Wednesday, June 18, 2008

ചാവിന്നു ബന്ധുത്വമേറുമല്ലോ....

“ചാവിന്നു ബന്ധുത്വമേറുമല്ലൊ-
ചാവാതിരിക്കുമ്പോഴെന്തുമാട്ടെ.”
കോറിയിട്ടത് കടമനിട്ട. പക്ഷേ അറം പറ്റിയത് കവിയോടൊപ്പം യാത്രയായ ചങ്ങാതിക്കും.

മനുഷ്യനെ മരണം മഹത്വവല്‍ക്കരിക്കുമെന്ന കടമനിട്ടയുടെ ദര്‍ശനം അദ്ദേഹത്തിന്റെ സമകാലീനനും ചങ്ങാതിയും തന്നോടൊപ്പം തന്നെ വിടവാങ്ങിയ നാടാകാചാര്യനുമായ ശ്രീ. കെ.ടി. മുഹമ്മദിനാണ് അറം പറ്റിയത്. സിനിമാ സീരിയല്‍ നടി സീനത്ത് തന്റെ മുന്‍ ഭര്‍ത്താവിനെ അനുസ്മരിച്ചു കൊണ്ട് ഭാഷാപോഷിണിയില്‍ എഴുതിയിട്ടിരിക്കുന്ന അനുഗ്രഹം എന്ന അനുസ്മരണ കുറിപ്പ് കടമനിട്ടയുടെ വരികള്‍ക്ക് നേര്‍കാഴ്ചയാണ്.

കെ.ടി. മുഹമ്മദിന്റെ ഇഷ്ടമാണ് സീനത്തിനെ അദ്ദേഹത്തിന്റെ ഭാര്യ പദവിയില്‍ എത്തിച്ചത്. ആദ്യം അദ്ദേഹത്തിന്റെ ഇഷ്ടത്തെ ഇഷ്ടപ്പെടാന്‍ സീനത്തിന് കഴിഞ്ഞില്ലാ എങ്കിലും തന്റെ ഇഷ്ടക്കേട് കലിംഗയില്‍ നിന്നും തനിക്ക് പുറത്തേക്കുള്ള വഴിയൊരുക്കെമെന്ന തിരിച്ചറിവ് കലിംഗയില്‍ നിന്നും പുറത്തായാലും കെ.ടിയുടെ ജീവിതത്തില്‍ നിന്നും തന്നെ ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ല എന്ന തീരുമാനത്തില്‍ സീനത്തിനെ കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു. ഒരു നാടകക്കാരന്‍ എന്നതിനപ്പുറം കേരളാ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന പദവിയിലേക്കെത്തിയതോടെ കെ.ടി.യുടെ ഇഷ്ടം സീനത്ത് അങ്ങ് വകവെച്ചുകൊടുത്തു എന്നതായിരിക്കും കൂടുതല്‍ ശരി. കെ.ടിയെ ചെയര്‍മാനാക്കിയ സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞതോടെ ഔദ്യോതിഗിക വസതി വിട്ട കെ.ടി. സീനത്തിനോടൊപ്പം കോഴിക്കോട്ടേക്ക് താമസം മാറ്റി. കൂട്ടു കുടുംബമായി ജീവിച്ചു പോകാന്‍ താല്പര്യം കാട്ടിയ കെ.ടിയുടെ ജീവിത വീക്ഷണത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ സീനത്തിന് കഴിഞ്ഞില്ല. ഒറ്റയ്ക്ക് മാറി താമസിക്കണം എന്ന സീനത്തിന്റെ ആവശ്യം തിരിച്ചറിവില്ലാത്ത ഒരു കുട്ടിയുടെ പിടിവാശി മാത്രമായി കണ്ട കെ.ടിക്ക് അതോടെ നഷ്ടപ്പെട്ടത് ജീവിത സഖിയെ തന്നെയായിരുന്നു.

