Monday, June 23, 2008

മനുഷ്യനും മതവും ദൈവവും പിന്നെ ഭൂമിമലയാളത്തിലെ കുറേ പിശാചുക്കളും.

“മറ്റുള്ളവര്‍ നിനക്ക് ചെയ്ത് തരണമെന്ന് നീ ആഗ്രഹിക്കുന്നത് നീ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുക.” കൊച്ചിയില്‍ വസിച്ചിരുന്നൊരു കാലത്ത് എന്നും രാവിലെ കണികണ്ടുണര്‍ന്നിരുന്ന ഒരു വാചകം. തേവരയിലേക്ക് പോകുന്ന വഴിയിലെ ഒരു പള്ളിയുടെ മതിലില്‍ എഴുതിയിട്ടിരുന്ന ഈ ജീസസ് വാചകം വായിച്ച് തുടങ്ങുന്ന ദിനത്തിന് എന്നും പുതു അര്‍ത്ഥങ്ങള്‍ ഉണ്ടാകുമായിരുന്നു. നാമാഗ്രഹിക്കുന്നത് ആവശ്യമുള്ള മറ്റൊരുവന് വേണ്ടി ത്യജിയ്ക്കാന്‍ കഴിയുന്ന ഹൃദയവിശാ‍ലതയുള്ളവന്‍ തന്നെയാണ് ദൈവദൂതന്‍. പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ ഇടം പിടിച്ചിരുന്ന ഈ മഹത് വചനം ഇന്ന് എസ്.എഫ്.ഐ നേതാവിന്റെ ശബ്ദത്തില്‍ ഏഷ്യാനെറ്റില്‍ വായിച്ച് കേട്ടപ്പോഴാണ് ദൈവത്തെ മലയാളമണ്ണില്‍ നിന്നും ആട്ടിപായിക്കാന്‍ ഹിന്ദുമുസ്ലീംക്രൈസ്തവ പൌരോഹിത്യവും ജാതിരാഷ്ട്രീയക്കാരും തെരുവ് യുദ്ധങ്ങള്‍ നടത്തുന്ന വൈരുദ്ധ്യത്തെ കുറിച്ച് ചിന്തിച്ച് പോയത്.

മതം മലയാളത്തില്‍ നല്ലൊരു കച്ചവട ചരക്കാണ്. കച്ചവടത്തില്‍‍ ആരാണ് മുന്നില്‍ എന്നുള്ള തര്‍ക്കത്തിന് മാത്രമേ പ്രസക്തിയുള്ളു. ഭൂമിമലയാളത്തിലെ പൌരോഹിത്യവും സമുദായ രാഷ്ട്രീയക്കാരും മനുഷ്യനോ മതത്തിനോ ദൈവത്തിനോ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. അവനവന്‍ ട്രസ്റ്റും ആഭിചാരങ്ങള്‍ക്കായുള്ള ആശ്രമവും അനാശാസ്യത്തിന് മറപിടിക്കുന്ന രാഷ്ട്രീയവും അന്ധവിശ്വാസത്തില്‍ കൂട്ടികുഴച്ച് മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റി ശൈത്താന്റെ പിണിയാളുകളാക്കുകയാണ് ഭൂമിമലയാളത്തിലെ സര്‍വ്വമത പുരോഹിതന്മാരും മേലാളന്മാരും സാമുദായിക രാഷ്ട്രീയാചാര്യന്മാരും ചെയ്യുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഭൂമിമലയാളത്തില്‍ മതത്തിന്റെ പേരില്‍ ഉണ്ടായിട്ടുള്ള എല്ലാ സമരങ്ങളും പ്രതിഷേധങ്ങളും, മനുഷ്യനും മതത്തിനും ദൈവത്തിനും എതിരായിരുന്നു എന്നിടത്താ‍ണ് മതത്തിന്റെ നന്മകളെ കുറിച്ച് ചിന്തിക്കുന്ന ദൈവഭയമുള്ള, മനുഷ്യന്റെ ആകുലതകളെ ഹൃത്തിലേറ്റു വാങ്ങുന്ന ഏതൊരുവനും എത്തിച്ചേരുന്നത്.

പാഠപുസ്തകത്തിലെ മതനിഷേധത്തിനെതിരേ ഉറഞ്ഞു തുള്ളുന്നവരെ പ്രകോപിപ്പിക്കാന്‍ തക്കത് വല്ലതും പാഠഭാഗങ്ങളില്‍ ഉണ്ടോ എന്ന് തിരഞ്ഞ് പോകുന്ന ഒരു സാധാരണ മനുഷ്യ ജീവി ചെന്നെത്തുന്നത് പാഠഭാഗങ്ങള്‍ക്കെതിരേ പടവാളും ഇടയലേഖനവും ജിഹാദുമായി ഇറങ്ങിതിരിച്ചിരിക്കുന്ന ഒറ്റയെണ്ണത്തിനും ദൈവികജ്ഞാനമോ മതപാണ്ഡിത്യമോ മനുഷ്യപറ്റോ ഇല്ലാ എന്നിടത്താണ്. ദൈവത്തെ പാഠഭാഗം ഒരിടത്തും നിഷേധിക്കുന്നില്ല. മതം മനുഷ്യ നന്മക്ക് എന്ന സുന്ദര ദര്‍ശനമാണ് മതനിന്ദയെന്ന് പൌരോഹിത്യം ആരോപിക്കുന്ന പാഠഭാഗം പുതുതലമുറയ്ക്ക് നല്‍കുന്നത്.

എല്ലാമതങ്ങളും മനുഷ്യ നന്മമാത്രമേ പ്രചരിപ്പിക്കുന്നുള്ളു. എന്നിട്ടും മതങ്ങള്‍ തമ്മിലും മതങ്ങള്‍ക്കുള്ളിലെ ഭിന്നവിഭാഗങ്ങള്‍ തമ്മിലും എങ്ങിനെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാകുന്നു എന്ന ചോദ്യം കുട്ടികളില്‍ ഉണര്‍ത്തപ്പെടേണ്ടുന്നത് തന്നെയാണ്. ആ ചോദ്യം ലളിതമായി തന്നെ കുരുന്നു മനസ്സുകളില്‍ പാഠഭാഗം ഉണര്‍ത്തുന്നുമുണ്ട്.

