Wednesday, April 30, 2008

ശ്രീശാന്തിന് കിട്ടേണ്ടുന്നതായിരുന്നോ കിട്ടിയത്?

“ശ്രീശാന്തിന് കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടേണ്ടിടത്ത് കിട്ടേണ്ടുന്ന രീതിയില്‍ കിട്ടേണ്ടിടത്ത് നിന്നും കിട്ടി”
എന്ന ഒരു പൊതു ധാരണയാണ് കഴിഞ്ഞ മൂന്ന് നാലു ദിനങ്ങളായി മലയാള മഹാരാജ്യത്തെ മുഖ്യധാരാ ദൃശ്യ ശ്രവ്യ പത്ര മാധ്യങ്ങളിലൂടെയെന്ന പോലെ ബ്ലോഗിലൂടെയും പ്രചരിപ്പിക്കപ്പെടുന്നത്. മലയാളിക്ക് സ്വന്തം കൂട്ടത്തിലൊരാളെ മനമറിഞ്ഞ് അങ്ങ് സമ്മതിച്ചു കൊടുക്കാനോ ഒരാളുടെ കഴിവുകളെ കണ്ടറിഞ്ഞ് അംഗീകാരിക്കാനോ കഴിയാത്തതിന്റെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്ന് കൂടിയാണീ പ്രചരിപ്പിക്കപ്പെടുന്ന ശ്രീശാന്ത് വിരോധം.


“ശ്രീശാന്ത് മോശമായി പെരുമാറുന്നു..”
“ആസ്ത്രേലിയായില്‍ ശ്രീശാന്ത് ശാന്തനായിരുന്നില്ല..”
“ജെന്റില്‍മാന്‍ ഗേയിമായ ക്രിക്കറ്റില്‍ ശ്രീശാന്ത് തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്നു..”
“ശ്രീശാന്ത് ഭാജിയെ പ്രകോപിപ്പിച്ചു...”
“ശ്രീശാന്ത് എതിര്‍ ടീമുകളെ എപ്പോഴും പ്രകോപ്പിച്ചു കൊണ്ടിരിക്കുന്നൂ...”
“തല്ല് കൊണ്ട് ചിരിക്കാതെ കരഞ്ഞ് കൊണ്ട് ശ്രീശാന്ത് കളം വിട്ടൂ‍...”

....തുടങ്ങി ചാനല്‍ ചര്‍ച്ചകളിലും ബ്ലോഗിലും മുഖ്യധാരാമാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നത് ശ്രീശാന്തിനെതിരേയുള്ള കുറ്റവിചാരണയാണ്. ഒന്നാം ഘട്ട വിചാരണയില്‍ ബാജി കളിയില്‍ നിന്നും റണ്ണൌട്ടായപ്പോള്‍ മാത്രമാണ് ശ്രീശാന്തിനനുകൂലമായ നേരിയ ചില ചലനങ്ങളെങ്കിലും ജന്മനാട്ടില്‍ നിന്നും ഉടലെടുത്തത്.

“ഹാര്‍ഡ് ലക്ക്” എന്ന് പരാജിതനോട് വിജയി പറയുന്നത് പ്രകോപനപരമാണോ എന്ന ചോദ്യം പ്രസക്തമായി നില്‍ക്കുമ്പോള്‍ തന്നെ ഏതെങ്കിലും തരത്തില്‍ ഈ പ്രയോഗം ഹര്‍ഭജന്‍ ഭായിക്ക് പ്രകോപനപരമോ ആക്ഷേപമോ ആയി തോന്നിയിട്ടുണ്ട് എങ്കില്‍ അത് ഒരു പരാതിയായി മാച്ച് റെഫറിക്കോ അംബയര്‍ക്കോ നല്‍കാതെ കൈവീശി മുഖത്തടിച്ചതിനെ ലളിതവല്‍ക്കരിച്ച് ശ്രീശാന്തിന്റെ കയ്യിലിരിപ്പിന്റെ ഫലമാണ് അദ്ദേഹത്തിന് ലഭിച്ച തല്ലെന്ന ഗീര്‍വാണത്തെ എങ്ങിനെ അംഗീകരിക്കാന്‍ നമ്മുക്ക് കഴിയുന്നു.

ലോവര്‍ പ്രൈമറി ക്ലാസിലെ കുട്ടികള്‍:
“ടീച്ചര്‍ ഈ കുട്ടി എന്നെ പിച്ചി.”

“ശാറേ...ഈ കുട്ടിയെന്നെ മാന്തി...”

“മിസ്സേ..മിസ്സേ..ഇവനെന്നെ കുരങ്ങാന്ന് വിളിച്ചു..”

എന്നൊക്കെ ജെന്റില്‍മാന്‍ ഗെയിമില്‍ അടിക്കടി ലോകോത്തര താരങ്ങള്‍ എതിര്‍ചേരിയിലെ ലോകോത്തര താരങ്ങള്‍ക്കെതിരേ പരാതിയുമായി മാച്ച് റെഫറിയെ സമീപിക്കുന്ന ഈ കാലത്ത് ഹര്‍ഭജന്‍ സിങ്ങിന് “ശാറേ...ഇക്കുട്ടിയെന്ന് ഹാര്‍ഡ് ലെക്കാക്കീ‍...” എന്നൊരു പരാതി ശ്രീശാന്തിനെതിരേ കൊടുക്കാന്‍ വല്ലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ?