പിരിയാനുള്ള കാരണമായി സീനത്ത് വളരെ ലളിതമായി അനുസ്മരണകുറിപ്പില്‍ പറയുന്നത് ഞങ്ങളുടെ ജീവിത വീക്ഷണങ്ങള്‍ വ്യത്യസ്ഥമായിരുന്നു എന്നാണ്. വ്യത്യസ്ഥമായ ജീവിത വീക്ഷണമുള്ളവര്‍ ഒന്നിച്ച് കഴിയാതിരിക്കുകയാണ് നല്ലത്. പക്ഷേ സീനത്ത് കെ.ടിയില്‍ നിന്നും വിട്ടകന്ന ദിനം എല്ലാം തകര്‍ന്നൊരു പച്ചമനുഷ്യനായി കുതിര്‍ന്ന കണ്ണുകളോടെ അപമാനിതനായി നമ്മുടെ മുന്നില്‍ നിന്ന കെ.ടി. ഇന്നും കണ്മുന്നില്‍ നിന്നും മാഞ്ഞിട്ടില്ല. വ്യവസ്ഥാപിതമായ രീതിയില്‍ വൈവാഹിക ബന്ധം വിടര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മതപരമായും നിയമപരമായും നിലവിലുള്ളപ്പോള്‍ ഭര്‍ത്താവിന് ഭാര്യയെ കാണ്മാനില്ല എന്ന പരാതിയുമായി മുന്നോട്ട് വരേണ്ട നീചമായ നിമിഷങ്ങള്‍ ഉണ്ടാക്കുകയും കെ.ടിയുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചെയ്തു കൊണ്ട് വിഴുപ്പലക്കുകയും ചെയ്ത ഒരാള്‍ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹം തനിക്കെല്ലാമായിരുന്നു എന്ന പുറം പൂച്ചുമായി മാദ്ധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നത് സമകാലികന്‍ പറഞ്ഞ് വെച്ച വരികളെ അന്വര്‍ത്ഥ്വമാക്കുകയാണ് ചെയ്യുന്നത്.

ഭര്‍ത്താവ് പദവിയില്‍ നിന്നും പടിയടച്ചെങ്കിലും കെ.ടി. തനിക്കെന്നും ഗുരുസ്ഥാനത്തായിരുന്നു, വേഷം കെട്ടാനായി കണ്ണാടിക്ക് മുന്നില്‍ ഇരിക്കുമ്പോള്‍ കെ.ടി.തലയില്‍ തൊട്ടനുഗ്രഹിക്കുന്നത് ഇന്നും തനിക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ആദ്യമായി ഗള്‍ഫില്‍ പരിപാടിക്ക് പോയപ്പോള്‍ താന്‍ കെ.ടിയുടെ അനുഗ്രഹം തേടിയിട്ടുണ്ട്, അനുഗ്രഹത്തോടോപ്പം “നിനക്കും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്..” എന്ന അന്നത്തെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും തന്റെ ചെവികളില്‍ മുഴങ്ങുന്നുണ്ട്, മറ്റൊരു വിവാഹത്തിന് ശേഷം മകനെ കെ.ടിക്ക് വിട്ടു കൊടുത്തത് അദ്ദേഹത്തോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണ്, കെ.ടിയെ കാണാന്‍ ചെല്ലാറില്ലെങ്കിലും എല്ലാ വിവരങ്ങളും തന്റെ മകനോട് ചോദിച്ചറിയുമായിരുന്നു, പെങ്ങളുടെ മരണ ശേഷം അദ്ദേഹത്തിന് സഹായത്തിനായി താന്‍ ഒരു ഹോം നെഴ്സിനെ ഏര്‍പ്പാടാക്കി കൊടുത്തു തുടങ്ങി സീനത്തിന്റെ ഗീര്‍വ്വാണങ്ങള്‍ അവരുടേ കെ.ടി അനുസ്മരണത്തില്‍ അങ്ങിനെ നീളുകയാണ്.

