Friday, January 30, 2009

മൊബൈല്‍ ഫോണിനു ലൈസന്‍സ് ഏര്‍പ്പെടുത്തണം.

പത്തു മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ റേഡിയോ ഉപയോഗിയ്ക്കണമെങ്കില്‍ ലൈസന്‍സ് വേണം എന്നൊരു നിയമം ഉണ്ടായിരുന്നതായി അറിയാം. തികച്ചും നിരുപദ്രവകാരിയായ റേഡിയോയിയ്ക്ക് ലൈസന്‍സിങ്ങ് സംബ്രദായം ഏര്‍പ്പെടുത്തിയതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നറിയില്ല. ടെലിവിഷന്‍ വന്നപ്പോള്‍ അതിനു ലൈസന്‍സ് വേണമെന്ന നിയമമൊന്നും ഉള്ളതായും അറിവില്ല. ഒരു തരത്തില്‍ റേഡിയോയേക്കാള്‍ അപകടകാരിയാണല്ലോ ടെലിവിഷന്‍. അതിനുശേഷം വന്ന ഇന്റര്‍ നെറ്റിനും ലൈസന്‍സിങ്ങോ മറ്റു നൂലാമാലകളോ ഇല്ല. പഴയകാലത്ത് എല്ല്ലാത്തിനും ചില അടുക്കും ചിട്ടകളും ഉണ്ടായിരുന്നു. അതായിരിയ്ക്കാം റേഡിയോയിയ്ക്ക് ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്താന്‍ കാരണം.

വീഞ്ഞപ്പെട്ടിപോലെയുള്ള റേഡിയോയും അതിനിരിയ്ക്കാന്‍ പൂമുഖത്ത് നാലുകാലിലൊരു സ്റ്റാന്റും മുറ്റത്തെ തെങ്ങുകളില്‍ വലിച്ചു കെട്ടിയൊരു വലപോലെയുള്ള ഏരിയലും ഒക്കെയായി റേഡിയോ അക്കാലത്ത് ഒരു തരം ആഡംബരം തന്നെയായിരുന്നു. ആ ആഡംബരത്തില്‍ ലൈസന്‍സിനുള്ള പ്രാധാന്യവും ഒട്ടും പിന്നിലല്ലായിരുന്നു. തികച്ചും നിരുപദ്രവകാരിയായിരുന്ന റേഡിയോയിയ്ക്ക് ലൈസന്‍സ് സംബ്രദായം ഉണ്ടായിരുന്ന ഒരു നാട്ടില്‍ എന്തു കൊണ്ട് തികച്ചും ഉപദ്രവകാരിയായ മൊബൈല്‍ ഫോണിനും ലൈസന്‍സ് ഏര്‍പ്പെടുത്തിക്കൂട?

മൊബൈല്‍ ഫോണ്‍ എന്നാല്‍ ഇന്നു കമ്മ്യൂണിക്കേഷനും മാത്രം ഉള്ള ഒരു ഉപകരണമല്ലല്ലോ? സന്ദേശങ്ങള്‍ കൈമാറാനുള്ള ഒരു ഉപകരണം എന്നതിലുപരി മൊബൈല്‍ ഫോണ്‍ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്ന ഉപകരണങ്ങളില്‍ ഏറ്റവും മുന്നിലാണ്. ഉപകരണത്തിന്റെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച് സാമൂഹ്യ തിന്മകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാക്കുന്ന ഒരു ഉപകരണത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തേണ്ടുന്നതു സാമൂഹ്യ സുരക്ഷിതത്വത്തിനു അനിവാര്യമായ ഒരു സംഗതിയല്ലേ?

ക്യാമറയുള്ള മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ജനത്തിരക്കില്‍ ആരും ആരുടേയും മൊബൈല്‍ ഫോണിലെ ക്യമറയിലേയ്ക്ക് പകര്‍ത്തപ്പെടാനും ആ പകര്‍ത്തപ്പെടുന്ന ഫോട്ടോ വേറെ എങ്ങിനെ വേണമെങ്കിലും പരിണമിയ്ക്കപ്പെടാനും സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആരും സുരക്ഷിതരല്ല എന്നു വരുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മൊബൈല്‍ ഫോണിന്റെ അക്രമണത്തിനു വിധേയരാകുന്നതും. ഒരാള്‍ അയാളുടെ പക്കല്‍ ഉള്ള ക്യാമറ കൊണ്ടു ഒരുവളുടെ ഫോട്ടോ തെരുവില്‍ നിന്നും എടുക്കാന്‍ ശ്രമിച്ചാല്‍ അതു കയ്യോടെ പിടി കൂടപ്പെടും. പക്ഷേ മൊബൈല്‍ ഫോണിലൂടെ പടമെടുക്കുന്നത് അത്ര വേഗം ശ്രദ്ധയില്‍പ്പെടില്ല.

