Thursday, August 14, 2008

കുരീപ്പുഴ ശ്രീകുമാറിന്റെ ജെസ്സി കേള്‍ക്കാം.

ഒരിയ്ക്കല്‍ ജെസ്സി ഒരു ഹരമായിരുന്നു.

പഠനകാലത്ത് കുരീപ്പുഴ ശ്രീകുമാര്‍ സാറിന്റെ ജെസ്സി എപ്പോഴും ചുണ്ടുകളില്‍ ഉണ്ടാകുമായിരുന്നു. ഒരു കോളേജ് ഡേയ്ക്ക് അഥിതിയായെത്തിയ കുരീപ്പുഴ ശ്രീകുമാര്‍ സാറിന്റെ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്ന് വീണാണ് ആദ്യം ജെസ്സി കേട്ടത്. കവിത ചൊല്ലുമ്പോഴുള്ള അദ്ദേഹത്തിന്റെ ഭാവം ഇന്നും കണ്മുന്നില്‍ ഉണ്ട്.

അന്ന് കവിതാ പാരായണ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആലപിച്ചു കേട്ടിട്ടുള്ളതും ജെസ്സി തന്നെയായിരുന്നു. നാറാണത്ത് ഭ്രാന്തനും അഗസ്ത്യ ഹൃദയവും ഭൂമിയ്ക്കൊരു ചരമ ഗീതവും കുറത്തിയും ഒക്കെ കാസറ്റുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്ന ഒരു കാലത്ത് വേദികളില്‍ നിന്നും വേദികളിലേയ്ക്ക് കുരീപ്പുഴ സാര്‍ ജെസ്സിയുമായി ആ തലമുറയിലെ അനുവാചകരിലേയ്ക്ക് നേരിട്ടെത്തുകയായിരുന്നു.

അര്‍ഹതയുണ്ടായിട്ടും പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടു പോയ ഒരു കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍. കൊച്ചിയില്‍ വെച്ച് തൊണ്ണൂറ്റി ആറില്‍ നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ പദ്യം ചൊല്ലല്‍ വേദിയില്‍ “അമ്മ മലയാളം” എന്ന കവിത ചൊല്ലിയ കുട്ടി സദസ്സിനെ അപ്പാടെ കയ്യിലെടുക്കുകയായിരുന്നു. എല്ലാം കൊണ്ടും ഒന്നാം സ്ഥാനത്തിനര്‍ഹമായിരുന്ന ആ കുട്ടി തഴയപ്പെട്ടത് കവിയുടെ പേരിലായിരുന്നു. പത്രക്കാര്‍ എന്തുകൊണ്ട് “അമ്മമലയാളം” ചൊല്ലിയ കുട്ടി സമ്മാനാര്‍ഹയായില്ല എന്ന ചോദ്യത്തിന് “ആദ്യം അതെഴുതിയ ആള്‍ കവിത എഴുതാന്‍ പഠിയ്ക്കട്ടെ” എന്നായിരുന്നു വിധികര്‍ത്താവായിരുന്ന മലയാളത്തിലെ പുകള്‍പെറ്റ ഒരു കവിയുടെ മറുപടി. ആ വേദിയില്‍ ചൊല്ലി കേട്ട “അമ്മ മലയാളത്തിന്” ഒപ്പം വെയ്ക്കാന്‍ മറ്റൊരു പദ്യവും ആ വേദിയിലോ ഒരു പക്ഷേ മറ്റു വേദികളിലോ കേട്ടിട്ടില്ല. കുരീപ്പുഴ ശ്രീകുമാര്‍ ആയിരുന്നു അമ്മ മലയാളത്തിന്റെ കര്‍ത്താവ്. “അമ്മ മലയാളം” പിന്നെ എങ്ങും ചൊല്ലി കേട്ടിട്ടില്ല.

ജെസ്സി ഇന്നും കേള്‍ക്കുന്നത് ഹരമാണ്. അത് കുരീപ്പുഴ ശ്രീകുമാറിന്റെ ശബ്ദത്തില്‍ തന്നെ കേള്‍ക്കണം. ജെസ്സി തപ്പി നെറ്റ് മുഴുവന്‍ നടന്നു. അപ്പോഴാണ് ശരത്തിന്റെ ബ്ലോഗില്‍ ജെസ്സിയെ കിട്ടിയത്.

നിരവധി കവിതകളുടെ ഒരു സഞ്ചയമാണ് ശരത് ഒരുക്കിയിരിയ്ക്കുന്നത്. അധികമൊന്നും ശ്രദ്ധിയ്ക്കാതെ പോയ ശരത്തിന്റെ ബ്ലോഗ് സന്ദര്‍ശിയ്ക്കേണ്ട ഒന്നാണ്. നാറാണത്ത് ഭ്രാന്തനും, ആത്മാവിലൊരു ചിതയും, സര്‍ഗ്ഗ സംഗീതവും, രാവണ പുത്രിയും, പെങ്ങളും അടക്കം നിരവധി കവിതകള്‍ ഓണലൈനില്‍ കേള്‍ക്കാം.

ഇംഗ്ലീഷിലാണ് ശരത് അദ്ദേഹത്തിന്റെ ബ്ലോഗ് ഒരുക്കിയിരിയ്ക്കുന്നത്. ഒരു പക്ഷേ അതു കൊണ്ടാകാം ബൂലോഗത്തില്‍ ഈ ബ്ലോഗിന്റെ സാനിദ്ധ്യം കാണാത്തത്.

5 comments:

മാണിക്യം said...

ഒരു പാട് നന്ദി ..
വളരെ നാളായി ഞാനും കേള്‍ക്കാന്‍
ആഗ്രഹിച്ചതാണ്
കുരീപ്പുഴ ശ്രീകുമാര്‍ സാറിന്റെ ജെസ്സി
കഴിഞ്ഞ ദിവസം പാമരന്റെ പോസ്റ്റ്
വായിച്ചപ്പോള്‍ വീണ്ടും ,ഇത്ര പെട്ടന്ന്
കേള്‍ക്കാന്‍ സാധിച്ചപ്പോള്‍ സന്തോഷം
ശരിയാണ് അറ്ഹതയുണ്ടായിട്ടും
ആരോ തടയിട്ടു..
ശരത്തിന്റെ ബ്ലോഗ് കാട്ടി തന്നതിനും നന്ദി

ഹരിശ്രീ said...

:)

അനാഗതശ്മശ്രു said...

എന്റെയും ഇഷ്ട കവിതയാണിപ്പോഴും ജെസ്സി...
ഇതുപോലെ അന്‍ വര്‍ അലിയുടെ മഴക്കാലം ..
അദ്ദേഹം പാടിയതു കിട്ടുമെങ്കില്‍ പോസ്റ്റ് ചെയ്യണെ...

simy nazareth said...

ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

അനോണിമാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.