടതു തന്നെ. എഫ്.എം ചാനലുകളുടെ വെള്ളിവെളിച്ചത്തില്‍ അവരുടെ പരിപാടികള്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോവുന്നു എന്നത് നിരാശാജനകം തന്നെ.

പി.എസ് : ഈയിടക്ക് ഒരു എഫ്.എം സ്റ്റേഷനില്‍ പുതിയതായി വന്ന ഒരു ആര്‍.ജെ (വനിത), അല്പ്പം കാര്യവിവരത്തോടെ സംസാരിക്കുന്നതു കണ്ടപ്പോള്‍ ഒരു സുഹൃത്തിന്റെ കമന്റ്. " പാവം കുട്ടി, ചാണകക്കുഴിയില്‍ വന്ന് പെട്ട് പോയല്ലോ!"

കുഞ്ഞന്‍ said...

സഹിക്കാതെ മറ്റൊരു മാര്‍ഗ്ഗമില്ലാ സുഹൃത്തേ..

ഞാന്‍ സഹിക്കാന്‍ വയ്യാതെ ഈ sms നു പുറകിലെ സത്യമെന്താണെന്നു ചോദിച്ചു കൊണ്ടുള്ള ഒരു പോസ്റ്റിട്ടിരുന്നു.

http://kunjantelokam.blogspot.com/2007/08/blog-post_07.html

ഇതിനു കിട്ടിയ കമന്റുകള്‍ വായിച്ചു നോക്കു.

മന്‍സുര്‍ said...

പ്രിയ സ്നേഹിത അഞ്ചല്‍ക്കാര

പറഞതില്‍ വാസ്തവമില്ലാതില്ല...എങ്കിലും ഈ ഗള്‍ഫ് നാടുകളില്‍ ഇത്തരം ഒരു സംരംഭം തുടങ്ങിയത് തന്നെ വലിയ ഒരു കാര്യമല്ലേ.
പിന്നെ അവതാരകര്‍..അതു ഗള്‍ഫിനെ കുറ്റം പറഞിട്ട് ഒരു കാര്യവും ഇല്ല.
നാളികേരത്തിന്‍റെ...മലയാളത്തിന്‍റെ സ്വന്തം നാട്ടിലെ ടീവി പ്രോഗ്രമുകളെക്കാള്‍ ഭേദമാണ്‌ ഗള്‍ഫ് റേഡിയോ എന്നാണ്‌ എന്‍റെ അഭിപ്രായം
പിന്നെ ഒരു പാട് ആളുകല്‍ ഉണ്ടു അവിടെ റേഡിയോ ശ്രോതാകല്‍
നല്ല ഒരുപാട് പ്രോഗ്രാമുകളും ഉണ്ടു..പിന്നെ നല്ലതിനെ മാത്രം നാം സ്വീകരിചാല്‍ പോരെ. ചീത്തയെ നിരുല്‍സ്സാഹപെടുത്താം

ഗള്‍ഫിലെ റേഡിയോ പരിപ്പാടികളില്‍ നിസ്സാര്‍ സെയിദും , രമേഷ് പയ്യന്നുരും , അങ്ങിനെ വിരലില്‍ എണ്ണവുന്ന ചില്ലര്‍ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നുവെന്നത് സത്യം തന്നെ. ആ കൂട്ടത്തില്‍ ഗള്‍ഫ് റേഡിയോയുടെ ഒരു നഷ്ടമായിരുന്നു സുബൈര്‍ മഠത്തില്‍.
എഷ്യനെറ്റ് റേഡിയോയുടെ തുടകക്കാര്‍ എന്ന നിലയില്‍ സത്യഭാമയും ,മൊയ്തീന്‍കോയയും മികച അവതരണമായിരുന്നു എന്നത് വിസ്മരിച്ച് കൂട.


നന്‍മകള്‍ നേരുന്നു

മന്‍സൂര്‍,നിലംബൂര്‍

മന്‍സുര്‍ said...

പ്രിയ സ്നേഹിത തറവാടി

ഐഡിയ സ്റ്റാര്‍,സൂപ്പര്‍ഡാന്‍സ് , പോലെയുള്ള പരിപ്പാടികള്‍ എതു ഉദേശ്യത്തിലാണ്‌ തങ്കല്‍ ഇവിടെ വിമര്‍ശിച്ചത് എന്ന് മനസ്സിലായില്ല..

