ലാബെല്ലാ രാജന്‍.
എണ്‍പതുകളില്‍ മലയാളിയുടെ മടിശീലയുമായി മുങ്ങിയ രാജന്‍ പിന്നെ ഭാര്യയുടെ പേരില്‍ എലീസാ എന്റര്‍പ്രൈസസുമായി വന്നപ്പോഴും തട്ടിപ്പിന്നിരയാവാന്‍ നമ്മള്‍ക്ക് മടിയേതുമുണ്ടായിരുന്നില്ല. ആന്ധ്രയില്‍ നടത്തിയ വെട്ടിപ്പില്‍ അകത്തായി ആന്ധ്രയിലെ ചിറ്റുര്‍ സബ് ജയിലില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞിരുന്നില്ലേല്‍ അദ്ദേഹം ഇപ്പോഴും ഒരു പക്ഷേ നമ്മുക്കിടയില്‍ പുതിയ തന്ത്രങ്ങളുമായി കറങ്ങുന്നുണ്ടാകുമായിരുന്നു. വെട്ടിപ്പുകള്‍ക്ക് തലവെച്ചു കൊടുക്കാന്‍ നമ്മള്‍ നിരനിരയായി...
ആട് വന്നു...തേക്ക് വന്നു....മാഞ്ചിയം വന്നു. എല്ലാത്തിനും കഴുത്തറക്കാന്‍ പാകത്തില്‍ നാം ഉള്ളതു വിറ്റുപിറക്കി നിരനിരയായി നിന്നു. സ്വന്തം വീട്ടില്‍ ഒരാടിനെ മേടിച്ച് നിര്‍ത്താന്‍ ശ്രമിയ്ക്കാതെ, കൃഷി ഭവനില്‍ നിന്നും സൌജന്യമായി ലഭിയ്ക്കുന്ന തേക്കിന്‍ തൈയൊന്നു അതിരില്‍ കുഴിച്ച് വെയ്ക്കാന്‍ മിനക്കെടാതെ, മാഞ്ചിയത്തിനു പകരം നാലു മൂട് കുരുമുളക് വള്ളി വച്ച് പിടിപ്പിയ്ക്കാന്‍ നോക്കാതെ തമിഴ് നാട്ടിലെ ജലസാനിധ്യമില്ലാത്ത ഏതോ മുള്‍ക്കാടുകളില്‍ കണ്ണടച്ചു തുറക്കും മുമ്പ് സമ്പാദ്യം വളര്‍ന്നു വരുമെന്ന് കാട്ടി ഭൂലോക തരികിടകള്‍ നല്‍കിയ പരസ്യത്തിന്റെ പിന്നാലെ പോയി കോടികള്‍ തുലച്ചു. പത്രക്കാര്‍ ഇടപെട്ടില്ലായിരുന്നു എങ്കില്‍ ഇന്നും ഇല്ലാത്ത ആടുകള്‍ പെറ്റു പെരുകുമായിരുന്നു. മണ്ണില്ലാതെ വെള്ളമില്ലാതെ തേക്കുകള്‍ ആകാശത്തോളം വളരുമായിരുന്നു. മൊഞ്ചുള്ള കിനാക്കള്‍ക്ക് വര്‍ണ്ണ പകിട്ടേകി മാഞ്ചിയം പടര്‍ന്നു പന്തലിയ്ക്കുമായിരുന്നു!
എവിടെ നിന്നു തുടങ്ങിയെന്നോ എങ്ങോട്ട് പോകുന്നുവെന്നോ ആര് ചെയ്തെന്നോ തിരിച്ചറിയാന്‍ കഴിയാത്ത മണിചെയിനിലും നാം പെട്ടു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ തിരുവനന്തപുരം ആയൂര്‍വ്വേദ കോളേജ് ഹോസ്റ്റലിന്റെ അടച്ചിട്ട ഒരു റുമിന്റെ മുന്നില്‍ അന്വോഷണം അവസാനിച്ചു. പോയ കോടികള്‍ എത്രയെന്ന് അറിയാവുന്നവര്‍ ആരുമില്ല. പക്ഷേ പലവിധത്തില്‍ മണിചെയിന്‍ ഇന്നും കേരളീയ സമൂഹത്തില്‍ വലിഞ്ഞു മുറുകുന്നു. അല്ലെങ്കില്‍ ചങ്ങല നമ്മള്‍ സ്വയം വലിച്ചു മുറുക്കുന്നു.
