Thursday, August 14, 2008

ഏഷ്യാനെറ്റിന്റെ അര്‍ദ്ധരാത്രിയിലെ കൂരിരിട്ട്!

അഭിനവ് ബിന്ദ്ര ഭാരതത്തിന്റെ അഭിമാനങ്ങളില്‍ ഒരാളാണ്. എന്നാല്‍ ഭാരതത്തിന്റെ കായിക ചരിത്രം അഭിനവ് ബിന്ദ്രയിലേയ്ക്ക് ചുരുക്കുന്നതും തെറ്റാണ്. അദ്ദേഹത്തിന്റെ നേട്ടത്തില്‍ ദേശം ഒന്നടങ്കം സന്തോഷിയ്ക്കുന്നു. അതു വേണ്ടതും ആണ്. പക്ഷേ ഒളിമ്പിക്സിലെ സുവര്‍ണ്ണ നേട്ടത്തിന് ശേഷം ഭാരതത്തിലേയ്ക്ക് തിരിച്ചെത്തിയ അഭിനവ് ബിന്ദ്രയ്ക്ക് വിമാനത്താവളത്തില്‍ കൊടുത്ത സ്വീകരണം തത്സമയം റിപ്പോര്‍ട്ടാക്കി ഇന്നലെ ഏഷ്യനെറ്റില്‍ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍ ആയി കാട്ടിയ ആഭാസം ഒരു നിലയ്ക്കും അംഗീകരിയ്ക്കാന്‍ കഴിയുന്നില്ല.

ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ ആ സംഭവത്തിന്റെ ആവേശത്തിലേയ്ക്ക് ഇറങ്ങി ചെല്ലുന്നതിനെ കുറ്റം പറയുന്നില്ല. പക്ഷേ ഇന്നലെ അഭിനവ് ബിന്ദ്രയ്ക്ക് വിമാനത്താവളത്തില്‍ നല്‍കപ്പെട്ട സ്വീകരണം റിപ്പോര്‍ട്ട് ചെയ്ത ചങ്ങാതി ആവേശത്തോടേ വിളിച്ചു കൂവിയ ചളിപ്പുകള്‍ക്ക് ഒരു കണക്കുമുണ്ടായിരുന്നില്ല. മിമിക്രിക്കാരുടെ സ്ഥിരം പല്ലവിയായ അര്‍ദ്ധരാത്രിയിലെ കൂരിരിട്ട് മുതല്‍ ഈ രാത്രിയുടെ അനന്തമായ ഇരുട്ട് എന്നുവരെ ആവേശത്തില്‍ അതിയാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഈ അര്‍ദ്ധരാത്രിയുടെ കൂരിരിട്ടിലും അഭിനവ് ബിന്ദ്രയെ ഒരു നോക്കു കാണാനായി അനന്തമായി തടിച്ചു കൂടിയിരിയ്ക്കുന്ന ജന സാഗരത്തിന്റെ ആവേശം അലകടലായി ആര്‍ത്തിരമ്പുന്ന ആവേശ്വാജ്ജ്വലമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിയ്ക്കുന്നത്....(തുടങ്ങിയിട്ടേ ഉള്ളൂ)

ഭാരതത്തില്‍ നിന്നും ചൈനയ്ക്കേറ്റ അതി ഭയാനകമായ പ്രഹരത്തില്‍ നിന്നും ചൈന ഇന്നിയും മുക്തി നേടിയിട്ടില്ല. ചൈനയുടെ സുവര്‍ണ്ണ താരത്തിനേറ്റ പരാജയം ഇപ്പോഴും ചൈനയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. (ഈ ഭയാനകമായ പരാജയത്തില്‍ നിന്നും മുക്തി നേടാനാകാതെ ഒളിമ്പിക്സ് തന്നെ ചൈന നിര്‍ത്തി വെയ്ക്കാന്‍ ആലോചിയ്ക്കുന്നു എന്നു കൂടി പറയാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം.)