സൌഹൃദങ്ങള്‍ കെ.ടി.ക്ക് എങ്ങിനെയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ അഭിമുഖത്തില്‍ കൂടി പോലും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പക്ഷേ സീനത്തിന്റെ വ്യാഖ്യാനം തികച്ചും വ്യത്യസ്ഥമാണ്. അവസാന കാലത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും കെ.ടിയെ കാണാന്‍ വരാഞ്ഞതിനേ ഓര്‍ത്ത് ഈ മുന്‍ഭാര്യ വേദനിക്കുന്നു. ബാങ്ക് ബാലന്‍സ് കുറഞ്ഞ് വരുന്നതിലും കെ.ടിക്ക് ദുഃഖമുണ്ടായിരുന്നു പോലും. കേരളാ സര്‍ക്കാര്‍ ചികിത്സയ്ക്കായി അനുവദിച്ച ഒരു ലക്ഷം രൂപ കെ.ടിക്ക് വല്യ ആശ്വോസമായിരുന്നു എന്ന് സമാധാനിക്കുന്ന മുന്‍ ഭാര്യ മാദ്ധ്യമങ്ങള്‍ പോലും അദ്ദേഹത്തെ അവസാന നിമിഷങ്ങളില്‍ വേദനിപ്പിച്ചു എന്നിടത്ത് എത്തുന്നു.

കോഴിക്കോട്ടെ ഒരു പ്രാദേശിക ചാനല്‍ അഭിമുഖത്തിനായി കെ.ടിയോട് അനുവാദം ചോദിച്ചെങ്കിലും അവര്‍ ആ പരിപാടി വേണ്ടെന്നു വെച്ചു. അദ്ദേഹത്തിന് ആ സംഭവം വല്യ വിഷമമായി. സങ്കടം സഹിക്ക വയ്യാതെ കെ.ടി. തന്റെ മകനോട് “ഇപ്പോള്‍ നമ്മള്‍ മൂന്ന് പേര്‍ മാത്രം ബാക്കിയായി അല്ലേ മോനേ” എന്ന ചോദിച്ചു. അതാരാണ് ആ മൂന്നാമത്തെ ആള്‍ എന്ന മകന്റെ സംശയത്തിന് നിന്റെ ഉമ്മിച്ചി(ഞാന്‍) എന്ന് കെ.ടി.മറുപടി പറഞ്ഞതിനെ എടുത്ത് പറയുന്നിടത്ത് സീനത്ത് കെ.ടിയെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി കാണുന്ന ഒരാളെ കുറ്റം പറയാന്‍ കഴിയില്ല. സീനത്തിന്റെ കെ.ടി.അനുസ്മരണം അവരുടെ അവകാശം സ്ഥാപിക്കലിനുമപ്പുറം മറ്റൊന്നുമല്ല.

ജീവിച്ചിരുന്നപ്പോള്‍ കെ.ടിക്ക് സീനത്ത് ശിഷ്യയും കാമുകിയും ഭാര്യയും ഒക്കെയായിരുന്നു. ഇണയുടെ സാമീപ്യവും പരിചരണവും സാന്ത്വനവും അനിവാര്യമായിരുന്ന ജീവിത സായഹ്നത്തില്‍ കെടിയോടൊപ്പം ശിഷ്യയോ കാമുകിയോ ഭാര്യയോ ആയി സീനത്ത് ഉണ്ടായിരുന്നില്ല. ഒരു വല്യ മനുഷ്യന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും സുഖലോലുപതയുടെ വര്‍ണ്ണക്കാഴ്ചകളിലേക്ക് പടിയിറങ്ങിയ ഈ സീരിയല്‍ സിനിമാ നടി കെ.ടിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ വാഴ്ത്തിപ്പാടി എഴുതി വിടുന്ന അനുസ്മരണങ്ങള്‍ വായിക്കുന്ന അനുവാചകന്റെ ചുണ്ടുകളില്‍ കടമനിട്ടയുടെ വരികള്‍ അറിയാതെ കടന്നു വരും:

“ചാവിന്നു ബന്ധുത്വമേറുമല്ലൊ-
ചാവാതിരിക്കുമ്പോഴെന്തുമാട്ടെ....”

