Thursday, June 26, 2008

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവന് വധശിക്ഷ വേണ്ട-അമേരിക്കന്‍ സുപ്രീം കോടതി.

കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ലൂസിയാന സ്റ്റേറ്റിന്റെ നിയമത്തെ റദ്ദാക്കികൊണ്ട് അമേരിക്കന്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച വാര്‍ത്ത വന്നത്, നാല്പത്തിമൂന്ന് കാരന്റെ ലൈംഗിക വൈകൃതത്തിന് വിധേയയായി ജീവന്‍ വെടിയേണ്ടി വന്ന ഷാഹിനയെന്ന കുരുന്നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ മരവിപ്പിക്കുന്ന ദിവസങ്ങളില്‍ ഒന്നായത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. ലോകത്തിലെ ഏറ്റവും പരിഷ്കൃതമായി ഗണിക്കപ്പെടുന്ന അമേരിക്കന്‍ ജീവിത സാഹചര്യങ്ങളില്‍ പോലും പിതാക്കന്മാരാലും വളര്‍ത്തഛന്മാരാലും അമ്മാ‍വന്മാരാലും അയല്‍വാസികളാലും ലൈംഗിക പീഡനത്തിനിരയാകുന്ന ബാല്യങ്ങളുടെ എണ്ണം നമ്മുടെ ജീര്‍ണ്ണതകളില്‍ നിന്നും തുലോം വിരളമല്ല എന്ന ഭീതിതമായ വസ്തുതയിലേക്കാണ് അമേരിക്കന്‍ സുപ്രീം കോടതി വിധിയുടെ ലിങ്കിലൂടെ പിടിച്ചു കയറുന്ന ഒരുവന്‍‍ എത്തിച്ചേരുന്നത്. അഞ്ചും എട്ടും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ലൂസിയാനക്കാരായ രണ്ട് സാമദ്രോഹികളുടെ വധശിക്ഷയാണ് അമേരിക്കന്‍ സുപ്രിം കോടതി വിധിയിലൂടെ റദ്ദാക്കപ്പെടുന്നത്.

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്ന ഒരുവന്‍ ജീവിച്ചിരിക്കാനുള്ള അവകാശം ഉള്ളവനല്ല എന്നതാണ് വസ്തുത. അവന്‍ ഒരു സാമുഹ്യ ജീവിയും അല്ല. മനുഷ്യന്‍ എന്ന പദത്തേക്കാള്‍ “ജന്തു” എന്ന പദമാണ് ഇവര്‍ക്ക് യോജിക്കുന്നതും. ഈ ജന്തുക്കളെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നത് പേയ് പിടിച്ച നായ്ക്കളെ ജനസഞ്ചയത്തിനിടയിലേക്ക് തുറന്ന് വിടുന്നതിനേക്കാള്‍ അപകടമാണ്. പേപ്പട്ടി കടിച്ചാല്‍ പ്രതിരോധ കുത്തിവെയ്പിലൂടെ ജീവന്‍ രക്ഷിക്കാം. ഈ ജന്തുക്കളുടെ അക്രമണത്തിന് വിധേയമാകുന്ന കുഞ്ഞുങ്ങള്‍ക്ക് പിന്നെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയുക അപൂര്‍വ്വമാണ്. മിക്കവരും മരണത്തെ പുല്‍കുകയാണ് പതിവ്.

മനുഷ്യന് വധശിക്ഷ വിധിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. വധശിക്ഷ ഒരു ശിക്ഷാവിധിയേ അല്ല. ഒരു തരം പ്രതികാരമാണത്. നിയമവിധേയമായ പ്രതികാരം. കൊല ആരു ചെയ്താലും അത് തെറ്റ് തന്നെ. ഭരണകൂടത്തിനും നിയമത്തിന്റെ ആ‍നുകൂല്യത്തില്‍ ഒരുവനെ കൊല്ലാനുള്ള അവകാശം ഇല്ല. കൊടും ക്രൂരതയ്ക്ക് ശിക്ഷയായി കൊലപ്പെടുത്തുക എന്നാല്‍ കുറ്റവാളിയെ ഒരു നിമിഷം മുന്നേ രക്ഷപെടുത്തുക എന്നതാണര്‍ത്ഥം. മരിക്കുന്നവന്‍ ശിക്ഷിക്കപ്പെടുന്നില്ല. ജീവിച്ചിരുന്നെങ്കില്‍ മാത്രമേ അവന്‍ ശിക്ഷിക്കപ്പെടുന്നുള്ളു. മരണമെന്ന പരമമായ പ്രപഞ്ച സത്യത്തിലേക്ക് ഒരുവനെ ഒരു നിമിഷം മുന്നേ തള്ളിവിടുന്നത് എങ്ങിനെ ശിക്ഷയാകും? കൊടും ക്രൂരതകള്‍ക്ക് മുതിരുന്നവന് പാഠമാണ് വധശിക്ഷയെന്ന ന്യായവും വെറും ജലരേഖയാണ്. കൊടും ക്രൂരതയ്ക് പുറപ്പെടുന്നവന്‍ ചെയ്യുന്ന തെറ്റിന്റെ ശിക്ഷയെ തൂക്കി നോക്കിയിട്ടല്ല കുറ്റം ചെയ്യുന്നത്. രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കി വെയ്ക്കുക എന്നതല്ലാതെ കിട്ടുന്ന ശിക്ഷയെ കുറിച്ച് പഠിച്ചിട്ടാണ് ഒരുവന്‍ കുറ്റം ചെയ്യാന്‍ പുറപ്പെടുന്നത് എന്ന നിഗമനം എത്രത്തോളം ബാലിശമാണ്?