ശ്രീശാന്തിന്റെ സ്ഥാനത്ത് ഗാംഗുലിയോ സച്ചിനോ ധോണിയോ ആയിരുന്നു എങ്കില്‍ ഇങ്ങിനെയൊരു തല്ല് കിട്ടുമായിരുന്നോ. അല്ല ഹര്‍ഭജന്‍ ഇങ്ങിനെയൊരു താങ്ങ് സച്ചിനായിട്ടിട്ട് താങ്ങിയിരുന്നെങ്കില്‍ ഹര്‍ഭജന്റെ ഷേപ്പ് എങ്ങിനയായിരുന്നു എന്ന് പഴയ ഫോട്ടോ നോക്കി മനസ്സിലാക്കേണ്ടി വരില്ലായിരുന്നോ? പിന്നെ ക്രിക്കറ്റ് നടന്ന സ്റ്റേഡിയം ബാക്കിയുണ്ടാകുമായിരുന്നോ? ഇന്‍ഡ്യന്‍ ക്രിക്കറ്റ് തന്നെ ബാക്കി കാണുമായിരുന്നോ? ഇല്ല ഉണ്ടാകുമായിരുന്നില്ല. ഭാരതത്തിന്റെ ക്രിക്കറ്റ് ചരിത്രം തന്നെ മാറ്റിയെഴുതപ്പെടുമായിരുന്നു. സംശയലേശമില്ല തന്നെ.

ദക്ഷിണ ഭാരതത്തിന്റെ കായിക ചരിത്രത്തിലേക്ക് പുതിയ ഏടുകളാണ് ശ്രീശാന്ത് എഴുതി ചേര്‍ത്തു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും ഒരാള്‍ ലോക ക്രിക്കറ്റില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുന്നു എന്നത് തന്നെ ഏതൊരു മലയാളിക്കും അഭിമാനമാണ്. ആഗോള ക്രിക്കറ്റിന്റെ നെറുകയിലേക്ക് പിച്ചവെക്കുന്ന ശ്രീശാന്തിന്റെ ആത്മബലം തകര്‍ക്കാനാണ് ഇത്തരം തല്ല് നാടകങ്ങളും പ്രകോപനാരോപണങ്ങളും വാര്‍ത്തെടുക്കപ്പെടുന്നത്. ശ്രീശാന്ത് ശാന്തനല്ല എന്ന് പ്രചരിക്കപ്പെടുന്നത് മനപ്പൂര്‍വ്വമാണ്.

ഭാരത ക്രിക്കറ്റിലെ നെറികെട്ട ലോബീയിങ്ങ് ശ്രീശാന്തിനെതിരേ വിരിച്ച കെണിയില്‍ അദ്ദേഹത്തിന്റെ ജന്മനാടും വീണു പോയി എന്നതാണ് തല്ല് കൊണ്ട് കലങ്ങിയ കണ്ണുമായി കുനിഞ്ഞ ശിരസ്സോടെ കളം വിട്ട നമ്മുടെ സ്വന്തം ശ്രീശാന്തിനെ വട്ടം നിന്ന് കൊത്തിപ്പറിക്കാന്‍ മത്സരിക്കുന്ന മലയാള മഹാരാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളും പ്രത്യാകിച്ചും ബ്ലൊഗെന്ന പുതു മാധ്യമവും തെളിയിക്കുന്നത്.
-------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് :1. അരവിന്ദിന്റെ കണ്ണിരിലലിഞ്ഞ ബ്രാന്റ് ഇക്വിറ്റി.
2. വാസ്തവം ടീമിന്റെ ശ്രീശാന്തിനെന്താ കൊമ്പുണ്ടോ?
3. ഓര്‍മ്മകള്‍ ഉണ്ടായിക്കണം പറയുന്നു തള്ളേ ..അടി...പൊളപ്പനടി
4. ജെയിംസ് ബ്രൈറ്റിന്റെ ശ്രീശാന്ത് പറയുന്നത് കേള്‍ക്കുക.
5. മരമാക്രിയുടെ ബ്രദര്‍ ശ്രീശാന്ത് ഒരു കുറ്റവും ചെയ്തിട്ടില്ല.
6. സ്വ.ലേയുടെ ഗോപു മോന്റെ ലീലാ വിലാസങ്ങള്‍
7. അച്ചായന്റെ അയ്യേ കുഞ്ഞേ കരയല്ലേ.
8. മരീചന്റെ മൊടകാണിച്ചാല്‍ പെടകിട്ടും ശ്രീശാന്തേ...
9. മോനുവിന്റെ ഐ.പി.എല്‍ ബോളീവുഡ് സിനിമ.

12 comments:

അഞ്ചല്‍ക്കാരന്‍ said...