ജാതിവ്യവസ്തിതിക്ക് അന്യമാണ് ഇസ്ലാം മതം. എന്നാല്‍ മുസ്ലീം മതവിഭാഗത്തിനുള്ളിലെ രക്തരൂഷിതമായ അക്രമണങ്ങള്‍ക്ക് തുല്യം മറ്റേതെങ്കിലും ജാതിവ്യവസ്തയിലെ ഏതെങ്കിലും അക്രമങ്ങളെ ചൂണ്ടികാണിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. ഷിയാ സുന്നി പോരാട്ടങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ദൈവികവിധിയുണ്ടോ എന്ന് പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുന്നവര്‍ ചിന്തിക്കാറുമില്ല. ജൂതന് പോലും സലാം ചൊല്ലി മാതൃകകാണിച്ച പ്രവാചക തിരുമേനിയുടെ പുതുതലമുറ സ്വസമുദായത്തിലെ ഭിന്നവിഭാഗത്തോടെ പോലും സലാം ചൊല്ലരുത് എന്ന് ഭത്‌വ പുറപ്പെടുവിക്കുന്നത് ഭൂമിമലയാളത്തിലെ ഇന്നിന്റെ കാഴ്ചയാണ്. കേരളത്തില്‍ ഇന്ന് ഇസ്ലാം മതവിശ്വാസി ഉണ്ടോ? ഇല്ല തന്നെ. സുന്നിയും മുജാഹിതും ജമാ‍അത്തും ഒക്കെയായി വേര്‍തിരിഞ്ഞ് പരസ്പരം പള്ളികള്‍ പൊളിക്കുന്നവര്‍ക്ക് ദൈവത്തോട് എന്ത് കൂറാണുള്ളത്? മതത്തോട് എന്ത് മമതയാണ് ഉള്ളത്? മനുഷ്യനോട് എന്ത് മനുഷ്യത്വമാണുള്ളത്?

ക്രൈസ്തവ മതത്തിലെ അവാന്തരവിഭാഗങ്ങള്‍ കേരളീയ സാമൂഹ്യ ജീവിത ക്രമത്തില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന പ്രക്ഷുബ്ദമായ സംഭവങ്ങള്‍ക്ക് നാമേവരും സാക്ഷികളാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ളത്ര ശത്രുതയാണ് ക്രൈസ്തവ മതത്തിലെ ഭിന്ന വിഭാഗങ്ങള്‍ തമ്മില്‍ കേരളത്തില്‍ ഇന്ന് നില നില്‍ക്കുന്നത്. യേശുവിനെ പങ്കിട്ടെടുക്കാന്‍ തമ്മിലടിക്കുന്നവര്‍ക്ക് “മറ്റുള്ളവര്‍ നിനക്ക് ചെയ്ത് തരണമെന്ന് നീ ആഗ്രഹിക്കുന്നത് നീ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുക ” എന്ന ആപ്ത വാക്യത്തെ എങ്ങിനെ പിന്‍‌പറ്റാന്‍ കഴിയും? സ്വസമുദായത്തിനുള്ളിലെ തര്‍ക്കങ്ങള്‍ പോലും ചേരിതിരിഞ്ഞ തെരുവ് യുദ്ധമാക്കി മാറ്റുന്നവര്‍ക്ക് എങ്ങിനെ മാനവികതയുടെ മതമായി മാറാന്‍ കഴിയും? ദൈവത്തെയും ദൈവപുത്രനേയും താന്താങ്ങളുടെ സൌകര്യത്തിനായി താന്താങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ വ്യാഖ്യാനിച്ച് അവനവന്‍ചേരി ഉണ്ടാക്കുന്ന ആധുനിക ലോക ക്രമത്തില്‍ കുട്ടികള്‍ക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള ബോധം ഒരു പാഠപുസ്തകം നല്‍കുന്നു എങ്കില്‍ അതിനെ ശ്ലാഘിക്കുകയാണ് വേണ്ടത്.

“നിനക്ക് അഹിതമായത് എന്തോ അത് അന്യനും അഹിതമാണെന്ന് ധരിക്കണം. നിനക്ക് ഇഷ്ടമാകാത്തത് അന്യനെ ഏല്പിക്കരുത്. ഇതാണ് ധര്‍മ്മത്തിന്റെ സാരം” - മഹാഭാരതം. വിവാദ പാഠഭാഗത്തില്‍ കൊടുത്തിരിക്കുന്ന മഹാഭാരതത്തിലെ രണ്ടു വരികള്‍. ഇത് ഏത് ഹൈന്ദവ വിശ്വസത്തേയാണ് ഹനിക്കുന്നത്. അന്യന്റെ ഇഷ്ടങ്ങളെ വകവെച്ചു കൊടുക്കുക എന്നത് ഹിന്ദുമതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ക്ക് ദഹിക്കുകയില്ല. അതല്ലാതെ ഈ വാചകങ്ങള്‍ക്കെതിരേ കുറുവടി ഏന്തുന്നവര്‍ക്ക് ഒരു ന്യായീകരണവും ഉണ്ടാകില്ല.