വധശിക്ഷ ഒരു ശിക്ഷാവിധി അല്ല എന്നതു കൊണ്ട് തന്നെ അത് നിരോധിക്കേണ്ടതുമാണ്. കുറ്റം ചെയ്തവന്‍ ശിക്ഷയായി കൊല്ലപ്പെട്ടാല്‍ രണ്ടുനാള്‍ ദിനം കൊണ്ട് ആ വാര്‍ത്ത സമൂഹത്തില്‍ നിന്നും മറയും. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാനുള്ള സാഹചര്യമാണ് നിയമ വ്യവസ്ഥയില്‍ ഉണ്ടാകേണ്ടുന്നത്. കൊടും ക്രൂരതകള്‍ക്ക് അവസരം പാര്‍ത്തിരിക്കുന്നവര്‍ക്കും പൈശാചിക കുറ്റവാസനകള്‍ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവര്‍ക്കും കുറ്റവാളി ജീവനോടെയിരുന്ന് ശിക്ഷിക്കപ്പെടുന്നതാണ് പാഠമാകുക. സുന്ദരമായ ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കെട്ട് സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ഏകാന്ത വാസം അനുഭവിക്കുക എന്നത് വധശിക്ഷയ്ക്കും എത്രയോ ഉയര്‍ന്ന ദണ്ഡനമുറയാണ്?

ഒമ്പത് വയസ്സുകാരിയെ മാനഭംഗത്തിന്നിരയാക്കി കൊലപ്പെടുത്തിയ ഭൂമിമലയാളത്തിലെ ജന്തുവിനും ലൂസിയാനയിലെ ജന്തുക്കള്‍ക്കും ഒരേ മുഖമാണുള്ളത്. ജീര്‍ണ്ണതയുടെ പുഴുത്ത് നാറിയ മുഖം. ഈ ജീര്‍ണ്ണത ഇക്കൂട്ടരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. നാം അധിവസിക്കുന്ന സമൂഹത്തിലാകെ ഇഴകി ചേര്‍ന്നിരിക്കുന്ന മഹാ വിപത്താണ്.

ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള അശ്ലീലത കുട്ടികളുമായി ബന്ധപ്പെട്ടതാണ് എന്ന വസ്തുത ഒട്ടും രഹസ്യമല്ല. കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വൈകൃതങ്ങള്‍ ചിത്രീകരിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മാഫിയ തന്നെ ഇന്ന് ലോകത്ത് നിലവിലുണ്ട്. പണത്തിനായി കുട്ടികളെ പീഡിപ്പിച്ച് നീല ചിത്രം നിര്‍മ്മിക്കുന്ന ഒരുവന്‍ ആ ഉത്പന്നം നട്ടു നനച്ച് വളര്‍ത്തി വിളവെടുത്തല്ല പണമുണ്ടാക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തിന് വിറ്റ് പണമുണ്ടാക്കാനാണ് പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത്. അഥവാ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്, പണം കൊടുത്ത് ആ നീലചിത്രങ്ങള്‍ വാങ്ങുന്ന ഒരു സമൂഹത്തിന്റെ മാനസികോല്ലാസത്തിന് വേണ്ടിയാണ്. ഒരു ജന്തുവിന്റെ ഒരു നിമിഷത്തെ മാനസിക വൈകൃതത്തിന് വിധേയമാകുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ക്രൂരമാണ് കൃത്യമായ തിരകഥയുടെ അകമ്പടിയോടെ ക്യാമറയുടെ മുന്നില്‍ രതിവൈകൃതങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കുട്ടികളുടെ അവസ്ഥ?

പിഞ്ചുപെണ്‍കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള രതിവൈകൃതങ്ങള്‍ക്ക് വിപണിയുണ്ടാകുന്നത് സമൂഹത്തിന്റെ മുഴുവന്‍ സാംസ്കാരിക ജീര്‍ണ്ണതയ്ക്ക് മകുടോദാഹരണമാണ്. പീഡനത്തിനിരയാക്കുന്നവര്‍ ചെയ്യുന്ന ക്രൂരതയ്ക്കും മേലെയാണ് അത് വിലകൊടുത്ത് വാങ്ങി ആസ്വാദിക്കുന്നവര്‍ ചെയ്യുന്ന തെറ്റ്.

സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള ഒരവകാശവും പെണ്‍കുഞ്ഞുങ്ങളെ പച്ച ജീവനോടെ കടിച്ച് കീറുന്നവനില്ല. ഒരു നിമിഷത്തെ മാ‍നസിക വൈകല്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മേലേ കടന്ന് കയറുന്നവനെ ഭ്രാന്താശുപത്രിയിലടയ്ക്കാം. പക്ഷേ വ്യക്തമായ ലക്ഷ്യത്തോടെ കുഞ്ഞുങ്ങളെ കച്ചവടത്തിനായി പീഡിപ്പിക്കുകയും ആ പീഡനങ്ങള്‍ ആസ്വൊദിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ ആജീവനാന്തം കാരാഗൃഹത്തിലടയ്ക്കണം. വധശിക്ഷ എന്നാല്‍ ആ ജന്തുക്കളെ രക്ഷപ്പെടുത്തുക എന്നതാണ് അര്‍ത്ഥം. സാമൂഹിക ജീവിതത്തില്‍ നിന്നും ഇരുട്ടറയിലേക്ക് മാറ്റപ്പെടുന്ന ഇത്തരം കൊടും പാതകികളെ ഇടയ്ക്കിടയ്ക്ക് പുറം ലോകത്തിന് കാട്ടിയും കൊടുക്കണം-മനുഷ്യനും മൃഗത്തിനും ഇടയ്ക്കുള്ള അവസ്ഥയില്‍ കാരാഗൃഹ വാസം അനുഭവിക്കുന്നവന്റെ ജീവിതാവസ്ഥകള്‍ പുറം ലോകത്ത് ജീവിച്ചിരിക്കുന്ന പകല്‍ മാന്യന്മാരായ കുറ്റവാളികള്‍ക്ക് പാഠമാകാന്‍.

പെണ്‍കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗിക പീഡനം കൊടും പാതകങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്ന് തന്നെ. പക്ഷേ അതിന് മരണ ശിക്ഷയല്ല വേണ്ടത് എന്ന അമേരിക്കന്‍ സുപ്രീം കോടതി വിധി സാധൂകരിക്കപ്പെടുന്നത്, ജീവിച്ചിരിക്കുന്ന കുറ്റവാളിയേ ശിക്ഷിക്കപ്പെടുന്നുള്ളു എന്ന തത്വത്തിലൂടെയാണ്. തൂക്കിലേറ്റപ്പെടുന്നവന് വധശിക്ഷയൊരിയ്ക്കലും ഒരു ശിക്ഷാവിധിയാകുന്നില്ല. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാന്‍ ഈ ജന്തുക്കളെ അനുവദിയ്ക്കണം. അത് തന്നെയാണ് വധശിക്ഷയ്ക്ക് വിധേയനാകുന്ന കുറ്റവാളിയേക്കാള്‍ സമൂഹത്തിന് പാഠമാകുന്നതും.

20 comments:

അഞ്ചല്‍ക്കാരന്‍ said...

ഒമ്പത് വയസ്സുകാരിയെ മാനഭംഗത്തിന്നിരയാക്കി കൊലപ്പെടുത്തിയ ഭൂമിമലയാളത്തിലെ ജന്തുവിനും ലൂസിയാനയിലെ ജന്തുക്കള്‍ക്കും ഒരേ മുഖമാണുള്ളത്. ജീര്‍ണ്ണതയുടെ പുഴുത്ത് നാറിയ മുഖം. ഈ ജീര്‍ണ്ണത ഇക്കൂട്ടരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. നാം അധിവസിക്കുന്ന സമൂഹത്തിലാകെ ഇഴകി ചേര്‍ന്നിരിക്കുന്ന മഹാ വിപത്താണ്.

പാമരന്‍ said...

ജീവിച്ചിരുത്തിയിട്ട്‌ അവനു കൊടുക്കാവുന്ന ശിക്ഷയെന്താണെന്നു കൂടിപ്പറയൂ അഞ്ചലേ.. അമേരിക്കയില്‍ 'ലൈഫ്‌ വിതൌട്‌ പരോള്‍' എങ്കിലുമുണ്ട്‌.. നാട്ടിലോ?

പാമരന്‍ said...
This comment has been removed by the author.
പാമരന്‍ said...

അറബിനാട്ടിലെപ്പോലെ അംഗഭംഗം വരുത്താന്‍ നമുക്കു നിയമമില്ലല്ലോ.. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നും അതും വേണ്ടതാണെന്ന്‌..

(ഇനി ഇതു കേട്ടിട്ട്‌ വല്ല ഇസ്ലാമികബുദ്ധിജീവികളും ഉടനെ ഖുര്‍ആന്‍ പ്രഭാഷണവുമായി വരുമോ എന്തോ)

പൊറാടത്ത് said...

