Friday, April 25, 2008

അങ്ങിനെയെല്ലാരും പിച്ചക്കാരായീ‍‌....

ഒരു സമൂഹത്തിനെ എങ്ങിനെ തുല്യതയിലെത്തിക്കാം?

രണ്ടു വഴികളാണതിനുള്ളത്.

ഒന്ന്: ഇല്ലാത്തവനേയും ഉള്ളവനാക്കാനുള്ള ശ്രമം. അവന് വേണ്ടുന്ന അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുത്ത് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. പതുക്കെ ഇല്ലാത്തവനും ഉള്ളവനായി മാറും. നിലനില്പിനായുള്ള സമരത്തില്‍ അവന് ജീവിത വിജയം നേടാന്‍ ഒരു കൈത്താങ്ങ് മതിയാകും. ഇല്ലാത്തവന്‍ ഇല്ലാതാവുകയും എല്ലാവരും ഉള്ളവരാവുകയും ചെയ്യും. അങ്ങിനെ എല്ലാവരും ഉള്ളവരായി മാറുന്ന തുല്യതയിലെത്താം.

രണ്ട്: എല്ലാവരേയും പിച്ചക്കാരാക്കുക. ഉള്ളവനെ പെറ്റി ബൂര്‍ഷ്വായായി മുദ്ര കുത്തി അവന്റെ സ്ഥാവര ജംഗമം പിടിച്ചെടുത്ത് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തി പിച്ച ചട്ടിയെടുത്ത് കൈയില്‍ കൊടുക്കാം. എന്നിട്ട് പറായാം “ഞാന്‍ തെണ്ടിയാണ്..ഇപ്പം നീയും തെണ്ടിയായി...നമ്മുക്കൊന്നിച്ച് തെണ്ടാം...” അങ്ങിനെ ഉള്ളവനും ഇല്ലാത്തവനായി മാറി എല്ലാവരും പിച്ചക്കാരാണ് എന്ന തുല്യതയിലെത്താം.

ഇതില്‍ ആദ്യം പറഞ്ഞത് നടപ്പിലാകാന്‍ ഇത്തിരി ബുദ്ധിമുട്ടാ. അത്തരത്തില്‍ എല്ലാവരും ഉള്ളവരാകാന്‍ ആദ്യം ലക്ഷ്യബോധമുള്ള ഭരണകൂടങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള രാഷ്ട്രീയവും വേണം. എല്ലാവരേയും ഉയര്‍ത്തി കൊണ്ട് വന്ന് സമൂഹത്തിനെയാ‍കെ ഉന്നതിയിലേക്കെത്തിക്കാന്‍ കഴിയുന്ന ദീര്‍ഘവീക്ഷണമുള്ള നേതാക്കന്മാര്‍ വേണം. ദാരിദ്ര്യം മണ്ണില്‍ നിന്നും മാറ്റിയെടുക്കാന്‍ ഇഛാശക്തിയുള്ള ഉദ്യോഗസ്ഥ വ്യന്ദം ഉണ്ടായി വരണം. അതൊന്നും നമ്മുക്ക് പ്രതീക്ഷിക്കുക വയ്യ.

രണ്ടാമത്തെ ലക്ഷ്യം നേടാനാണെളുപ്പം. എല്ലാവരേയും പിച്ചക്കാരാക്കുക. അത് നമ്മള്‍ സ്വയം നേടിയെടുത്തിരിക്കുന്നു. ഇത്തിരി കഞ്ഞിക്കായി മുഖ്യമന്ത്രി മുതല്‍ പ്രതിപക്ഷ നേതാവ് വരെ പിച്ചചട്ടിയുമായി നിരങ്ങി മോങ്ങി നീങ്ങുന്ന കാഴ്ച എത്ര സുന്ദര‍മാണ്. എല്ലാവരും തുല്യരായിരിക്കുന്നു. എല്ലാവരും പിച്ചക്കാരായിക്കുന്നു. തെണ്ടികള്‍.....


