Tuesday, July 22, 2008

മന്‍‌മോഹന്‍ സിങ്ങിനെ ബീ.ജെ.പി. താങ്ങി നിര്‍ത്തും!

ആരാണ് കൊടിയ ശത്രുക്കള്‍?

കോണ്‍ഗ്രസും ബീജേപിയും? അല്ല. രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍. ബീജേപിയുടെ അജണ്ഡയായിരുന്നു ആണവകരാര്‍. ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരം ആണവോര്‍ജ്ജം മാത്രമാണെന്ന വെളിപാട് ആദ്യമായുണ്ടായത് ഭാരതീയ ജനതാപാര്‍ട്ടിയ്ക്കായിരുന്നു താനും. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാതെ ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പിന്റെ ഇഷ്ടക്കാരാ‍കാന്‍ അമേരിയ്ക്കയുമായുള്ള ബാന്ധവം എന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത് കോണ്‍ഗ്രസ് സര്‍ക്കാറല്ല. മുന്‍ ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാറാണ്. ബീ.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും സാമ്പത്തിക വിദേശ നയങ്ങള്‍ എപ്പോഴും പരസ്പരപൂരകങ്ങളും ആണ്. സാമ്രാജ്യത്വത്തോടുള്ള ഇരു പാര്‍ട്ടികളുടെ സമീപനവും ഒന്ന് തന്നെ - കയ്യൂക്കുള്ളവനെ കാര്യക്കാരനായി അങ്ങ് വക വെച്ച് കൊടുക്കുക!

കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ബീ.ജേ.പി അല്ല എന്നതു പോലെ തന്നെ ബീ.ജേ.പിയുടെ മുഖ്യ എതിരാളി കോണ്‍ഗ്രസും അല്ല.

കോണ്‍ഗ്രസിന്റെ എക്കാലത്തേയും കൊടിയ ശത്രു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇടതു പക്ഷവും ആണ്. ഭാരതത്തിലെ മൂന്നേ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം വേരോട്ടമുള്ള ഇടതു ചേരി ഈ മൂന്നടത്തും നേരിടുന്നതും കോണ്‍ഗ്രസിനേയാണ്. തങ്ങളുടെ ആജന്മ ശത്രുവിനോട് ചേര്‍ന്ന് മറ്റൊരു ശത്രുവിനെ എതിര്‍ക്കാന്‍ വേണ്ടിയായിരുന്നു പോയ നാലുവര്‍ഷം ഇടത് ചേരി കോണ്‍ഗ്രസിന്റെ മൂട് താങ്ങിയത്. അതായത് ബീ.ജേ.പിയുടേയും കോണ്‍ഗ്രസിന്റേയും പൊതു ശത്രുവാണ് ഇടത് പക്ഷം എന്ന് ചുരുക്കം.

ഇടത് ചേരിയ്ക്ക് നേരിട്ട് ഭാരതീയ ജനതാപാര്‍ട്ടി ഒരിടത്തും ബദലാകുന്നില്ല. അതുകൊണ്ട് തന്നെ ഇടത് ചേരിയും ഭാരതീയ ജനതാപാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒന്നുകില്‍ കയ്യാങ്കളിയിലോ അല്ലെങ്കില്‍ പരസ്പരം ചെളിവാരിയെറിയലിലോ അവസാനിയ്ക്കും. ഇവര്‍ക്ക് പരസ്പരം ബഹുമാനമോ ഭയമോ ഉണ്ടാകേണ്ടുന്ന കാര്യവുമില്ല. കാര്യങ്ങള്‍ അങ്ങിനെ പോകവേയാണ് ഇടത് ചേരി മന്മോഹന്‍ സാറിന്റെ പാലം വലിയ്ക്കുന്നതും അവിശ്വാസം കടന്നു വരുന്നതും. അവിടെയാണ് എല്ലാം കുഴഞ്ഞത്. മുലായം സിങ്ങ് ഒരു ചത്ത കുതിരയാണെന്ന് മറ്റാരേക്കാളും അറിയാവുന്നത് അഡ്വനിജീയ്ക്കാണ്. മുലായവും ഇടതുചേരിയും കൂടി സര്‍ക്കാറിനെ മറിയ്ക്കുമെന്നും നനഞ്ഞ പൂച്ചയേ പോലെ തങ്ങള്‍ക്ക് അധികാരത്തില്‍ കടന്നിരിയ്ക്കാമെന്നുമുള്ള ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്വപ്നം തകര്‍ന്നത് മായാവതി കളത്തില്‍ ഇറങ്ങി കളി തുടങ്ങിയപ്പോഴാണ്.