ലോകത്തിന്റെ നെറുകയിലേയ്ക്ക് ഭാരതത്തെ കൊണ്ടെത്തിച്ച വിജയമാണ് അഭിനവ് ബിന്ദ്ര നേടിയിരിയ്ക്കുന്നത് (പത്ത് മീറ്റര്‍ എയര്‍ റൈഫിളിലെ വിജയിയെ നിര്‍ണ്ണയിയ്ക്കാനാണ് നലുവര്‍ഷത്തില്‍ ഒരിയ്ക്കല്‍ ഒളിമ്പിക്സ് നടത്തുന്നത്!).

നൂറ്റി എട്ട് വര്‍ഷത്തെ ഒളിമ്പിക്സ് ചരിത്രത്തിനിടയ്ക്ക് ഭാരതത്തിലേയ്ക്ക് ആദ്യമായി സ്വര്‍ണ്ണമെത്തിച്ച മഹാനാണ് അഭിനവ് ബിന്ദ്ര (വ്യക്തിഗതം എന്നത് ആവേശത്തില്‍ അതിയാന്‍ അങ്ങ് വിട്ടു പോയി-പലവട്ടം).

ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒളിമ്പിക്സ് വേദിയില്‍ ആദ്യമായി ദേശീയ ഗാനം മുഴങ്ങി കേട്ട ദിനം. (ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ മുഴങ്ങി കേട്ടിരുന്നത് എന്തായിരുന്നോ എന്തോ?)

ഭാരതത്തിന്റെ കായിക ചരിത്രം ഇന്നി അഭിനവ് ബിന്ദ്രയ്ക്ക് മാത്രം സ്വന്തം. (ക്രിക്കറ്റ്, ഹോക്കി, ചെസ്സ്, ടെന്നീസ് എല്ലാം വെറും പുല്ല്)

അദ്ദേഹത്തിന്റെ തലയും വാലുമില്ലാത്ത കമന്ററി (റിപ്പോര്‍ട്ടിങ്ങ് അല്ല) അങ്ങിനെ നീണ്ടു.

ബീജിങ്ങ് ഒളിമ്പിക്സില്‍ ഭാരതത്തിന്റെ മാനം കാത്തത് അഭിനവ് ബിന്ദ്ര തന്നെ. സംശയമില്ല. പക്ഷേ എഷ്യാനെറ്റിന്റെ ഇന്നലത്തെ ആ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍ അഭിനവ് ബിന്ദ്രയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തി അദ്ദേഹത്തെ കേള്‍പ്പിച്ചിരുന്നു എങ്കില്‍ അഭിനവ് ബിന്ദ്ര ഒറ്റ ബുള്ളറ്റ് കൊണ്ട് അത് റിപ്പോര്‍ട്ട് ചെയ്തവനെ അപ്പോള്‍ തന്നെ തീര്‍ത്തേനെ. അത്രയ്ക്ക് കേമമായിരുന്നു ഇന്നലെ രാത്രി ഏഷ്യാനെറ്റ് അഭിനവ് ബിന്ദ്രയെ പ്രത്യേക വാര്‍ത്താ ബുള്ളറ്റിനാക്കി കൊല്ലാകൊല ചെയ്തത്!

22 comments:

അഞ്ചല്‍ക്കാരന്‍. said...

സംഭവത്തിന്റെ ആവേശം റിപ്പോര്‍ട്ടിലേയ്ക്ക് ആവേശിച്ചാല്‍ റിപ്പോര്‍ട്ടര്‍ തന്നെ സംഭവമായി മാറും!

സുല്‍ |Sul said...

"അഭിനവ് ബിന്ദ്രയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തി അദ്ദേഹത്തെ കേള്‍പ്പിച്ചിരുന്നു എങ്കില്‍ ഒറ്റ ബുള്ളറ്റില്‍ അത് റിപ്പോര്‍ട്ട് ചെയ്തവനെ അഭിനവ് ബിന്ദ്ര അപ്പോള്‍ തന്നെ തീര്‍ത്തേനെ."
ചാനലുകാര്‍ക്ക് എല്ലാം അല്പം എരു ചേര്‍ത്തു പറയുന്ന സ്വഭാവമുണ്ടെന്നറിയില്ലെ..