നമ്മുക്ക് ചുറ്റുമുള്ള കഴിവുള്ള പ്രതിഭകളെ നാം തിരിച്ചറിയുന്നത് ഇന്ന് ഇത്തരം മല്‍സരങ്ങളിലൂടെ അല്ലേ...
ഇതില്‍ പണക്കാരുടെ മാത്രം കുട്ടികള്‍ അല്ല മറിച്ച് അല്‍സാബിത്തിനെ പോലെയുള്ളവരും ഉണ്ടു എന്ന കാര്യം നാം മറക്കരുത്.
പ്രശാന്തിനെ പോലെയുള്ളവരുടെ പ്രതിഭകല്‍ പിന്നെ നാം എവിടെ കാണും
എന്തായാലും പ്രതിഭകളെ തെരെഞെടുക്കുന്നതും ജനങ്ങള്‍ തന്നെയാണല്ലോ.

നന്നായി പാടാന്‍ കഴിവുള്ള ശ്രീ.വേണുഗോപാലിനെ പോലെയുള്ളവരുടെ സിനിമയിലെ അവസ്ഥ നമ്മുകറിയാവുന്നതല്ലേ.
എന്നും മലയാളിയുടെ മനസ്സില്‍ മായാതെ കിടക്കുന്ന മൂന്നാം പക്കത്തിലെ ഗാനങ്ങള്‍ ...

ഇങ്ങിനെയെങ്കിലും അവര്‍ അവരുടെ പ്രതിഭ തെളിയിക്കട്ടെ.

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍,നിലംബൂര്‍

തറവാടി said...

പ്രിയപ്പെട്ട മന്‍‌സൂര്‍ ,

അഞ്ചല്‍‌കാരന്‍‌റ്റെ പോസ്റ്റിലെ വിഷയം‌ ഗള്‍ഫിലുള്ള റേഡിയോ ജോക്കീസിന്‍‌റ്റെ അവതരണ ശൈലിയുടെ വികലതയെക്കുറിച്ചായിരുന്നു , സ്വാഭാവികമായും എന്‍‌റ്റെ അഭിപ്രായം‌ അത്തരത്തിലുള്ളതായിരുന്നു.


താങ്കള്‍ പറഞ്ഞ പരിപാടികള്‍ , സൂപ്പര്‍സ്റ്റാര്‍ / സൂപ്പര്‍ഡാന്‍സര്‍ എന്നിവയെക്കുറിച്ചൊന്നും‌ ഞാന്‍ പ്രതിപാദിച്ചില്ലല്ലോ , ഞാന്‍ പ്രതിപാദിച്ചത്‌ , ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പരിപാടി അവതരിപ്പിക്കുന്ന അവതാരികയെക്കുറിച്ചാണ്‌ , അവരുടെ വികലമായ അവതരണ ശൈലിയെക്കുറിച്ചാണ്‌ , അവരുടെ പേരറിയാത്തതിനാലും , സ്വല്പം പരിഹാസം ഉള്ളതിനാലും "സംഭവം" എന്ന വാക്കുപയോഗിച്ചെന്നു മാത്രം‌.

അന്യ നാടായ ഇവിടെ വികലമായ അവതരണം നടക്കുന്നതിനേക്കാള്‍ നാട്ടില്‍ നടക്കുന്നതിനെ ഒന്നെടുത്തുകാട്ടിയെന്ന് ചുരുക്കം‌

ബാജി ഓടംവേലി said...

ഇവിടുത്തെ എഫ്. എം ലെ ചില സമ്പിള്‍ ചോദ്യങ്ങള്‍
1. ഓം‌ലറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രധാന സാധനം ഏത്‌ ?
ഉ. മുട്ട / കോഴി
2.കേരളത്തിലെ ഒരു മുന്‍ മുഖ്യമന്ത്രി ആര് ?
ഉ. കരുണാകരന്‍ / കരുണാനിധി
3.ലോകത്തിലെ ആരോഗ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സംഘടനയാണ് W.H.O.
W.H.O യുടെ ഫുള്‍ഫോം എന്ത്‌?

ഖാന്‍പോത്തന്‍കോട്‌ said...

എല്ലാത്തിനും രണ്ട് വശമുണ്ട്.....നമുക്ക് നല്ലത് എന്ന് തോന്നുന്നത് നാം സ്വീകരിക്കുക അതിലൂടെ നാടിന്‍ വേണ്ടാത്തവ തനിയെ നശിക്കും...
സ്നേഹത്തോടെ....!
ഖാന്‍പോത്തന്‍കോട്

മുസ്തഫ|musthapha said...

അഞ്ചല്‍കാരന്‍ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവം തന്നെ... നിലവാരം വളരെ കുറഞ്ഞ പല പരിപാടികളും തകര്‍ത്ത് നടക്കുന്നുണ്ട്... പക്ഷെ, അതാസ്വദിക്കുന്ന, എസ്. എം.എസ്. അയക്കുന്ന... സ്വന്തം സ്വരമൊന്ന് റേഡിയോയില്‍ കേള്‍ക്കാന്‍ കൊതിക്കുന്ന ഒത്തിരി പേരുള്ളത് കൊണ്ടാണല്ലോ അവയെല്ലാം നിലനിന്ന് പോകുന്നത്...! ഇവയൊന്നും ഇഷ്ടപ്പെടാത്തവന് അവയെ കേള്‍ക്കാതിരിക്കാനും സൌകര്യമുണ്ടെന്നിരിക്കെ കൂടുതലെന്തു പറയാന്‍...!