ശ്രീശാന്തിന് കിട്ടിയ തല്ലിനെ ന്യായീകരിക്കാന്‍ കഴിയുമോ?

ശ്രീ said...

കാര്യം കുറച്ചൊക്കെ ശരിയാണ്. ശ്രീശാന്തിന് ചോരത്തിളപ്പ് കുറച്ചു കൂടുതലാണ്. പ്രായത്തിന്റെ പക്വത കുറവാകാം. മറ്റു കളിക്കാരെ പ്രകോപിപ്പിയ്ക്കാന്‍ ശ്രീശാന്ത് പലപ്പോഴും ശ്രമിയ്ക്കുന്നുണ്ട്, അത് എത്ര മുതിര്‍ന്ന കളിക്കാരാണെങ്കില്‍ കൂടി. ( ഒരിയ്ക്കല്‍ ഗാംഗുലിയ്ക്കും സച്ചിനും നേരെ പ്രാക്ടീസിനിടെ ബൌണ്‍സര്‍ തുടര്‍ച്ചയായി എറിയുന്നതു കണ്ട് കോച്ച് വാണിങ്ങ് നല്‍കിയെങ്കിലും അത് കളിയ്ക്കിടെ സ്വാഭാവികമാണെന്ന് ധിക്കാരമായി പ്രതികരിച്ചതിനാല്‍ അച്ചടക്ക നടപടിയ്ക്കു വിധേയനായി രണ്ടു കളിയില്‍ നിന്നും പുറത്തിരിയ്ക്കേണ്ടി വന്നത് ഓര്‍ക്കുക)
ശ്രീശാന്തിന്റെ ‘ആ സ്വഭാവത്തോട്’എനിയ്ക്കു യോജിപ്പില്ല.

എങ്കിലും ശ്രീശാന്ത് കേരളത്തിന്റെ സംഭാവന കൂടിയായ, ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമാണ്. നല്ല കഴിവുള്ള, അഗ്രസ്സീവായ ഒരു ഫാസ്റ്റ് ബൌളര്‍. ആസ്ട്രേലിയന്‍ കളിക്കാരെപ്പോലെ ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ തിരിച്ചു മറുപടി പറയുന്നതിനെ ഞാന്‍ തെറ്റെന്നു പറയില്ല. അനാവശ്യമായി എതിര്‍ടീമിലെ കളിക്കാരെ പ്രകോപിപ്പിയ്ക്കുന്നതിലാണ് കുഴപ്പം.
എങ്കിലും അന്നത്തെ (അടി) സംഭവത്തില്‍ ഒരു വിധത്തിലും ഹര്‍ബജനെ ന്യായീകരിയ്ക്കാനാവില്ല. ശ്രീശാന്ത് വിജയാവേശത്തില്‍ എന്തെങ്കിലും പറഞ്ഞെന്നു കരുതി, അടിച്ചത് തീരെ ശരിയായില്ല. [അപ്പോള്‍ തന്നെ മറ്റൊരു കാര്യം എടുത്തു പറയേണ്ടതുണ്ട്: സംഭവം കഴിഞ്ഞ് അധികം വൈകാതെ നേരെ ഡ്രസ്സിങ്ങ് റൂമിലെത്തി, മാപ്പു പറയാന്‍ ഹര്‍ബജന്‍ തയ്യാറായതിനേയും ഒപ്പം ഈ വിഷയം ഒട്ടും പ്രാധാന്യമുള്ളതല്ലെന്നും ഒരു കുടുംബത്തിലെ ചേട്ടനും അനിയനും തമ്മിലുണ്ടായ ചെറിയൊരു സംഭവം മാത്രമാണെന്നും പത്രപ്രവര്‍ത്തകരോട് എടുത്തു പറയാന്‍ തയാറായ ശ്രീശാന്തിനേയും പ്രത്യേകം അഭിനന്ദിക്കണം. ഹര്‍ബജന്‍ തല്ലുകയായിരുന്നില്ലെന്നും തോറ്റ വിഷമത്തില്‍ വെറുതേ കൈ വീശി തിരിച്ചു പോകുമ്പോള്‍ ചെറുതായി മുഖത്തു കൊണ്ടതേയുള്ളൂവെന്നും ശ്രീശാന്ത് ടീവിയില്‍ എടുത്ത് പറയുന്നുണ്ടായിരുന്നു.]

എങ്കിലും ശ്രീശാന്തും ഹര്‍ബജനും കുറേക്കൂടി ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഈ ചൂടന്‍ സ്വഭാവം ഒന്നു നിയന്ത്രിക്കുവാന്‍.