--------------------
വിവരങ്ങള്‍ക്ക് കടപ്പാട്: ഭാഷാപോഷിണിയില്‍ സീനത്ത് എഴുതിയ അനുഗ്രഹം എന്ന കെ.ടി.അനുസ്മരണക്കുറിപ്പ്.

5 comments:

എതിരന്‍ കതിരവന്‍ said...

പക്ഷെ കെ. ടിയെ കല്യാണം കഴിച്ചില്ലെങ്കില്‍ നാടകട്രൂപ്പില്‍ നിന്നും പുറത്താക്കുമെന്ന ഒരു ഭീഷണി വന്നതായും സീനത്ത് എഴുതിയിട്ടുണ്ടല്ലൊ.
അഞ്ചല്‍ സീനത്തിനെ വിശേഷിപ്പിക്കുമ്പോള്‍ ‘സിനിമ സീരിയല്‍ നടി” എന്ന് എടുത്തെഴുതുന്നതില്‍ ഇച്ചിരെ മുന്‍ വിധി പുളിയ്ക്കുന്നു.

സുന്ദരിയും ചേറുപ്പക്കാരിയും ആയ മുസ്ലീം പെണുകുട്ടിയെത്തന്നെ പ്രേമിച്ച് /നിര്‍ബ്ബന്ധിച്ച് കല്യാണം കഴിയ്ക്കുമ്പോള്‍ വെറെ എന്തൊക്കെ നഷ്ടങ്ങള്‍ അതില്‍ ഒളിച്ചിരിക്കുമെന്ന ദീര്‍ഘവീക്ഷണം ഇല്ലാതെ പോയതല്ലെ കെ. ടിയ്ക്ക് പറ്റിയത്?

Viswaprabha said...

പോസ്റ്റുമോർട്ടം ചെയ്യുന്ന പത്തോളജിസ്റ്റിനു് (ഡോക്റ്റർക്ക്) ശവത്തിനെയേ അറിയൂ, അതിനുള്ളിൽ ജീവിച്ചിരുന്ന ആളെ അയാൾ ഒരിക്കലും അറിയാൻ പോവുന്നില്ല.

മരിഞ്ഞുപോയ ദാമ്പത്യങ്ങളുടെ, അല്ലെങ്കിൽ വേണ്ട, ജീവിതങ്ങളുടെ തന്നെ, ചിത മാന്തി കണക്കെടുത്തുകൂടാ അഞ്ചൽക്കാരാ, ചുവരുകൾ പോലും കേൾക്കാഞ്ഞ സത്യങ്ങൾ അവയ്ക്കുള്ളിൽ അടയിരിക്കുന്നുണ്ടാവാം.

അനൊണി ആഷാന്‍ said...

സിനിമസീരിയല്‍ നടി എന്ന പ്രയോഗത്തെ എടുത്ത് പറയാനായിരുന്നു വന്നത്, അത് എതിരന്‍ പറഞ്ഞുകഴിഞ്ഞു.

കെ.ടിയുടെ ഹൃദയത്തെ കീറിമുറിച്ചു എന്നഞ്ചല്‍ പറയുമ്പോള്‍, ഏതെങ്കിലും തരത്തിലുള്ള മുറിവുകളായിരിക്കാം സീനത്തിനെ ആ ബന്ധം വേര്‍പ്പെടുത്തുന്നതിലേക്കെത്തിച്ചത് എന്ന് ചിന്തിക്കുന്നതില്‍ കുഴപ്പമില്ലെന്ന് തോന്നുന്നു.