ഫ്രീ പാസ്സിനെ പറ്റി പറഞ്ഞത് ശരിക്കും രസിച്ചു :)

മന്‍സുര്‍ said...

പ്രിയ സ്നേഹിത തറവാടി

താങ്കല്‍ പറഞ സംഭവം മനസ്സിലാക്കാത്തത് കൊണ്ടു ആയിരിക്കം എന്‍റെ അക്ഷരങ്ങള്‍ അങ്ങിനെ വന്നത്...ഇനിയും ഒരുപാട് സംഭവങ്ങള്‍ മനസ്സിലാക്കാന്‍ ഉണ്ടു....വ്യക്തമാകിയതിന്‍ നന്ദി സ്നേഹിത

സസ്നേഹം
മന്‍സൂ

അപ്പു ആദ്യാക്ഷരി said...

അഞ്ചല്‍ക്കാരാ...താങ്കള്‍ പറഞ്ഞതിനോടു യോജിക്കുന്നു. ഏഷ്യാനെറ്റ് റേഡിയോയെപ്പറ്റി ഒന്നും പറഞ്ഞുകണ്ടില്ല. അവിടെ കൂടുതല്‍ “ബാസ്” നല്‍കി സംസാരിക്കുന്നവരുടെ മത്സരമാണ് നടക്കുന്നത്. ഏതായാലും രണ്ട് എഫ്.എം റേഡിയോകളേക്കാളും നല്ല പ്രോഗ്രാമുകള്‍ ഏഷ്യാനെറ്റിലും, റേഡിയോ ഏഷ്യയിലും ഉണ്ടെന്ന കാര്യം പറയാതെ വയ്യ.

ഓ.ടൊ. “നിര്‍ദ്ദേശം, “ശൃംഗാരം“ എന്നീ വാക്കുകളിലെ അക്ഷരത്തെറ്റ് ഒന്നു തിരുത്തിയേക്കൂ.

അഞ്ചല്‍ക്കാരന്‍ said...

ഏറനാടന്‍, തറവാടി, അത്തിക്കുര്‍ശി,കണ്ണൂസ്,കുഞ്ഞന്‍,മന്‍സൂര്‍,ബാജി ഓടംവേലി, ഖാന്‍ പോത്തന്‍‌കോട്, അഗ്രജന്‍, APPU, പിന്നെ വന്നു പോയ എല്ലാവര്‍ക്കും നാന്ദി.

അപ്പൂ തെറ്റ് തിരുത്തിയിട്ടുണ്ട്. ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി.

ഗള്‍ഫ് റേഡിയോ പ്രക്ഷേപണം ചൂ‍ഷണത്തിന്റെ പുതിയ മുഖമാണ്. അടിപെട്ടു പോയാല്‍ രക്ഷപെടുക ബുദ്ധിമുട്ടായിരിക്കും. കടം വാങ്ങിയ ടെലിഫോണ്‍ കാര്‍ഡ് കൊണ്ടും എസ്.എം.എസ്. അയച്ച് ഭാഗ്യം പരീക്ഷിക്കുന്നവരുടെ എണ്ണം അനുദിനം കൂടി വരുന്നു. കൊടുക്കുന്ന സമ്മാനങ്ങളാകട്ടെ പേരിന് വേണ്ടി എന്തെങ്കിലും. കൂട്ടത്തില്‍ ജനകീയമായ ചില പരിപാടികളും വന്നു ഭവിക്കുന്നുണ്ട് എന്നത് മറക്കുന്നില്ല. പക്ഷേ ചൂഷണങ്ങള്‍ക്കെതിരെ ചൂഷിത പക്ഷത്ത് നില നില്‍ക്കേണ്ടവര്‍ തന്നെ ചൂഷകരായി മാറുന്നത് ദയനീയമാണ്.

Kaippally കൈപ്പള്ളി said...
This comment has been removed by the author.
Kaippally കൈപ്പള്ളി said...

നല്ല ലേഖനം

ഇവിടെ (ചില )നാറിയ Radio നിലയങ്ങളിലും (ചില) പത്രങ്ങളിലും (ചില) മല്ലുസ് അങ്കലയം ഉപയോഗിക്കുന്നതിനെ കുറിച്ച് ഞാന്‍ മുമ്പൊരിക്കല്‍ എഴുതുകയും പറയുകയും ചെയ്തിരുന്നു.