കൃഷിമന്ത്രി പറഞ്ഞതാണ് ശരി. നട്ടു നനച്ച് വളര്‍ത്തി കൊയ്ത് തിന്നാന്‍ നമ്മുക്ക് കഴിയണം. നടാത്തവന്, നനക്കാത്തവന്, വളര്‍ത്താത്തവന്, കൊയ്യാത്തവന് തിന്നാനും അര്‍ഹതയില്ല. ഇപ്പോഴാ ഓര്‍ത്തത്: നട്ടാലും നനച്ചാലും വളര്‍ത്തിയാലും കൊയ്യാന്‍ വയ്യെങ്കില്‍ പിന്നെന്നാ ചെയ്യും? അപ്പം ഇതു തന്നാ നല്ലത്. വിതയ്ക്കണ്ട, നനക്കണ്ട, വളര്‍ത്തണ്ട, കൊയ്യണ്ട...ചുമ്മാ ചട്ടിയെടുക്കുക...പിന്നെയങ്ങ് തെണ്ടുക:

ഹമ്മേ...വല്ലതും തരണേ...

---------------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് :
1. വാസ്തവം ടീമിന്റെ പവാര്‍ പറഞ്ഞതാണ് ശരി.
2. ജനശ്ശക്തി ന്യൂസിന്റെ കേരളത്തെ പട്ടിണിക്കിടരുത്.

20 comments:

അഞ്ചല്‍ക്കാരന്‍ said...

അമ്മേ...വല്ലതും തരണേ...

രിയാസ് അഹമദ് said...

വളരെ വികലമായ ഒരു നിരീക്ഷണമാണല്ലോ അന്ചല്ക്കാരാ ഇത്. ലോകത്തെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും അതിന്റെ ഫലങ്ങളില്‍ പലതില്‍ ഒന്നായ ഭക്‌ഷ്യ പ്രതിസന്ധിയെക്കുറിച്ചും ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ധാരണയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അന്ചല്‍ക്കാരന്‍ ഇതു പറയില്ലായിരുന്നു.

യാരിദ്‌|~|Yarid said...

“ഇല്ലാത്തവനേയും ഉള്ളവനാക്കാനുള്ള ശ്രമം. അവന് വേണ്ടുന്ന അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുത്ത് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. പതുക്കെ ഇല്ലാത്തവനും ഉള്ളവനായി മാറും.“--

ഉള്ളവനു എങ്ങനെയെങ്കിലുംം മറ്റുള്ളവരെ ചൂഷണം ചെയ്ത് വീണ്ടും വീണ്ടും ഉണ്ടാക്കാനുള്ള ശ്രമം. ഇല്ലാത്തവനു എങ്ങനെയെങ്കിലും അന്നന്നിടം കഴിഞ്ഞു പോകാനുള്ള തത്രപ്പാട്.

സപ്പോസ് അഞ്ചല്‍ക്കാരന്റെ കയ്യില്‍ എന്തെങ്കിലും ഉണ്ടെന്നിരിക്കട്ടെ. അതില്‍ കുറച്ചു ഇല്ലാത്തവനു കൊടുക്കാമെന്ന് ഇതുവരെ തോന്നിയിട്ടുണ്ടൊ? ( എന്റെ കയ്യില്‍ ഒന്നുമില്ലയെന്നു തിരിച്ചു പറയരുത്. നമ്മുടെ ആവശ്വത്തില്‍ കൂടുതല്‍ നമ്മുടെ കയ്യിലുണ്ട്) അപ്പൊള്‍ അതു കൊടുക്കാനുള്ള മനോഭാവം ഇല്ലാത്തതാണ്‍ പ്രശ്നം. പകരം കൂടുതല്‍ ഉണ്ടാക്കാനുള്ള നെട്ടോട്ടം!!!!

പിന്നെ
“ഇത്തിരി കഞ്ഞിക്കായി മുഖ്യമന്ത്രി മുതല്‍ പ്രതിപക്ഷ നേതാവ് വരെ പിച്ചചട്ടിയുമായി നിരങ്ങി മോങ്ങി നീങ്ങുന്ന കാഴ്ച എത്ര സുന്ദര‍മാണ്. എല്ലാവരും തുല്യരായിരിക്കുന്നു. എല്ലാവരും പിച്ചക്കാരായിക്കുന്നു. തെണ്ടികള്‍.....“-- ഹാ എന്തൊരു സുന്ദര സുരഭില സ്വപ്നം..

അങ്ങനെ ലോകം മുഴുവന്‍ പിച്ചക്കാരാകട്ടെ.. പിച്ചക്കാരെക്കൊണ്ട് നമ്മുടെ നാട്നിറയട്ടെ.. അല്ലെ?