സ്കൂളുകളിലേയും കോളേജുകളിലേയും മൊബൈല്‍ ഉപയോഗവും അരക്ഷിതമായൊരു കാമ്പസ് സംസ്കാരമാണുണ്ടാക്കുന്നത്. സാങ്കേതിക വിദ്യയുടെ പുരോഗതിയ്ക്ക് പുറം തിരിഞ്ഞു നില്‍ക്കണം എന്നല്ല പറയുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്ന അതി സ്വകാര്യത വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലേയ്ക്ക് ഫോണ്‍ വിളിച്ച് അശ്ലീലം പറയുന്നത് ഇന്നൊരു വാര്‍ത്തയല്ല. സ്വകാര്യത കുറവായതിനാല്‍ ലാന്റ് ലൈനില്‍ നിന്നും വിളിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നത് മൊബൈലില്‍ നിന്നും വിളിച്ച് ശല്യം ചെയ്യുന്നതിനേക്കാള്‍ താരതമ്യാന കുറവാണ്.

ചെറിയ ചിലവില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാനും എങ്ങിനെ വേണമെങ്കിലും ഉപയോഗിയ്ക്കാനും കഴിയുന്ന നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് മാറ്റം അനിവാര്യമാണ്. മൊബൈല്‍ ഫോണിനു ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്തണം. ഫോണിലെ സ്പെസിഫിക്കേഷനുകള്‍ക്ക് ആനുപാതികമായി ലൈസന്‍സ് ഫീസു കൂടുകയും വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കുകയും വേണം എന്ന നിയമം കൊണ്ടുവരണം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ വേണമെങ്കില്‍ അതിനു പ്രത്യേകം പ്രത്യേകം ലൈസന്‍സ് ഏര്‍പ്പെടുത്തണം. ക്യാമറയുള്ള ഫോണുകള്‍ക്ക് വന്‍ തുക നികുതിയായോ ഫീസായോ ഉപഭോക്താവിന്റെ പക്കല്‍ നിന്നും പ്രതിവര്‍ഷം ഈടാക്കണം. ഒരു ഉപഭോക്താവ് മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ അയാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കാനുള്ള ലൈസന്‍സ് റദ്ദാക്കണം. ലൈസന്‍സ് ഇല്ലാതെ ഒരാള്‍ക്കും മൊബൈല്‍ കണക്ഷന്‍ കൊടുക്കരുത്. ലൈസന്‍സ് ഇല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വന്‍ പിഴ ചുമത്തണം.

സാങ്കേതിക വിദ്യ ഇത്രയും അധികം പുരോഗമിച്ചിട്ടുള്ള ഒരു കാലഘട്ടത്തില്‍ സ്കൂളുകളിലും കോളേജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിയ്ക്കണം എന്നു പറയുന്നതിനേ ഒരു പരിധിവരെ മാത്രമേ ന്യായീകരിയ്ക്കുവാന്‍ കഴിയുള്ളു. ഇന്നത്തെ അണുകുടുംബ സംസ്കാരത്തില്‍ രാവിലെ കുട്ടികള്‍ സ്കൂളിലേയ്ക്കും മാതാപിതാക്കള്‍ ആഫീസിലേയ്ക്കും പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വൈകിട്ട് കുട്ടി അവന്റെ പക്കലുള്ള താക്കോല്‍ ഉപയോഗിച്ചു വീടു തുറന്നു അകത്തു കടക്കുകയും മാതാപിതാക്കള്‍ ഇരുട്ടുന്നതോടെ വീടുകളില്‍ തിരിച്ചെത്തുകയും ചെയ്യുന്നു. ഹര്‍ത്താലും മിന്നല്‍ പണിമുടക്കും ട്രാഫിക്ക് തടസ്സങ്ങളും എപ്പോഴാണ് സംഭവിയ്ക്കുക എന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത വര്‍ത്തമാന സാഹചര്യത്തില്‍ കുട്ടികളുടെ പക്കല്‍ മൊബൈല്‍ ഉണ്ടാകുന്നത് നല്ലതു തന്നെ. പക്ഷേ അതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളാണ് കൂടുതലും. അതു തടയുകയും വേണം.

