Monday, July 21, 2008

ചതിയില്‍ വഞ്ചന പാടില്ല അഥവാ ആരാണ് വ്യഭിചാരികള്‍?

ഞാന്‍ ആകെ ആശയ കുഴപ്പത്തിലാണ്. ഇന്നലെ ബ്ലൂടൂത്ത് വഴി എന്റെ മൊബൈലില്‍ വന്ന ഒരു ശൃംഗരമാണ് എന്നെ ആകെ കുഴപ്പത്തില്‍ ചാടിച്ചിരിയ്ക്കുന്നത്. നാട്ടിലെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി എണ്ണപ്പാടത്ത് രക്തം വെള്ളമാക്കുന്ന ഒരു ഭര്‍ത്താവിന്റെ നാട്ടിലെ സുന്ദരിയും സുശീലയും സര്‍വ്വോപരി സ്നേഹസമ്പന്നയുമായ ഭാര്യയും, അവളുടെ സ്നേഹസമ്പന്നനും സുമുഖനും സുശീലനുമായ കാമുകനും തമ്മിലുള്ള വളരെ സ്വകാര്യമായ ചില ചില്ലറ കിന്നാരങ്ങള്‍ പരസ്യമായിരിയ്ക്കുന്നു! ഇവരുടെ അങ്ങേയറ്റം സ്വകാര്യമായ സംഭാഷണ ശകലം നമ്മുടെ ബ്ലൂട്ടൂത്തില്‍ നിന്നും ബ്ലൂട്ടൂത്തിലേക്ക് പടര്‍ന്നു കൊണ്ടിരിയ്ക്കുന്നു സുഹൃത്തുക്കളേ...പടര്‍ന്നുകൊണ്ടിരിയ്ക്കുന്നു. ഹോ...എന്തൊരന്യായം!

ഒന്നുകില്‍ ഈ ചൂടുള്ള സംഭാഷണത്തിലെ നായകന്‍ തന്നെ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് പരസ്യമാക്കിയത് ആയിരിയ്ക്കാം. അല്ലെങ്കില്‍ ആരെങ്കെലും ചോര്‍ത്തി പരസ്യപ്പെടുത്തിയതും ആകാം. രണ്ടായാലും തെറ്റ് തന്നെ. ഗള്‍ഫിലായ ഭര്‍ത്താവിനെ ചതിച്ച് ഒരു പുരുഷനോട് ഇത്തിരി അശ്ലീലം പറഞ്ഞ ആ ഭാര്യയെ ഇങ്ങിനെ വഞ്ചിയ്ക്കാന്‍ പാടുണ്ടോ? ഈ വഞ്ചന ആ പാവം ഭാര്യ അറിയുമ്പോള്‍ അവര്‍ എത്ര മാത്രം വിഷമിച്ചിട്ടുണ്ടാകും? ആ ഭാര്യയ്ക്കുണ്ടായ മനോവേദന എന്നെ ആകെ വിഷമിപ്പിയ്ക്കുന്നു. എന്റെ മനസ്സാകെ കലങ്ങി മറിയുന്നു. എന്റെ മനം ആ അബലയായ ഭാര്യയ്ക്ക് വേണ്ടി തുടിയ്ക്കുന്നു....(പറഞ്ഞതെത്രയോ തുച്ഛം. പറയാനിനിയെത്രയോ ബാക്കി)

ഈ സമൂഹത്തെ സദാചാരം പഠിപ്പിയ്ക്കുക എന്റെ ഉദ്ദേശ്യമേ അല്ല. ചതിയാകാം. പക്ഷേ ചതിയില്‍ വഞ്ചന പാടില്ല. അതൊന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമാണ് എന്റെ ലക്ഷ്യം.