“മറ്റുള്ളവര്‍ നിങ്ങളോട് എങ്ങിനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ അവരോടും പെരുമാറുക” - ബൈബിളിലെ ഈ വാക്യങ്ങള്‍ വിവാദമായ പാഠപുസ്തകത്തില്‍ അതീവ പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നു. ഇത്രയും സുന്ദരമായ ഒരു ദര്‍ശനത്തെ പാഠപുസ്തകത്തില്‍ കണ്ടിട്ടും മതനിഷേധമാണീ പാഠഭാഗം എന്ന് പറഞ്ഞ് പോര്‍വിളി നടത്തുന്ന ക്രൈസ്തവ പൌരോഹിത്യത്തിന് പിതാവിനോടോ പുത്രനോടോ പരിശുദ്ധാത്മാവിനോടോ മനുഷ്യനോടോ ഏതെങ്കിലും തരത്തിലുള്ള വിധേയത്വമുണ്ടോ?

“തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുക. തനിക്ക് വേണ്ടി ഇഷ്ടപ്പെടാത്തതെല്ലാം സഹോദരന് വേണ്ടിയും ഇഷ്ടപ്പെടാതിരിക്കുക.” മുഹമ്മദ് നബിയുടെ ഈ വചനങ്ങളെ തള്ളിപ്പറഞ്ഞ് കൊണ്ടല്ലാതെ ആ വചനങ്ങള്‍ അച്ചടിച്ച് വെച്ചിരിക്കുന്ന പാഠഭാഗത്തിനെ തള്ളിപ്പറയാന്‍ ഒരു സമുദായ സ്നേഹിക്കും കഴിയില്ല. സമുദായത്തിന്റെ മൊത്തകച്ചവടക്കാരയാ അഖിലഭാരതീയമലപ്പുറം പാര്‍ട്ടിക്ക് ഈ പാഠഭാഗത്തെ തള്ളിപ്പറയാന്‍ കഴിയുന്നത് പ്രവാചകചര്യയെന്തെന്ന് അറിയാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ എല്ലാം അറിഞ്ഞു കൊണ്ട് ഒരു സമുദായത്തെ മുഴുവനും താന്താങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം വേണ്ടും വിധത്തില്‍ ഉപയോഗിക്കപ്പെടുത്തണം എന്ന ദുഷ്‌ലാക്കോടെ സമുദായ താല്പര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ്.

“ആര്‍ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്. ആരെകുറിച്ചും പരുഷമായി സംസാരിക്കരുത്. ആര്‍ക്കും പ്രവര്‍ത്തന വിഘ്നം ഉണ്ടാക്കരുത്” ഗുരുനാനാക്കിന്റെ വചനങ്ങളും പാഠഭാഗത്തിലുണ്. എത്ര സുന്ദരമായ സന്ദേശം.

മതങ്ങള്‍ മുന്നോട്ട് വെക്കുന്ന നന്മകളാണ് പാഠഭാഗം കുട്ടികളുമായി ചര്‍ച്ച ചെയ്യുന്നത്. ആ നന്മകളെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്ന പൌരോഹിത്യവും സമുദായരാഷ്ട്രീയവും മലയാള ജീവിത ക്രമത്തെ ശിലായുഗത്തിലേക്ക് തള്ളി വിടാനാണ് അനുനിമിഷം ശ്രമിക്കുന്നത്. ശിലായുഗവാസിയാകാന്‍ പോലും യോഗ്യതിയില്ലാത്ത ഒരു പാതിരി ഇന്ന് ചാനലില്‍ ഇരുന്ന് മുരളുന്നത് കേട്ടു. ആ ദൈവനിഷേധിയുടെ വാക്കുകളില്‍ തന്നെയാകാം:

“വിവാദമായ പാഠഭാഗത്തില്‍ ഒരു ചോദ്യമുണ്ട്. താഴെ പറയുന്ന വിവിധ പ്രശ്നങ്ങളില്‍ ഏതു മതത്തില്‍പ്പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക?
ഒന്ന്: വിലക്കയറ്റം. രണ്ട്: കുടിവെള്ളക്ഷാ‍മം. മൂന്ന്: പകര്‍ച്ചവ്യാധികള്‍. നാല്: ഭൂകമ്പം.
എന്ത് ചോദ്യമാ ഇത്? മതവും ഈ ചോദ്യവും ഉത്തരങ്ങളും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. അബദ്ധങ്ങള്‍ പറഞ്ഞ് കുട്ടികളെ മതനിഷേധികളാക്കാനാണ് ഈ ചോദ്യങ്ങളിലൂടെ കേരളാ സര്‍ക്കാര്‍ ശ്രമിക്കുന്നത്.”

പിശാചിന്റെ പിണിയാളാകുന്ന ഒരുവനല്ലാതെ പാഠപുസ്തകത്തിലെ മേല്‍ പറഞ്ഞ വാ‍ചകത്തെ വളച്ചൊടിച്ച് ദൈവനിഷേധമാണെന്ന് വരുത്തി തെരുവ് യുദ്ധത്തിലേക്ക് കുഞ്ഞാടുകളെ കയറൂരി വിടാന്‍ കഴിയില്ല. ദൈവദാസന്മാര്‍ എന്ന വ്യാജേന പിശാചുകള്‍ക്ക് ഒളിസേവ ചെയ്യുകയാണ് ഭൂമിമലയാളത്തിലെ പൌരോഹിത്യം.

ചോദ്യം വായിക്കുന്ന കുട്ടി എല്ലാ പ്രശ്നങ്ങളും എല്ലാ മതസ്ഥരേയും ഒരുപോലെയാണല്ലോ ബാധിക്കുന്നത് എന്ന തികച്ചും മൌലികമായ ഉത്തരത്തില്‍ എത്തുന്നതിനെ ആ പാതിരി ഭയക്കുന്നു. അതുകൊണ്ടാണ് അയാള്‍ ചാനലില്‍ ഇരുന്ന തൊള്ളതുറന്നത്.

മതവും ദൈവവും മനുഷ്യ നന്മക്ക് എന്ന വിശാലമായ ദര്‍ശനത്തില്‍ അടിയുറച്ചതാണ് ഇന്ന് ഭൂമിമലയാളത്തിലെ മതകച്ചവടക്കാരാല്‍ എതിര്‍ക്കപ്പെടുന്ന ഏഴാം ക്ലാസ് പാഠഭാഗങ്ങള്‍. മതങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന മനുഷ്യ സ്നേഹത്തിന്റെ കടയ്ക്കലില്‍ കത്തിവെക്കാന്‍ ശ്രമിക്കുന്ന പൌരോഹിത്യവും സമുദായരാഷ്ട്രീയവും ആധുനികമനുഷ്യനെ കാട്ടിലേക്ക് തന്നെ ആട്ടിതെളിക്കുവാനാണ് ചാനല്‍ ചര്‍ച്ചകളും തെരുവ് യുദ്ധങ്ങളും നടത്തുന്നത്. ഈ പോക്കോലങ്ങളെ തുറന്ന് കാട്ടാന്‍ എല്ലാ ഈശ്വരവിശ്വാസികള്‍ക്കും കഴിയണം.

20 comments:

അഞ്ചല്‍ക്കാരന്‍ said...

മതവും ദൈവവും മനുഷ്യ നന്മക്ക് എന്ന വിശാലമായ ദര്‍ശനത്തില്‍ അടിയുറച്ചതാണ് ഇന്ന് ഭൂമിമലയാളത്തിലെ മതകച്ചവടക്കാരാല്‍ എതിര്‍ക്കപ്പെടുന്ന ഏഴാം ക്ലാസ് പാഠഭാഗങ്ങള്‍. മതങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന മനുഷ്യ സ്നേഹത്തിന്റെ കടയ്ക്കലില്‍ കത്തിവെക്കാന്‍ ശ്രമിക്കുന്ന പൌരോഹിത്യവും സമുദായരാഷ്ട്രീയവും ആധുനികമനുഷ്യനെ കാട്ടിലേക്ക് തന്നെ ആട്ടിതെളിക്കുവാനാണ് തെരുവ് യുദ്ധങ്ങള്‍ നടത്തുന്നത്. ഈ പോക്കോലങ്ങളെ തുറന്ന് കാട്ടാന്‍ എല്ലാ ഈശ്വരവിശ്വാസികള്‍ക്കും കഴിയണം.

പാമരന്‍ said...

വളരെ നന്നായി അഞ്ചലേ. ഈ പാഠഭാഗങ്ങള്‍ പുറത്തുവന്നപ്പോളെങ്കിലും ജനങ്ങള്‍ക്കിവരുടെയൊക്കെ തനിനിറം ബോധ്യമായിക്കാണുമോ എന്തോ..

Anonymous said...

നല്ല പോസ്റ്റ്.
വെറുപ്പ് വ്യാപിപിച്ച് മനുഷ്യനെ തമ്മിലടിപ്പിക്കുന്ന ചെകുത്താന്‍മാരെ ബഹിഷ്ക്കരിക്കുക

Nishedhi said...

ഈ പോസ്റ്റ്‌ സമരിക്കുന്ന ജനങ്ങള്‍ വായിച്ചിരുന്നെങ്കില്‍!

മാപ്ല said...

സ്നേഹിതാ,
ഇ കോലാഹങ്ങള്‍ കണ്ട്, ഏറ്റവും വേദനിക്കുന്നത് ആരാണന്ന് അറിയാമോ?...
ലോകം മുഴുവന്‍ സ്നേഹം പുലരുവാന്‍ കുരുശില്‍ മരിച്ച യേശു ദേവന്‍!

ഇവരുടെ പിന്തലമുറക്കാരായിരുന്നു ബറാബാസിനെ ചോദിച്ചവര്‍..
അവരും തികഞ്ഞ പള്ളി ഭക്തര്‍ ആയിരുന്നു...
ഇവര്‍ പിടിച്ചിരിക്കുന്ന പാമ്പു വടിയില്‍ വിഷമില്ല..

പക്ഷേ ഇവരുടെ ഹൃദയം നിറ്രയെ വിഷമാണ്..കൊടിയവിഷം...
ഒരു ഇടയന്‍ എങ്ങിനെയാണ് സമ്മര ആഹ്വാനം നടത്തുക?

ധാര്‍മ്മികമായി അതിനെ പിന്തുണക്കുന്ന ഒരു വാചകമെങ്കിലും ബൈബിളില്‍ ഉണ്ടോ?

പ്രീയപ്പെട്ടവരെ, ആ പാഠ പുസ്തകത്തില്‍ എങ്ങും ഒരു ദൈവ നിഷേധവും ഇല്ല..

Anonymous said...

പുസ്തകത്തില്‍ , മതത്തിലെ നന്‍മ പറയുന്നതോടൊപ്പം മതമില്ലാത്തവനായി ജീവിക്കുന്നതിന്പ്രോല്സാഹനവും നല്കുന്നുണ്‍ട് മുതിര്‍ ന്നവരിലാണെങ്കില്‍ അത്തരം ചര്‍ച്ച ആരോഗ്യകരമാണ്. കൊച്ചു കുട്ടികളെ മതമില്ലെങ്കിലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പടിപ്പിക്കുമ്പോള്‍ മതവിശ്വാസികള്‍ ക്ക് എതിര്‍ ക്കാം .അതില്‍ മതമില്ലാത്തവര്‍ ഇത്ര അലോസര പ്പെടേണ്‍ ടതില്ല.
മതമില്ലാതായാല്‍ ലോകം നന്നായി എന്നാണ്ചിലര്‍ ധരിക്കുന്നത്.

shams said...

ഈ പാഠ ഭാഗങ്ങളില്‍ എവിടെയാണ് ദൈവ നിഷേധമെന്നോ എവിടെയാണ് മത നിഷേധമെന്നോ എത്ര വായിച്ചിട്ടും പിടി കിട്ടുന്നില്ല.
ഇനിയിപ്പൊ ഈ കോലാഹലങ്ങളൊക്കെ കണ്ടിട്ടാരെങ്കിലും മത/ദൈവ നിഷേധിയാകുമോ എന്നാ സംശയം.
അര്‍ഹതയുള്ളതൊക്കെ അതിജീവിക്കും അത് മതങ്ങളുടെയും ദൈവത്തിന്റെയും കാര്യത്തിലാണെങ്കിലും,
അഞ്ചല്‍കാരാ നല്ല പോസ്റ്റ്.