മൂന്ന് സംസ്ഥാനങ്ങളിലെ മൊത്തം എം.പി മാരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയോളം വരുന്ന ഉത്തര്‍പ്രദേശും കൂടി ഇടത്തോട്ട് പോയാല്‍ ഭാരതീയ ജനതാപാര്‍ട്ടി കുഴപ്പത്തിലാകും. മായാവതി ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ കണ്‍കണ്ട ദൈവവും. രാമനെ തങ്ങള്‍ ഉപേക്ഷിച്ചതോടെ ഉത്തര്‍ പ്രദേശിലെ രാമഭക്തന്മാരും സവര്‍ണ്ണരും തങ്ങളെ കൈയൊഴിഞ്ഞ നിലയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മായാവതി ഉത്തര്‍പ്രദേശ് കീഴടക്കുകയും ഇടതു പക്ഷം സ്ഥിരനിക്ഷേപവുമായി മായാവതിയുമായി ചേരുകയും തെലുങ്കും തമിഴും ഭരണ കക്ഷിയോടുള്ള വിയോജിപ്പ് പ്രകടിപ്പിയ്ക്കാന്‍ ചന്ദ്രബാബു നായിഡുവിനേയും ജയലളിതയേയും പിന്തുണയ്ക്കുകയും ചെയ്താല്‍ എല്ലാവരും കൂടി ഭരിയ്ക്കും. വരുന്നൊരഞ്ച് വര്‍ഷം അങ്ങിനെയങ്ങ് കൈവിട്ട് കളയാന്‍ അഡ്വാനിയ്ക്കാകുമോ?

അവിടെയാണ് ഇന്ന് ആറുമണിയ്ക്ക് അത്ഭുതം സംഭവിയ്ക്കാന്‍ പോകുന്നത്. അത്ഭുങ്ങള്‍ സംഭവിയ്ക്കുമെന്ന് വയലാര്‍ രവി മൂന്ന് ദിനം മുന്നേ പറഞ്ഞത് വെറുതേയല്ല. മായാവതിയ്ക്ക് ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ കിട്ടുന്ന അമിത പ്രാധാന്യം ഭാരതീയ ജനതാപാര്‍ട്ടിയെ ഒട്ടൊന്നുമല്ല ബേജാറിലാക്കുന്നത്. ഭാരതത്തിലെ ഏറ്റവും കൊടിയ രാഷ്ട്രീയ ശത്രുത ഭാരതീയ ജനതാപാര്‍ട്ടിയും ഇടതു ചേരിയും തമ്മിലാണ്. അതിന്റെ കൂട്ടത്തില്‍ മായാവതിയും ജയലളിതയും ചന്ദ്രബാബു നായിഡുവും കൂടി ചേര്‍ന്ന് വരുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തെ അതിജീവിയ്ക്കുന്നതിലും എളുപ്പം കോണ്‍ഗ്രസിനെ മറികടക്കുന്നതാണ് എന്ന് ഭാരതീയ ജനതാപാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. വിശ്വാസ പ്രമേയം വോട്ടിനിടുമ്പോള്‍ അത് പരാജയപ്പെട്ടാല്‍ വിജയിയ്ക്കുന്നത് ഇടതുപക്ഷമല്ല. മായാവതിയാണ്. പിന്നെ കാണുക മായാവതിയുടെ ജൈത്രയാത്രയായിരിയ്ക്കും. ആ സാഹചര്യത്തിലേക്ക് ഭാരത രാഷ്ട്രീയത്തെ കൊണ്ട് പോകാന്‍ ഭാരതീയ ജനതാപാര്‍ട്ടി ഒരിയ്ക്കലും ശ്രമിയ്ക്കില്ല.

ഇടതുപക്ഷവും മായാവതിയും ജയിയ്ക്കുന്നതിനേ തടയാന്‍ ഭാരതീയ ജനതാപാര്‍ട്ടിയ്ക്ക് സര്‍ക്കാറിനനുകൂലമായി നേരിട്ട് വോട്ട് കുത്താനും കഴിയില്ല. അതുകൊണ്ട് തന്നെ ബീജേപിയുടെ മൌനാനുവാദത്തോടെ തങ്ങളുടെ ചേരിയില്‍ നിന്നും വോട്ട് ചോര്‍ന്ന് പോകാന്‍ ദേശീയ ജനാധിപത്യ സഖ്യം അനുവദിയ്ക്കും. അങ്ങിനെ സര്‍ക്കാറിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നു എന്ന് വരുത്തി, തങ്ങളൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന നിലയില്‍ മന്‍‌മോഹന്‍ സിങ്ങിനെ ഭരണത്തില്‍ തൂങ്ങി നില്‍ക്കാനുള്ള സംവീധാനം ലാല്‍ കൃഷ്ണ അഡ്വാനി എപ്പോഴേ ഉറപ്പിച്ചിട്ടുണ്ടാകും?