“കൃഷിമന്ത്രി പറഞ്ഞതാണ് ശരി. നട്ടു നനച്ച് വളര്‍ത്തി കൊയ്ത് തിന്നാന്‍ നമ്മുക്ക് കഴിയണം. നടാത്തവന്, നനക്കാത്തവന്, വളര്‍ത്താത്തവന്, കൊയ്യാത്തവന് തിന്നാനും അര്‍ഹതയില്ല. ഇപ്പോഴാ ഓര്‍ത്തത്: നട്ടാലും നനച്ചാലും വളര്‍ത്തിയാലും കൊയ്യാന്‍ വയ്യെങ്കില്‍ പിന്നെന്നാ ചെയ്യും? അപ്പം ഇതു തന്നാ നല്ലത്. വിതയ്ക്കണ്ട, നനക്കണ്ട, വളര്‍ത്തണ്ട, കൊയ്യണ്ട...ചുമ്മാ ചട്ടിയെടുക്കുക...പിന്നെയങ്ങ് തെണ്ടുക“--

ഈ പറഞ്ഞതു ശരിയാണെങ്കില്‍ അഞ്ചല്‍ക്കാരന്‍ മാഷ് അടക്കമുള്ളവരെല്ലാം ഇതിനു ഉത്തരവാദികളല്ലെ? താങ്കളെത്ര നട്ടു നനക്കുന്നു, എത്ര കൃഷി നടത്തുന്നു. എന്ത്ര കൊയ്തെടുക്കുന്നു എന്നുള്ള ചോദ്യം വരും.. നമ്മളെല്ലാവരും കണക്കു തന്നെ. നമുക്കു റബര്‍ പാലു മതി. ആ പാലു കുടിച്ച് അറുമ്മദിച്ചു നടക്കാം. നാട്ടില്‍ കൃഷിപ്പണി പോയിട്ടു ഒരു ജോലിയും ചെയ്യാത്തവര്‍ അറബി നാട്ടില്‍ പോയി അവന്റെ കക്കൂസ് വരെ കഴുകി പണമുണ്ടാക്കാനെ നോക്കുള്ളു. നാട്ടില്‍ കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തതുകൊണ്ടാണൊ ഇതു ചെയ്യുന്നത്. അല്ല. എല്ലാവര്‍ക്കും മടി.. കൃഷിപ്പണി നാണക്കേടല്ലെ? അതെങ്ങനെ നമ്മളു ചെയ്യും.. അല്ലെ?
അഥവാ കൃഷി ചെയ്യണമെന്നുണ്ടെങ്കില്‍ നമ്മുടെ ദേശീയ വൃക്ഷമായ റബ്ബര്‍ നട്ട് വളര്‍ത്തും..!!! റബ്ബറ് പാലു കുടിച്ചു മദിക്കാമല്ലൊ? എന്നിടു ു നാട്ടിലു അരിയില്ല, തേങ്ങയില്ല, പച്ചക്കറിയില്ലെ എന്നു പറഞ്ഞു വലിയവായില്‍ നിലവിളിക്കണം.. അപ്പോള്‍ എല്ലാം ശുഭം.....

ഇനി എന്റെ പേരു മാറ്റി തെണ്ടല്‍ക്കാരന്‍ എന്നാക്കിയാലൊ എന്നൊരു ചിന്ത....:)

പോട്ടെ മാഷെ..:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഞാന്‍ തെണ്ടിയാണ്..ഇപ്പം നീയും തെണ്ടിയായി...നമ്മുക്കൊന്നിച്ച് തെണ്ടാം...” അങ്ങിനെ ഉള്ളവനും ഇല്ലാത്തവനായി മാറി എല്ലാവരും പിച്ചക്കാരാണ് എന്ന തുല്യതയിലെത്താം.

നല്ല പോസ്ത അഞ്ചല്‍ മാഷെ

ശിവ said...

നന്നായി...കേട്ടോ...

Anonymous said...

no keyman
But my comment is there in your profile
വടികൊടുത്ത് അടി ഇരന്ന് വാങ്ങുന്നവന്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വളരെ മോശമായൊരു ലേഖനം

കുതിരവട്ടന്‍ :: kuthiravattan said...

"നട്ടാലും നനച്ചാലും വളര്‍ത്തിയാലും കൊയ്യാന്‍ വയ്യെങ്കില്‍ പിന്നെന്നാ ചെയ്യും?"