ഒറ്റനമ്പര്‍ ലോട്ടറിക്കാര്‍ ഇപ്പോഴും പകല്‍ വെട്ടി കൊള്ള നടത്തുന്നു. കൊള്ളിവെയ്പ്പിനു മുന്നില്‍ നിസ്സംഗതയോടെ നാം നമ്മുടെ തടി വെച്ചും കൊടുക്കുന്നു. ഒറ്റനമ്പര്‍ ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറിയും വേണ്ടേല്‍ പേപ്പര്‍ ലോട്ടറിയും വേണ്ട എന്ന സുപ്രീം കോടതി വിധിയില്‍ തട്ടി പേപ്പര്‍ ലോട്ടറി വേണം അതോണ്ട് ഓണ്‍ലൈന്‍ തട്ടിപ്പും നടക്കട്ടെ എന്ന പ്രായോഗികതയില്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ ലോട്ടറി തട്ടിപ്പുകള്‍ അരങ്ങു വാഴുന്നു. നമ്മുക്ക് പ്രശ്നമേതുമില്ല തന്നെ. വെട്ടിപ്പിനു ഇരയാകാന്‍ നമ്മളിന്നലയേ തയ്യാര്‍.
ശബരീ നാഥ് ടോട്ടലായി കൊണ്ടു പോയി. ചില്ലറക്കാര്‍ പരാതി പറഞ്ഞെങ്കിലും മൊത്തക്കച്ചവടക്കാര്‍ തൊള്ളതുറക്കാത്തതു കൊണ്ട് ശബരി ഇന്നിയും വരും പുതിയ തന്ത്രങ്ങളുമായി. കോടികള്‍ ടോട്ടലായി തട്ടിക്കൊടുക്കാന്‍ നമ്മള്‍ തിക്കിലും തിരക്കിലും...
നൈജീരിയയില്‍ നിന്നും വരുന്ന വ്യാജ സന്ദേശങ്ങളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പണം കളയാനും നമ്മള്‍ക്ക് മടിയേതുമില്ല തന്നെ. ഡോളറിരട്ടിപ്പിനും ലക്ഷം കൊടുത്ത് വഴിയാധാരമായൊരുവനെ ദിവസങ്ങള്‍ക്ക് മുമ്പാണ് ടിവിയില്‍ കണ്ടത്.
അഞ്ഞൂറ് കോടിയുടെ നിധി സ്വന്തമാക്കാന്‍ ദിവ്യാജോഷി എന്ന ഫ്രോഡ് സന്യാസിനിയ്ക്ക് തൊണ്ണൂറു ലക്ഷം കൊടുത്ത് ചാത്തന്‍ സേവ നടത്തിയ പ്രവാസിയുടെ വാര്‍ത്തയും നാം കേട്ടു. ചാത്തന്‍, നിധി, സേവ, കൂടോത്രം, കുന്നായ്മ...എന്തിനും നമ്മള്‍ ഒരുക്കമാണ് - മെയ്യനങ്ങാതെ പണം കിട്ടണം എന്നു മാത്രം. വിഷ്ണുമായയാണെന്നു സ്വയം പ്രഖ്യാപിച്ച ദിവ്യാജോഷിയുടെ പ്രേതം ഏറ്റുവാങ്ങാനാളില്ലാതെ ധര്‍മ്മാശുപത്രിയില്‍ അനാഥമായി കിടക്കുന്നു. ആള്‍ദൈവങ്ങള്‍ നടത്തുന്ന തട്ടിപ്പുകളില്‍ വരിനിന്ന് നാം പണം തുലയ്ക്കുന്നു!