എന്തൊക്കെ ആയാലും ശ്രീശാന്തിന് അടി കിട്ടിയതു നന്നായി എന്ന രീതിയില്‍ നമ്മള്‍ മലയാളികള്‍ തന്നെ പ്രതികരിയ്ക്കുന്നതിനെ പിന്തുണയ്ക്കാനാവില്ല. (ഹര്‍ബജനെ ഒരു പരിധി വിട്ട് കുറ്റം പറയുന്നില്ലെങ്കിലും. കാരണം ഹര്‍ബജന്റെ അല്ലെങ്കില്‍ മറ്റൊരു രാജ്യത്തെ കളിക്കാരന്റെ കയ്യില്‍ നിന്നും അടി കൊള്ളാനുള്ള/ചീത്ത കേള്‍ക്കാനുള്ള സാധ്യത ശ്രീശാന്തിനു കൂടുതലായിരുന്നു.) ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കി ശ്രീശാന്ത് സ്വന്തം സ്വഭാവം നിയന്ത്രിയ്ക്കും എന്നു തന്നെ കരുതാം. കുറേക്കൂടി പക്വതയോടെ ഗ്രൌണ്ടില്‍ പെരുമാറുമെന്നും.

കണ്ണൂസ്‌ said...

കേരള സ്റ്റേറ്റ് ടീമില്‍ പോലും കളിക്കാന്‍ യോഗ്യതയില്ലാത്ത ശ്രീശാന്ത്, ദേശീയ ടീമില്‍ വന്നതു തന്നെ ലോബിയിംഗ് കാരണമാണ്‌. ഇപ്പോള്‍ കളീക്കുന്നവരില്‍, ലോകത്തിലെ ഏറ്റവും മോശം റെക്കോഡുള്ള ഏകദിന ബൗളര്‍ എന്ന നിലയില്‍ ആയിട്ടുണ്ട് അദ്ദേഹം. ഐ.പി.എല്ലില്‍ നാട്ടുകാര്‍ മുഴുവന്‍ എടുത്തിട്ടു പെരുമാറുകയും ചെയ്യുന്നുണ്ട്.

അതുകൊണ്ട് ദയവ് ചെയ്ത് ലോബിയിംഗിന്റെ കാര്യമൊന്നും പറയരുത്. ശ്രീശാന്തിന്‌ പിന്തുണ കിട്ടാതിരുന്ന ആദ്യ പ്രതികരണങ്ങള്‍ 'സ്വയം കൃതാനര്‍ത്ഥം' എന്നേ പറയേണ്ടൂ. ഹാര്‍ഡ് ലക്ക് എന്ന് പറഞപ്പോഴാണ്‌ അടിച്ചത് എന്ന് മലയാളം പത്രങ്ങളാണ്‌ പറഞ്ഞത്. കളി മുഴുവന്‍ അയാള്‍ ബോംബെ താരങ്ങളെ ചൊറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു എന്ന് അം‌പയര്‍ തന്നെ പറയുന്നു.

ഈ ലിങ്ക് നോക്കൂ സമയമുണ്ടെങ്കില്‍


http://content-gulf.cricinfo.com/ipl/content/current/story/347945.html.

http://kaaryavichaaram.blogspot.com/2008/04/blog-post_29.html

യാരിദ്‌|~|Yarid said...

എന്തു പറയാന്‍. സ്വയം കൃതാനാര്‍ഥം തന്നെ!!

ഗുപ്തന്‍ said...

കണ്ണൂസേട്ടന്റെ കമന്റിനോട് ചേര്‍ത്ത്. ശ്രീശാന്തിന്റ്റ്റെ എക്സ്ട്രാകരിക്കുലര്‍ എഫിഷ്യന്‍സി അറിയാവുന്ന ഹര്‍ഭജന്‍ കളിക്കുമുന്നേ അയാളോട് അപേക്ഷിച്ചിരുന്നു, കളിക്കിടെ മുംബൈ താരങ്ങളെ പ്രകോപിപ്പിക്കരുത് എന്ന്. എന്നിട്ടും കളിയില്‍ ഉടനീളം അയാള്‍ മോശമായി പെരുമാറി എന്ന്ഹിന്ദുസ്ഥാന്‍ റ്റൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റ്റൂര്‍ണമെന്റിലെ ഏറ്റവും മോശം ബൌളര്‍മാരില്‍ ഒരാളായ ശ്രീശാന്ത് മറ്റൊരു ബൌളറും കാണിക്കാത്ത അഗ്രസിവിറ്റി ഫീല്‍ഡില്‍ കാണിക്കുന്നതെന്തിന്? എട്ടു ഫ്രാഞ്ചൈസില്‍ മിനിമം 40 ബൌളര്‍മാരെങ്കിലും കളിക്കുന്നുണ്ട് റ്റൂര്‍ണമെന്റില്‍. അവരോടാരോടും കാണികള്‍ക്ക് തോന്നാത്തവെറുപ്പ് ഇയാളോട് തോന്നുന്നത് എന്തുകൊണ്ടാണ്? മൊഹാലിയില്‍ കളിക്കുമ്പോള്‍ തന്നെ കാണികള്‍ ഇയാളുടെ പ്രകടനം കണ്ട്ട് ശ്രീശാന്ത് ഹായ് ഹായ് എന്ന് വിളിക്കുന്നത് റ്റി. വി. യില്‍ കേട്ടിരൂന്നു. (മലയാളികള്‍ അത് ഹായ് ഹായ് ശ്രീശാന്ത് ! എന്ന് മനസ്സിലാക്കിയിട്ടുണ്ടാവും. ഹിന്ദിക്കാരന് അത് ശ്രീശാന്ത് ഷെയിം ഷെയിം എന്നാണ്.)