ഇന്ന് മന്‍‌മോഹന്‍ സിങ്ങ് വിശ്വാസ വോട്ട് നേടും. പക്ഷേ അത് മുഖ്യ പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെയായിരിയ്ക്കും എന്നതില്‍ സംശയമൊന്നും വേണ്ട. അതിന് കാരണമാവുക ഇടതുപക്ഷവും മായവതിയും ഭാരതീയ ജനതാപാര്‍ട്ടിയും തമ്മിലുള്ള വൈരം മാത്രവുമല്ല. അമേരിയ്ക്കക്ക് ഭാരതീയ ജനതാപാര്‍ട്ടിയും കോണ്‍ഗ്രസും ഒരു പോലെയും ഇടതുപക്ഷം അല്‍ഖായിദയ്ക്ക് തുല്യവുമാണ്.

അങ്ങിനെയങ്ങിനെ അമേരിയ്ക്കയ്ക്ക് വേണ്ടി കോണ്‍ഗ്രസും ബീജേപിയും ഒന്നിച്ച് കളിച്ച് അമേരിയ്ക്കയുടെ ഭാരതത്തിലെ വൈസ്രോയിയായ മന്മോഹന്‍ സിങ്ങിനെ അധികാരത്തില്‍ ഉറപ്പിയ്ക്കും.

9 comments:

അഞ്ചല്‍ക്കാരന്‍ said...

മന്മൊഹന്‍ സിങ്ങിനെ ബീ.ജെ.പി രക്ഷിയ്ക്കും.

Anonymous said...

കുതിരക്കച്ചവടത്തിന് തെളിവായി നോട്ടുകെട്ടുകള്‍ പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാരിനെ അനുകൂലിക്കാന്‍ പണം നല്‍കിയെന്നാരോപച്ച് ബിജെപി അംഗം അശോക് അഗര്‍വാള്‍ നോട്ട് കെട്ടുകളുമായി സഭയിലെത്തി. സിപിഐ എം നേതാവ് ബസുദേവ് ആചാര്യ സംസാരിച്ചുകൊണ്ടിരിക്കെയാണ് ബിജെപി അംഗങ്ങള്‍ നോട്ട്കെട്ടുമായി സഭയിലെത്തിയത്. മധ്യപ്രദേശിലെ മൂന്ന് അംഗങ്ങളെ പണംകൊടുത്ത് സ്വാധീനിക്കാന്‍ സമാജ്വാദി പാര്‍ട്ടി ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. ഇവര്‍ക്ക് മൂന്നുകോടി രൂപവീതം നല്‍കി സ്വാധീനിക്കുന്നതിന്റെ വിഡിയോ ചിത്രം ഒരു സ്വകാര്യ ചാനല്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇതിന്റെ രേഖകള്‍ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. ഇതിനെതുടര്‍ന്നുണ്ടായ ബഹളത്തെതുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നോട്ടുകെട്ടുകളുമായി അംഗങ്ങള്‍ സഭയിലെത്തുന്നത്. നോട്ടുകെട്ടുകള്‍ ലോക്സഭ സെക്രട്ടറി ഏറ്റുവാങ്ങി.

Unknown said...

അങ്ങനേലും ആണവകരാറ് നടപ്പാക്കട്ടെ

ഹരിയണ്ണന്‍@Hariyannan said...

അഞ്ചല്‍ക്കാരാ..

രാഷ്ട്രീയത്തിന്റെ വര്‍ണക്കണ്ണടയൂരിവച്ചിട്ട് ആത്മാര്‍ത്ഥമായിപ്പറയൂ...

മായാവതി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ?

അവര്‍ മറ്റൊരു ദേവഗൌഡ മാത്രമല്ലേ?

എന്റെ ചോദ്യം കണ്ണടവക്കാതെയാണ്..

അഞ്ചല്‍ക്കാരന്‍ said...

ഹരിയണ്ണാ,
ദേവഗൌഡ ഭാരതത്തിന്റെ പ്രധാനമന്ത്രിയാകണം എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല.

ചന്ദ്രശേഖര്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയാകും എന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ല.