എന്താണ് നമ്മുക്ക് പറ്റുന്നത്. നിക്ഷേപത്തിനു നീതീകരിയ്ക്കാനാകാത്ത പലിശ പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ അത് തട്ടിപ്പാണെന്നു നമ്മുക്ക് മനസ്സിലാകാത്തത് എന്തു കൊണ്ടാണ്? ഒരിയ്ക്കല്‍ തട്ടിപ്പു നടത്തി മുങ്ങിയവന്‍ വീണ്ടും പുതിയ രൂപത്തില്‍ ഭാവത്തില്‍ വരുമ്പോള്‍ നമ്മള്‍ വീണ്ടും എന്തു കൊണ്ട് തട്ടിപ്പിനു വിധേയമാകുന്നു? പണത്തിനുള്ള ആര്‍ത്തി എന്നുത്തരം പറയാം. പക്ഷേ വീണ്ടും വീണ്ടും അതാവര്‍ത്തിയ്ക്കുന്നത് എന്തു കൊണ്ട്? കൂടോത്രത്തിലൂടെ നിധിയെടുക്കാന്‍ അരും കൊലകള്‍ക്ക് പോലും നമ്മള്‍ക്ക് മടിയില്ലാത്തത് എന്തുകൊണ്ട്? ഉഡ്ഡായിപ്പുകള്‍ക്കെല്ലാം തലവെച്ചു കൊടുക്കുന്നത് അജ്ഞത കൊണ്ടു മാത്രമല്ലല്ലോ. ആര്‍ത്തി പിടിച്ചൊരു സമൂഹത്തിനിതൊക്കെ സംഭവിച്ചില്ലേല്‍ അതാണത്ഭുതം!
പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയ്ക്കാത്തവര്‍ ഭൂരിപക്ഷമായൊരു സമൂഹത്തില്‍ പണത്തിനു മേലേ മനുഷ്യത്വത്തിനു വില കല്പിച്ചൊരു വിഭാഗമാണ് ഏറ്റവും പുതിയതൊന്നിനു ഇരയായോ എന്ന സംശയത്തില്‍ എത്തി നില്‍ക്കുന്നത്!
ഏറ്റവും പുതിയതൊന്ന്.
ഇന്നേവരെ കേള്‍ക്കാത്തതൊന്ന്. കേട്ടത് ശരിയാണോ തെറ്റാണോ എന്നു പോലും അറിയാത്തതൊന്ന്. കേള്‍ക്കുന്നത് ശരിയായിരിയ്ക്കരുതേ എന്നു പ്രാര്‍ത്ഥിച്ചു പോകുന്നതൊന്ന്. ഇങ്ങിനെയൊന്നുണ്ടാകുമെന്ന് സ്വപ്നേപി നിരൂപിയ്ക്കാന്‍ കഴിയാത്തതൊന്ന്!
സിയാബ്,
ഒരു തട്ടിപ്പു കാരനാണോ ഈ ചെറുപ്പക്കാരന്‍? അല്ലാ എന്നു കേള്‍ക്കാന്‍ കാത്തിരിയ്ക്കുന്നവര്‍ അനവധിയാണ്.
മെയ്യനങ്ങാതെ പണം നേടാന്‍ ഉഡായിപ്പുകള്‍ക്ക് തലവെച്ചു കൊടുക്കുന്നവര്‍ക്കിടയില്‍, നിസ്സഹായനായി നിന്നൊരു ചെറുപ്പക്കാരനെ പ്രതിഫലേശ്ചയില്ലാതെ, ലാഭേശ്ചയില്ലാതെ സഹായിയ്ക്കാന്‍ ശ്രമിച്ചവര്‍ ഖിന്നരാകേണ്ടി വരും - സിയാബെന്ന ചെറുപ്പക്കാരന്‍ തട്ടിപ്പുകാരനാണെന്നു വന്നാല്‍. അയാളുടെ ചെയ്തികളും വാക്കുകളും ഉഡായിപ്പുകാളായിരുന്നു എന്നു വന്നാല്‍.
അതങ്ങിനെയല്ലാതായിരിയ്ക്കട്ടെ!
Sunday, September 20, 2009
Subscribe to:
Post Comments (Atom)
3 comments:
അത് തന്നെയാണെനിക്കും മനസ്സിലാവാത്തതു്. എന്തുകൊണ്ട് അനുഭവങ്ങളുണ്ടായിട്ടും പഠിക്കുന്നില്ല. അഞ്ഞൂറ് കോടി കിട്ടാനാണെങ്കില്‍ കൂടി 90 ലക്ഷമൊക്കെ മുടക്കുക എന്നു പറയുമ്പോള്‍! സാധാരണക്കാരനു സ്വപ്നം കാണാന്‍ മാത്രം പറ്റുന്ന 90 ലക്ഷം കയ്യിലുള്ളപ്പോഴാണ് അതിനിയും കൂട്ടാന്‍ നോക്കി വിഡ്ഡിത്തത്തില്‍ ചെന്നു ചാടുന്നതു്.