ഈ പറഞ്ഞത് കറക്റ്റ് അഞ്ചല്‍ക്കാരാ. കൊയ്യാന്‍ വയ്യാത്തതാണോ സമ്മതിക്കാത്തതാണോ എന്നതുമാത്രമാണു സംശയം :-)

ഹരിത് said...

ആകാശത്തിലെ പറവകള്‍.... വിതയ്ക്കുന്നില്ലാ‍ാ‍ാ‍ാ‍ാ‍ാ..... കൊയ്യുന്നില്ലാ‍ാ‍ാ‍ാ..

അഞ്ചല്‍ക്കാരന്‍ said...

രിയാസ് അഹമദ്,
ഇതെന്റെ നിരീക്ഷണമാണ് ചങ്ങാതീ. വികലമല്ലാത്തതൊന്നും ഇന്നേവരെ ഈ ബ്ലോഗില്‍ ഉണ്ടായിട്ടില്ലെന്നറിഞ്ഞാലും.

ആഗോള ഭക്ഷ്യ പ്രതിസന്ധിയും കേരളത്തിന്റെ അരി പ്രശ്നവും രണ്ടും രണ്ട് തന്നെയാണ്. നമ്മുടെ പ്രശ്നം കാര്‍ഷിക വൃത്തിയെ താഴ്തിക്കെട്ടിയതാണ്. കാര്‍ഷിക മേഖലയിലെ യൂണിയന്‍ വല്‍ക്കരണമാണ്. കാര്‍ഷിക മേഖലയിലെ വികലമായ രാഷ്ട്രീയ മുതലെടുപ്പുകളാണ്. ആഗോള ഭക്ഷ്യ പ്രതിസന്ധിയോടൊപ്പം നമ്മുടെ നാട്ടിലെ അരി പ്രശ്നത്തെ ചേര്‍ത്ത് കെട്ടുന്നത് ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുക്കാന്‍ കഴിയാത്ത തെറ്റുകള്‍ ഉള്‍കൊണ്ട് പരിഹാരം കാണാന്‍ കഴിയാത്ത കഴിവ് കെട്ട രാഷ്ട്രീയ പേക്കോലങ്ങളുടെ നാടകമാണ്. ആ നാട്യത്തെ അതേ പടി വെള്ളം തൊടാതെ വിഴുങ്ങുന്നതാണ് ഞാനും താങ്കളും ഒക്കെ ഉള്‍പ്പെട്ട കേരള സമൂഹം ചെയ്തു കൊണ്ടിരിക്കുന്ന ഏറ്റവും ക്രൂരമായ തെറ്റ്.


ഭക്ഷ്യ പ്രതി സന്ധി ആഗോള പ്രതിസന്ധി തന്നെ. തര്‍ക്കമേതുമില്ല. പക്ഷേ ഈ ആഗോള ഭക്ഷ്യ പ്രതിസന്ധിയൊന്നും വേണ്ട നമ്മുടെ കഞ്ഞികുടി മുട്ടാന്‍. ആന്ത്രയിലോ പഞ്ചാബിലോ തമിഴ് നാട്ടിലോ കാലം തെറ്റി മഴയൊന്നു പെയ്താല്‍ മതി നമ്മുടെ ഭക്ഷ്യം പ്രതി സന്ധിയിലാകാന്‍. അതുകൊണ്ടാണ് ഞാന്‍ എന്റെ വികലമായ ഈ നിരീക്ഷണത്തില്‍ എത്തിച്ചേര്‍ന്നത്.

“വിതയ്കണ്ട, കൊയ്യണ്ട.. പിന്നെയോ -ചട്ടിയെടുക്കൂ നമ്മുക്ക് പിച്ചയെടുക്കാം.”


വന്നതിനും അഭിപ്രായം തുറന്ന് പറഞ്ഞതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

യാരിദ്,
ഉള്ളവന്റെ ചട്ടിയില്‍ നിന്നും ഇല്ലാത്തവന് വിളമ്പുക എന്നതല്ല ഇല്ലാത്തവനേയും ഉള്ളവരോടു തുല്യാരാകാന്‍ അവരെ സഹായിക്കുകയാണ് എല്ലാരേം തുല്യരാക്കാ‍നുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. അതിന് സമൂഹവവും ഭരണകൂടവും രാഷ്ട്രീയവും ഇത്തിരി ബുദ്ധിമുട്ടണം.