Unknown said...

നന്നായി.

*ഈ പുസ്തകത്തെ കല്ലെറിയുന്നവരും
കത്തിക്കുന്നവരും
ഭാവിതലമുറയോട് മറുപടി പറയേണ്ടിവരും.

സൂര്യോദയം said...

നല്ല പോസ്റ്റ്‌.. നല്ല മനുഷ്യര്‍ക്ക്‌ വേണ്ടി നല്ല ലൊകത്തിനുവേണ്ടി ചിന്തിക്കുന്നവര്‍ കൂട്ടായി ഇടപെട്ട്‌ ഇത്തരം മതരാഷ്ട്രീയക്കാരുടെ കുതന്ത്രം തുറന്നുകാട്ടണം...

Malayali Peringode said...

എല്ലാമതങ്ങളും മനുഷ്യ നന്മമാത്രമേ പ്രചരിപ്പിക്കുന്നുള്ളു. എന്നിട്ടും മതങ്ങള്‍ തമ്മിലും മതങ്ങള്‍ക്കുള്ളിലെ ഭിന്നവിഭാഗങ്ങള്‍ തമ്മിലും എങ്ങിനെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാകുന്നു എന്ന ചോദ്യം കുട്ടികളില്‍ ഉണര്‍ത്തപ്പെടേണ്ടുന്നത് തന്നെയാണ്.

അപ്പോ യുക്തി(?) വാദികള്‍ തമ്മിലോ?
എന്തിനാ പല വിഭാഗങ്ങള്‍? ഗ്രൂപ്പുകള്‍?
മതവിശ്വാസികളല്ലാന്ന് ആളുകളോട് പരസ്യമായി പറയുന്ന / അഭിനയിക്കുന്ന സി പി എം, സി പി ഐ, ആര്‍ എസ് പി തുടങ്ങിയ കക്ഷികള്‍ എന്തിനാ വേറെ വേറെ നില്‍ക്കുന്നേ?
എന്തിനാ ‘ദേശാഭിമാനി’യുള്ളപ്പോള്‍ പിന്നൊരു ‘ജനയുഗം’?
എന്തിനാ ‘ദേശാഭിമാനി’യും ‘ജനയുഗ’വും ഉള്ളപ്പോള്‍ മറ്റൊരു ‘ജനശക്തി’?

അപ്പോ മതത്തില്‍ വിശ്വാസമില്ലാത്തവരും ഗ്രൂപ്പുകളിയില്‍ പിറകിലല്ല അല്ലേ?

എന്നാല്‍ നമുക്ക് ഇനി രാഷ്ട്രീയവും വേണ്ട.
അവിടെയും ഗ്രൂപ്പും ‘വിഭാഗീയത’യും തല്ലും സമരവും...

ചുമ്മാ നമുക്ക് നമ്മുടെ ജോലിയും ചെയ്ത് വീ‍ട്ടിലിരുന്നു കൂടെ?

ആള്‍ദൈവങ്ങളുടെ ചെലവില്‍ നിര്‍മതത്വത്തിന്റെ വിപണനം അല്ലാതെന്താല്ലെ?

കഷ്ടം!

ബഷീർ said...

കുറെ വാചകക്കസര്‍ത്തുകള്‍ അല്ലാതൊന്നും ഇല്ലല്ലോ അഞ്ചലേ..

ഗ്രൂപ്പ്‌ വഴക്കും കുതികാല്‍ വെട്ടും ചാക്കിട്ടി പിടുത്തവും തല-വെട്ടി നിരത്തലും , തെറിയഭിഷേകവും, ആരോപണ പ്രത്യാരോപണങ്ങളും ഇല്ലാത്ത സുന്ദരക്കുട്ടപ്പന്മാരായ രാഷ്ട്രീയക്കാരും, പരിഷത്തുകാരും, യുക്തിവാദികളും , ബുദ്ധി (? )ജീവികളും കൂടി ഈ നാടൊന്നു നന്നാക്കിയെങ്കില്‍...


പാഠ പുസ്തകവും പ്രശ്നങ്ങളു ം.. അത്‌ കേവലം അഞ്ചു കൊല്ലം നിരങ്ങി നീങ്ങുന്ന ഇടത്‌ വലത്‌ സര്‍ക്കാരുകള്‍ അവരവരുടെ തന്നിഷ്ടം പോലെ കയ്യിട്ടു മാന്തി കുളമാക്കാന്‍ അനുവദിക്കാവുന്നതല്ല. വരട്ടുവാദവും വിരട്ടു വാദവും ഇനിയും വിലപ്പോവില്ല.. മാഷേ... അതവിടെ നില്‍ക്കട്ടെ..

ഓണത്തിനിടയ്ക്ക്‌ പുട്ടുകച്ചവടവും നടത്തിയിട്ടുണ്ടല്ലോ അഞ്ചല്‍..

സുന്നി മുജാഹിദ്‌ വിഷയവും സലാം ചൊല്ലല്‍ പ്രശനവുമൊക്കെ.. അത്‌ അതിനെ പറ്റി വിവരമുള്ളവര്‍ കൈകാര്യം ചെയ്യുന്നതല്ലേ ഭംഗി..

പ്രവാചകന്‍ ഏത്‌ ജൂതനോട്‌ സലാം ചൊല്ലിയ കാര്യമാ ഈ പറയുന്നത്‌ ? വെറുതെ ബല ബല പറയുകയാണോ ...