മുന്‍ ഭര്‍ത്തവിനെ, സ്വന്തം മകന്‍റെ പിതാവിനെ കുറിച്ചുള്ള സീനത്തിന്‍റെ അഭിപ്രായപ്രകടനങ്ങള്‍ തികച്ചും വ്യക്തിപരമായ കാര്യം എന്ന നിലയില്‍ കാണ്ടാല്‍ പോരെ!

ഗുരുജി said...

ഇവര്‍ ഒളിച്ചോടിയ വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോള്‍, ഇത്ര വലിയ ഒരു മനുഷ്യന്‍ ഇങ്ങനെ അപമാനിതനായല്ലോ എന്നോര്‍ത്ത്‌ വേദനിച്ചിരുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന ചിത്രത്തില്‍ ഇപ്പോള്‍ ഇവരാടുന്ന ഒരു റോള്‍ സീനത്തു തന്നെ അഭിനയിച്ചിരുന്നു....കെ.ടി.യുടെ ഗുഡ്‌വില്‍ സ്വന്തമാക്കാനുള്ള മുതലക്കണ്ണീരാണിതെല്ലാം....വേറെ ആരും അവകാശം പറയാനില്ലല്ലോ അദ്ദേഹത്തിന്‌....അദ്ദേഹത്തെ അനുഭവിച്ചറിഞ്ഞ ഒരു തലമുറ പോലുമില്ലാതായിടത്ത്...എന്തുമാകുമല്ലോ...മാഷേ, ടൈറ്റില്‍ നന്നായിരിക്കുന്നു...

അഞ്ചല്‍ക്കാരന്‍ said...

കെ.ടിയുടേയും സീനത്തിന്റേയും വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കുക ഈ പോസ്റ്റിന്റെ ലക്ഷ്യമല്ല. ജീവിതത്തെ കുറിച്ച് വ്യത്യസ്ഥ വീക്ഷണമുള്ളവര്‍ വേര്‍പിരിയുക തന്നെയാണ് നല്ലതും.

കെ.ടിയെ മരണം കീഴടക്കും മുമ്പ് ആയമ്മ കെ.ടിയെ കുറിച്ച് നല്ലതൊന്നും പറഞ്ഞ് കേട്ടിട്ടില്ല. അനുസ്മരണം എന്ന പേരില്‍ ഭാഷാപോഷിണിയില്‍ സീനത്ത് എഴുതിയിട്ടിരുന്ന അനുഗ്രഹം എന്ന കുറിപ്പ് വായിച്ച് കഴിഞ്ഞിട്ട് അടുത്ത പേജിലേക്ക് പോയപ്പോള്‍ അവിടെ കടമനിട്ടയെ അനുസ്മരിച്ചുകൊണ്ട് എഴുതിയിരിക്കുന്ന ലേഖനത്തിന്റെ തലവാചകം തന്നെ കടമനിട്ടയുടെ പ്രശസ്ഥമായ വരികളും.

സീനത്തിന്റെ ലേഖനവും കടമനിട്ടയുടെ വരികളും ചേര്‍ത്ത് വായിച്ചപ്പോഴുണ്ടായ കൌതുകമാണ് ഈ പോസ്റ്റായി മാറിയത്. അല്ലാതെ സീനത്തിന്റെയും കെ.ടിയുടേയും ജീവിതത്തിലെ താളപ്പിഴകളിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നില്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.

സീനത്ത് അവരുടെ കുറിപ്പില്‍ പറഞ്ഞ വരികളുടെ ഇടയിലൂടെ വായിച്ചാല്‍ രഘുവംശി പറഞ്ഞിടത്ത് എത്താനും കഴിയും.

എതിരവനും, വിശ്വപ്രഭക്കും,അനോനി ആഷാനും, രഘുവംശിക്കും നന്ദി.