ഈ സല്‍ഗുണ സമ്പന്നയായ പേര്‍ഷ്യക്കാരിയും അവളുടെ നല്ലവനായ കാമുകനും പരസ്പരം അങ്ങേയറ്റം വിശ്വസിയ്ക്കുന്നുണ്ട്. ആരും കാണാതെ ആരോരും അറിയാതെ നടമാടിയിരുന്ന ഇവരുടെ നിര്‍മ്മലമായ ബന്ധം പുറത്തായതിലൂടെ പോറലേറ്റിരിയ്ക്കുന്നത് അവരുടെ പരസ്പര വിശ്വാസത്തിനാണ്. ഇത് പുറത്താക്കിയത് ആ കാമുകനാണെങ്കില്‍ പരിശുദ്ധയായ ഭാര്യയോട് വഞ്ചകനായ കാമുകന്‍ കാട്ടിയ നെറികേട് ഒരിയ്ക്കലും ന്യായീകരിയ്ക്കാന്‍ കഴിയില്ല. ആരോടും ഒന്നും പറയില്ലാ എന്ന് പറഞ്ഞിട്ട് എല്ലാം റിക്കോര്‍ഡ് ചെയ്ത് മറ്റുള്ളവരെ കേള്‍പ്പിക്കുന്നത് കൊടും വഞ്ചനയല്ലേ...കൂട്ടരെ നിങ്ങള്‍ പറയൂ അവള്‍ അവളുടെ ഭര്‍ത്താവിനെ ചതിച്ചു എന്ന് കരുതി കാമുകന്‍ അവളെ വഞ്ചിയ്ക്കാന്‍ പാടുണ്ടായിരുന്നുവോ? ലോകം ആകെ നെറികെട്ടു പോയിരിയ്ക്കുന്നു - അല്ലേ?

ഭര്‍ത്താവുള്ള സ്ത്രീയുടേയും ഭാര്യയുള്ള പുരുഷന്റേയും ശുദ്ധമായ അവിഹിത ബന്ധം ഒരിയ്ക്കലും പുറത്താകാതെ അതീവ രഹസ്യമാക്കി വെയ്ക്കേണ്ടുന്ന ഒന്നാണ്. പനിനീര്‍ പൂവിന്റെ പരിശുദ്ധിയുള്ള ആ ബന്ധങ്ങള്‍ക്കിടയിലുള്ള രഹസ്യങ്ങള്‍ പുറത്താകുന്നതിനുമപ്പുറം സദാചാര വിരുദ്ധമായ മറ്റെന്തുണ്ട് ലോകത്ത്. തുല്യതയില്ലാത്ത ഒരു ദുരന്തമെന്നല്ലാതെ ഈ ബ്ലൂടൂത്ത് പ്രചാരണത്തെ എന്ത് വിളിയ്ക്കാന്‍?

ഇന്നി ഒളിക്യാമറകള്‍ എവിടെയൊക്കെ കടന്ന് വരാം? കുളിമുറികളില്‍...കിടപ്പറകളില്‍....ഈശ്വരാ അതൊക്കെ ഇന്നി എവിടുന്ന് തപ്പിയെടുത്തൊന്ന് കാണും? വിവര സാങ്കേതിക വിദ്യ ഇത്രയും എത്തിയ സ്ഥിതിയ്ക്ക് അതൊക്കെ എവിടുന്നെങ്കിലും കിട്ടുമായിരിയ്ക്കും!

എന്റെ ഒരു സഹബ്ലോഗറോട് ഞാനാ‍ ഭര്‍ത്തൃമതിയെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം നെഞ്ചത്തടിച്ച് നിലവിളിച്ചു. ആ ക്ലിപ്പിങ്ങ് എങ്ങിനെയെങ്കിലും തരപ്പെടുത്തി തരണം എന്ന് പറയുമ്പോള്‍ അദ്ദേഹം വിതുമ്പുന്നുണ്ടായിരുന്നു. ആ പാവം ഭാര്യയുടെ സംഭാഷണം കേള്‍ക്കാനുള്ള അദ്ദേഹത്തിന്റെ ആവേശം എന്നെ വീണ്ടും വിഷമത്തിലാക്കി. എന്റെ മൊബൈലില്‍ സംരക്ഷിച്ചിരിയ്ക്കുന്ന ആ അപൂര്‍വ്വ ക്ലിപ്പിങ്ങ് ഞാന്‍ അദ്ദേഹത്തിനും ബ്ലൂടൂത്ത് വഴി പകര്‍ന്ന് നല്‍കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നന്ദി പൂര്‍വ്വം തിളങ്ങി.