കുഞ്ഞിക്ക said...

ശ്രീശാന്ത് വിതച്ചത് കൊയ്തെടുത്തു, അല്ലതെന്ത്. കഴിവും പ്രതിഭാവിലാസവുമൊക്കെയുള്ളവര്‍ വേറെയുമില്ലേ ഇന്ത്യന്‍ ടീമിലും ലോക ക്രിക്കറ്റിലുമെല്ലാം. അവരാരെങ്കിലും ഇത്തരം പോക്കിരിത്തരങ്ങള്‍ കാട്ടികൂട്ടിയിട്ടുണ്ടോ. അയാളുടെ ചെയ്തികളെ നിസ്സാരവല്‍ക്കരിക്കാന്‍ പെടാപാട് പെടുന്നതിന്‌ മുമ്പ് നിഷ്പക്ഷമായി വിലയിരുത്താന്‍ മുതിരുന്നത് നന്നായിരിക്കും അന്ച്ചല്‍ക്കാരാ. ലോക് ക്രിക്കറ്റിലെ തന്നെ ഇതിഹാസമായ സ്ച്ചിനെന്ന മഹാ പ്രതിഭയോട് പോലും കൊമ്പ് കോര്‍ക്കാന്‍ ശ്രമിച്ചില്ലേ ഈ പീറച്ചെറുക്കന്‍.

കാവലാന്‍ said...

നാട്ടുമ്പൊറത്തെ മുക്കൂട്ടയ്ക്കല് ഒര് ചെക്കണ്ടാര്‍ന്നു.
ചെക്കനൊരു സൊഭാവംണ്ട്.ഒന്ന് പറഞ്ഞാ രണ്ടാമത്തേന് ഉടുതുണി പൊക്കിക്കാണിക്കും.
ചെക്കനല്ലേ,കുട്ട്യല്ലേ ന്നൊക്കെ കര്തി നാട്ട്വാരങ്ങ് ക്ഷമിച്ചു.
മണീം കില്ക്കി പീലീം ഉഴിഞ്ഞ് ഒരു പൂശാലി വെര്വേണ്ടായി ഒരിക്കെല്.
കുട്ട്യേ......കോവില് ന്റവടയ്ക്ക് ഇവടന്ന് എത്രത്തോളംണ്ട്...
ദ്യേ.......ഇത്രത്തോളം. ന്നു പറയലും തുണി പൊക്കലും ഒപ്പം കഴിഞ്ഞു.
ങ്കട് വെര്വാ....ദ് വെച്ചോളൂ ട്ടോ.. ന്ന് പറഞ്ഞ് പൂശാലി ഒരൊറ്റനാണയം അവന്റെ കയ്യില്‍ വെച്ചു കൊട്ത്തു.
പിന്ന്യേയ്,കുട്ട്യേ അങ്ങാടീലൊക്കെ പോയിട്ട് ഇങ്ങനെകാണിച്ചാ നല്ല കാശാട്ടോ ന്നൊരു വാക്കും പറഞ്ഞു.
ചെക്കന്‍ അങ്ങാടിക്കു നേരെ വെച്ചു പിടിച്ചു.
പിന്നെ ചെക്കനെക്കൊണ്ട് നാട്ട്വാര്ക്ക് വല്യ ശല്യം ണ്ടായില്യ.

Radheyan said...

ശ്രീശാന്ത് നല്ല ബോളര്‍ ആണോ?-ആണ് എന്ന് പറയാന്‍ പറ്റില്ല.ഇശാന്ത് ശര്‍മ്മ എന്ന 19കാരന്റെ നാലിലൊന്നു വരില്ല ശ്രീശാന്ത്.നല്ല ആക്ഷന്‍ ആണ് ശ്രീശാന്തിന്റേത്.ക്രിക്കറ്റ് മറന്നു തുടങ്ങിയ സൈഡ് ആം കാര്‍ട്ട്‌വീല്‍ ആക്ഷന്‍.പിന്നെ ചില അവസരങ്ങളില്‍ നല്ല റിസ്റ്റ് പൊസിഷനും അതു മൂലം കിട്ടുന്ന നല്ല ഔട്ട്‌സ്വിംഗും.പക്ഷെ അതിവേഗക്കാരന്നല്ലാത്തതു കൊണ്ട് ഡ്രൈവിംഗ് ലെങ്തില്‍ നിന്നും 2-3 ചാണ്‍ ഇറക്കി ഓഫ് സ്റ്റമ്പില്‍ എറിഞ്ഞ് കൊണ്ടിരുന്നില്ല എങ്കില്‍ കീറ് കട്ടായം.അതാണ് കളിക്കളത്തില്‍ കിട്ടി കൊണ്ടിരിക്കുന്ന അടി.ഇത്തരം ബൌളറുമാര്‍ പ്രകോപിതരാകാതിരിക്കുകയാണ് അവര്‍ക്ക് നല്ലത്.അടി കിട്ടിയാല്‍ പോലും ഓട്ടോ സജഷനിലൂടെ സമ്മര്‍ദ്ദം ഒഴിവാക്കുകയാണ് നല്ലത്.മഗ്രാത്ത് ആണ് നല്ല ഉദാഹരണം.മറ്റൊന്നിലും ശ്രദ്ധിക്കാതെ ലെങ്തിലും ലൈനിലും മാത്രമാണ് മഗ്രായുടെ ശ്രദ്ധ.