അറിയാനായി ഒരു കാര്യം ഉണര്‍ത്തുന്നു.. സലാം ചൊല്ലല്‍ എന്നത്‌ മുസ്ലിംങ്ങള്‍ പരസ്പരം നിര്‍വഹിക്കേണ്ട മതപരമായ ഒരു കാര്യമാണു.. മുസ്ലിംങ്ങള്‍ക്കിടയില്‍ ചില വിഭാഗങ്ങള്‍ (മുജാഹി ,ജമാ അത്തെ ഇസ്ലാമി തുടങ്ങിയവര്‍ ) സുന്നികളെ മുസ്ലിംങ്ങളായി അംഗീകരിക്കുന്നില്ല.. അതിനാല്‍ തന്നെ സംഘടനാപരമായ എതിര്‍പ്പ്‌ എന്ന നിലക്കാണു തങ്ങളെ ( പാണക്കാട്‌ തങ്ങളെയല്ല ) അംഗീകരിക്കാത്തവര്‍ക്ക്‌ സലാം ( അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ ) പറയണ്ട എന്ന് സുന്നികള്‍ പറയുന്നത്‌.. അതൊക്കെ ഇവിടെ വലിച്ചിഴക്കേണ്ട കാര്യമില്ല.

ഒരു കാര്യത്തെ പറ്റി പറയുമ്പോള്‍ വസ്ഥുതകള്‍ അറിഞ്ഞ്‌ എഴുതുക.. അല്ലാതെ ആരെങ്കിലും പറന്‍ഞ്ഞ്‌ കേട്ടത്‌ വെച്ച്‌ കാച്ചരുത്‌ എന്ന് ഒരു അപേക്ഷയുണ്ട്‌..

ആശംസകള്‍

പോസ്റ്റ്‌ കലക്കി കേട്ടാ മാഷേ,.

അഫ്‌സല്‍ said...

ശ്രീ നാരായണ ഗുരു വിന്റെ വചനങ്ങളും ,ഡാര്‍വിന്റെ സിദ്ധാന്തങ്ങളും കമ്മ്യൂണിസവും
മുന്‍പും സ്കൂള്‍ സിലബസില്‍ ഉണ്ടായിരുന്നു.ബയോലോജി യില്‍ ഡാര്‍വിന്റെ തിയറി പഠിപിച്ചിരുന്നത് ഒരു സിസ്റ്റര്‍ ആയിരുന്നു.ബൈബിളിലെ ഉല്പതിയോ അതോ ഡാര്‍വിനോ ശരി.ഇതെലാം പഠിച്ചു എത്രപേര്‍ കമ്മ്യൂണിസ്റ്റ് ആയി.എത്രപേര്‍ ഡാര്‍വിന്റെ പിന്നാലെ പോയി.ആരും പോയില്ല.നമ്മുടെ നാട്ടില്‍ ഇതെല്ലാം പഠികുന്നത് പരീക്ഷ പാസാവാന്‍ ആണ് .

സജീവ് കടവനാട് said...

പോസ്റ്റ് അവസരോചിതം. നന്നായി.


“മതമില്ലെങ്കിലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പടിപ്പിക്കുമ്പോള്‍ മതവിശ്വാസികള്‍ ക്ക് എതിര്‍ ക്കാം “

അതെന്താ സുബൈര്‍ മനുഷ്യന്‍ നന്നാവുന്നത് മതങ്ങള്‍ക്കിഷ്ടമല്ല അല്ലേ? അതോ മതം നന്നായിട്ടു മതി മനുഷ്യന്‍ നന്നാകുന്നതെന്നോ? മതം=പുരോഹിതന്‍ എന്നൊരു അര്‍ത്ഥവും കാണും അല്ലേ?

ബഷീറേ ഈ ലേഖനം കാലിക പ്രസക്തമായി എനിക്കു തോന്നുന്നു. ബഷീറിനു വിമര്‍ശിക്കാന്‍ കഴിയാത്തതുകൊണ്ടാണോ ഇതു വെറും വാചകക്കസര്‍ത്തായി തോന്നിയത്?

“പരിഷത്തുകാരും, യുക്തിവാദികളും , ബുദ്ധി (? )ജീവികളും കൂടി ഈ നാടൊന്നു നന്നാക്കിയെങ്കില്‍...” എന്തൊരു പരിഹാസം, മതക്കാരു കുറേ നന്നാക്കിയതല്ലേ എന്ന് തിരിച്ചൊരു ചോദ്യം മാത്രം.

“പാഠ പുസ്തകവും പ്രശ്നങ്ങളു ം.. അത്‌ കേവലം അഞ്ചു കൊല്ലം നിരങ്ങി നീങ്ങുന്ന ഇടത്‌ വലത്‌ സര്‍ക്കാരുകള്‍ അവരവരുടെ തന്നിഷ്ടം പോലെ കയ്യിട്ടു മാന്തി കുളമാക്കാന്‍ അനുവദിക്കാവുന്നതല്ല. വരട്ടുവാദവും വിരട്ടു വാദവും ഇനിയും വിലപ്പോവില്ല.. മാഷേ... അതവിടെ നില്‍ക്കട്ടെ...”

ഇപ്പോഴത്തെ പാഠപുസ്തകവിവാദവുമായി ചേര്‍ത്തുവെച്ചുകൊണ്ട് കാര്യകാരണങ്ങളെ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ എന്ന് വെറുതേ ആശിച്ചുപോകുന്നു.


“സുന്നി മുജാഹിദ്‌ വിഷയവും സലാം ചൊല്ലല്‍ പ്രശനവുമൊക്കെ.. അത്‌ അതിനെ പറ്റി വിവരമുള്ളവര്‍ കൈകാര്യം ചെയ്യുന്നതല്ലേ ഭംഗി...” ഇദ്ദാണുകാര്യം. മതത്തെക്കുറിച്ച് ബല്ല്യ വിവരമുള്ളവന്റെ പ്രതികരണരീതി.മറ്റൊരാളെ വിവരമില്ലാത്തവനെന്നു ഇടിച്ചുതാഴ്ത്തി ഞങ്ങള്‍ പറയുന്നതാണു ശരി എന്ന് അടിച്ചേല്‍പ്പിക്കല്‍ തന്നെയാണ് എല്ലാ മതത്തിന്റേയും പ്രചരണരീതി.