കുട്ടികള്‍ക്ക് ഉപയോഗിയ്ക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തണം.ക്യാമറകള്‍ ഉള്ള ഫോണ്‍ കുട്ടികള്‍ക്ക് ഒരു കാരണവശാലും അനുവദിയ്ക്കരുത്. മുന്‍ കൂട്ടി ഫീഡ് ചെയ്തിരിയ്ക്കുന്ന നമ്പരുകളിലേയ്ക്ക് മാത്രം വിളിയ്ക്കാന്‍ കഴിയുന്ന മെസ്സേജ് അയയ്ക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ ദുരുപയോഗം ഇല്ലാതാക്കാനും എന്നാല്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വ ബോധം ഉണ്ടാക്കുവാനും കഴിയും. ഇങ്ങോട്ടു വരുന്ന കോളുകള്‍ക്കും മെസ്സേജുകള്‍ക്കും നിയന്ത്രണം വേണം. നേരത്തേ കൂട്ടി പ്രോഗ്രാം ചെയ്തിരിയ്ക്കുന്ന നമ്പരുകളില്‍ നിന്നുള്ള കാളുകളും മെസ്സേജുകളും മാത്രം സ്വീകരിയ്ക്കുവാന്‍ കഴിയുന്ന സംവീധാനവും കുട്ടികള്‍ക്കായുള്ള ഇത്തരം മൊബൈലുകളില്‍ ഉണ്ടാകണം. മാതാപിതാക്കളുടേയും ഏറ്റവും അടുത്ത ബന്ധുക്കളുടേയും ഫോണുകളുമായി ആശയ വിനിമയം നടത്താന്‍ മാത്രം അനുവദിയ്ക്കുന്ന ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇത്തരം ഫോണുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം ആ‍ക്കുകയും വേണം.

ആധുനിക ജീവിത സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു ഉപകരണം തന്നെ. ഗുണത്തേക്കാള്‍ ഈ ഉപകരണം ദുരുപയോഗം ചെയ്യപ്പെടുന്നും ഉണ്ട്. ഒരു നിയന്ത്രണവും ഇല്ലാതെ എന്തു ഉപയോഗിച്ചാലും അതൊക്കെയും ദുരുപയോഗം ചെയ്യപ്പെടുക തന്നെ ചെയ്യും. മൊബൈല്‍ ഫോണിന്റെ കാര്യത്തിലും അതാണ് സംഭവിയ്ക്കുന്നത്. എല്ലാം കൊണ്ടും നിരുപദ്രവകാരിയായിരുന്ന റേഡിയോയുടെ ഉപയോഗത്തിനു ലൈസന്‍സ് സംബ്രദായത്തോടേ ഒരു കാലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ദുരുപയോഗത്തിനും ഉപദ്രവത്തിനും കാരണമാകാന്‍ സാധ്യതകള്‍ വളരെയധികമുള്ള മൊബൈല്‍ ഫോണിനും ലൈസന്‍സിങ്ങിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ രാജ്യത്തിനു കഴിയും. കൂട്ടത്തില്‍ രാജ്യത്തിന്റെ ഖജനാവിലേയ്ക്ക് മുതല്‍ കൂട്ടാന്‍ കഴിയുന്നൊരു ധനാഗമമാര്‍ഗ്ഗം കൂടി തുറന്നു കിട്ടുകയും ചെയ്യും!

12 comments:

മലമൂട്ടില്‍ മത്തായി said...

Apologies for commenting in English.

The post raises a valid issue - abuse of mobile phone technology. But I cannot agree with the licensing option. As it is, a subscriber when he/ she takes a connection agrees not to use the phone for transmitting copyrighted material or abusive text or data. So what then is the purpose of a licensing fee?

Licensing fee will not deter any one from capturing images. Camera technology is such that these days even pin hole cameras the size of a fingernail can take very good images.