ഓടോ : ‘പ്രത്യാക‘ എന്നതു മാറ്റി ‘പ്രത്യേക’ എന്നാക്കുക.
-സുല്‍

അഞ്ചല്‍ക്കാരന്‍. said...

സുല്ലേ,
ആ “പ്രത്യേകത്തിന്” പ്രത്യേക നന്ദി.

ശ്രീവല്ലഭന്‍. said...

ha haa: -)

sandoz said...

ത്രിശൂര്‍ പൂരം കമന്ററി ടൈപ്പ് ആയിപ്പോയല്ലാ...

OAB said...

kalakki ilakki kudippichchu...

അരവിന്ദ് :: aravind said...

അതാ ഇടതു വശത്തെ എക്സിറ്റില്‍ കൂടി ബിന്ദ്ര..അഭിനവ് ബിന്ദ്ര..ഭാരതത്തിന്റെ പൊന്നോമന പുത്രന്‍... താളത്തില്‍, ആവേശോജ്ജ്വലനായി, നൃത്തച്ചുവടുകളോടെ മുന്നേറി വരികയാണ്..എന്നുള്ള നെഹ്രു ട്രോഫി വള്ളംകളി/സന്തോഷ് ട്രോഫി ഫുട്ബോള്‍ സ്റ്റൈല്‍ കമന്ററി ഉണ്ടായിരുന്നോ? മിസ്സായി!
സത്യം പറഞ്ഞാല്‍ എന്റെ അഭിപ്രായത്തില്‍ ഈ സ്വര്‍ണ്ണം കിട്ടിയത് ഭാരത സര്‍ക്കാറിനും സ്പോര്‍ട്ട്സ് മിനിസ്ട്രിക്കുമൊക്കെ ലജ്ജിക്കാനുള്ള വകയാണ്. ഒരു സാധാരണ ഭാരതീയന് വലിയ ആവേശം തോന്നേണ്ട കാര്യവുമില്ല.
എന്തെന്നെച്ചാല്‍
മൂപ്പരുടെ വീട്ടില്‍ ഒളിമ്പിക് സൈസ് പ്രവറ്റ് ഷൂട്ടിംഗ് റേഞ്ച് ഒരെണ്ണം അപ്പന്‍ ഉണ്ടാക്കിക്കൊട്ത്തിട്ടുണ്ടത്രേ.
കുടുംബപരമായി നല്ല സ്വത്തുള്ള പാര്‍ട്ടീസാ. എന്റെ ചെറുപ്പത്തില്‍ തിരി കത്തിച്ച് വിടുന്ന എണ്ണ ബോട്ട് ഇറക്കി കളിക്കാന്‍ എന്റച്ഛനോട് കുളമോ ആ സൈസില്‍ എന്തെങ്കിലുമോ അഡ്ജസ്റ്റ് ചെയ്ത് തരാമോ എന്ന് ചോദിച്ചപ്പോള്‍, പിന്നാമ്പുറത്ത് ഒരു വട്ടഉരുളിയില്‍ വെള്ളം കൊണ്ട് വെച്ചിട്ട് ന്നാ ഇതില് ബോട്ട് വിട്ടോ എന്ന് പറഞ്ഞ ലാഘവത്തോടെ ഒരു ഷൂട്ടിംഗ് റേഞ്ച് ഒക്കെ പണിയാന്‍ ആമ്പിയര്‍ ഉള്ളവര്‍. സ്വര്‍ണ്ണം കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ!
മൂപ്പരുടെ വെടിയുണ്ടകള്‍ തീര്‍ന്നു പോയി ഇം‌പോര്‍ട്ട് ചെയ്യാന്‍ നൂലാമാലകള്‍ ഉണ്ടായപ്പോള്‍ ഗവര്‍മെന്റ് കൈ മലര്‍ത്തിയത്രേ. കോടീശ്വരന്‍ ലക്ഷ്മി മിത്തല്‍ സഹായിച്ചിട്ടാണത്രേ പിന്നെ ഈ ചെക്കന്‍ ഉണ്ടകള്‍ വരുത്തിയിരുന്നത്.
ടീമിനെ ഒളിമ്പിക്സില്‍ അയക്കാതിരിക്കാനും (സ്പോണ്‍സേര്‍സ് ഇല്ലാത്തതിനാല്‍) ഗവര്‍മെന്റ് ശ്രമിച്ചിരുന്നു.
എന്നിട്ടിപ്പോ സ്വര്‍ണ്ണം കിട്ടിയപ്പോല്‍ എന്താ ഒരു ആവേശം!
ചിലപ്പോ കുശുമ്പ് ആയിരിക്കും, എനിക്കെന്തോ ഇതിലും ഒരു നൂറിരട്ടി സന്തോഷം തോന്നിയേനെ, വേറെ ഒരു റ്റിപ്പിക്കല്‍ ഇന്ത്യന്‍ അത്‌ലെറ്റ് (പ്രാരാബ്ധക്കാരന്‍ എന്ന്) വല്ല ഓടോ മറ്റോ നേടിയിരുന്നെങ്കില്‍ പോലും.
ഇത് ഒരു പ്രൈവറ്റ് സ്വര്‍ണ്ണമായേ എനിക്ക് തോന്നുന്നുള്ളൂ. എന്താണാവോ.
പക്ഷേ ഇത് ഒരു കാര്യം എല്ലാവരേയും ഓര്‍മിപ്പിക്കുന്നു..നല്ല ഫെസിലിറ്റിയുണ്ടെങ്കില്‍ ലോകം കീഴടക്കുന്ന എത്രയോ ചാമ്പ്യന്മാര്‍ ഇന്ത്യയുടെ ഗ്രാമങ്ങളില്‍ അലയുന്നുണ്ടാവും! സ്പോര്‍ട്ട്സിന്റെ പേരില്‍ കോടികള്‍ മുടിക്കുന്ന വടക്കേന്ത്യന്‍ ബാബുമാര്‍ ലജ്ജിക്കട്ടെ. അഭിനവ് ബിന്ദ്ര സ്വയം നേടിയ സ്വര്‍ണ്ണമെടുത്ത് വെച്ച് നാണക്കേട് മറക്കട്ടെ.