പക്ഷേ ഉള്ളവനേയും ഇല്ലാത്തവനാക്കാന്‍ അത്രയൊന്നും പാടില്ല. അതാണ് ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്നതും. ഉള്ളവനെ എങ്ങിനെ ഇല്ലാത്തവനാക്കി മാറ്റാം എന്നതാണ് ഭരണകൂടത്തിന്റേയും രാഷ്ടീയത്തിന്റേയും ലക്ഷ്യം.

താങ്കള്‍ പറഞ്ഞത് ശരിയാണ്. ഞാനും കൂടി ഉള്‍പ്പെട്ട സമൂഹം തന്നെയാണ് നമ്മുടെ നാട്ടിലെ ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം. പക്ഷേ പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്നത് ഒരു പ്രവാസിയും സ്വന്ത ഇഷ്ടപ്രകാരമല്ല. ഏതൊരു പ്രവാസിയുടേയും നോവാണ് നാട്ടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍. നാട്ടില്‍ പണിയെടുക്കാതെ ഇവിടെ പണിയെടുക്കുന്നു എന്ന പരിദേവനം പൊതുവേ ഗള്‍ഫ് മലയാളികളോട് കേരളത്തിന്റെ പൊതു സമൂ‍ഹം എക്കാലത്തും കാട്ടിപ്പോന്ന തികച്ചും വികലമായ ചിന്താഗതികളില്‍ ഒന്നാണ്. തൊഴില്‍ - അതെവിടെയാണെങ്കിലും - ചെയ്യാന്‍ കഴിയുന്നവന്‍ ചെയ്യും. സ്വന്തം നാട്ടില്‍ അതില്ലങ്കില്‍ കിട്ടുന്നടത്ത് പോയി ചെയ്യും. തൊഴിലിന്റെ മഹത്വം മനസ്സിലാക്കത്തവന്‍ കൊടിയും പിടിച്ച് നടക്കും. അതിനി തൊഴില്‍ ലഭിച്ചാലും അത് ചെയ്യാതെ കൊടിപിടിച്ച് നടക്കാന്‍ തന്നെയായിരിക്കും അവര്‍ക്ക് താല്പര്യം.

വന്നതിനും വിശദമായ അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

അനൂപ് എസ്. നായര്‍,
വന്നതിനും കണ്ടതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ശിവാ,
നന്നായിട്ടൊന്നുമില്ല ചങ്ങാതീ. വെറുതേ വികലമായ ചില ചിന്തകള്‍...

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

അനോനി ചേട്ടാ,
പ്രൊഫൈലില്‍ ബാക്കിയുള്ളതും കൂടി ചേര്‍ന്നാലേ ശരിക്കും ഞാനാകുള്ളൂ:

“ജയം കാംക്ഷിച്ച് തോല്‍‌വി സ്വന്തമാക്കുന്നവന്‍. പരാജയം പണംകൊടുത്ത് നേടുന്നവന്‍. അപചയങ്ങളില്‍ അഹങ്കരിക്കുന്നവന്‍”

പിന്നെ,
താങ്കള്‍ പകര്‍ത്തിയ
“വടി കൊടുത്ത് അടി ഇരന്ന് വാങ്ങിയവന്‍”

ഇതിലെ “ഇരന്ന്” എന്ന വാക്കും ഒരിക്കല്‍ ഒരു അനോനി സ്നേഹപൂര്‍വ്വം ദാനമാക്കിയതാണ്.

വന്നതിനും അഭിപ്രാ‍യം അറിയിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

പ്രിയേ,
ശ്ശോ..തെറ്റിദ്ധരിച്ചൂ...തെറ്റിദ്ധരിച്ചൂ.
ഇതൊരു ലേഖനമേയല്ല.
വികലമായ ഒരു കുറിപ്പ്. അത്ര തന്നെ.

വന്നതിനും അഭിപ്രാ‍യം തുറന്ന് പറഞ്ഞതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

കുതിരവട്ടന്‍,
ചെയ്യാത്തതായാലും ചെയ്യിക്കാത്തതായാലും നെല്ല് ചീഞ്ഞു. അത്രയേ ഇതിന്റെയൊക്കെ പിന്നിലുള്ളവരും ലക്ഷ്യം വെച്ചിട്ടുള്ളൂ.

വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

ഹരിത്,
പറവകള്‍ക്കതൊക്കെ പറ്റും ചങ്ങാതീ. അവറ്റകള്‍ വീടു വെക്കുന്നില്ല,
ഗള്‍ഫില്‍ പോകിന്നില്ല,
യൂണിയന്‍ ഉണ്ടാക്കുന്നില്ല,
വഴി തടയുന്നില്ല,
അങ്ങിനെയൊന്നുമേ ചെയ്യുന്നില്ല
അതിന്റെ കൂട്ടത്തില്‍:
വിതക്കുന്നുമില്ല,
കൊയ്യുന്നുമില്ല,
കൂട്ടിവെക്കുന്നുമില്ല.

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

പ്രിയ said...

അരി വേണം എന്ന് പറഞ്ഞു ഇരക്കുന്നത് കാണുബോഴല്ല നാണക്കേട് തോന്നുന്നത്. ഒരു മാസം മുന്നേ നമ്മള് തിന്നേണ്ട അരിയെ വെള്ളത്തില് കളഞ്ഞിട്ടു അത് മറന്നു ഇമ്മാതിരി അഭ്യാസം കാണിക്കുംബോഴാ. ഈ വേഷം കെട്ടല് അന്ന് ഇവിടെ ഉള്ള ശരത് പവാറിനേക്കാള് വല്യവന്മാരോട് കാണിച്ചിരുനേല്...

തുല്യരായി, അല്ല തുല്യരാക്കി

ഗുരുജി said...

നന്നായി ലേഖനം. താഴെക്കൊടുത്ത പോസ്റ്റുകള്‍ വായിച്ചുകഴിഞ്ഞിട്ടു മറു കമന്റ് എഴുതുന്നതാണ്‌. ഞാന്‍ യോജിക്കുന്നു. കഞ്ഞിവെക്കാനില്ലാത്തവന്റെ വീട്ടില്‍ അരിയും കപ്പയും മറ്റും കൊണ്ടുക്കൊടുത്തിരുന്ന ചില കമ്യൂണിസ്റ്റ് നേതാക്കള്‍ കേരളത്തിലുണ്ടായിരുന്നു. സഖാവ്‌ കൃഷ്ണപിള്ള. കിടന്നുറങ്ങാന്‍ പായില്ലാത്തവന്‌ പുല്‍പ്പായ തലയില്‍വെച്ചു കൊണ്ടുക്കൊടുത്തിട്ടുണ്ട്‌ അദ്ദേഹം. അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്ന ഒരു അങ്കിള്‍ പറഞ്ഞ കഥയാണ്!. കഥയല്ല, സത്യം. ഇന്നു പിച്ചച്ചട്ടി കൈയ്യില്‍ തരുന്നവരെവിടെ? അദ്ദേഹമെവിടെ?
നല്ല ലേഖനം.

അപ്പു said...

അഞ്ചല്‍ക്കാരന്റെ വീക്ഷണങ്ങളോടു യോജിക്കുന്നു. ആഗോളഭക്ഷപ്രതിസന്ധിയും കേരളത്തിന്റെ ഇപ്പോഴത്തെ ഭക്ഷ്യ പ്രതിസന്ധിയും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചും, നെല്‍കൃഷി പൂര്‍ണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു എന്നു തന്നെ പറയാം. എന്റെ വീട്ടിലും കുറേയേറെ വയലുകള്‍ ഉണ്ടായിരുന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ നെല്‍കൃഷിയും ഉണ്ടായിരുന്നു. പക്ഷേ ആ തലമുറയിലെ പണിക്കാരൊക്കെയും പ്രായമായിക്കഴിഞ്ഞപ്പോള്‍ പാടത്തെ പണികള്‍ചെയ്യാന്‍ ആള്‍ക്കാരെകിട്ടാതായി. അതോടെ ഒരു ഗ്രാമം മുഴുവനും പതിയെ നെല്‍കൃഷി ഉപേക്ഷിച്ചു. യാരിദ് നിരീക്ഷിക്കുന്നതുപോലെ കേരളത്തില്‍ റബ്ബര്‍ കൃഷി വന്നതുകൊണ്ടല്ല നെല്‍കൃഷി ഇല്ലാതെയായത്. കൃഷിയെ പാടെ ഉപേക്ഷിച്ചതുതന്നെയാണ് കേരളത്തില്‍ ഇന്നത്തെ ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം.