Thursday, October 25, 2007

പടം (കഥ)

മകള്‍ ജനിച്ചതും വളര്‍ന്നതും അയാള്‍ക്ക് ചിത്രങ്ങളിലൂടെയായിരുന്നു.

വില കൊടുത്ത് വാങ്ങിയ നീറ്റലുകളിലേക്ക് അയാള്‍‍ പറന്നിറങ്ങുമ്പോഴും അയാള്‍ക്കറിയില്ലായിരുന്നു അസീദയുടെ ഉദരത്തില്‍ തന്റെ മകളുടെ ജീവന്‍ തുടിച്ച് തുടങ്ങിയിരുന്നു എന്ന്. മണലാരണ്യത്തിലെ രണ്ടാം വെള്ളിയാഴ്ചയിലാണ് താനുമൊരുപ്പയാകാന്‍ പോകുന്ന വാര്‍ത്ത വിരഹത്തില്‍ വിറക്കുന്ന അസീദയുടെ ശബ്ദമായെത്തിയത്. ചുട്ടു പോള്ളുന്ന ചൂടിനെ ശപിച്ച് ടെലിഫോണ്‍ ബൂത്തിന് മുന്നില്‍ ഊഴം കാത്ത് നിന്ന പഠാണിയുടെ ശകാരമാണ് സന്തോഷ വാര്‍ത്തയില്‍ നിന്നും അയാളെ പിന്തിരിപ്പിച്ചത്.

“മോളേ അസീദേ നീയൊരു ഫോട്ടോ എടുത്തയക്ക്. നിന്റെ വയറ് ഞാനൊന്ന് കാണട്ടെ..”

പഠാനിയെ ശപിച്ച് കൊണ്ട്, മതിയാകാത്ത കൊഞ്ചല്വസാ‍നിപ്പിച്ച് അയാള്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്ത് ജനിക്കാന്‍ പോകുന്ന തന്റെ കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നത്തില്‍ മുഴുകി. അതായിരുന്നു തുടക്കം. അസീദയുടെ ഫോട്ടോക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ദിവസത്തിന് നീളം കൂടുന്നത് അയാള്‍ വ്യസനത്തോടെ തിരിച്ചറിഞ്ഞു. ബഹുനില കെട്ടിടത്തിന്റ ഉയരങ്ങളിലെ ഉച്ചി തിളക്കുന്ന കൊടും ചൂടും ഹെല്‍പ്പര്‍ പണിയുടെ ആയാസവും അയാള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഓര്‍മ്മയില്‍ മറന്നു.

അസീദയുടെ അയച്ച് കിട്ടിയ ആദ്യഫോട്ടോ പോളിത്തീന്‍ കവറിലാക്കി കവറോളിന്റെ അകത്തെ പോക്കറ്റില്‍ തിരുകി അയാള്‍ പണിക്ക് പോയി. തളര്‍ച്ചയില്‍ പോളിത്തീന്‍ ബാഗ് തുറന്ന് അസീദയുടെ ഫോട്ടോ ഒരു നോക്ക് കണ്ട് അയാള്‍ ക്ഷീണമകറ്റി. അസീദ ഇപ്പോള്‍ ഭാര്യമാത്രമല്ല. ഉമ്മയുമാകാന്‍ പോകുന്നു. ഉമ്മയാവുന്ന അസീദയേയും മകളേയും അയാള്‍ മനസ്സില്‍ വരച്ചു വെച്ചു.

എല്ലാ കത്തിലും ഒരു ഫോട്ടോ അയാള്‍ നിര്‍ബന്ധമാക്കി. അതുകൊണ്ട് തന്നെ വീര്‍ത്തു വരുന്ന അസീദയുടെ വയറ് മാസത്തില്‍ രണ്ട് തവണ കാണാനും അയാള്‍ക്കായി. പോളിത്തീന്‍ ബാഗില്‍ എല്ലാ പതിനഞ്ച് ദിവസത്തിലൊരിക്കലും അസീദയുടെ പുതിയ ഫോട്ടോ ഇടം പിടിച്ചു. അയച്ചു കിട്ടുന്ന ഫോട്ടോകള്‍ ആദ്യമാദ്യം ലേബര്‍ ക്യാമ്പിലെ സുഹൃത്തുക്കളെ കാട്ടുന്നത് അയാള്‍ക്കൊരു ഹരമായിരുന്നു. ഫോട്ടോ കണ്ട ചങ്ങാതിമാരുടെ കമന്റുകള്‍ അതിരു കടന്നപ്പോള്‍ അയാള്‍ അസീദയുടെ ഫോട്ടോകള്‍ അയാളുടെ മാത്രം സ്വാകാര്യതയാക്കി.