കുറ്റവാളിയെ ശിക്ഷിയ്ക്കുന്നതിന്, "to set an example" എന്ന ഒരു ഉദ്ധേശം കൂടിയുണ്ടല്ലോ. അതുകൊണ്ട് തന്നെ, വധശിക്ഷ ഒഴിവാക്കേണ്ടതില്ല എന്നാണെനിയ്ക്ക് തോന്നുന്നത്. അതല്ലെങ്കില്‍, അതിലും കടുത്ത, പ്രാകൃതമായ ശിക്ഷാരീതികളായിരിയ്ക്കും ഇത്തരക്കാര്‍ക്ക് ചേരുന്നത്.

പ്രിയ said...

അറബിനാട്ടിലെപ്പോലെ അംഗഭംഗം വരുത്താന്‍ നമുക്കു നിയമമില്ലല്ലോ.. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നും അതും വേണ്ടതാണെന്ന്‌..

ഇതാണ് വേണ്ടത്.

Sharu (Ansha Muneer) said...

വധശിക്ഷയല്ല ഇക്കൂട്ടര്‍ക്ക് വേണ്ടത് എന്നത് സത്യം തന്നെ. പക്ഷെ അതിനേക്കാളൊക്കെ പ്രാകൃതമായ വല്ല ശിക്ഷാരീതിയുണ്ടെങ്കില്‍ അതാവും നല്ലത്.

സിനി said...

സ്വന്തമെന്ന് കരുതി മാറോടുചേര്‍ത്തിരുന്നതെല്ലാം
കൈവിട്ടുപോകുന്ന ഭീതിജനകമായൊരു
ആസുരകാലത്താണ് നമ്മളിന്ന്.

ഒമ്പതിലും തൊണ്ണൂറ്റൊമ്പതിലും ഒരുപോലെ
കാമം കാണുന്ന കഴുകക്കണ്ണുകള്‍ ചുറ്റും
വട്ടമിട്ടുപറക്കുന്ന നരാധന്മാര്‍ വാഴുന്ന കാലം.

ഇത്തരം സ്ഥിതിവിശേഷങ്ങളുണ്ടാകുമ്പോള്‍ മാത്രം
പ്രതികരിക്കുന്ന ഞാനുള്‍പ്പെടുന്ന സമൂഹത്തിന്റെ നിസ്സംഗതക്കും നിഷ്ക്രിയത്വത്തീനും ഇതില്‍
ചെറുതല്ലാത്ത പങ്കില്ലെ?

ശിക്ഷ എന്തെന്നുള്ളതല്ല,
ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാനുള്ള
സാഹചര്യങ്ങളെയല്ലെ നാം ഇല്ലാതാക്കേണ്ടത്?

Anonymous said...

ഉചിതമായ സമയത്ത് പ്രസക്തമായ ലേഖനം,

ഇതുമായി ബന്ധപ്പെട്ട് മറ്റൊന്നുകൂടി
ദാ....... ഇങ്ങിനെ..

“ഇന്നലെ അണഞ്ഞ് പോയ ഷഹാന
എന്ത് പ്രകോപനമാണ്‍ തന്നത്?
കുഞ്ഞുടുപ്പിന്റെ നിഷ്കളങ്കതയില്‍
എന്ത് ഭോഗേച്‌ഛയാണ്‍ കത്തിയത് ?
കുഞ്ഞുമുഖങ്ങളില്‍ കാമജ്വരം
കത്തിക്കും കാമരൂപന്‍
ഇണക്കമോ ഈശ്വരന്റെ കേരളം.!!

കാമഗാമിനി കാമചാരിയെ തേടുമ്പോള്‍
മടിക്കാതെ കാമോഷ്ണമറിഞ്ഞവര്‍
ഭയക്കുന്നു മാറാ വ്യാധിയെ.
കുഞ്ഞു പൈതങ്ങളെ കാമിക്കുവാന്‍
വിഷയസുഖം കണ്ടെത്തുന്നവര്‍ക്ക്
ഒട്ടും ഭയക്കണ്ട രോഗത്തെ
എന്നതല്ലെ കുഞ്ഞുമേനിയില്‍
രമിക്കുവാന്‍ കാരണം.

ദേ...ബാക്കി ഈ ലിങ്കില്‍ ..

http://mykavanam.blogspot.com/

ശാലിനി said...

അറബിനാട്ടിലെപ്പോലെ അംഗഭംഗം വരുത്താന്‍ നമുക്കു നിയമമില്ലല്ലോ.. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നും അതും വേണ്ടതാണെന്ന്‌..