രാജേഷ് മേനോന്‍ said...

ശ്ശൊ.. ആ‍ കമന്ററി കേള്‍ക്കാനൊത്തില്ല.

അരവിന്ദ് പറഞ്ഞതിനോടും കുറച്ചൊക്കെ യോജിയ്ക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണങ്ങളും വേണ്ടത്ര പ്രോത്സാഹനങ്ങളും ലഭ്യമാക്കിയിരുന്നെങ്കില്‍ വളരെ പണ്ടേ തന്നെ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ്ണം ഇന്ത്യയിലെത്തുമായിരുന്നു.

എന്നിരുന്നാലും അഭിനവ് ബിന്ദ്ര നേടിയ നേട്ടം കുറച്ചു കാണാന്‍ പറ്റില്ല. ഒരു ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടു നടത്തിയ കഠിനാധ്വാനം ഫലം കണ്ടതില്‍ ഇന്നു ഭാരതീയ ജനത മുഴുവന്‍ സന്തോഷിയ്ക്കുന്നു.

അതില്‍ അദ്ദേഹത്തിന്റെ കുടുംബസമ്പത്ത് ഒരു പരിധി വരെ മാത്രമേ ഘടകമാകുന്നുള്ളൂ. വിലയ്ക്കെടുക്കാവുന്ന ഒന്നായിരുന്നെങ്കിലും വളരെ മുന്‍പു തന്നെ ഒളിമ്പിക് സ്വര്‍ണ്ണം സ്വന്തമാക്കാന്‍ കെല്‍പ്പുള്ളവര്‍ ഇന്ത്യയിലുണ്ടെന്നോര്‍ക്കണം.

പ്രിയ said...