ഉത്തരവാദിത്വത്തിന്റെ ഭാരമേല്‍ക്കാതെ ധനികനാവാനാനുള്ള ത്വര മലയാളിയുടെ ചോരയില്‍ കലര്‍ന്നത് ഏതു തലമുറ മുതല്‍ക്കാണോ എന്തോ.
ചെറിയ തുക മുടക്കി വലിയ സമ്പാദ്യം തിരികെ പ്രതീക്ഷിക്കുന്നവന്‍ അടുത്തതായി ചാടാന്‍ പോകുന്നത് കേരളത്തിലെ റിയലെസ്റ്റേറ്റുകാരുടെ കെണിയിലാണ് തീര്‍ച്ച.ഈ രംഗത്തേക്ക് കടന്നു വന്നിട്ടുള്ള പുത്തന്‍ തലമുറ കമ്പനികളെക്കുറിച്ച് ശരാശരി മലയാളിക്ക്, പ്രത്യേകിച്ച് പ്രവാസി മലയാളിക്ക് ഒന്നുമറിയാന്‍ വഴിയില്ല.കാശു പോയി തൂങ്ങിച്ചാവാന്‍ നേരത്ത് ഒരു സീരിയലയ്യപ്പനും,സീരിയല്‍ ദേവിയും,വാസ്തുവും,അഷ്ടപഞ്ചമിയും കാണില്ല അവരെ രക്ഷിക്കാന്‍ തീര്‍ച്ച.
സിയാബ്.
ഇയാള്‍ ചെയ്തത് വഞ്ചനയാണെങ്കില്‍ പോലും അയാള്‍ ആ തുക ധൂര്‍ത്തിനല്ല ഉപയോഗിച്ചതെങ്കില്‍ ഞാന്‍ അയാള്‍ക്കൊപ്പമാണ്.നെറ്റിലെ പരിചയം മുതലെടുത്ത് തന്റെ പൈസ അടിച്ചെടുത്തു എന്ന് ആരോപിക്കുന്ന വ്യക്തിയോടാണെനിക്ക് പുച്ഛം.ആ പൈസ ദാനം ചെയ്യുമ്പോള്‍ അവരുടെ മാനസീകാവസ്ഥ എന്തായിരുന്നിരിക്കാം? കുറച്ചു ദിവസം കൊണ്ട് ആ മാനസീകാവസ്ഥ എങ്ങനെ മാറിപ്പോകുന്നു?ദാനത്തിനു മുന്‍പ് വിശദമായ ഒരന്വേഷണം നത്തുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ച ഘടകം എന്തായിരുന്നു?.ചുളുവില്‍ പുണ്യം പ്രതീക്ഷിക്കുന്ന ആരും ഒന്നും ദാനം ചെയ്യാതിരിക്കട്ടെ.ദാനം ഒരു പുണ്യവും ആര്‍ക്കും കൊടുക്കുന്നില്ല അര്‍ഹതപ്പെട്ടവനല്ല അതു ലഭിക്കുന്നതെങ്കില്‍ അത് ദോഷം വരുത്തി വയ്ക്കുകയും ചെയ്യുന്നു. എന്തുതന്നെയായാലും സിയാബിന്റെ മുന്‍ കാലചരിത്രം മുഴുവന്‍ തട്ടിപ്പിന്റേതല്ല,എന്നുമാത്രമല്ല അത്യദ്വാനത്തിന്റെ വിയര്‍പ്പു രുചിയുണ്ട് ജീവിച്ച ഒരു ഭൂത കാലംഅയാള്‍ക്കുണ്ട്.
അങ്ങനെയൊരാള്‍ കുറ്റവാളിയായാല്‍ പോലും അയാളേക്കാളേറെ അയാളെ അങ്ങനെയാക്കിത്തീര്‍ത്ത സമൂഹത്തെ വിചാരണ ചെയ്യേണ്ടയിരിക്കുന്നു.
ബഹുജനം പലവിധം.
തട്ടിപ്പുകളും പലവിധം.
നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ് മൊബൈലില്‍ എസ്സെമെസ്സ് വരുന്നത് ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. ഇന്റര്‍നെറ്റിനെക്കുറിച്ചും ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ചും അറിയാത്ത ചിലരെങ്കിലും ഈ നൈജീരിയന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണ് കാശ് കളയുമെന്ന് തീര്‍ച്ച.
Post a Comment