ബോളര്‍ അഗ്രസീവ് ആകേണ്ടത് ബോളിംഗില്‍ ആണ്.അക്രം,ഹാഡ്ലി,മാര്‍ഷല്‍,ആംബ്രോസ്,വാല്‍‌ഷ്,ഗാര്‍നര്‍,ഗ്രിഫിത്ത്, മുരളി,മഗ്രാ ഇവര്‍ ആരെങ്കിലും തെറി പറഞ്ഞോ തുണി പൊക്കി കാട്ടിയോ കണ്ണുരുട്ടിയോ അഗ്രസീവ് ആയതല്ല.ഇവര്‍ക്കുള്ളതിന്റെ നാലിലൊന്ന് അഗ്രഷന്‍ ശ്രീശാന്ത് കാട്ടിയാല്‍ അന്നു ഞാന്‍ കളിയുമായി ഉള്ള ബന്ധം ഉപേക്ഷിക്കും.

ശ്രീശാന്തിനെ വഷളാക്കിയതില്‍ മാധ്യമങ്ങള്‍ക്ക് നല്ല പങ്കുണ്ട്.ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് എന്തെന്ന് അറിയാത്ത മലയാളത്തിലെ ഊച്ചാളികള്‍ക്ക് പ്രത്യേകിച്ചും.(ഇവര്‍ ആര്‍.മോഹന്റെ റിപ്പോര്‍ട്ടുകള്‍ വായിക്കുകയോ സര്‍ ജോണ്‍സന്റെ കമന്ററി കേള്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നു).ഇതാ ഒരു ആവേശ കോമരം ഇവനാണ് ഈന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി എന്നൊക്കെ ആണ് എഴുതി പൊലിപ്പിച്ചത്.കളിക്കളത്തില്‍ കാട്ടികൂട്ടിയ വിക്രിയകളെ വിവരക്കേട് എന്ന് പറയുന്നതിനു പകരം ആദ്ധുനിക യുവതയുടെ ആക്രമനോത്സുകത എന്നൊക്കെ വാഴ്ത്താനായിരുന്നു ശ്രമം.ഈ പരട്ട സ്വഭാവം ഇവന് എങ്ങനെ കിട്ടി എന്ന് തന്തയോടും തള്ളയോടൂം ചോദിക്കുന്നതിനു പകരം മകനെ എന്തൂകൊടുത്താണ് ഇത്ര വീര്യമുള്ളവനാക്കിയതെന്നായിരുന്നു അടുക്കളമാധ്യമങ്ങളുടെ ചോദ്യം.അത് കേട്ട് അവര്‍ വിജ്രംഭിതരായി.അവരെ കുറ്റം പറഞ്ഞു കൂടാ.ആരായാലും കുട ഏത് പാതിരായ്ക്കും പിട്ടിച്ച് പോകും.

ഹര്‍ബജന്‍ ഈ അലവലാതിതരത്തിനു ശ്രീശാന്തിന്റെ ചേട്ടന്‍ തന്നെയാണ്.സര്‍ദാര്‍ജിയുടെ ബുദ്ധിയും(വംശീയമായോ)പിന്നെ കവല ചട്ടമ്പികളുടെ ഭാഷയും.ആ സൈമന്‍സ് ഒന്ന് തീര്‍ത്ത് കൊടുത്താല്‍ പോയി തീട്ടം തിന്നും, എന്നാല്‍ എന്താ വീറ്,മങ്കി എന്നല്ല (തേരീ) മാംകീ എന്നാണ് വിളിച്ചതെന്ന പറയുന്നവന്‍ ഏത് അമ്മക്ക് പിറന്നവനാണ്.ഇവനൊക്കെ ആണ് ഈ രാജ്യത്തിന്റെ സ്പോര്‍ട്ട്സ് അമ്പാസിഡറെങ്കില്‍ നല്ല പ്രതിച്ഛായ ആയിരിക്കും.

മലയാളി എന്ന നിലയ്ക്ക് ശ്രീശാന്ത് ഈ പാട്ടൊന്ന് കേള്‍ക്കുന്നത് നന്നായിരിക്കും.
താണനിലത്തേ നീരോടൂ.....

തല പൊക്കി നില്‍ക്കുന്നത് പതിരായിരിക്കും,തലകുനിച്ച് നില്‍ക്കുന്നതേ നിറകതിരാവൂ.അത് കേരളത്തിലെ നെല്ലായാലും പഞ്ചാബിലെ ഗോതമ്പായാലും.അല്ലെങ്കില്‍ സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തെകുറിച്ച് ഒന്ന് പഠിച്ചു നോക്കൂ

അനില്‍ശ്രീ... said...