ഏഴാം മാസത്തെ നെയ്‌‌പിടിയും അസീദയെ അവളുടെ വീട്ടിലേക്ക് വിളിച്ചോണ്ടു പോകുന്ന ചടങ്ങുമെല്ലാം ഫോട്ടോകളായി അയാള്‍ക്ക് കിട്ടി. ഭര്‍ത്താവിന്റെ ഉമ്മയാണ് ഏഴാം മാസം മരുമകള്‍ക്ക് നെയ് കോരി കൊടുക്കേണ്ടുന്നത്. പ്ലാവില കോട്ടി പിടിച്ച് നെയ് കോരി മരുമകളുടെ വായിലേക്കൊഴിച്ച് പ്ലാവില തലയിലൂടെ ഉഴിഞ്ഞ് അമ്മായി നിലത്തിടും. ഇല മലര്‍ന്ന് വീണാല്‍ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി. കമഴ്ന്ന് വീണാല്‍ ജനിക്കാന്‍ പോകുന്നത് ആണ്‍ കുട്ടി. അതാണ് വിശ്വാസം. അസീദയുടെ തലക്ക് മുകളിലൂടെ പറന്ന് പോയ ഇല നിലത്ത് വീണത് മലര്‍ന്ന്. പെണ്‍കുട്ടിയെന്ന് അമ്മായി വിധിച്ചു. പാലോ തൈരോ നെയ്യോ ഒന്നും ലവലേശം ഇഷ്ടാമില്ലാത്ത അസീദ ഒരറപ്പും ഇല്ലാണ്ട് നെയ്യ് കുടിക്കുന്നതും ഇല വീഴുന്നതും ഒക്കെയും ഫോട്ടോകളായി അയാള്‍ക്ക് കിട്ടി. അതൊന്നും ആരെയും കാട്ടാതെ, നാട്ടില്‍ നിന്നും പോന്നപ്പോള്‍ കൂടെ കൂട്ടിയ സ്യൂട്ട്‌കേസിലാക്കി അസീദയുടെ നെയ്യ് കുടിക്കുന്ന ഫോട്ടോ മാത്രം പോളിത്തീന്‍ കവറിലാക്കി അയാള്‍ കവറോളിന്റെ അകത്തെ പോക്കറ്റില്‍ തിരുകി.

പിന്നെയാണ് അയാള്‍ തികച്ചും പ്രതിസന്ധിയിലായത്. ഏഴാം മാസത്തിന് ശേഷം ഫോട്ടോ എടുക്കാന്‍ പാടില്ലാന്ന് പഴമക്കാര്‍ വിധിച്ചു. അത് കുട്ടിയുടെ ജീവനെ ബാധിക്കുമെന്നതായിരുന്നു കാരണം. ഒരു ഫോട്ടോയില്‍ തന്റെ കുഞ്ഞിന്റെ ജീവന്‍ തുലാസിലാക്കാന്‍ അസീദക്കും കഴിയുമായിരുന്നില്ല. അയച്ച് കിട്ടിയ പഴയ ഫൊട്ടോകള്‍ എടുത്ത് നോക്കി അയാള്‍ സമാധാനിച്ചു.