കമിതാക്കളുടെ ഫോണ്‍ സംഭാഷണം ഇത്തിരി എരിവും പുളിയുമൊക്കെയുള്ളതാകുന്നതില്‍ എന്ത് തെറ്റാണുള്ളത്? അത് എന്തിനാ മറ്റുള്ളവര്‍ ആസ്വാദിയ്ക്കുന്നത്? ഇവരുടെയൊക്കെ ബന്ധുക്കളോ മറ്റോ ഇക്കിളി പറഞ്ഞാല്‍ സദാചാരം പ്രസംഗിയ്ക്കും. അവരെ ഓടിച്ചിട്ടടിയ്ക്കും. പിഴച്ചവര്‍ എന്ന് മുദ്രകുത്തും. എന്തിനാ അവരെ അങ്ങിനെ ബുദ്ധിമുട്ടിയ്ക്കുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ അവര്‍ ജീവിയ്ക്കട്ടെ. ക്ലിപ്പിങ്ങുകളായി വരുമ്പോള്‍ ബ്ലൂടൂത്ത് വഴി നമ്മുക്കും അത് കേട്ട് ആസ്വാദിയ്ക്കാമല്ലോ. ഇപ്പോ ഇവര്‍ ഇങ്ങിനെ സദാചാരം പ്രസംഗിച്ചാല്‍ നാളെ ക്ലിപ്പിങ്ങുകള്‍ കിട്ടാതെ വരുമോ എന്നാണ് എന്റെ പേടി.

കുടുംബം, കുട്ടികള്‍, ബന്ധുക്കള്‍, ശത്രുക്കള്‍, അയല്‍ക്കാര്‍ എന്നു വേണ്ട ‍എല്ലാ തൊന്തരവുകളും ഉള്ളവരാണ് ഈ കമിതാക്കള്‍. ഈ പരിപാവനമായ സംഭാഷണ ശകലങ്ങള്‍ അവരുടെ ഭാര്യ/ഭര്‍ത്താവ്/കുട്ടികള്‍/ശത്രുക്കള്‍/അയല്‍ക്കാര്‍ ഒക്കെ ശ്രവിച്ചാല്‍ പിന്നീട് എന്താണുണ്ടാവുക? എന്റെ സ്വസ്തത നശിച്ചത് അതോര്‍ത്തിട്ടാണ്.

ഇപ്പോള്‍ തന്നെ ആ ഭാര്യയും കാമുകനും എന്ത് മാത്രം വിഷമിയ്ക്കുന്നുണ്ടാകും. ഗള്‍ഫിലുള്ള ആ കിഴങ്ങന്‍ ഭര്‍ത്താവ് ഇതറിഞ്ഞിട്ട് പാ‍ഞ്ഞ് വന്നു ആ പാവം ഭാര്യയെ നുള്ളിയിട്ട് പോകില്ലേ? ആ കാലമാടന്‍ ഗള്‍ഫില്‍ കിടന്നങ്ങ് തുലഞ്ഞാലും മതിയായിരുന്നു. പരിപാവനമായ ഈ അവിഹിത ബന്ധം ഇങ്ങിനെ തുടരുന്നതില്‍ ആ ബ്ലൂ‍ടൂത്ത് ഒരു പാരയായതില്‍ ഞാന്‍ അതീവ ദുഃഖിതനാണ് കൂട്ടരേ...ദുഃഖിതനാണ്.

ഞാന്‍ ഇന്നലെ മുതല്‍ ആ സ്ത്രീയെ കുറിച്ച് ആലോചിയ്ക്കുകയായിരുന്നു. അവര്‍ക്ക് ഈ അന്യപുരുഷനുമായുള്ള ബന്ധം ആവശ്യമായിരുന്നു. ഉണ്ണാനും ഉടുക്കാനും ഉള്ളത് ഭര്‍ത്താവായ കിഴങ്ങന്‍ ഗള്‍ഫില്‍ കിടന്ന് വിയര്‍ത്തെങ്കിലേ ഉണ്ടാവുള്ളൂ എന്നത് വാസ്തവം. പക്ഷേ ഉണ്ണലും ഉടുക്കലും ഉറങ്ങലും മാത്രമല്ലല്ലോ ജീവിതം. ആ തൊണ്ടന്‍ ഭര്‍ത്താവിന് ഒരു പകരക്കാരന്‍ തന്നെയായിരുന്നു ഈ പാവം കാമുകന്‍. ഭാര്യയ്ക്ക് നാട്ടില്‍ എന്തിനും ഒരു തുണതന്നെയായിരുന്നു ആ കാമുകന്‍..കഷ്ടം.അദ്ദേഹം എന്ത് മാത്രം സഹായിച്ചു ആ ഭാര്യയെ. എന്നിട്ടും ഇപ്പോള്‍....