There are cellphones aimed specifically towards kids. Here is the link for those available here in the US:
http://www.fireflymobile.com/

About the licensing fees for radio which was prevalent in India in the '70s. I believe those were carried over from the British. In the UK, BBC is funded by the licensing fees obtained from radios/ TV sets. Thus BBC in the UK does not have to depend on the government for funds. But in India, that too was used to make some money for the greedy government.

അനില്‍@ബ്ലോഗ് // anil said...

ബെസ്റ്റ് !
“എവിടെടാ മൊബൈല്‍ ലൈസന്‍സ് “ എന്നും ചോദിച്ച് പോലീസുകാരന് ചാടി വീഴാന്‍ ഒരു വകുപ്പുകൂടി ആകും എന്നതില്‍ കവിഞ്ഞ് എന്തു മാറ്റമാണത് നാട്ടിലുണ്ടാക്കുക.
ഇവിടെ ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളുടെ എഫ്ഫിക്കസി ഒന്നു അവലോകനം ചെയ്യുന്നത് നന്നായിരിക്കും.

Haree said...

ലൈസന്‍സ് എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ഉപയോഗിക്കുന്നയാളെ തിരിച്ചറിയുവാനുള്ള ഒരു രേഖ, അതല്ലേ? അതിനിനി പ്രത്യേകമൊരു ലൈസന്‍സ് ഒന്നും ഇല്ലാതെ തന്നെ ഉപയോഗിക്കുന്നയാളെ തിരിച്ചറിയുവാന്‍ മാര്‍ഗങ്ങളുണ്ട്. മൊബൈല്‍ എന്ന ഹാര്‍ഡ്‌വെയര്‍ ഉപയോഗിക്കുന്നതിനേക്കാള്‍, കണക്ഷന്‍ ലഭിക്കുവാനായാണ് ഐഡന്റിഫിക്കേഷന്‍ വേണ്ടതെന്നു മാത്രം. ഇനി മൊബൈലിലെ അധികസാധ്യതകള്‍ ഉപയോഗപ്പെടുത്തുവാനാണെങ്കില്‍, അതിനും സിം ഇട്ട് കണക്ഷന്‍ ലഭ്യമായെങ്കില്‍ മാത്രമേ സാധിക്കൂകയുള്ളൂ. (ചില മോഡലുകളില്‍, പാട്ടു കേള്‍ക്കുവാന്‍ സിം ആവശ്യമില്ല; ക്യാമറ, ബ്ലൂടൂത്ത് തുടങ്ങിയവയൊക്കെ ഉപയോഗിക്കുവാന്‍ സിം ആവശ്യമില്ലാത്ത മൊബൈലുകള്‍ ലഭ്യമാണോ എന്നറിയില്ല.) ഐഡന്റിഫിക്കേഷനൊന്നുമില്ലാതെ കണക്ഷന്‍ ലഭ്യമാക്കുവാന്‍ സാഹചര്യമുണ്ട് എന്നാണെങ്കില്‍, ലൈസന്‍സ് ഏര്‍പ്പെടുത്തിയാലും അത്തരമൊരു സാഹചര്യം ഉണ്ടാകുവാന്‍ അധികകാലം വേണ്ടിവരില്ല.

ഇനി മൊബൈല്‍ എന്ന ഡിവൈസ് ഉപയോഗിക്കുവാനറിയാമോ എന്നു പരിശോധിച്ചാണ് ലൈസന്‍സ് നല്‍കുന്നതെങ്കില്‍, അതിന്റെ പരിശോധന ഏതുവിധത്തില്‍ നടത്തും? ‘ക്യാമറ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കാമോ?’ എന്ന രീതിയിലുള്ള കുറേ ചോദ്യങ്ങള്‍ ചോദിച്ച്, നല്‍കുന്ന ഉത്തരങ്ങള്‍ പരിശോധിച്ച് ലൈസന്‍സ് നല്‍കുന്നതില്‍ വലിയ കാര്യമൊന്നുമില്ല! ഇനി അതിനൊരു ഫീ ഉള്ളതുകൊണ്ട്, ആവശ്യക്കാര്‍ മാത്രമേ ഉപയോഗിക്കൂ എന്നാണെങ്കില്‍ അങ്ങിനെ കരുതുന്നതിലും യുക്തിയില്ല!