അതാണ് വേണ്ടത്. ആ കുഞ്ഞിന്റെ ജീവനില്ലാത്ത അപമാനിക്കപ്പെട്ട ശരീരം വീണ്ടും മീഡിയകളില്ലൂടെ കാട്ടി അതിനെ ആഘോഷിക്കുന്നവരേയും ശിക്ഷിക്കണം. എന്തോ വലിയകാര്യം ചെയ്ത മട്ടില്‍ നില്‍ക്കുന്ന ആ @#$ജന്തുവിനെ ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞ്ട്ട് നല്ല മുളകുപൊടി തേച്ച് ......... ഈ ലോകത്ത് കിട്ടാവുന്നതിലും കഠിന ശിക്ഷ കൊടുക്കണം, ഒറ്റയടിക്ക് കൊല്ലരുത്. ഇനി കുറേപേര്‍ ഇറങ്ങും, മനോരോഗമെന്നും പറഞ്ഞ്, സ്വന്തം കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും ഈ “മനോരോഗികളെ“ ആള്‍ക്കാര്‍ സ്നേഹിക്കുമോ? ഇപ്പോള്‍ ആര്‍ക്കും എന്തുമാവാം, മനോരോഗി എന്ന ലേബലിട്ട് അവനെ പൂജിക്കാന്‍ നില്‍ക്കുകയല്ലേ ആളുകള്‍.

krish | കൃഷ് said...

:(

Unknown said...

മനുഷ്യന് വധശിക്ഷ വിധിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. വധശിക്ഷ ഒരു ശിക്ഷാവിധിയേ അല്ല. ഒരു തരം പ്രതികാരമാണത്. നിയമവിധേയമായ പ്രതികാരം. കൊല ആരു ചെയ്താലും അത് തെറ്റ് തന്നെ. ഭരണകൂടത്തിനും നിയമത്തിന്റെ ആ‍നുകൂല്യത്തില്‍ ഒരുവനെ കൊല്ലാനുള്ള അവകാശം ഇല്ല. കൊടും ക്രൂരതയ്ക്ക് ശിക്ഷയായി കൊലപ്പെടുത്തുക എന്നാല്‍ കുറ്റവാളിയെ ഒരു നിമിഷം മുന്നേ രക്ഷപെടുത്തുക എന്നതാണര്‍ത്ഥം. മരിക്കുന്നവന്‍ ശിക്ഷിക്കപ്പെടുന്നില്ല. ജീവിച്ചിരുന്നെങ്കില്‍ മാത്രമേ അവന്‍ ശിക്ഷിക്കപ്പെടുന്നുള്ളു. മരണമെന്ന പരമമായ പ്രപഞ്ച സത്യത്തിലേക്ക് ഒരുവനെ ഒരു നിമിഷം മുന്നേ തള്ളിവിടുന്നത് എങ്ങിനെ ശിക്ഷയാകും? കൊടും ക്രൂരതകള്‍ക്ക് മുതിരുന്നവന് പാഠമാണ് വധശിക്ഷയെന്ന ന്യായവും വെറും ജലരേഖയാണ്. കൊടും ക്രൂരതയ്ക് പുറപ്പെടുന്നവന്‍ ചെയ്യുന്ന തെറ്റിന്റെ ശിക്ഷയെ തൂക്കി നോക്കിയിട്ടല്ല കുറ്റം ചെയ്യുന്നത്. രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കി വെയ്ക്കുക എന്നതല്ലാതെ കിട്ടുന്ന ശിക്ഷയെ കുറിച്ച് പഠിച്ചിട്ടാണ് ഒരുവന്‍ കുറ്റം ചെയ്യാന്‍ പുറപ്പെടുന്നത് എന്ന നിഗമനം എത്രത്തോളം ബാലിശമാണ്?

വധശിക്ഷ ഒരു ശിക്ഷാവിധി അല്ല എന്നതു കൊണ്ട് തന്നെ അത് നിരോധിക്കേണ്ടതുമാണ്. കുറ്റം ചെയ്തവന്‍ ശിക്ഷയായി കൊല്ലപ്പെട്ടാല്‍ രണ്ടുനാള്‍ ദിനം കൊണ്ട് ആ വാര്‍ത്ത സമൂഹത്തില്‍ നിന്നും മറയും. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാനുള്ള സാഹചര്യമാണ് നിയമ വ്യവസ്ഥയില്‍ ഉണ്ടാകേണ്ടുന്നത്. കൊടും ക്രൂരതകള്‍ക്ക് അവസരം പാര്‍ത്തിരിക്കുന്നവര്‍ക്കും പൈശാചിക കുറ്റവാസനകള്‍ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവര്‍ക്കും കുറ്റവാളി ജീവനോടെയിരുന്ന് ശിക്ഷിക്കപ്പെടുന്നതാണ് പാഠമാകുക. സുന്ദരമായ ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കെട്ട് സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ഏകാന്ത വാസം അനുഭവിക്കുക എന്നത് വധശിക്ഷയ്ക്കും എത്രയോ ഉയര്‍ന്ന ദണ്ഡനമുറയാണ്?

അങ്ങനെയാണെങ്കില് ഒരു പത്തുമുപ്പതു പേരെ കൊന്ന ഒരാളെ എകാന്ത വാസത്തിന്ന് വിധിച്ചാല് അവന് ചെയ്ത പാപത്തിന്ന് പരിഹാരമായന്നാണോ താങ്കള് പറയുന്നത്.!!!! തൂക്കിക്കൊന്നാലുമാകുമോ???