എല്ലാം രഹസ്യമായിരിയ്ക്കണം എന്ന് ആ പാവം സ്തീ അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ദൈവത്തെ പിടിച്ച് ആണയിടീപ്പിച്ചിട്ടാണ് ഇതൊക്കെ ആ കൊച്ചുകള്ളനെ കൊണ്ട് ചെയ്യിച്ചത്. നമ്മുടെ ലോകം എത്ര ഇടുങ്ങിയതാണ്. ദൈവത്തെ കൊണ്ട് സത്യം ചെയ്യിച്ചിട്ട് പോലും ഇവരുടെ സംഭാഷണം എങ്ങിനെ പുറത്ത് വന്നു. തികച്ചും സ്വകാര്യമാക്കി വെയ്ക്കേണ്ടുന്നതല്ലേ അവിഹിത ബന്ധങ്ങള്‍... എന്നാലല്ലേ അതിന്റെ പവിത്രത കാത്ത് സുക്ഷിക്കാന്‍ കഴിയുള്ളൂ... ലോകം എപ്പോഴും അങ്ങിനെ തന്നെയാണ് വേണ്ടത്. സ്ത്രീ എപ്പോഴും ന്യായീകരിയ്ക്കപ്പെടണം. പുരുഷന്‍ ഗള്‍ഫിലുള്ള സ്ത്രീയാണെങ്കില്‍ നാട്ടില്‍ അന്തിക്കൂട്ടിന് ആരെങ്കിലും വേണ്ടേ? അതൊരു ചതിയാണോ? സ്ത്രീ എന്തൊക്കെ സഹിയ്ക്കണം?

ഇവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആ ഭാര്യയെ അല്ലേ കുറ്റം പറയുക. പരിശുദ്ധയായ ആ സ്തീ ഭര്‍ത്താവിനെ ഒന്ന് ചതിച്ചെന്ന് കരുതി അവരെ അങ്ങിനെ ക്രൂശിയ്ക്കാന്‍ പാടുണ്ടോ?

കര്യമിതെന്തുമാട്ടെ. ഇവിടുത്തെ പ്രശ്നം പരന്ന് പിടിയ്ക്കുന്ന രോഗമാണ്. ആ ഭീകര രോഗവും കൂടി പരിപാവനമായ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആ ഭാര്യയ്ക്ക് വന്നാലുള്ള സ്ഥിതി ഓര്‍ത്തിട്ട് എനിയ്ക്ക് കരച്ചിലടക്കന്‍ കഴിയുന്നില്ല.

കൂട്ടരെ...ഇത് സദാചാരവിരുദ്ധമല്ലേ?

ഇതൊക്കെ ഓര്‍ത്തിട്ട് എനിയ്ക്കൊറ്റ കാര്യമേ അറിയേണ്ടതായിട്ടുള്ളൂ...

ചതിയില്‍ വഞ്ചന പാടുണ്ടോ?

9 comments:

അഞ്ചല്‍ക്കാരന്‍. said...

ഭര്‍ത്താവിനെ ചതിച്ച് കാമുകനുമായി കൊഞ്ചുന്നത് ഒരു തെറ്റാണോ?

കരീം മാഷ്‌ said...

ക്ഷണികനേര പ്രതികരണം.
നന്നായി.
എനിക്കും തോന്നി.
അവിടെ പറഞ്ഞില്ലന്നു മാത്രം.
നാം എവിടെയെത്തി നിൽക്കുന്നു?
ഷേം....

mmrwrites said...

മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റുകള്‍ പറഞ്ഞുനടക്കുന്നതു കുറ്റം പറച്ചില്‍, ചെയ്യാത്തതു പറഞ്ഞുനടക്കുന്നതു അപവാദം പറച്ചില്‍.. രണ്ടും അല്ലാഹുവിനിഷ്ടപ്പെടാത്തത്.. ഒരു സ്ത്രീയും പുരുഷ്നും ഒരുമിച്ചു ശയിക്കുന്നതു കണ്ടാല്‍ പോലും സംശയിക്കരുതെന്നു പറഞ്ഞുതന്ന പ്രവാചകന്റെ അനുയായികള്‍.. ഒരുബ്ലൂടൂത്തെന്നും പറഞ്ഞ് ഇത്തരം കാര്യങ്ങള്‍ പരത്തരുത്.. അവരെ അവരുടെ പാട്ടിനു വിടു..

vahab said...

