Saturday, April 26, 2008

ദുബായി വിമാനതാവളത്തില്‍ സംഭവിച്ചതെന്തെന്നാല്‍‌...

നാട്ടിലേക്കുള്ള യാത്ര. ബീടരേയും കൊണ്ട് തിരിച്ച് പറക്കണം. മൂന്ന് വര്‍ഷത്തെ പ്രവാസ സേവനത്തിനൊടുവില്‍ കിട്ടിയ ഫാമിലി വിസ ഹാന്‍ഡ് ബാഗിനുള്ളില്‍. മനം നിറയെ മലയാള മണ്ണിന്റെ പച്ചിപ്പ്. തിരിച്ച് പറക്കുമ്പോള്‍ കൂടെ ബീടരും കുട്ടികളും ഉണ്ടാകുമല്ലോ എന്ന സന്തോഷത്തിനും മീതെ ആയിരത്തി ഒരുനൂറ് ദിവസങ്ങള്‍ക്ക് ശേഷം നാടുകാണാന്‍ പോകുന്ന സുഖം വേറേ. ആഹ്ലാദത്തിന് വഹ പിന്നെന്തു വേണ്ടൂ.

ഷാര്‍ജ്ജാവില്‍ നിന്നും ദുബായിലേക്കുള്ള സ്മൂത്ത് ട്രാഫിക്കിന്റെ ഫലമായി പതിനാറ് കിലോമീറ്റര്‍ കേവലം ഒന്നരമണിക്കൂറ് കൊണ്ട് താണ്ടി കൌണ്ടര്‍ ക്ലോസ് ചെയ്യുന്നതിനും നിമിഷങ്ങള്‍ക്ക് മുമ്പ് ചെക്കിന്‍ ചെയ്ത് ബോഡിങ്ങ് പാസ്സുമായി ഡ്യൂട്ടീ ഫ്രീയിലേക്ക്. ഫേഷായി തന്നെ ഡ്യൂട്ടീഫ്രീ ബാഗിലാക്കി. ബില്ലടക്കാന്‍ കൌണ്ടറില്‍ ചെന്ന് പണത്തിന് വേണ്ടി ബാഗ് തപ്പിയ എന്റെ സര്‍വ്വ ആര്‍മ്മാദവും അര നിമിഷം കൊണ്ട് ആവിയായി.

ബാഗ് കാണുന്നില്ല. ചേപ്പില്‍ എന്റെ പാസ്പോര്‍ട്ടും ബോര്‍ഡിങ്ങ് പാസ്സും മാത്രം. എടുത്ത സാധനങ്ങളൊക്കെ കൌണ്ടറില്‍ തന്നെ തള്ളി കയ്യിലെ ബ്രീഫ്‌കേസ്സ് അപ്പടി തപ്പി. സ്യൂട്ട് കേസ്സില്‍ അടുക്കി വെച്ച സാധനങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് നിലത്ത് ചിതറി വീണു. ആകപ്പാടെ പരവേശം. ബാഗിനുള്ളില്‍ ബീടരുടേയും രണ്ടു മക്കളുടേയും വിസ, മാസന്തോറും ഉറ്റാലു വെച്ച് പിടിച്ച ചില്ലറ കൊണ്ട് വാങ്ങിയ ഇത്തിരി പൊന്ന്, നാട്ടില്‍ ചെന്ന് ആര്‍മ്മാദിക്കാനുള്ള ഡിമാന്റ് ഡ്രാഫ്റ്റ്, തിരോന്തരം വിമാനത്താവളത്തില്‍ നിന്നും കരിഞ്ചന്തയില്‍ മാറാനിത്തിരി ഡോളര്‍ എന്നുവേണ്ട നാട്ടിലേക്ക് പോകണമെങ്കില്‍ ഉണ്ടാകേണ്ടെതെല്ലാം ആ ബാഗില്‍.

നിമിഷങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നു. എന്തു ചെയ്യേണ്ടു എന്നൊരു ബോധവുമില്ല. ഒന്നും ചെയ്യാന്‍ കഴിയാത്തത്ര മരവിപ്പ്. ഖത്തര്‍ എയര്‍വേയ്സിന്റെ ഫ്ലൈറ്റിലേക്കുള്ള ഫൈനല്‍ കാള്‍ വിളിയും കഴിഞ്ഞിട്ടുണ്ടാകും. ഫ്ലൈറ്റിന്റെ ഗ്രൌണ്ട് സ്റ്റാഫിലൊരാള്‍ വന്ന് തോളത്ത് തട്ടുമ്പോഴാണ് മരവിപ്പില്‍ നിന്നും ഉണര്‍ന്നത്. ചെക്കിന്‍ ചെയ്യുമ്പോള്‍ കൌണ്ടറില്‍ നിന്നും നെഞ്ചത്ത് ഒട്ടിച്ചു തരുന്ന ഫ്ലൈറ്റിന്റെ ലോഗോ തപ്പിയാണ് ആ മാഡം എന്നിലെത്തിച്ചേര്‍ന്നത്. വാരി വലിച്ചിട്ടിരിക്കുന്ന സ്യൂട്ട് കേസിലെ സാധനങ്ങളും എന്റെ പരവേശവും എല്ലാം കൂടി അവര്‍ക്ക് എന്തോ പന്തി കേട് മനസ്സിലായി. വിറയിലിന്റെ അകമ്പടിയോടെ കാര്യം പറഞ്ഞു. സര്‍വ്വതും നഷ്ടപ്പെട്ട ഭാവമായിരുന്നു എനിക്ക്.

കൂടുതല്‍ ഒന്നും പറയാതെ അവര്‍ സാധനങ്ങള്‍ വാരി സ്യൂട്ട്കേസില്‍ നിറച്ചു. പിന്നെ കൂടെ ചെല്ലാന്‍ പറഞ്ഞു. തിരിച്ച് എമിഗ്രേഷന്‍ കൌണ്ടറിലേക്ക് തന്നെ. ഒരു റുമില്‍ എന്നെ ഇരുത്തി അവര്‍ പോയി. ഇത്തിരി കഴിഞ്ഞ് വീണ്ടും വന്ന ആ സ്ത്രീ ഒരു വാക്കി ടാക്കി കയ്യില്‍ തന്നു. അങ്ങേതലക്കല്‍ അറബിയില്‍ കുഴഞ്ഞ ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍....

“നിന്റെ ബാഗിന്റെ നിറം...”
ആദ്യ ചോദ്യം.
“കറുപ്പ്” ഞാന്‍.
“ബാഗില്‍ ഉള്ള സാധനങ്ങള്‍..”
“മൂന്ന് വിസ,മൂന്ന് ടിക്കറ്റ്,ഇത്തിരി പൊന്ന്,കുറച്ച് ഡോളര്‍,പിന്നെ ഡിമാന്റ് ഡ്രാഫ്റ്റ്..” വിറയാര്‍ന്ന സ്വരത്തില്‍ മറുപടി. പരാതി കൊടുക്കാനായിരിക്കും എന്ന എന്റെ ധാരണ തിരുത്തികൊണ്ട് അങ്ങേതലക്കല്‍ വീണ്ടും -
“കാത്തിരിക്കൂ...” ഫോണ്‍ കട്ടായി.
ആ സ്ത്രീ അപ്പോഴും എന്നോടൊപ്പം തന്നെ. നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ ബാഗുമായി ഒരു പോലീസുകാരനെത്തി. കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ പോലീസ് കാരന് നന്ദി പറഞ്ഞ് ഫ്ലൈറ്റിലേക്ക് പോകുമ്പോള്‍ ആ സ്തീ പറഞ്ഞാണറിഞ്ഞത് എനിക്കായി ഫ്ലൈറ്റ് അപ്പോള്‍ ഏകദേശം ഇരുപത് മിനിറ്റോളം സമയം തെറ്റി കാത്ത് കിടക്കുകയായിരുന്നു എന്ന്.

സ്ഥലകാല ബോധം നഷ്ടപ്പെട്ട ആ നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലെത്തുമ്പോള്‍ വേദനയല്ല മനസ്സില്‍ തെളിയുന്നത്. കളഞ്ഞ് പോയ മുതല്‍ കൃത്യമായി തിരിച്ച് തരാന്‍ ദുബായി പോലീസ് കാട്ടിയ ഉത്തരവാദിത്തവും അവസാന മുക്കാല്‍ മണിക്കൂര്‍ എനിക്ക് സാന്ത്വനമായി എന്നോട് ചേര്‍ന്ന് നിന്ന ആ ഖത്തര്‍ എയര്‍വേയ്സ് ജീവനക്കാരിയുടെ സ്നേഹവുമാണ്.

ഇങ്ങിനേയും ഒരു നാട്...

----------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് : തിരോന്തരം വിമാനതാവളത്തില്‍ സംഭവിച്ചതെന്തെന്നാല്‍...

14 comments:

അഞ്ചല്‍ക്കാരന്‍ said...