ഉപ്പായുടെ വിഷമം മനസ്സിലാക്കിയതുപോലെ അവള്‍ ഇത്തിരി നേരത്തേ ഇങ്ങ് പോന്നു. സിസ്സേറിയനായിരുന്നു. എട്ടാം മാസത്തിന്റെ ആദ്യ വാരങ്ങളിലൊന്നില്‍ ഓര്‍ക്കാപ്പുറത്ത് അസീദക്കുണ്ടായ ഒരു വയറുവേദനയുടെ അവസാനം മകള്‍ പിറന്നത് അസീദയും അറിഞ്ഞില്ല. അസീദയെ ആശുപത്രിയിലാക്കിയത് അയാളും അറിഞ്ഞില്ല. പിറ്റേന്ന് വെള്ളിയാഴ്ചയായത് ഭാഗ്യമായി. അല്ലെങ്കില്‍ മകളുടെ വരവിന് പിന്നൊരു മാസം കൂടി അവധിയുണ്ടെന്ന് ധരിച്ചിരുന്ന അയാള്‍ക്ക് മകളുടെ ജനനം അന്ന് അറിയാനേ കഴിയുമായിരുന്നില്ല.

മകളുടെ ഫോട്ടോയൊന്ന് എടുത്തയക്കാന്‍ വീട്ടുകാരോട് പറഞ്ഞെങ്കിലും അയാള്‍ നിരാശനായി. നാല്പത് ദിവസം കഴിഞ്ഞിട്ട് മാത്രമേ ഫോട്ടോ എടുക്കാന്‍ പാടുള്ളു എന്ന് വീണ്ടും പഴമക്കാര്‍. പിറന്ന് നാല്പത് ദിവസം വരെ കുട്ടി നമ്മുക്ക് സ്വന്തമല്ല. ആദ്യത്തെ നാല്പത് ദിവസം കഴിഞ്ഞെങ്കില്‍ മാത്രമേ കുട്ടിക്ക് ഈ ലോകത്ത് ജീവിച്ചിരിക്കാനുള്ള അവകാശം സ്ഥാപിച്ച് കിട്ടുള്ളൂ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കുട്ടിക്കെന്തെങ്കിലും ആപത്ത് വന്നാല്‍ അതിനൊരു തെളിവായി ഫോട്ടോ മാറുമ്പോലും. എന്തോരു ദ്രോഹമാണിത്. പിറന്ന തന്റെ കുഞ്ഞിനെ ഒന്നു കാണുവാന്‍ ഇന്നിയും കാത്തിരിക്കണം നാല്പത് ദിനം. അയാള്‍ സ്വയം ശപിച്ചു.

അയച്ചു കിട്ടിയ ആദ്യ ഫോട്ടോയില്‍ തന്നെ അയാള്‍ക്ക് മകളെ അതിരറ്റ് അങ്ങിഷ്ടമായി. നാല്പത് ദിനമെന്ന കടമ്പകടന്ന് ഇകലോക വാസത്തിന് അവകാശിയായി മാറിയ മകളുടെ ആദ്യത്തെ മുടിവെട്ടും ഒരുക്കവും എല്ലാം ഫോട്ടോയിലായി അയാള്‍ക്ക് കിട്ടി. വാപ്പുമ്മ കെട്ടിയ അരഞ്ഞാണവും വീട്ടുകാരും ബന്ധുക്കളും ഒക്കെ ദാനമാക്കിയ പൊന്നുമൊക്കെ ഇട്ട് കവിളത്തൊരു വല്ലിയ കറുത്ത പൊട്ടും കുത്തി കുളിയുടെ ആലസ്യത്തില്‍ മയങ്ങുന്ന മകളെ അയാള്‍ “സുല്‍ത്താന” എന്ന് വിളിച്ചു.

അസീദയുടെ ഫോട്ടോ അയച്ചു കിട്ടുക എന്നതിലുപരി സുല്‍ത്താനയുടെ പടത്തിനായുള്ള അയാളുടെ കാത്തിരിപ്പ് എല്ലാ പതിനഞ്ച് ദിവസങ്ങളിലും നിവര്‍ത്തിക്കപ്പെട്ടു. മകളുടെ ഫോട്ടോ താമസിക്കുന്ന ദിവസങ്ങളില്‍ അയാള്‍ വിഷാദത്തിലേക്ക് വീണു. അതുകൊണ്ട് തന്നെ അസീദ മുടങ്ങാതെ സുല്‍ത്താനയുടെ ഫോട്ടോ അയാള്‍ക്കയച്ചു കൊടുത്തു കൊണ്ടുമിരുന്നു. മകളുടെ വളര്‍ച്ച അങ്ങിനെ അയാള്‍ ഫോട്ടോയിലൂടെ മനസ്സു നിറയെ കണ്‍കുളിര്‍ക്കേ കണ്ടു.

പല്ലില്ലാത്ത മോണകാട്ടി ഉമ്മിച്ചിയോടു കൊഞ്ചുന്നതും കമഴ്ന്ന് വീണു ലോകം കീഴടക്കിയ പോലെ മകള്‍ പാല്‍ പുഞ്ചിരി പൊഴിക്കുന്നതും നിലം തൊടാതെ കരയുന്നതും ഒന്നൊഴുയാതെ തന്നെ ഫോട്ടോകളായി അയാളിലേക്കെത്തിക്കൊണ്ടിരുന്നു. യത്തീംഖാനയില്‍ കൊണ്ടു പോയി അനാഥ കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തു കൊണ്ട് മകള്‍ക്ക് ചോറു കൊടുക്കാനായിരുന്നു അയാള്‍ തീരുമാനിച്ചത്. പക്ഷേ യത്തീംഖാനയിലെ നിയമം ഫോട്ടോ എടുക്കാന്‍ അനുവദിക്കാത്തതു കൊണ്ട് യത്തിംഖാനയിലെ അനാഥ കുട്ടികള്‍ക്കെല്ലാം ഉപ്പയായ വല്ലിയ മനുഷ്യന്റെ മടിയിലിരുന്ന് മകള്‍ ഉണ്ണാന്‍ തുടങ്ങിയത് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. പക്ഷേ അന്ന് തന്നെ വീട്ടില്‍ വന്നിട്ട് ഉപ്പാക്ക് ഫോട്ടോ അയക്കാന്‍ വേണ്ടി മാത്രം വീണ്ടും ഒരിക്കല്‍ കൂടി സുല്‍ത്താന ചോറുണ്ണല്‍ കര്‍മ്മം നടത്തി, വാപ്പുമ്മയുടെ മടിയിലിരുന്ന്.

സുല്‍ത്താനയുടെ ഫോട്ടോകള്‍ അയാള്‍ ചങ്ങാതിമാരുമായി പങ്കുവെച്ചു. എല്ലാവര്‍ക്കും സുല്‍ത്താന അവരവരുടെ മകളായി. ഫോണ്‍ വിളിക്കുമ്പോള്‍ അസീദ സുല്‍ത്താനയെ കൊണ്ട് തിരിയാത്ത നാവു വെച്ച് “വാപ്പിച്ചീ...” എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചു. അവള്‍ ഞെക്കി ഞെരുക്കി “....വാച്ചി..” എന്ന് പറഞ്ഞ് കേട്ട ആദ്യ ദിനം അയാള്‍ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.

സുല്‍ത്താനക്കിപ്പോള്‍ വയസ്സ് മൂന്ന്. വീട്ടില്‍ ഫോണ്‍ എടുക്കാനുള്ള അവകാശം അവള്‍ പിടിച്ച് മേടിച്ചിരിക്കുന്നു. വീട്ടില്‍ വരുന്ന എല്ലാ ഫോണുകളും അവളാണിപ്പോള്‍ അറ്റന്റ് ചെയ്യുന്നത്. ഫോണിന്റെ ബെല്ലടി കേള്‍ക്കുമ്പോള്‍ തന്നെ അവള്‍ “ഹലോ...ആപ്പിച്ചിയാണോ” എന്നു ചോദിക്കുമെന്നാണ് അസീദ പറയുന്നത്. താന്‍ ഫോണ്‍ വിളിക്കുമ്പോഴും അവള്‍ “ഹലോ ...ആപ്പിച്ചിയാണോ” ചോദിച്ചാണ് ഫോണ്‍ എടുക്കുന്നത്. അവളുടെ കൊഞ്ചല്‍ കഴിഞ്ഞേ ആര്‍ക്കും ഫോണ്‍ കൊടുക്കുള്ളൂ. ആരു വിളിച്ചാലും അവള്‍ ഫോണെടുക്കുന്നത് “...ഹലോ ആപ്പിച്ചിയാണോ” ചോദിച്ചാണ്.

തിരിച്ച് വരവറിയിക്കാനായി നാട്ടിലേക്കുള്ള വിളിയില്‍ സുല്‍ത്താനക്ക് വേണ്ടുന്ന സാധനങ്ങളെന്തെന്നുള്ള ചോദ്യത്തിന് അവളൊരു നീണ്ട ലിസ്റ്റ് തന്നെ നല്‍കി.
“അപ്പിലിട്ടായി...തൊത്ത ത്തോള...പാവൊട്ടി”
അങ്ങിനെ പോയി അവളുടെ ആവശ്യങ്ങള്‍. ഒരിക്കല്‍ പോലും കാണാത്ത വാപ്പിച്ചിയോട് അവള്‍ക്കുള്ള അടുപ്പവും സ്നേഹവും അയാളെ അത്ഭുതപ്പെടുത്തുമായിരുന്നു എന്നും. ചോര ചോരയെ തിരിച്ചറിയുമെന്ന് പുസ്തകങ്ങളിലും സിനിമയിലും ഒക്കെ പറയുന്നത് എത്ര ശരിയെന്ന് അയാള്‍ക്ക് തോന്നി.

എയര്‍പ്പോര്‍ട്ടില്‍ തന്നെ സ്വീകരിക്കാന്‍ അവളേയും കൊണ്ടു വരണമെന്ന നിര്‍ബന്ധം അയാള്‍ക്കുണ്ടായിരുന്നു. നാലു വര്‍ഷത്തെ നരകയാതനക്ക് ഇളവായി അറുപത് ദിനങ്ങള്‍ തനിക്കും സുല്‍ത്താനക്കും അസീദക്കും മാത്രം സ്വന്തം. എയര്‍പ്പോര്‍ട്ടില്‍ നിന്നും പുറത്തേക്കു ലഗ്ഗേജുമായി ഇറങ്ങിയ ഉടനേ തന്നെ അസീദയേയും ബന്ധുക്കളേയും അയാള്‍ കണ്ടു. അയച്ചു കൊടുത്ത ഫ്രോക്കുമിട്ട് എല്ലാരേം ഭരിച്ചു കൊണ്ട് കൊഞ്ചി നില്‍ക്കുന്ന മൂന്ന് വയസ്സുകാരി തന്റെ മകള്‍ സുല്‍ത്താനയാണെന്ന് അയാള്‍ക്ക് തിരിച്ചറിയാന്‍ വിഷമം ഒന്നും ഉണ്ടായില്ല. കഴിഞ്ഞയാഴ്ച കൂടി അയച്ചു കിട്ടിയ സുല്‍ത്താനയുടെ ഫോട്ടോ അവളുടെ ഏറ്റവും അടുത്ത വളര്‍ച്ചയും അയാളിലേക്കെത്തിച്ചതാണല്ലോ.

“ദേണ്ടെ മോളെ..നോക്ക് വാപ്പിച്ചി.”
അസീദ പറഞ്ഞതും തന്നെ നോക്കിയ സുല്‍ത്താനയുടെ കളിയും ചിരിയും പെട്ടെന്ന് നിലച്ചതും അയാള്‍ ശ്രദ്ധിച്ചു. ആവേശത്തോടെ മകളെ വാരിയെടുക്കാന്‍ ശ്രമിച്ച അയാളില്‍ നിന്നും സുല്‍ത്താന വിട്ടുമാറി അസീദയുടെ സാരിക്ക് പിന്നിലൊളിച്ചു. കരയാനാരംഭിച്ച സുല്‍ത്താനയെ വാരിയെടുക്കാന്‍ അയാള്‍ പിന്നെ ശ്രമിച്ചില്ല.