ഹ ഹ ഹ! അനില്‍@ബ്ലോഗ് പറഞ്ഞ ദൃശ്യം ശരിക്കും ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. ഈ പറയുന്ന ലൈസന്‍സുകളെല്ലാം കൂടി ഒരു ഇലക്ട്രോണിക് കാര്‍ഡിലാക്കി തന്നിരുന്നെങ്കില്‍ ഉപകാരമായിരുന്നു. പോലീസുകാര്‍ക്ക് അതു റീഡ് ചെയ്യുവാനുള്ള ഉപകരണവും നല്‍കുക. വാഹനം ചെക്ക് ചെയ്യുമ്പോള്‍ ഈ കാര്‍ഡ് നല്‍കുക; ലൈസന്‍സ്, ആര്‍.സി. ബുക്ക് വിവരങ്ങള്‍, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, പുക സര്‍ട്ടിഫിക്കറ്റ്, സ്പെഷ്യല്‍ സെസ് (1) രസീത്... ഇങ്ങിനെയെല്ലാം ആ കാര്‍ഡില്‍ തന്നെ ഫീഡ് ചെയ്തിട്ടുണ്ടെങ്കില്‍ എത്ര സൌകര്യമായിരുന്നു!

വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന മൊബൈല്‍ സംസ്കാരമാണ് വളര്‍ത്തേണ്ടത്, അല്ലാതെ എന്തെങ്കിലുമൊരു നിയമം കൊണ്ടുവന്ന്, നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല. സംസ്കാരം വളര്‍ത്തുക അത്ര എളുപ്പമല്ല; ഇനി വളര്‍ത്തുവാനാണെങ്കില്‍ പല മേഖലകളിലും വളര്‍ത്തുവാനുമുണ്ട്! :-)
--

Vadakkoot said...

വണ്ടിയോടിക്കാന്‍ ലൈസന്‍സ് വേണമെന്ന നിയമമുള്ളത് എത്ര നന്നായി. അല്ലെങ്കില്‍ നാട്ടില്‍ നിറയെ വാഹനാപകടങ്ങളായേനെ, അല്ലേ? ടെമ്പോ ഡ്രൈവര്‍മാര്‍ അശ്രദ്ധമായി വണ്ടി ഓടിച്ച് ആറേഴ് പിഞ്ചുകുഞ്ഞുങ്ങളെ ഒറ്റ ഇടിക്ക് തീര്‍ത്തേനെ. മണ്ണ് ലോറിക്കാരും ലിമിറ്റഡ് സ്റ്റോപ്പ് - സൂപ്പര്‍ ഫാസ്റ്റ് ബസ്സുകാരും വഴിയിലൂടെ പോകുന്നവരെയൊക്കെ ഇടിച്ചിട്ടേനെ. കൊച്ച് പയ്യന്മാര്‍ വരെ ബൈക്കുമെടുത്ത് ആളുകളെ ഭയപ്പെടുത്തുന്ന തരത്തില്‍ കറങ്ങി നടന്നേനെ. ഭാഗ്യം അങ്ങനെയൊരു നിയമമുള്ളത്.

നിയന്ത്രണം വേണ്ടത് തന്നെയാണ്. പക്ഷേ അത് ഇത്തരത്തിലാവരുത് (പോസ്റ്റിലെ ആറാമത്തെ ഖണ്ഡിക). സ്കൂളിലും കോളേജിലും 1100 പോലുള്ള ബേസിക് ഹാന്‍ഡ് സെറ്റുകള്‍ മാത്രമേ അനുവദിക്കാവൂ... എന്നാലും പ്രശ്നം തീരുമോ? സംശയമാണ്. കാമറയുള്ള ഫോണ്‍ പൂര്‍ണ്ണമായി നിരോധിക്കുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിന് ചേര്‍ന്ന നടപടിയാവില്ല.

അരക്കൊല്ലപ്പരീക്ഷക്ക് പാസ്സായാല്‍ N73 വാങ്ങിക്കൊടുക്കുന്ന തരത്തിലുള്ള മാതാപിതാക്കളാണ് ആദ്യത്തെ കുറ്റക്കാര്‍ എന്ന് തോന്നുന്നു. അതവര്‍ക്ക് കാശുണ്ടായിട്ടല്ലേ, തനിക്കെന്താ ഇത്ര അസൂയ എന്നാവും ചോദ്യം. വാങ്ങിച്ച് കൊടുക്കാന്‍ കഴിവുണ്ടായാല്‍ മാത്രം പോര, അത് എങ്ങനെ ഉപയോഗിക്കണം - എങ്ങനെ ഉപയോഗിക്കരുത് എന്നൊക്കെ തന്റെ സത്പുത്രനെ പറഞ്ഞ് മനസിലാക്കാനുള്ള കഴിനും അതിനുള്ള സമയവും കൂടെ വേണം. ഇല്ലെങ്കില്‍ അവസാനം നാട്ടുകാര് മോന്റെ ദേഹത്ത് കൈ വയ്ക്കുന്നത് കാണേണ്ടി വരും.