അഗ്രജന്‍ said...

ഒരു പക്ഷെ ഇത്തരം ജന്തുക്കള്‍ സ്വയമേ ആഗ്രഹിക്കുന്നുണ്ടാകാം വധശിക്ഷ. അതുകൊണ്ട് വധശിക്ഷ അവര്‍ക്ക് നല്‍കുന്ന ആശ്വാസമാകും.

എന്തു തക്കതായ ശിക്ഷയാണ് ഇത്തരം നീചകൃത്യങ്ങള്‍ക്ക് വിധിക്കാനാവുക...?
വെറും ഒരു ശിക്ഷ എന്നതിലുപരി, ഇത്തരം വാസനകളുള്ളവര്‍ ഭയപ്പെടുന്ന, അതിശക്തമായ ശിക്ഷയായിരിക്കണം... പക്ഷെ, അതെന്ത്?

സമൂഹത്തിനിടയില്‍ അപമാനിതനായി, ചാവാലിപ്പട്ടിയെ പോലെ മരിച്ചു ജീവിക്കാന്‍ വിടണം ഇത്തരക്കാരെ, ആത്മഹത്യ പോലും ചെയ്യാനുള്ള അവസരം കൊടുക്കാതെ!

മാനഹാനി ഭയന്ന് തന്നെയാണല്ലോ കുഞ്ഞുങ്ങളില്‍ ലൈംഗീക സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ പട്ടികള്‍ അവരുടെ ജീവന്‍ കവരുന്നത്!

അഞ്ചല്‍ക്കാരന്‍ said...

ഓ.ടോ:
“അങ്ങനെയാണെങ്കില് ഒരു പത്തുമുപ്പതു പേരെ കൊന്ന ഒരാളെ എകാന്ത വാസത്തിന്ന് വിധിച്ചാല് അവന് ചെയ്ത പാപത്തിന്ന് പരിഹാരമായന്നാണോ താങ്കള് പറയുന്നത്.!!!! തൂക്കിക്കൊന്നാലുമാകുമോ???“

സലീമേ,
എന്തിനാ പത്ത് മുപ്പതാക്കുന്നത്? ഒരു മില്യനോളം ആളെ കൊന്നൊടുക്കിയ ഒരുവന്‍ ഒരു വന്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റായി ഇപ്പോഴും തുടരുന്നു. ഭാരതത്തിലും കാണാം ആയിരങ്ങളെ യമപുരിയ്ക്കയച്ചവര്‍ അധികാരത്തിലിരിക്കുന്നത്.

മനുഷ്യനെതിരേ കൊടും പാതകങ്ങള്‍ ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് ആ നരാധമന്മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ചെറിയ ശിക്ഷയാണ്. മാത്രമല്ല വധശിക്ഷയെന്നതു ഒരു ശിക്ഷാവിധിയും അല്ല. പിഞ്ചു പെണ്‍കുഞ്ഞുങ്ങളെ ലൈംഗിക സംതൃപ്തിയ്ക്ക് ഉപയോഗിക്കുന്നവനെ വധിക്കുകയെന്നാല്‍ അവനെ സമൂഹത്തില്‍ നിന്നും രക്ഷിക്കുക എന്നാണര്‍ത്ഥം.

ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിപ്പിക്കുക എന്നതാണ് ഈ ജന്തുക്കളോട് ചെയ്യേണ്ടുന്നത്.

കൊടും ക്രൂരതയ്ക്കുള്ള ശിക്ഷാവിധി എന്ത്? എന്ന ചോദ്യത്തിന് ഉത്തരം തരാന്‍ കഴിയുന്ന തരത്തിലേക്ക് ചിന്തകള്‍ എത്തുന്നില്ല. അങ്ങിനെയൊരു പോസ്റ്റെഴുതണം എന്നുണ്ട്. പക്ഷേ എന്ത് ശിക്ഷയാണ് മുന്നോട്ട് വെയ്ക്കാന്‍ കഴിയുക?

താങ്കള്‍ക്കെന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ മുന്നോട്ട് വെയ്ക്കൂ. നമ്മുക്ക് ചര്‍ച്ചയാക്കാം.

നന്ദി.

Nachiketh said...

പോസ്റ്റും കമന്റുമെല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ ആനന്ദിന്റെ ഗോവര്‍ദ്ധന്റെ യാത്രകളാണ് മനസ്സില്‍ വന്നത്...

Unknown said...

അറബിനാട്ടിലെപ്പോലെ അംഗഭംഗം വരുത്താന്‍ നമുക്കു നിയമമില്ലല്ലോ.. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നും അതും വേണ്ടതാണെന്ന്‌..

(ഇനി ഇതു കേട്ടിട്ട്‌ വല്ല ഇസ്ലാമികബുദ്ധിജീവികളും ഉടനെ ഖുര്‍ആന്‍ പ്രഭാഷണവുമായി വരുമോ എന്തോ)

നമുക്കുവേണ്ടത് പരിഹാരമാണ്. ഇസ്ലാമില് അതിനുപരിഹാരമുണ്ടോന്ന് പരിശോദിക്കണം.

Unknown said...

ഓ.ടോ:
“അങ്ങനെയാണെങ്കില് ഒരു പത്തുമുപ്പതു പേരെ കൊന്ന ഒരാളെ എകാന്ത വാസത്തിന്ന് വിധിച്ചാല് അവന് ചെയ്ത പാപത്തിന്ന് പരിഹാരമായന്നാണോ താങ്കള് പറയുന്നത്.!!!! തൂക്കിക്കൊന്നാലുമാകുമോ???“

സലീമേ,
എന്തിനാ പത്ത് മുപ്പതാക്കുന്നത്? ഒരു മില്യനോളം ആളെ കൊന്നൊടുക്കിയ ഒരുവന്‍ ഒരു വന്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റായി ഇപ്പോഴും തുടരുന്നു. ഭാരതത്തിലും കാണാം ആയിരങ്ങളെ യമപുരിയ്ക്കയച്ചവര്‍ അധികാരത്തിലിരിക്കുന്നത്.

മനുഷ്യനെതിരേ കൊടും പാതകങ്ങള്‍ ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് ആ നരാധമന്മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ചെറിയ ശിക്ഷയാണ്. മാത്രമല്ല വധശിക്ഷയെന്നതു ഒരു ശിക്ഷാവിധിയും അല്ല. പിഞ്ചു പെണ്‍കുഞ്ഞുങ്ങളെ ലൈംഗിക സംതൃപ്തിയ്ക്ക് ഉപയോഗിക്കുന്നവനെ വധിക്കുകയെന്നാല്‍ അവനെ സമൂഹത്തില്‍ നിന്നും രക്ഷിക്കുക എന്നാണര്‍ത്ഥം.

ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിപ്പിക്കുക എന്നതാണ് ഈ ജന്തുക്കളോട് ചെയ്യേണ്ടുന്നത്.

കൊടും ക്രൂരതയ്ക്കുള്ള ശിക്ഷാവിധി എന്ത്? എന്ന ചോദ്യത്തിന് ഉത്തരം തരാന്‍ കഴിയുന്ന തരത്തിലേക്ക് ചിന്തകള്‍ എത്തുന്നില്ല. അങ്ങിനെയൊരു പോസ്റ്റെഴുതണം എന്നുണ്ട്. പക്ഷേ എന്ത് ശിക്ഷയാണ് മുന്നോട്ട് വെയ്ക്കാന്‍ കഴിയുക?

താങ്കള്‍ക്കെന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ മുന്നോട്ട് വെയ്ക്കൂ. നമ്മുക്ക് ചര്‍ച്ചയാക്കാം.

നന്ദി.

പരിഹാരമുണ്ട്, പക്ഷേ ഞാന് മുന്നോട്ടുവക്കുന്ന നിര്ദ്ദേശം നിങ്ങള് അംഗീകരിക്കുമോ എന്നെനിക്കുറപ്പില്ല. കാരണം അത് ഇസ്ലാമാണ്. അതായത് ഇവിടത്തെ ജീവിതത്തിന്ന് ശേഷം ഒരു ജീവിതമുണ്ടെന്നും അവിടന്ന് ഓരോരുത്തരും ചെയ്ത പാപത്തിന്ന് അതേ നാണയത്തിലുള്ള ശിക്ഷ നല്കുമെന്നുള്ളത്. പിന്നെ ഈ ഭുമിയില് അങ്ങനത്തവര്ക്ക് നല്കാന് കല്പ്പിക്കപെട്ട ശിക്ഷയും (കല്ലുകള് കൊണ്ട് ചുറ്റും കൂടിനിന്ന് അവനെ എറിഞ്ഞ് കൊല്ലണം എന്നുള്ളത്.)

പാര്‍ത്ഥന്‍ said...

അഞ്ചല്‍കാരന്റെ ഈ ലേഖനം വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌.

എന്തെങ്കിലും ശിക്ഷാവിധികള്‍ ഉണ്ടെങ്കില്‍ മുന്നോട്ടുവെയ്ക്കാം എന്ന്‌ കണ്ടതുകൊണ്ട്‌ എഴുതുന്നതാണ്‌.

വധശിക്ഷ ഒരു ശിക്ഷയാവുന്നില്ല ഇക്കൂട്ടര്‍ക്ക്‌ എന്നത്‌ ഒരു സത്യമാണ്‌. പക്ഷെ ലൈംഗികവൈകൃതം ഉള്ള ഇക്കൂട്ടരില്‍ നിന്ന്‌ പിചുകുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അവരെ ഇല്ലാതാക്കിയാലേ സാധിക്കുള്ളൂ. അതിന്‌ ഒന്നുകില്‍ കൊല്ലുക, അല്ലെങ്കില്‍ പുറത്ത്‌ വിടാന്‍ കഴിയാത്തവിധം ജയിലില്‍ ഇടുക. അതിനും നിയമ നിര്‍മ്മാണം ആവശ്യമാണ്‌.