അഞ്ചല്‍ക്കാരനോട് മുഴുവനായും വിയോജിക്കുന്നു. 1985 മുതല്‍ 1997വരെ നടന്ന ഇന്ത്യയുടെ കളികള്‍ (TV-യില്‍ വന്നത്) തൊണ്ണൂറ് ശതമാനവും ഉറക്കമിളച്ച് കാണുകയും പലയിടത്തും ക്രികറ്റ് കളിയുമായി നടന്നവനുമാണ് ഞാന്‍. (ഇപ്പോഴും കളിയുള്ള ദിവസങ്ങളില്‍ ആദ്യം ഓണ്‍ ചെയ്യുന്നത് cricinfo ആണു). അന്നും അഗ്രസീവ് പ്ലേയേഴ്സ് ഉണ്ടായിരുന്നു. അവര്‍ എല്ലാവരും മറ്റുള്ളവരെ ചീത്ത പറഞ്ഞും അവരുടെ മുമ്പില്‍ ചന്തി കുലുക്കി ഡാന്‍സ് ചെയ്തുമല്ലായിരുന്നു അഗ്രഷന്‍ കാണിച്ചിരുന്നത്. അവരുടെ അഗ്രഷന്‍ ബോളുകളിലേക്കായിരുന്നു ആവാഹിച്ചിരുന്നത്. ശ്രീശാന്തിനും ഉണ്ട് ആ അഗ്രഷന്‍. ഒരിക്കല്‍ മാത്രം കാണിച്ച നെല്ലിനെ സിക്സര്‍ പറത്താന്‍ കാണിച്ച ആ അഗ്രഷന്‍. ഒരു കളീക്കാരന്റെ വാശി അങ്ങനെ വേണം കാണിക്കാന്‍.

ഒരു മലയാളി എന്നതില്‍ എന്നും അഭിമാനിക്കുനവനാണ് ഞാന്‍. എന്നിട്ടും ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍
എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കാരണം അത്രക്ക് ഉണ്ട് ശ്രീശാന്തിന്റെ അഗ്രഷന്‍. ഞങ്ങളൂടെ ഓഫീസിലും ഉണ്ട് ഉത്തരേന്ത്യന്‍ ലോബി. അവരും പറയുന്നു, ശ്രീശാന്തിന് ഇത് കിട്ടേണ്ടതാണ് എന്നു. പക്ഷേ ഹര്‍ഭജന്‍ അത് കൊടുക്കാന്‍ ഒട്ടും യോഗ്യനല്ല എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു. അത് ന്യായം.

കമന്റ് നീണ്ടു പോയതിനാല്‍ ബാക്കി എന്റെ ബ്ലോഗില്‍ പോസ്റ്റ് ആയി ഇട്ടിട്ടുണ്ട് .

അനില്‍ശ്രീ... said...

തല്ലി തീര്‍ക്കേണ്ടതാണോ ജെന്റില്‍മാന്‍ ഗെയിമിലെ തര്‍ക്കങ്ങള്‍?
തീര്‍ച്ചയായും അല്ല,, ഇങ്ങനെ ഒരു തരത്തില്‍ തരം താണതിന് രണ്ടു പേരെയും ശിക്ഷിക്കണമായിരുന്നു. അക്തറിന് പാകിസ്ഥാന്‍ കൊടുത്തത് പോലെ ഉള്ള ശിക്ഷ. ലോകത്തിലെ മുഴുവന്‍ ക്രിക്കറ്റ് പ്രേമികളുടെ മുമ്പില്‍ ആണ് ഇവര്‍ (രണ്ട് പേരും ഇന്ത്യയുടെ നാഷണല്‍ ടീമില്‍ അംഗമാണെന്നുള്ളത് കണക്കാക്കണം) ഈ "പന്നത്തരം" കാണിച്ചത് എന്നോര്‍ക്കണം. അല്ലാതെ ഒരു ആഭ്യന്തര മല്‍സരത്തിനിടയില്‍ അല്ല. ഇന്ത്യന്‍ സ്പോര്‍റ്റ്സ് രംഗത്തിന് പോലും അപമാനമായി എന്നാണ് എനിക്ക് തോന്നുന്നത്. ഒരു അഞ്ച് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തി, BCCI മറ്റുള്ള കളിക്കാര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കണം.

പരാതികള്‍... ആസ്‌ട്രേലിയക്കാര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയപ്പോള്‍ ഇന്ത്യാക്കാരെ രക്ഷിക്കാന്‍ BCCI രംഗത്തെത്തി. കാരണം അന്താരാഷ്ട്ര സ്പോര്‍റ്റ്സ് രംഗത്ത് നമ്മുടെ മാനം രക്ഷിക്കേണ്ടത് നമ്മുടെ കൂടെ കാര്യമായിരുന്നു. പക്ഷേ അതിനു ശേഷം നടന്ന പരമ്പരയില്‍ നിന്ന് ശിക്ഷാ നടപടി എന്ന നിലയില്‍ ഇവരെ മാറ്റി നിര്ത്താമായിരുന്നു. അങ്ങനെയുള്ള നിലപാട് എടുക്കാത്തതാണ് ഇത്തരം താന്തോന്നികളെ വളര്‍ത്തുന്നത്.