കോളേജ് പിള്ളേര് മാത്രമല്ല കാമറാഫോണ്‍ ദുരുപയോഗം ചെയ്യുന്നത് എന്നതും ഒരു വസ്തുതയാണ്. ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ പറഞ്ഞാല്‍ എനിക്ക് കൈ മലര്‍ത്തിക്കാണിക്കേണ്ടി വരും; പക്ഷേ ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നത് തികച്ചും ബാലിശമായ ആവശ്യമായിട്ടാണ് തോന്നുന്നത്.

Anonymous said...

തീര്‍ത്തും ജനാധിപത്യവിരുദ്ധമായ അഭിപ്രായമാണ് താങ്കളുടേത് എന്ന് പറയാതെ വയ്യ.

-: നീരാളി :- said...

മാഷേ, ലൈസന്‍സിംഗ്‌ രാജ്‌ കഴിഞ്ഞുപോയില്ലെ.

ഇനി വേണ്ടത്‌, മനുഷ്യന്‌ അതിജീവിക്കണമെങ്കില്‍, അതിനു തയ്യാറുണ്ടെങ്കില്‍ സ്വയം നിയന്ത്രണങ്ങളും ചിട്ടവട്ടങ്ങളും പാലിക്കുക എന്നതാണ്‌.

-: നീരാളി :- said...

മാഷേ, ലൈസന്‍സിംഗ്‌ രാജ്‌ കഴിഞ്ഞുപോയില്ലെ.

ഇനി വേണ്ടത്‌, മനുഷ്യന്‌ അതിജീവിക്കണമെങ്കില്‍, അതിനു തയ്യാറുണ്ടെങ്കില്‍ സ്വയം നിയന്ത്രണങ്ങളും ചിട്ടവട്ടങ്ങളും പാലിക്കുക എന്നതാണ്‌.

യാരിദ്‌|~|Yarid said...

പ്രായോഗികമായി നടപ്പിലാക്കാ‍ന്‍ കഴിയുന്ന എന്തെങ്കിലും പറയു അഞ്ചത്സ്..!

പകല്‍കിനാവന്‍ | daYdreaMer said...

ഇനി അതിനും കൂടി ലെവന്മാര്‍ ( ഏമാന്മാര്‍ ) ക്കാശു പിടുങ്ങും...!!

അഞ്ചല്‍ക്കാരന്‍ said...

ആശയ വിനിമയത്തിനുള്ള ഉപാധി എന്ന നിലയില്‍ മൊബൈല്‍ ഫോണിനുള്ള സാധ്യതയും ഇപ്പോഴത്തെ പ്രാധാന്യവും ഒരു തരത്തിലും തള്ളിക്കളയുന്നില്ല. ആ ഉപകരണത്തിന്റെ ഏറ്റവും അടിസ്ഥാന ധര്‍മ്മത്തിനു പകരം ദുരുപയോഗം ഉണ്ടാക്കുന്നത് ഫോണിലെ മറ്റു സവിശേഷതകളാണ്. മൊബൈല്‍ ഫോണിനു ലൈസന്‍സ് ഏര്‍പ്പെടുത്തുക എന്നത് ബാലിശമായ നിലപാടു തന്നെ തര്‍ക്കമില്ല. പക്ഷേ ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്തിയാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ ഇതിലും വലുതായിരിയ്ക്കും എന്ന് ഓര്‍മ്മപ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി. പൊതുജനത്തെ കൂടുതല്‍ ഉപദ്രവിയ്ക്കാന്‍ ഉള്ള സാഹചര്യം നിയമപാലകരെന്നു നടിയ്ക്കുന്നവര്‍ക്ക് ഉണ്ടാക്കി കൊടുക്കലാകും അത്. മൊബൈല്‍ ഫോണിന്റെ പേരില്‍ ആരും എപ്പോഴും നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങാനുള്ള സാഹചര്യം സംജാതമാകും.