...സാന്ത്വനമായി അവസാന മുക്കാല്‍ മണിക്കൂര്‍ എന്നോട് ചേര്‍ന്ന് നിന്ന ആ മാഡവും ദുബായി പോലീസിന്റെ സ്നേഹവും...
ജീവിതത്തിലേ ഏറ്റവും സന്തോഷം നിറഞ്ഞ ചില നിമിഷങ്ങള്‍...

അനില്‍ശ്രീ... said...

ദുബായില്‍ നടന്നത് മനുഷ്യത്വ പരമായ സമീപനം ..

തിരുവനന്തപുരത്ത് നടന്നത് സര്‍ക്കാരിനെ വെട്ടിച്ച് നടന്ന ഒരു മനുഷ്യനെ നാട്ടുകാരും ഉദ്യോഗസ്ഥരും പറ്റിച്ച കഥ.

അഞ്ചല്‍ക്കാരന്‍ said...

അനില്‍ശ്രീ,
അസ്സല്‍ കമന്റ്. രണ്ട് പോസ്റ്റുകള്‍ക്കും കൂടി രണ്ടു വരിയില്‍ ഒത്തിരി അര്‍ത്ഥതലങ്ങളുള്ള ഈ ഉശ്ശിരന്‍ പിന്മൊഴിക്ക് അഭിനന്ദനങ്ങള്‍...

വന്നതിനും രണ്ട് പോസ്റ്റുകളും വായിച്ചതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

“തിരുവനന്തപുരത്ത് നടന്നത് സര്‍ക്കാരിനെ വെട്ടിച്ച് നടന്ന ഒരു മനുഷ്യനെ നാട്ടുകാരും ഉദ്യോഗസ്ഥരും പറ്റിച്ച കഥ.”

ഈ കമന്റ് വായിച്ചിട്ട് അറിയാതെ ചിരിച്ചു പോയി അനില്‍ശ്രീ. ആ കമന്റിലെ നേരിനെ അംഗീകരിക്കുന്നു.

evuraan said...

അങ്ങിനെ ഒരു നാടു്. മനോഹരമനോജ്ഞം പ്രവാസം..!

എന്നാല്‍, നമ്മുടെ നാട്ടില്‍ നമ്മള്‍ കരിഞ്ചന്ത നടത്തുന്നു.

തിരോന്തരം വിമാനത്താവളത്തില്‍ നിന്നും കരിഞ്ചന്തയില്‍ മാറാനിത്തിരി ഡോളര്‍ എന്നുവേണ്ട നാട്ടിലേക്ക് പോകണമെങ്കില്‍ ഉണ്ടാകേണ്ടെതെല്ലാം ആ ബാഗില്‍.

എന്നിട്ട്, കരിഞ്ചന്തയുടെ ആഘാതങ്ങളും നമ്മുടെ നാട്ടില്‍, നാം തന്നെ സഹിക്കുന്നു.

വാട്ട് ഗോസ് എറൗണ്ട്, കംസ് എറൗണ്ട്. ദാറ്റ് സിമ്പിള്‍.

യാരിദ്‌|~|Yarid said...

:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഞാന്‍ ദുബായില്‍ വന്നിറങ്ങിയ ദിവസം എന്റെ ബാഗ് കിട്ടാതെ കുറെ ബുദ്ധിമുട്ടി

പാമരന്‍ said...

:)

ബയാന്‍ said...

അഞ്ചല്‍കാരാ‍ ... ബാഗ് നഷ്ടപെട്ട് നേരം തലയില്‍ നിന്നു ഫൂ ഫൂ എന്ന ശബ്ദത്തില്‍ നക്ഷത്രം പോയിരുന്നോ; കൂട്ടുകാരാ, ഇതെന്നും ഓര്‍മ്മ വേണം.

ശ്രീവല്ലഭന്‍. said...

ഹൊ, ആ സമയം....തിരിച്ചു കിട്ടിയല്ലോ എല്ലാം!

മറ്റൊരാള്‍\GG said...

പ്രീയ അഞ്ചല്‍ക്കാരാ, നല്ല ഒരു അനുഭവക്കുറിപ്പ്. അപ്പോഴത്തെ താങ്കളുടെ അവസ്ഥ എനിയ്ക്ക് നന്നായ് അറിയാം. കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുതന്നെ എനിയ്ക്കും സംഭവിച്ചിരുന്നു.