ഇതിന്റെയെല്ലാം ഉത്തരവാദിത്വം അത് ഇവരെ ഒക്കെ ടീമില്‍ നിലനിര്‍ത്തുന്ന ക്രിക്കറ്റ് ബോര്‍ഡിന് തന്നെയാണ്. പക്ഷേ ഇപ്പോള്‍ അടിക്കും എന്ന് കരുതി പിടിച്ചു മാറ്റാന്‍ ചെല്ലാന്‍ ബോര്‍ഡിനാവില്ലല്ലോ. നമ്മുടെ സീനിയര്‍ കളിക്കാരൊന്നും ഇത്ര ചിരുങ്ങിയ കാലയളവിനുള്ളില്‍ ഇത്ര (കു)പ്രശസ്തി നേടിയിട്ടില്ല എന്നോര്‍ക്കണം. അവരൊന്നും തല്ലാന്‍ മാത്രം തരം താണിട്ടുമില്ല.

ഇനി അടുത്ത പരമ്പരയില്‍ ശ്രീശാന്ത് എന്ന കളിക്കാരന്‍ ടീമില്‍ കാണുമോ എന്ന് കണ്ടറിയണം. അഥവാ ഇല്ലെങ്കില്‍ അത് ഉത്തരേന്ത്യന്‍ ലോബിയുടെ കളിയാണ് എന്ന് പറയാനും ഇവിടെ ധാരാളം ആളുകളും പത്രങ്ങളും കാണും. പക്ഷേ ഒന്നു മനസ്സിലാക്കണം, ഇന്നത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ 12 അംഗ ടീമില്‍ വരാന്‍ ശ്രീശാന്ത് അര്‍ഹനല്ല. തന്റേതായ ദിവസങ്ങളില്‍ മാത്രമേ ശ്രീക്ക് തിളങ്ങാന്‍ കഴിയുന്നുള്ളു. അതിനാല്‍ കളിയില്‍ ശ്രദ്ധിച്ചാല്‍ ശ്രീശാന്തിന് ടീമില്‍ നില നില്‍ക്കാം. ഇത് ഒരു മലയാളിക്ക് തന്നേക്കാള്‍ പ്രശസ്തരായ മലയാളിയോടുള്ള അസൂയ എന്ന് വിലയിരുത്തിയിട്ട് കാര്യമില്ല.

കുറ്റ്യാടിക്കാരന്‍ said...

അഞ്ചല്‍‌സ്,

ഇത്രയും പേര്‍ മുകളില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല. ശ്രീശാന്തിന് കിട്ടേണ്ടത് തന്നെയാണ് കിട്ടിയിരിക്കുന്നത്.

പക്ഷേ ശ്രീ പറഞ്ഞ കാര്യത്തില്‍ ഒരു ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. പക്വതക്കുറവിന് പ്രായത്തിന്റെ ആനുകൂല്യം എങ്ങിനെ നല്‍കാന്‍ കഴിയും ശ്രീശാന്തിന്? ഇന്നത്തേക്ക് 25 വയസും 85 ദിവസവുമാണ് നമ്മുടെ ഗോപുമോന്റെ പ്രായം (റെഫ്: ക്രിക്കിന്‍ഫോ). ഈ പ്രായത്തില്‍ മര്യാദയോടെ (പക്വതയും മര്യാദയും തമ്മില്‍ വ്യത്യാസമുണ്ട്) പെരുമാറാന്‍ കഴിയാത്തവനെ നന്നാക്കാന്‍ ഇനി ഏത് ദുര്‍ഗുണപരിഹാരപാഠശാലയാണ് നമുക്കുള്ളത്?

അഞ്ചല്‍ക്കാരന്‍ said...

ശ്രീ,
കണ്ണൂസ്,
യാരിദ്,
ഗുപ്തന്‍,
കുഞ്ഞിക്ക,
കാവാലന്‍,
രാധേയന്‍,
അനില്‍ ശ്രീ,
കുറ്റ്യാടിക്കാരന്‍,
നന്ദി. ബ്ലോഗിലേക്ക് വന്നതിനും അഭിപ്രായം അറിയിച്ചതിനും.

ചുരുക്കത്തില്‍:

“ഗോപു മോന് കിട്ടേണ്ടന്നുന്നത് കിട്ടേണ്ടിടത്ത് കിട്ടേണ്ട സമയത്ത് കിട്ടേണ്ടുന്ന രീതിയില്‍ കിട്ടേണ്ടിടത്ത് നിന്നും തന്നെയാണ് കിട്ടിയത് അല്ലേ?....അപ്പം കിട്ടേണ്ടിടത്ത് കിട്ടേണ്ട സമയത്ത് കിട്ടേണ്ടുന്ന രീതിയില്‍ കിട്ടേണ്ടിടത്ത് നിന്നും കിട്ടിയപ്പോള്‍ ഗോപുമാന്‍ ആരായീ....”

അങ്ങിനെ നിങ്ങളെന്നെയും കമ്മ്യൂണിസ്റ്റാക്കി!