:) ആ ഏഷ്യാനെറ്റിന്റെ കമന്ററി അല്ലേലും എന്നും ഇങ്ങനൊക്കെ തന്നല്ലേ. എന്നാലും അന്ധകാരവും കൂരിരുട്ടും ഒക്കെ കൊറേ കൂടി പോയ്. (കണ്ടില്ല ആ പ്രോഗ്രാം, അല്ല, കാണാത്തതില്‍ സങ്കടവും ഇല്ല)

അരവിന്ദ് പറഞ്ഞത് ഒരു വല്യ പോയിന്റ് ആണ്. ഏതോ ചാനലില്‍ ബിന്ദ്രയുടെ അമ്മയുടെയും അച്ഛന്റെയും അഭിമുഖം കണ്ടിരുന്നു.വേലക്കാരിടെ തലയില്‍ ഒരു കുപ്പി വച്ചു അത് വെടിവച്ച് വീഴ്ത്തി, അത് കണ്ട വന്ന അച്ഛനും അമ്മയും വഴക്ക് ഒന്നും പറയാതെ പിറ്റേന്ന് തന്നെ പ്രൊഫഷണല്‍ ട്രെയിനിംഗ് കൊടുത്തു തുടങ്ങിന്നു. (ടോം ആന്‍ഡ് ജെറി കാര്ടൂനിലെ ഒരു സീന് എന്തോ ചുമ്മാ ഓര്മ വന്നു)

പിന്നെ കിട്ടിയത് ഒളിമ്പിക് സ്വര്ണമെഡല് ആണ്. കിട്ടിയത് ഇന്ത്യയ്ക്കും ആണ്. അതിനാല്‍ സത്യായിട്ടും ഞാന്‍ അതിനെ ഇഷ്ടപെടുന്നു.

(ആ കുറ്റാകൂരിരുട്ടില് മോണിക്കയുടെ കണ്ണീരില് ആരെങ്കിലും തെന്നി വീണോ എന്തോ?)

ജയകൃഷ്ണന്‍ കാവാലം said...

ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒളിമ്പിക്സ് വേദിയില്‍ ആദ്യമായി ദേശീയ ഗാനം മുഴങ്ങി കേട്ട ദിനം. (ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ മുഴങ്ങി കേട്ടിരുന്നത് എന്തായിരുന്നോ എന്തോ?)

അറിയില്ലേ മാഷേ? അന്നു മുഴങ്ങിക്കേട്ടത് നമ്മുടെ കേരളത്തിന്‍റെ ദേശീയഗാനമായിരുന്നു... ലജ്ജാവതിയേ നിന്‍റെ കള്ളക്കടക്കണ്ണില്‍...

ഇവനൊക്കെ ജേര്‍ണലിസ്റ്റുകളാണത്രേ കഷ്ടം. ന്യൂസ് പ്രോഗ്രാം മുഴുവനായും നിര്‍ത്തി വച്ച് വല്ല സ്റ്റാര്‍സിംഗറും തട്ടിപ്പും, വെട്ടിപ്പുമായി കഴിഞ്ഞാല്‍ പോരേ ഏഷ്യാനെറ്റിന്. എന്തിനാ ഇങ്ങനെ നാണം കെട്ട പാപ്പരാസിപ്പണി ചെയ്യണെ.

കണ്ണൂസ്‌ said...

:) നമ്മടെ ഹിറ്റ് എഫ്.എം.ഇന്റെ ന്യൂസ് റിപ്പോര്‍ട്ടിംഗും ഏതാണ്ട് ഇതേപോലെ ആയിരുന്നു. ഒറ്റയടിക്ക് എല്ലാവരും ഹോക്കി ടീമുകളെ മറന്നു കളഞ്ഞു. “ഒളിം‌പിക്സിന് യോഗ്യത നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ബിന്ദ്ര” എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു ഹിറ്റ് എഫ്.എമ്മിന്റെ ന്യൂസ് ബുള്ളറ്റിനുകളില്‍. ഇതെന്താ സംഭവം എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.

നചികേതസ്സ് said...

ഒന്നു ക്ഷമീ അഞ്ചലേ.....നമ്മുടെ കേരളത്തിലെ ടെലിവിഷന്‍ ജേര്‍ണലിസം ഇപ്പോഴും ശൈശവസ്ഥയിലാണ്, ചെറിയ തട്ടുകേടുകളെന്തെങ്കിലും കണ്ടാല്‍ വിട്ടുകള

കുറുമാന്‍ said...