ഇതേക്കുറിച്ച്‌ മൈന ഒരു മുന്‍പോസ്‌റ്റില്‍ എഴുതിയിരിക്കുന്നു. ആവര്‍ത്തനം ശ്രദ്ധിക്കുമല്ലോ.

അനില്‍@ബ്ലോഗ് said...

കൊള്ളാം, മൈന വിജയിച്ചിരിക്കുന്നു.ചര്‍ച്ചകള്‍ പോകുന്ന പോക്കെ!
നടക്കട്ടെ...
പിന്നെ എഴുതുന്നതു സ്ത്രീയായാല്‍ ന്യായീകരിക്കാന്‍ നൂറുപേരു കാണും. ബ്ലൊഗ്ഗിലെ പൂച്ചക്കുട്ടിയെ ചിത്രകാരന്‍ നമുക്കു പരിചയപ്പെടുത്തിയിരുന്നല്ലൊ .ഒരു പുരുഷന്‍ തന്റെ ബ്ലൊഗ്ഗില്‍ കുറെ അനുഭവ കഥകള്‍ എഴുതിയാല്‍ ജനം അതിനെ എന്തു പേരിട്ടു വിളിക്കും?

Don(ഡോണ്‍) said...

ഈ ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടേണ്ട. കാരണം അത് വ്യാജമാണ്.ഇതിന്റെ കൂടെ പ്രചരിച്ച മറ്റു ക്ലിപ്പുകള്‍ കേട്ടാല്‍ സംഗതി മനസിലാകും.

എന്നാലും 'ചതിയില്‍ വഞ്ചന പാടില്ലായിരുന്നു'.
അതിന്റെ സംഭാഷണം എഴുതിയവന് കുറെ മിസ്റ്റേക്ക് പറ്റിയിട്ടുണ്ട് .ആകെ മൊത്തം പരസ്പരവിരുദ്ധത.ഏതായാലും അതിന്റെ പിന്നിലുള്ള കമ്പ്യൂട്ടര്‍ വിദ്ധക്തനെ സമ്മതിക്കണം .
എന്നാലും 'ചതിയില്‍ വഞ്ചന പാടില്ലായിരുന്നു'കഷ്ടപ്പെട്ട് ഡൌണ്‍ലോഡ് ചെയ്ത് വ്യാജന്‍ കേല്‍ക്കേണ്ടിവരുന്നവരുടെ വേദന ആരറിയാന്‍.

മാണിക്യം said...

ഇത്തിരി കുളിര് ഇത്തിരി ഇക്കിളി
കേട്ടവര്‍‌ കേട്ടവര്‍‌ അവിടെ നില്‍ക്കും.
എന്നിട്ട് മുഴുവനും കേട്ടിട്ട് ശ്‌ഛേയ് !!
മ്ലേഛം എന്നു ഒരു പറച്ചിലും..

നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍
“മുയല്‍ തീട്ടം തിന്നും പൊലേ”
മുയുമനും മിണുങ്ങും പിന്നാ
അല്ല.. ഞാന്‍ കെട്ടില്ലല്ലോ
അഞ്ചല്‍ക്കാരാ.............

നീര്‍ക്കോലി said...

അഞ്ചല്‍ സര്‍
വഹാബ് പറഞ്ഞത് കേട്ടില്യോ
ഇങ്ങള് മെനക്കെട്ടത് വെറുതായി ;)
ഇനി മുതല്‍ കൊട്ടലുകള്‍ കൊട്ട്‍ എന്ന ലേബലില്‍ തന്നെ പോസ്റ്റണം കെട്ടാ :)

ചിത്രകാരന്‍chithrakaran said...

ചതിയില്‍ വഞ്ചന പാടില്ലെന്ന സദാചാര സന്ദേശത്തിന്റെ ശരിയായ പൊരുള്‍ ഭംഗിയായി വിവരിച്ചിരിക്കുന്നു.
ബ്ലു ടൂത്തുകള്‍ നമ്മുടെ സമൂഹത്തെ ശുദ്ധീകരിക്കട്ടെ.