ഇമിഗ്രേഷന്‍ സ്ഥലത്തായിരുന്നു പ്രശ്നം.അവര്‍ കമ്പ്യൂട്ടറില്‍ എത്ര തപ്പിയിട്ടും എന്റെ പേരിനെന്തോ കുഴപ്പം. പുറത്തുള്ള സീറ്റ് കാണിച്ച് അവിടെ ഇരിക്കാന്‍ പറഞ്ഞു. സമയം കുറെയായി. യാത്രക്കാരെല്ലാം കടന്നുപോയി. ആകെക്കുടി ഒരു ഭയം ഉള്ളില്‍ കടന്നുകൂടി. താങ്കള്‍ വിവരിച്ചതുപോലെ ഒരാള്‍ വാക്കിടോക്കിയില്‍കൂടി എന്തൊക്കെയോ വിളിച്ച് പറഞ്ഞ് മുന്നില്‍കൂടി നടക്കുന്നുണ്ട്. ഒടുവില്‍ അദ്ദേഹം എന്നെ കൂട്ടികൊണ്ടുപോയി. അവസാന സുരക്ഷാപരിശോധന വളരെ പെട്ടന്ന് ആയിരുന്നു. ഊരിയ വാച്ചും ബെല്‍റ്റും ഇടാനുള്ള സമയംകൂടി തന്നില്ല. ‍കാരണം അവര്‍ പറയുന്നുണ്ടായിരുന്നു: “യാഹീ, Everything Onboard.. Everything Onboard.. No time... Flgiht Delayed."
അങ്ങനെ കയ്യില്‍ വാച്ചും, ബെല്‍റ്റും, സുരക്ഷാ‍ ഉദ്യോഗസ്ഥന്റെ അകമ്പടിയുമായി (ബാഗ് അങ്ങേരുടെ കയ്യില്‍ ആയിരുന്നു)ഞാന്‍ വിമാനത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍, അതിനുള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ സര്‍വ്വശ്രദ്ധയും എന്റെ മേല്‍ ആയിരുന്നു.

ഇത് ദമാം വിമാനത്താവളത്തില്‍, കുവൈറ്റ് എയര്‍വേയ്സിലുള്ള യാത്രയ്ക്ക് മുന്‍പ് സംഭവിച്ചത്.
ഒരു സാദായാത്രക്കാരന്റെ യാത്ര ഉറപ്പ് വരുത്താന്‍ അവര്‍ അവസാനനിമിഷംവരെയും എടുത്ത നടപടി വളരെ ശ്ലാഘനീയമാണ്.

മറ്റൊരാള്‍\GG said...

"മാസന്തോറും ഉറ്റാലു വെച്ച് പിടിച്ച ചില്ലറ കൊണ്ട് വാങ്ങിയ ഇത്തിരി പൊന്ന്, നാട്ടില്‍ ചെന്ന് ആര്‍മ്മാദിക്കാനുള്ള ഡിമാന്റ് ഡ്രാഫ്റ്റ്, തിരോന്തരം വിമാനത്താവളത്തില്‍ നിന്നും കരിഞ്ചന്തയില്‍ മാറാനിത്തിരി ഡോളര്‍ എന്നുവേണ്ട നാട്ടിലേക്ക് പോകണമെങ്കില്‍ ഉണ്ടാകേണ്ടെതെല്ലാം ആ ബാഗില്‍."

എത്രസത്യം..!!

സാറെ... ഇതുംകൂടി ഒന്ന് എടുത്ത് പറഞ്ഞില്ലെങ്കില്‍ ശരിയാകത്തില്ല..

നന്ദി.

അപ്പു said...

അഞ്ചല്‍ക്കാരാ, ഇത്രയധികം വിഷമിക്കാതെ ആദ്യമേ ബാഗ് നഷ്ടപ്പെട്ട വിവരം അധികാരപ്പെട്ടവരെ അറിയിക്കാമായിരുന്നില്ലെ? ദുബായി എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനമികവ് നമ്മള്‍ എപ്പോഴും കാണുന്നതല്ലെ. എനിക്കു തോന്നുന്നു ഇത്രയധികം ക്യാമറ സംവിധാനങ്ങളുള്ള ഈ എയര്‍പോര്‍ട്ടില്‍ താങ്കള്‍ ഉള്ളില്‍ കടന്നപ്പോള്‍ മുതല്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്തെത്തുന്നതുവരെയുള്ള ഒരോ നീക്കങ്ങളും വീഡിയോ റിക്കോര്‍ഡിംഗില്‍ കൂടി നൊക്കിക്കൊണ്ട് താങ്കള്‍ ബാഗ് മറന്നുവച്ചത് എവിടെയാവും എന്ന് വളരെ ഈസിയായി കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കും എന്നാണ്.

അനിലിന്റെ രണ്ടാമത്തെ കമന്റ് കലക്കി.

അത്ക്കന്‍ said...

ഇനിയെന്തൊക്കെ കാണാനും കേള്‍ക്കാനും ഇരിയ്ക്കുന്നു നാം.

വളരെ നല്ല വിവരണം.