ആളില്ലാപാര്‍ട്ടിയിലെ ഗുജ്‌റാള്‍ പ്രധാനമന്ത്രിയാകും എന്ന് നാം കരുതിയില്ല.

ധനകാര്യമന്ത്രിയായിരുന്ന് ഭാരതത്തിന്റെ ഭൂരിപക്ഷ ദരിദ്രവാസികളുടെ നട്ടെല്ലൊടിച്ച ഇന്നേവരെ ഒരു തിരഞ്ഞെടുപ്പിനേയും അഭിമുഖീകരിച്ചിട്ടില്ലാത്ത മന്‍‌മോഹന്‍ സിങ്ങ് ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുന്നത് കണ്ടതും വേദനയോടെയാണ്.

കള്ളന്മാരും കരിഞ്ചന്തക്കാരും വാക്കിന് നെറിയില്ലാത്ത നപുംസകങ്ങളും ജനാധിപത്യമറിയാത്ത തൊണ്ടന്മാരും പ്രധാനമന്ത്രിയായിടത്ത് മായാവതിയ്ക്കും ജയലളിതയ്ക്കും കുഞ്ഞാലികുട്ടിയ്ക്കും എന്തിനേറെ നീലലോഹിത ദാസന്‍ നാടാര്‍ക്കും വരെ പ്രധാനമന്ത്രിയാകാം. വേണമെങ്കില്‍ രാഷ്ട്രപതിയുമാകാം.

ഭാരത ജനാധിപത്യം ഇപ്പോക്ക് പോയാല്‍ നാളെ ഇത്തിരിപണവും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കൂട്ടും ഉണ്ടെങ്കില്‍ ഒരു ചെറ്റയ്ക്കും പ്രധാനമന്ത്രി കസേര അന്യമല്ല.

Anonymous said...

നമ്മുടെ നാടു പോലെ ഒരു നാടുമില്ലാന്നു തോന്നും ചില ദിവസം...നല്ലതു കൊണ്ടും ചീത്ത കൊണ്ടും...

ലോകാ സമസ്താ...

തകര്‍പ്പന്‍ said...

വളരെ ശരി.

മന്‍മോഹന്‍സിംഗിനു കിട്ടിയ പത്തൊമ്പതു വോട്ടിന്റെ ഭൂരിപക്ഷം മുന്‍പറഞ്ഞതിനെ ശരിവയ്ക്കുന്നുണ്ട്.

ഇനിയെന്ത് എന്നതാണ് അടുത്തചോദ്യം.

തകര്‍പ്പന്‍ said...

മറ്റൊന്നുകൂടി,

മറുപടിയിലെ 'ചെറ്റ' എന്ന പദം പിന്‍വലിക്കണം. ചരിത്രത്തില്‍ ബഹുഭൂരിപക്ഷംവരുന്ന കൊടിയ സഹനങ്ങളനുഭവിച്ച കീഴാളസമൂഹത്തിനുനേരേയുള്ള ഒരു വരേണ്യവര്‍ഗ്ഗമനോഭാവത്തില്‍നിന്നാണ് ഈ തെറിവാക്ക് രൂപപ്പെട്ടത്.

യഥാര്‍ത്ഥത്തിലൊരു ചെറ്റ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോകുന്നു.

ഹരിയണ്ണന്‍@Hariyannan said...

അഞ്ചത്സ്..

അതേ.. അപ്പറഞ്ഞതുതന്നെ!

ഇലക്ഷനുമുന്‍പ് കയ്യൂക്ക്..
ശേഷം കാശ്...
രണ്ടുമുള്ളവന്‍ കാര്യക്കാരന്‍!

@തകര്‍പ്പന്‍..
“ചരിത്രത്തില്‍ ബഹുഭൂരിപക്ഷംവരുന്ന കൊടിയ സഹനങ്ങളനുഭവിച്ച കീഴാളസമൂഹത്തിനുനേരേയുള്ള ഒരു വരേണ്യവര്‍ഗ്ഗമനോഭാവത്തില്‍നിന്നാണ് ഈ തെറിവാക്ക് രൂപപ്പെട്ടത്.“
എന്തിനിങ്ങനെ വാക്കുകളെ വളച്ചൊടിക്കുന്നു?
“ചെറ്റത്തരങ്ങള്‍” ആരുകാണിച്ചാലും അവന്‍ “ചെറ്റ”തന്നെ!
അതിനും നിറം കൊടുത്ത് കീഴാളന്‍ മേലാളന്‍ എന്നൊക്കെ തിരിക്കണോ?