ഇസ്ലാമിക നിയമം പോലെ ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്‌. രണ്ടു കൈയ്യും വെട്ടിക്കളയുക, മാസ്റ്റര്‍ബൈഷ്യനുപോലും അനുവദിക്കാതെ. കൂടാതെ കാളകളുടെ വരിയുടയ്ക്കുന്നപോലെ, ലൈംഗിക ചോദന ഇല്ലായ്മ ചെയ്യുക.

കല്ലെറിഞ്ഞുകൊല്ലല്‍ ഒരു തരം ശിക്ഷ വിധിക്കല്‍ മാത്രമാണ്‌, ചിത്രവധം.

ഇനി പൗരാണികമായ ഒരു തരം ശിക്ഷയുടെ ക്ലാസിഫിക്കേഷന്‍ ഉണ്ട്‌. അതാണ്‌ കുറച്ചു കൂടി നല്ലതെന്നു തോന്നുന്നു. കുറച്ചു നാള്‍ മുമ്പ്‌ ഒറീസയിലോ ബീഹാറിലോ കുറച്ചു കള്ളന്മാരെ ജനങ്ങള്‍ കൈകാര്യം ചെയ്തില്ലേ അതുപോലെ. അത്‌ വിശദീകരിക്കാം.

"ആതതായികള്‍" എന്നു പറയുന്ന ഒരു വിഭാഗം ഉണ്ട്‌. വീടിനു തീവെയ്ക്കുന്നവര്‍, അന്നാദിയില്‍ വിഷം ചേര്‍ക്കുന്നവര്‍, ആയുധം കൊണ്ട്‌ കൊല്ലാന്‍ ശ്രമിക്കുന്നവര്‍, ധനം അപഹരിക്കുന്നവര്‍, ഭൂമി അപഹരിക്കുന്നവര്‍, ഭാര്യയെ അപഹരിക്കുന്നവര്‍, (ഇതില്‍ ഇപ്പോഴത്തെ ലൈംഗിക പീഢകരെയും ഉള്‍പ്പെടുത്തണം) ഇത്തരക്കാരെയെല്ലാം നിയമത്തിനു പുറത്തുള്ളവരായി (OUT OF LAW) കരുതി, ഇവരെ ആര്‍ക്കുവേണമെങ്കിലും ശിക്ഷിക്കാമായിരുന്നു. എന്നുവെച്ചാല്‍ പൊതുജനത്തിനു കൈകാര്യം ചെയ്യാമെന്ന്‌. അതല്ലെ ശരിയായ ജനാധിപത്യം.

കുറുമാന്‍ said...

ഇവന്മാരെ കൊല്ലണ്ട എന്ന് പറയുന്നതിനോട് യോജിക്കാനാവുന്നില്ല. കൊല്ലണം, പക്ഷെ കല്ലെറിഞ്ഞോ, തൊലിയുരിഞ്ഞ് ഉപ്പും മുളകും പുരട്ടില്‍ ഇഞ്ചിഞ്ചായോ കൊല്ലണം..

അഗ്രജാ, ഇതിനോട് യോജിക്കാന്‍ കഴിയുന്നില്ല,

സമൂഹത്തിനിടയില്‍ അപമാനിതനായി, ചാവാലിപ്പട്ടിയെ പോലെ മരിച്ചു ജീവിക്കാന്‍ വിടണം ഇത്തരക്കാരെ, ആത്മഹത്യ പോലും ചെയ്യാനുള്ള അവസരം കൊടുക്കാതെ! - ഇവന്മാരെ ചാവാലിപട്ടിയോടുപമിച്ച്, ആ പാവം സ്നേഹമുള്ള ജീവിയെ അപമാനപെടുത്തരുതേ.

Shabeeribm said...

ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ അവസരം കൊടുക്കാത്ത ,മറ്റുള്ളവര്‍ക്ക് പാടമാകുന്ന ശിക്ഷ .അതാണ്‌ വേണ്ടത് . അതിന് ഇന്ത്യയിലെ പോലെ വധ ശിക്ഷ ജൈലിനുലില്‍ നടത്തിയാല്‍ പോരാ ..മറിച്ചു അറബി നാടുകളിലെ പോലെ പബ്ലിക് ആയി നടത്തണം . വധ ശിക്ഷ ആയാലും മറ്റെന്തു ശിക്ഷ ആയാലും ....അത് കാണുന്ന ഒരുവന്‍ ഒരിക്കലും ആ തെറ്റ് ആവര്‍ത്തിക്കാന്‍ പാടില്ല .....