“അറിയാനായി ഒരു കാര്യം ഉണര്‍ത്തുന്നു.. സലാം ചൊല്ലല്‍ എന്നത്‌ മുസ്ലിംങ്ങള്‍ പരസ്പരം നിര്‍വഹിക്കേണ്ട മതപരമായ ഒരു കാര്യമാണു...”

ദൈവം നിങ്ങളെ രക്ഷിക്കട്ടെ എന്ന് ഒരു ഇസ്ലാം മത വിശ്വാസി മറ്റൊരു ഇസ്ലാം മതവിശ്വാസിയോടുമാത്രമേ പറയാവൂ എന്നത് പുതിയൊരു അറിവാണ്. എന്തായാലും ഒര്ു മതം ഇത്ര സങ്കുചിതമാകുന്നതു നന്നല്ല.


“പ്രവാചകന്‍ ഏത്‌ ജൂതനോട്‌ സലാം ചൊല്ലിയ കാര്യമാ ഈ പറയുന്നത്‌ ?“

പ്രവാചകന്‍ അത്രയും വര്‍ഗ്ഗീയവാദിയായിരുന്നോ?


“ഒരു കാര്യത്തെ പറ്റി പറയുമ്പോള്‍ വസ്ഥുതകള്‍ അറിഞ്ഞ്‌ എഴുതുക.. അല്ലാതെ ആരെങ്കിലും പറന്‍ഞ്ഞ്‌ കേട്ടത്‌ വെച്ച്‌ കാച്ചരുത്‌ എന്ന് ഒരു അപേക്ഷയുണ്ട്‌...”

ഖുറാന്‍‌ന്റെ ബഷീര്‍ വേര്‍ഷനൊന്നു കിട്ടുമോ? ബഷീറിനു വെളിപാടുണ്ടായി എഴുതിയത്. മറ്റാരുടേയും അഭിപ്രായമില്ലാത്തത്.

മുഴുവന്‍ ഓഫാണ്. ബഷീറിന്റെ ഓഫിനൊരു കോപ്പ്.

വിചാരം said...

123

വിചാരം said...

അഞ്ചല്‍കാരാ..
ചില ധാരണകള്‍ക്ക് മാറ്റമാവാം. ജാതി വ്യവസ്ഥിതിയ്ക്ക് അന്യമാണ് ഇസ്ലാമതം എന്ന താങ്കളുടെ ആദ്യ ധാരണതന്നെ പാടെ മാറ്റുക . ഇസ്ലാമില്‍ ജാതി വ്യവസ്ഥകളില്ല ഹൈന്ദവരില്‍ മനുസ്മൃതി എന്ന ഒരു ഗ്രന്ഥം പോലെ ഒന്നും എഴുതി വെച്ചിട്ടില്ല എന്നാല്‍ ഒരു ജാതീയ വ്യവസ്ഥികള്‍ നില നില്‍ക്കുന്ന ഒരു സമൂഹത്തിലേക്ക് ഇസ്ലാം കടന്നു ചെന്നതിലെ ജാതി ചിന്തകളെ ഇല്ലാതാക്കാനും ഇസ്ലാമിനായിട്ടില്ല മതവും വിശ്വാസവും ഇസ്ലാമിനാല്‍ മാറി എന്നലാതെ ഉച്ചനീചത്വ ചിന്താഗതിയെ മാറ്റാ‍നായില്ലാ എന്നതിന് തെളിവാണ് പാക്കിസ്ഥാനിലും ഇതര മുസ്ലിം രാജ്യങ്ങളിലും നില നില്‍ക്കുന്ന ഇസ്ലാമത വിശ്വാസികളിലുള്ള ജാതി ഗോത്ര വ്യവസ്ഥിതികള്‍ .

ഒരു മലയാളിയെ സംബന്ധിച്ച് കെട്ടു കേള്‍വിയില്ലാത്ത ചില സത്യങ്ങളുണ്ട് ഇസ്ലാമില്‍ ഇസ്ലാമിലെ ജാതി വ്യവസ്ഥ, പാക്കിസ്ഥാനിലെ ചില ജാതികളെ പറ്റി പറയാം .. ഭട്ട്(ടാര്‍), ചീമ,വിറക്,ബിണ്ടര്‍,ഗുജര്‍,മെഹര്‍,ഹാലി പോത്ത,സയ്യിദ്,മുഹാജിര്‍,ചനല്‍, ഗോക്കര്‍,ചട്ടാ,സന്ധു,ബടാച്ചി,ഹാജാം (ബാര്‍ബര്‍- ചിലയിടങ്ങളില്‍ നായി എന്നും പട്ടിയെന്നും ബാര്‍‌ബര്‍മാരെ പറയും) മൂച്ചി (ചെരുപ്പ് കുത്തി) ജുലാഹ (നെയ്ത്തുക്കാരന്‍), ലൂഹാര്‍ (കരുവാന്‍), തര്‍ഹാന്‍ (ആശാരി), ദര്‍സി (ടൈലര്‍)രാജാ, രജ്പുത്ര്, റാവു... ഇതൊരു സാമ്പില്‍ മാത്രം .. ഒരു അമ്പത് വര്‍ഷം മുന്‍പുള്ള കേരളം എന്നു വേണമെങ്കില്‍ പറയാം. താത്ത്വിക സംഹിതയുടെ സ്വാധീനമുണ്ടായിട്ടുണ്ടെങ്കില്‍ കാലമിത്ര പുരോഗമിച്ചിട്ടും ഈ ചിന്തകള്‍ തുടരുന്നത്.
കേരളത്തില്‍ ഹൈന്ദവരിലുള്ള ജാതി ഉപജാതികള്‍ തീര്‍ത്തും ഇവിടങ്ങളില്‍ മുസ്ലിംങ്ങളിലും ഇന്നും നില നില്‍ക്കുന്നു ഇസ്ലാം ആവിര്‍ഭവിച്ച അറേബ്യായായിലുള്ള ഗോത്ര വ്യവ്സ്ഥകളും ഇവിടെങ്ങളിലെ ജാതി വ്യവസ്ഥകളേക്കാള്‍ ദയനീയമാണ്.