യാരിദ് പറഞ്ഞ പോലെ കുറച്ചു കൂടി പ്രായോഗികമായി ചിന്തിയ്ക്കാം.

മൊബൈലിന്റെ അടിസ്ഥാന ധര്‍മ്മം ആശയവിനിമയം ആണല്ലോ. വിളിയ്ക്കാനും കേള്‍ക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിയ്ക്കാനും മാത്രം ഉതകുന്ന മൊബൈലിനു മാത്രം നാമമാത്രമായ നികുതി ഈടാക്കുക. ക്യാമറ മൊബൈലില്‍ ആഡംബരമാണ്. ക്യാമറയുള്ള മൊബൈല്‍ ഇന്ന് തുശ്ചമായ വിലയ്ക്കു ലഭിയ്ക്കുന്നുണ്ട്. അതിനു ഭീമമായ നികുതി ഏര്‍പ്പാടാക്കുക. അതുപോലെ തന്നെ സ്പെസിഫിക്കേഷനുകള്‍ കൂടുന്നതനുസരിച്ചു നികുതിയും കൂട്ടുക. അങ്ങിനെ വരുമ്പോള്‍ ക്യാമറയുള്ള മൊബൈലുകള്‍ വാങ്ങുന്നതു കുറയുമല്ലോ?

ഹരീ,
സ്ക്ജൂളുകളിലെ മൊബൈല്‍ നിരോധിയ്ക്കുന്നതിനെ ന്യായീകരിയ്ക്കാന്‍ കഴിയില്ല. കുട്ടികള്‍ക്ക് മൊബൈല്‍ ഒരു തരം സുരക്ഷിതത്വം നല്‍കുന്നുണ്ട്. പക്ഷേ കുട്ടികള്‍ക്കുള്ള മൊബൈല്‍ അവര്‍ക്കു വേണ്ടി തന്നെ ഡിസൈന്‍ ചെയ്യണം. വിളിയ്ക്കാനും കേള്‍ക്കാനും മുങ്കൂട്ടി പ്രോഗ്രാം ചെയ്തു വെച്ചിരിയ്ക്കുന്ന നമ്പരുകളില്‍ നിന്നും മാത്രമേ പാടുള്ളു. അതുപോലെ തന്നെ എസ്.എം.എസും. സ്വീകരിയ്ക്കാനും അയയ്ക്കാനും കഴിയുന്നതും ഇതുപോലെ നേരത്തേ സെറ്റു ചെയ്തിരിയ്ക്കുന്ന നമ്പരുകളില്‍ നിന്നും മാത്രമാകണം.

മത്തായിയ്ക്കും, അനിലിനും, ഹരിയ്ക്കും, വടക്കൂടനും, നീരജിനും, യാരിദിനും, പകലിനും, അനോനികള്‍ക്കും പിന്നെ ബ്ലോഗ് സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി.

Thaikaden said...

Niyanthranangal palikkappedumo? Swayam sradhiykkuka. Athrathanne.

prashanth said...

പോലീസുക്കാര്‍ക്കും ഉദ്ദോഗസ്ഥര്‍ക്കും കാശുവാങ്ങാന്‍ ഒരു ജനല്‍ കൂടി തുറക്കികയാണോ ലക്ഷ്യം? ഇവിടെ ലൈസന്‍സ് രാജ് അവസാനിപ്പിക്കന്‍ നോക്കുകയാണ് എല്ലാവരും, അപ്പോഴാ ഈ പുതിയോരു ലൈസന്‍സുകൂടി.. . മൊബൈല്‍ ഫോണിന്റെ ദുരുപയോഗം തടയാന്‍ ഏറ്റവും നല്ല വഴി അതുപയോഗിക്കുന്നവര്‍ക്കുള്ള ബോധവല്‍കരണമാണ് അല്ലാതെ അതിന് ലൈസന്‍സ് ഏര്‍പ്പെടുത്തല്‍ അല്ല. പറയുകയാണെങ്കില്‍ ഇപ്പോള്‍ ഒരു കണക്ഷന്‍ എടുക്കാന്‍ നമ്മള്‍ കൊടുക്കുന്ന രേഖകളും, പടവും തന്നെ ഈ “ലൈസന്‍സിന്“ ധാരാളം.