ടി വി യുമായുള്ള ബന്ധം വിച്ഛേദിച്ചിട്ട് വര്‍ഷം ഒന്നൊന്നര കഴിഞ്ഞതിനാല്‍ ഇതൊക്കെ മിസ്സാ‍യി പോകുന്നു. വല്ലപ്പോഴും, വാര്‍ത്തയോ,കണ്ണാടിയോ, പൂ‍രമോ, വേലയോ കണ്ടാലായി. ഇനി ഇത്തരം സൂപ്പര്‍ മെഗാ ഹിറ്റ് സംഭവങ്ങള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ ഒന്ന് വിളിക്കാന്‍ മറക്കരുതേ അഞ്ചലേ.

ചിത്രകാരന്‍chithrakaran said...

നമ്മുടെ മാധ്യമങ്ങള്‍ക്ക് പെരുന്നാളും,പൂരവും,മരണവും,പീഡനവും,വിവാഹവും,കലയും,കളിയും,കലാപവും,സ്ത്രീ പീഢനവും.... എല്ലാം പണം വാരാനുള്ള ആഘോഷങ്ങളാണ്.
മാധ്യമങ്ങളുടെ എഡിറ്ററേയും, ഉടമയേയും ജനം വഴിയില്‍ ചീത്ത വിളിക്കുന്നതുവരെ അവരിതു തുടരും.

Chullanz said...

:)

നന്ദകുമാര്‍ said...

നോക്കിക്കോ ഈ വര്‍ഷത്തെ ഏറ്റവും നല്ല കമന്ററിക്കുള്ള അവാര്‍ഡ് അവനാവും!!!
ഹല്ല പിന്നെ!!

അടകോടന്‍ said...

ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ വിജയക്കൊടി പറത്തി തിരിച്ചു വന്നയാള്‍ക്ക് അല്‍പം സ്വീകരണവും കമന്‍ററിയും കൊടുത്തത് കണ്ടിട്ട് ആര്‍ക്കെങ്കിലും ചൊറിച്ചില്‍ വരുന്നുണ്‍ടെങ്കില്‍
നല്ല മുള്ളുള്ള വല്ല മുരിക്കിന്‍ കമ്പും തപ്പാം...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉള്ള അഭിമാനം കളയാനായിട്ടാ ഇപ്പൊ ഈ കാണുന്ന മാധ്യമസാഹസങ്ങള്‍

mayavi said...

പക്ഷേ എഷ്യാനെറ്റിന്റെ ഇന്നലത്തെ ആ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍ അഭിനവ് ബിന്ദ്രയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തി അദ്ദേഹത്തെ കേള്‍പ്പിച്ചിരുന്നു എങ്കില്‍ അഭിനവ് ബിന്ദ്ര ഒറ്റ ബുള്ളറ്റ് കൊണ്ട് അത് റിപ്പോര്‍ട്ട് ചെയ്തവനെ അപ്പോള്‍ തന്നെ തീര്‍ത്തേനെ. most of the (asianet) reporters(mallu) havenot any GK. fools!!

സ്‌പന്ദനം said...

അഞ്ചല്‍ക്കാരാ നമുക്ക്‌ ലവനൊരു അവാര്‍ഡ്‌ നല്‍കിയാലോ....ലോകത്തിലെ ഏറ്റവും മികച്ച അവതാരകനെന്ന "ബഹുമതി" നല്‍കുക മാത്രമാണ്‌ അവശേഷിക്കുന്ന പോംവഴി. ഹല്ല പിന്നെ...

ഏറനാടന്‍ said...

:)

പോങ്ങുമ്മൂടന്‍ said...

“അര്‍ദ്ധരാത്രിയിലെ കൂരിരുട്ടില്‍ “ വല്ല സുന്ദര സ്വപ്നങ്ങളും കണ്ടുറന്നേണ്ടതിന് പകരം ടിവിയും കണ്ടിരുന്ന് നിദ്രാദേവിയെ ആക്ഷേപിച്ചതിന് കിട്ടിയ ശിക്ഷയാണത്. :)

അരവിയേട്ടനോട് ശരിക്കും യോജിക്കുന്നു.