കാറിലിരുന്നപ്പോഴും എല്ലാര്‍ക്കും പറയാനുണ്ടായിരുന്നത് സുല്‍ത്താനയുടെ വിശേഷങ്ങളായിരുന്നു. കിലുകിലാ സംസാരിക്കുന്ന കൊച്ചിന് വാപ്പിച്ചിയെ കണ്ടപ്പോഴെന്നാ കുഴപ്പമെന്ന് വാപ്പുമ്മ സുല്‍ത്താനയെ കുറ്റപ്പെടുത്തി. ഒന്നും കേള്‍ക്കാത്തമട്ടില്‍ ഉമ്മിച്ചിയുടെ തോളില്‍ ഉറങ്ങുന്ന മാതിരി സുല്‍ത്താന കമഴ്ന്ന് കിടന്നു. എല്ലാര്‍ക്കും അത്ഭുതമായിരുന്നു.

“നിന്റെ ഫോട്ടോയും പിടിച്ച് ന്റാപ്പിച്ചി...ന്റാപ്പിച്ചി... എന്നും പറഞ്ഞ് നടക്കുന്ന കൊച്ചിന് വാപ്പിച്ചിയെ കണ്ടപ്പോഴെന്താ മിണ്ടാട്ടം മുട്ടിയോ”
അതായിരുന്നു വാപ്പുമ്മായുടെ പരിഭവം.

നനുത്ത മഴയുടെ അകമ്പടിയോടെ വീട്ടിന്റെ പടി കടന്നപ്പോള്‍ തന്നെ അകത്ത് നിന്നും ഫോണ്‍ ബെല്ലടി കേള്‍ക്കുന്നു. വാതില്‍ തുറന്നതും ഉമ്മിച്ചിയുടെ തോളില്‍ ഉറക്കം നടിച്ച് കിടന്ന സുല്‍ത്താന ചാടിയിറങ്ങി ഓടിച്ചെന്ന് ഫോണെടുത്തു...

“ഹലോ...ആപ്പിച്ചിയാണോ...”
അപ്പോഴേക്കും ഫോണ്‍ കട്ടായിരുന്നു.
“ഈ പെണ്ണിനിതെന്നാത്തിന്റെ കേടാ...മോളേ നിന്റെ വാപ്പിച്ചി ദേണ്ടെ ഇതാണ്...”
അസീദയുടെ വാക്കുകളില്‍ വിഷാദം പടരുന്നത് അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നു.
സുല്‍ത്താന അതു കേള്‍ക്കാന്‍ നില്‍ക്കാതെ അകത്തേക്കോടി. തിരികെ വരുമ്പോള്‍ കയ്യിലൊരു മുഷിഞ്ഞ കടലാസ് ചുരുട്ടി പിടിച്ചിരുന്നു.

“ഇതാണെന്റെ ആപ്പിച്ചി...നീയെന്റാപ്പിച്ചിയല്ല... നീ പോ...”
അയാളുടെ ഫോട്ടോ സുല്‍ത്താനയുടെ കയ്യിലിരുന്ന് അയാളെ നോക്കി വികൃതമായി ചിരിച്ചു.

18 comments:

അഞ്ചല്‍ക്കാരന്‍ said...

കഥയെഴുതാനുള്ള ഒരു ശ്രമമാണ്. ശ്രദ്ധിക്കുമല്ലോ? അഭിപ്രായം എന്തായാലും അറിയണം എന്നാഗ്രഹമുണ്ട്.
നന്ദി.

ദിലീപ് വിശ്വനാഥ് said...

കഥ കൊള്ളാം. എനിക്ക് മകളുണ്ടായി ആറാം മാസം അവളെ വിട്ടു പോയതാ ഞാന്‍. പിന്നെ ഒന്‍പതു മാസം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അവള്‍ എന്നെ മാമാ എന്നാണ് വിളിച്ചത്. പിന്നെയും രണ്ടു മാസം എടുത്തു അച്ഛാ എന്ന് വിളിക്കാന്‍. ഈ കഥ വായിച്ചപ്പോള്‍ അതാണ് ഓര്‍മ വന്നത്.

Surya said...