ഷിയാ സുന്നി പോരാട്ടം തികച്ചുമൊരു ഭരണകൈമാറ്റ പ്രശ്നമാണ് , ഇവിടെ മുഹമദിനേക്കാള്‍ പ്രധാനം മുഹമദ് ഉണ്ടാക്കിയ ഖലീഫ ഭരണമായിരുന്നു എന്നു വ്യക്തം നൂറ്റാണ്ടുകളായി ആ വൈര്യം തലമുറകള്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നു .. വാളില്‍ നിന്നു തുടങ്ങി ബോംബില്‍ എത്തി നില്‍ക്കുന്നു കഷ്ടം !!!.

ഓഫ് ടോപ്പിക്ക്
ബഷീര്‍ വെള്ളറകാടാ .. വിവര ദോഷം വിളിച്ചു പറയല്ലേ എടോ മരകഴുതേ സുന്നി എന്നാല്‍ എന്താണന്ന് ആദ്യം പഠിച്ചുവാ, ഏതു ജമാ‍അത്തുക്കാരാ എവിടെയാ പറഞ്ഞിട്ടുള്ളത് സുന്നികള്‍ മുസ്ലിങ്ങള്‍ അല്ലാന്ന് നിന്റെ സഹോദരന്‍ എന്നു ആയിരം വട്ടം പറയുന്ന സലാഹുദ്ദീന്‍ ജമാ‍അത്തുക്കാരനാണ് അദ്ദേഹം പറയട്ടെ സുന്നികള്‍ മുസ്ലിംങ്ങളല്ലാന്ന്. സുന്നി ഷിയാ എന്ന രണ്ടു വിഭാഗമാ സുന്നികളിലെ അനാചാരങ്ങളെ എതിര്‍ക്കുന്നവരാ ഈ ജമാ‍അത്ത് മുജാഹിദ് എന്ന പ്രസ്ഥാനക്കാര്‍ അവരും ഇസ്ലാമും പറഞ്ഞിട്ടുണ്ട് ... ഖബരാധനയും മറ്റു അനാചാരങ്ങളും നടത്തുന്നവര്‍ ഇസ്ലാമല്ലാന്ന് അത് സുന്നികളെന്നു വിളിയ്ക്കുന്ന ബഷീര്‍ വെള്ളറകാടാനോ കറുത്തറക്കാരനോ ചെയ്താലും അവന്‍ ഇസ്ലാമിന് വെളിയില്‍ തന്നെ അല്ലാതെ സംഘടനാപരമായ എതിര്‍പ്പല്ല എന്നു മനസ്സിലായല്ലോ കഴുതേ.... ഇതൊക്കെ വലിയ വാ ഉള്ള പണ്ഡിതനമാരാല്‍ മാത്രം ചര്‍ച്ച ചെയ്യാവൂ എന്നവിടയാണടോ എഴുതി വെച്ചിട്ടുള്ളത് ? .

എന്റെ അഞ്ചല്‍ക്കാരാ അന്ധരാണിവര്‍ രണ്ടു കണ്ണുകളുണ്ടായിട്ടും സത്യം കാണാനാവാത്ത അന്ധര്‍. ബധിരരാണിവര്‍ രണ്ടു ചെവിയുണ്ടായിട്ടും കേള്‍ക്കാനാവാത്ത ബധിരര്‍, നല്ല തലചോറുണ്ടായിട്ടും ചിന്തിയ്ക്കാനോ മനസ്സിലാക്കാനോ കഴീയാത്ത മരകഴുതകളാണിവര്‍ ഇവരാണ് ഈ നാടിന്റെ ശാപം. എത്ര പാഠപുസ്തകത്തില്‍ എന്തെഴുതിയാലും ഇവറ്റകള്‍ക്ക് വെളിപ്പാടുദിയ്ക്കില്ല ഇവരുടെ തലച്ചോര്‍ മരവിപ്പിച്ചു കഴിഞ്ഞു. ഇവറ്റകള്‍ നന്നാവില്ല മാഷേ നന്നാവില്ല .

സലാഹുദ്ദീന്‍ said...

പ്രിയ സുഹൃത്തുക്കള്‍ ഇതു കൂടിയൊന്നു വായിക്കുക

മതമുള്ള ജീവനും മതമില്ലാത്ത ജീവനും.

സലാഹുദ്ദീന്‍ said...

ഇത് കൂടിയൊന്നു വായിച്ചു നോക്കൂ

പാഠ പുസ്തക വിവാദം.

ബഷീർ said...

-- ഓഫ്‌ --

വിചാരം എന്ന വിവരവും വിചാരവുമില്ലാത്ത കഴുതയോട്‌ തര്‍ക്കിക്കാനില്ല..

വിചാരം said...

വെള്ളറക്കാടാ..
വസ്തുനിഷ്ടമായ കാര്യങ്ങള്‍ക്ക് മുന്‍പില്‍ മുട്ടു മടയ്ക്കുന്നുന്ന് പറഞ്ഞാ പോരെ... :)

മാപ്ല said...

അഞ്ചല്‍ക്കാരാ...ഒരു തമാശചോദിക്കട്ടേ?...

ചോര കുടിക്കുകയാണല്ലേ??...പാവം കുഞ്ഞാടുകള്‍ തമ്മിലടിച്ച്...ജിഹാദ് കൂഞ്ഞാടുകളും...മുജാഹിദ് കുഞ്ഞാടുകളും...പിന്നെ ...അരമനയില്‍ നിന്നുള്ള കുഞ്ഞാടുകളും...

ചോരകുടിയാണല്ലെ..?