അഞ്ചല്‍ക്കാരാ, താങ്കള്‍ വലിച്ചുനീട്ടി എഴുതിയിരിക്കുന്നു.കുറവുകള്‍ പരിഹരിച്ച്‌ വീണ്ടും എഴുതുമല്ലോ അല്ലെ?

ശ്രീ said...

അഞ്ചല്‍‌ക്കാരാ...


കഥ നന്നായിരിക്കുന്നു. ഇഷ്ടമായി.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

"ഇതാണെന്റെ വാപ്പിച്ചി...നീയെന്റെ വാപ്പിച്ചിയല്ല... നീ പോ...”
അയാളുടെ ഫോട്ടോ സുല്‍ത്താനയുടെ കയ്യിലിരുന്ന് അയാളെ നോക്കി വികൃതമായി ചിരിച്ചു"

തകര്‍ന്നുപോകുന്നത്‌ ജീവിതം തന്നെ അല്ലേ?

വിവരണം നന്നായി.സ്വപ്നങ്ങളും മോഹങ്ങളും വളരെ നന്നായി വര്‍ണ്ണിച്ചിരിക്കുന്നു...

ഭാവുകങ്ങള്‍

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.
തുടരുക.

സാല്‍ജോҐsaljo said...

കൊള്ളാം...

സണ്ഡേ വാലാ പാപ്പാ ആഗയാ ന്ന് പറയുന്നപോലെ!

എഴുത്തിന്റെ രീതികൊള്ളാം. ആശയങ്ങളില്‍ വ്യത്യസ്ഥത ഉണ്ടായാല്‍ മതി.. ഡബിള്‍ ഓക്കെ..

സഹയാത്രികന്‍ said...

കൊള്ളാം മാ‍ഷേ... നന്നായിരിക്കുന്നു
:‌)

ഏ.ആര്‍. നജീം said...

ഒരു പച്ച മനുഷ്യന്റെ പ്രവാസ ജീവിത ചിത്രം ഹൃദ്യമായ് വരച്ചു തീര്‍ക്കുന്നതില്‍ താങ്കള്‍ വിജയിച്ചു....

അഞ്ചല്‍ക്കാരന്‍ said...

വാല്‍മീകി മാഷെ,
പ്രവസത്തിന്റെ നോവുകളിലേക്കിറങ്ങി ചെല്ലാനുള്ള ഒരു ശ്രമമാണ്. കഥ എനിക്ക് വഴങ്ങുമോ എന്ന് സംശയമുണ്ട്. എങ്കിലും ശ്രമിച്ച് നോക്കുകകയാണ്. വരുന്നതിനും വായിക്കുന്നതിനും അഭിപ്രായമറിയുക്കുന്നതിനും നന്ദി.

സൂര്യാ,
ശ്രമിക്കാം. കഥ എനിക്ക് വഴങ്ങുന്ന ഒരു സംഗതിയല്ല. എഴുതിയാല്‍ എങ്ങിനെയിരിക്കും എന്ന നോക്കുന്നതാണ്. വന്നതിനും വായിച്ചതിനും അഭിപ്രായം തുറന്ന് പറഞ്ഞതിനും നന്ദി.

ശ്രീ,
നന്ദി. വന്നതിനും വായിച്ചതുനും അഭിപ്രായന്‍ അറിയച്ചതിനും.

അഞ്ചല്‍ക്കാരന്‍ said...

പ്രിയാ ഉണ്ണികൃഷ്ണന്‍,
പ്രവാസത്തിലെ തൊണ്ണൂറു ശതമാനവും തകര്‍ന്ന ജീവിതങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടിയാണ്. പത്തു ശതമാനത്തിന്റെ ആഡംബരത്തില്‍ തൊണ്ണൂറുശതമാനത്തിന്റെ കിനാവും കണ്ണുനീരും മങ്ങിപോവുകയാണ് ചെയ്യുന്നത്.
വന്നതിനും വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ബാജി ഓടംവേലി,
ഈ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇവിടെ ഒന്നു സന്ദര്‍ശ്ശിക്കാന്‍ കാട്ടുന്ന മഹാമനസ്കതക്ക് എപ്പോഴും കടപ്പെട്ടിരിക്കുന്നു.

അഞ്ചല്‍ക്കാരന്‍ said...

സല്‍ജോ,
കഥയുമായി മുന്നോട്ട് പോകാമെന്നാണോ താങ്കളുടെ അഭിപ്രായം. പറയാന്‍ ശ്രമിച്ചത് സംവേദിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടൊ?. എഴുത്തില്‍ ദുരൂഹതയുണ്ടോ?

വായിച്ചു കഴിഞ്ഞിട്ട് ഇതെന്നാ താങ്കളുദ്ദേശിച്ചിരിക്കുന്നത് എന്ന് എഴുത്തു കാരനനോട് ചോദിക്കേണ്ടി വരുന്നവയിലൊന്നാകേണ്ടി വരില്ലല്ലോ അല്ലേ?

വരുന്നതിനും വായിക്കുന്നതിനും അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിനും നന്ദി സാല്‍ജോ.

അഞ്ചല്‍ക്കാരന്‍ said...

സഹയാത്രികാ,
“കൊള്ളാം മാഷെ” ആ വക്കുകളിലെ ആത്മാര്‍ത്ഥത അതേപടി ഉള്‍കൊള്ളുന്നു. കഥയെഴുതാം അല്ലേ?

തലേക്കെട്ടിന് നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ഏ.ആര്‍. നജീം,
ശരാശരി പ്രവാസി പടമല്ലേ. ജീവിക്കുന്ന പടം. പേര്‍ഷ്യക്കാരന്‍ നീലക്കോളറുകാരുടെ ജീവിതം ലേബര്‍ ക്യാമ്പുകളില്‍ പോയൊന്നറിഞ്ഞാല്‍ ഹൃദയം പിളര്‍ക്കും.
ഈ സീരീസില്‍ ഇന്നിയും ചിലതെഴുതണം എന്നുണ്ട്. കഥയെനിക്ക് പറ്റുമോ എന്നറിയില്ല. താങ്കളുടെ അഭിപ്രായവും എനിക്ക് എഴുതാനുള്ള ശക്തിയാകുന്നു...
നന്ദി-വരുന്നതിനും വായിക്കുനതിനും അഭിപ്രായം പറയുന്നതിനും.

കുറുമാന്‍ said...

ഷിഹാബ് ഭായ്....കഥയുടെ തീം വളരെ നന്ന്. എഴുതിയതും നന്നായി തന്നെ. പ്രത്യേകിച്ചും ആദ്യമായി എഴുതുന്ന ഒരു കഥ എന്ന നിലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.

പ്രവാസിയുടെ പ്രയാസങ്ങളെ, സ്വപ്നങ്ങളെ വളരെ നല്ല നിലയില്‍ തന്നെ വരച്ചുകാണിച്ചിരിക്കുന്നു.

കഥയുടെ തുടക്കത്തിലുണ്ടായിരുന്ന ഒഴുക്ക് അവസാനത്തില്‍ നഷ്ടപെട്ടോ എന്നൊരു സംശയം ഇല്ലാതില്ല.

ഇനിയും എഴുതൂ......

തറവാടി said...

ഇനിയും എഴുതൂ , :)

മന്‍സുര്‍ said...

അഞ്ചല്‍ക്കാരാ.....

ഫോട്ടോയില്‍ മാത്രം കണ്ട ഉപ്പച്ചി... ഒരിക്കല്‍ കാറില്‍ മുറ്റത്ത്‌ വന്നിറങ്ങിയ ഉപ്പച്ചിയെ കണ്ട്‌ മകള്‍ അകത്തേക്ക്‌ ഓടി ഉമ്മയോട്‌ പറഞ്ഞു ഉമ്മച്ചി ഒരു വിരുന്നുക്കാരന്‍ വരുന്നുണ്ടു.....കഷണ്ടിത്തലയുള്ള ഉപ്പച്ചിയെ കണ്ട ഓര്‍മ്മയില്ല ആ മകള്‍ക്ക്‌

നല്ല ചിന്ത അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു