Monday, October 19, 2009

അസംഭവ്യമല്ലാത്തത്...

അന്ന്,
അന്നെന്നു പറഞ്ഞാല്‍ ഒരു പത്തിരുപത് വര്‍ഷം മുന്നേ. പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാ‍ദികളുടെ വെടിയുണ്ടെയ്ക്കിരയാകേണ്ടി വന്നിരുന്നത് വെറും സാധാരണക്കാര്‍. ഭീകരവാദികളുടെ പൈശാചികമായ കശ്ശാപ്പുകള്‍ക്ക് വിധേയരാകുന്ന സാധുക്കളുടെ ചിത്രങ്ങളും വാര്‍ത്തകളും ഇല്ലാതെ അക്കാലത്ത് ഒരു പത്രവും നമ്മുക്ക് മുന്നിലേയ്ക്കെത്തിയിട്ടില്ല. കൊലചെയ്യപ്പെടുന്നത് എന്തിനു വേണ്ടി എന്നു പോലും അറിയാതെ എപ്പോഴും കടന്നു വരാവുന്ന വെടിയുണ്ടയ്ക്ക് മുന്നില്‍ ദിനേന അവിടെ പിടഞ്ഞ് വീണത് നൂറുകണക്കിനാള്‍ക്കാരായിരുന്നു.

ജിഹാദിന്റെ പേരില്‍ കാശ്മീരില്‍ അന്നും ഇന്നും കശ്ശാപ്പ് തുടരുന്നു. ഭാരതത്തിന്റെ കണ്ണീരായി കാശ്മീര്‍ മാറിപ്പോയിരിയ്ക്കുന്നു. ഒരു തേങ്ങല്‍ പോലും ബാക്കി വെയ്ക്കാതെ, നിസ്സാഹയ ജന്മങ്ങള്‍ അതിര്‍ത്തി കടന്നു വരുന്ന കൂലി പട്ടാളത്തിന്റെ തോക്കിന്‍ മുനമ്പില്‍ പിടഞ്ഞു വീഴുന്നു. ഭീകരവാദത്തിനു മതമോ ഭീകരവാദിയ്ക്കു ദൈവമോ ഇല്ലാ എന്ന തിരിച്ചറിവ് ലോകത്തിനുണ്ടെങ്കിലും ആവശ്യത്തിനെപ്പോഴും എടുത്തുപയോഗിയ്ക്കാന്‍ തക്കപാകത്തില്‍ തീവ്രവാദത്തേയും ഭീകരവാദത്തേയും കരുതി വെയ്ക്കുന്നവര്‍ അന്നും ഇന്നും എന്നും എപ്പോഴും കൊടുങ്കാറ്റു കൊയ്തു കൊണ്ടേയിരിയ്ക്കുന്നു.

ആന്ധ്രയിലും ജാര്‍ക്കണ്ടിലും ആസാമിലും ഒറീസയിലും ബംഗാളിലും ബീഹാറിലും ഒക്കെയും ആരും എപ്പോഴും പ്രാകൃതമായി കൊല ചെയ്യപ്പെടാം. ഒരിടത്ത് അതിര്‍ത്തി കടന്നു വരുന്ന ഭീകരരെങ്കില്‍ മറ്റൊരിടത്ത് രജ്യത്തിനകത്തുള്ള തീവ്രവിഭാഗങ്ങളാണ് കശ്ശാപ്പുകള്‍ ഒരുക്കുന്നത് എന്ന വ്യത്യാസം മാത്രം. തലയറ്റു വീഴുന്നത് എപ്പോഴും ഒന്നും അറിയാത്ത സാധുക്കള്‍ തന്നെ. രാജ്യത്തോടോ ജനതയോടോ കൂറില്ലാത്ത ഭരണ കര്‍ത്താക്കള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിയതിന്റെ അനന്തരഫലമാണ് നാമിന്ന് അനുഭവിയ്ക്കുന്നത്. കൊലയും കൊള്ളയും കുലത്തൊഴിലായി കൊണ്ടു നടക്കുന്നവര്‍ ഭരണ സിരാകേന്ദ്രത്തില്‍ എത്തുന്നതിനെ തടയാന്‍ നമ്മുടെ പുകള്‍ പെറ്റ ജനാധിപത്യത്തിനു കഴിയാത്തത് നാടിനെ കുട്ടിച്ചോറാക്കി കൊണ്ടേയിരിയ്ക്കുന്നു. ശത്രുക്കള്‍ തന്നെ രാജ്യം ഭരിയ്ക്കുന്ന കാലഘട്ടത്തില്‍ തലച്ചോറില്‍ അണുബാധയേറ്റ ഏതൊരുവനും ഒരായുധം പോലുമില്ലാതെ ആരേയും കൊലപ്പെടുത്താം. ഒരുവന്‍ നിശ്ചയിച്ച് ഇറങ്ങണം എന്നു മാത്രം.

പക്ഷേ നമ്മള്‍...പ്രബുദ്ധരായവര്‍ കരുതിയത് അതൊക്കെ അങ്ങ് അകലെയല്ലേ? നമ്മള്‍ ഇവിടെ ദൈവത്തിന്റെ സ്വന്തം കരങ്ങളിലല്ലേ? നമ്മളെ അതൊന്നും ബാധിയ്ക്കുകയില്ലല്ലോ എന്നാണ്. നമ്മള്‍ സുഖ സുഷുപ്തിയിലായിരുന്നു. ഭാരതത്തിന്റെ ഇതര ഗ്രാമാന്തരങ്ങളില്‍ ചോരപ്പുഴയൊഴികിയപ്പോള്‍ ചാനലുകളില്‍ തത്സമയം അതൊക്കെയും കണ്ട് നാം സായൂജ്യമടയുകയായിരുന്നു.

പക്ഷേ ഇന്ന്.

ചാവുകള്‍ നമ്മെയും തേടിയെത്തിയിരിയ്ക്കുന്നു. രാവിലെ പശുവിനെ കറക്കാന്‍ പോകുന്നവന്‍, ഒടിച്ചു കെട്ടിയ ചായപ്പീടികയില്‍ ചായ കച്ചോടം നടത്തി അന്നം തേടുന്നവന്‍, വീട്ടില്‍ നിന്നും യാത്രയ്ക്കായി ഒരുങ്ങി ഇറങ്ങിയവന്‍, പഠിയ്ക്കാനായി വീടു വിട്ടിറങ്ങുന്ന കുഞ്ഞുങ്ങള്‍, വീട്ടമ്മമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ആരും എപ്പോഴും മരിച്ചു വീഴാം. അസംതൃപ്തരായ ചെറുപ്പക്കാരുടെ എണ്ണം നമ്മുടെ നാട്ടിലും കൂടുകയാണ്. അസംതൃപ്തര്‍ക്ക് പണവും പരിവാരവും ഒരുക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിയ്ക്കുന്നു. രാവെന്നോ പകലെന്നോ വ്യത്യസമില്ലാതെ ഗ്രാമാന്തരങ്ങള്‍ തോറും കള്ളപ്പണവുമായി കയറിയിറങ്ങുന്നു. അത്താഴ പഷ്ണിക്കാരന്‍ കള്ളപ്പണത്തിന്റെ മായികലോകത്തിലേയ്ക്ക് എത്തിപ്പെടാന്‍ മനസ്സാക്ഷിയെ ഒരു നിമിഷം മറന്നാല്‍ മതി എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിയ്ക്കുന്നു.

എന്താണ് അസംഭവ്യം?

പുലര്‍ച്ചേ പിഞ്ചു കുഞ്ഞുങ്ങളേയും കൊണ്ട് സ്കൂളുകളിലേയ്ക്ക് പോകുന്ന സ്കൂള്‍ ബസ്സുകള്‍ ഒരു കത്തിമുനയുടെ മുന്നില്‍ തട്ടിയെടുക്കപ്പെടാം.

റെയില്‍ പാളങ്ങളില്‍ പടക്കം പൊട്ടുന്ന ലാഘവത്തില്‍ ബൊംബുകള്‍ പൊട്ടാം.

നിന്നു തിരിയാനിടമില്ലാത്ത ചന്തകളിലും ബസ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും മറച്ചു വെയ്ക്കപ്പെട്ട ആര്‍.ഡി.എക്സ് എപ്പോള്‍ വേണമെങ്കിലും ആയിരങ്ങളെ കൊന്നൊടുക്കാം.

പാ‍ലങ്ങള്‍ക്ക് ബോംബുവെയ്ക്കാന്‍ ഒരുവന്‍ ഒരുമ്പെട്ടാല്‍ അവനത് ചെയ്യാന്‍ എന്താണ് തടസ്സമാകുന്നത്?

സര്‍ക്കാര്‍ കാര്യാലയങ്ങളോ കോടതികളോ കളക്ട്രേറ്റുകളോ എന്തിനു സെക്രട്ടറിയേറ്റുപോലും എപ്പോള്‍ വേണമെങ്കിലും അക്രമിയ്ക്കപ്പെടാം.

ശുദ്ധജലവിതരണ ശൃംഗലകളില്‍ വിഷം കലര്‍ത്തപ്പെടാം. എന്ത് സുരക്ഷയാണ് നമ്മുടെ ശുദ്ധജല വിതരണ സംവീധാനങ്ങള്‍ക്കുള്ളത്?

വൈദ്യുതി വിതരണ സംവീധാനം അട്ടിമറിയ്ക്കപ്പെടാം. വൈദ്യുതി ടവറുകള്‍ക്ക് ക്ഷതം വരുത്തുവാന്‍ എന്തു ബുദ്ധിമുട്ടാണ് ഒരിമ്പിട്ടിറങ്ങുന്ന ഒരുവനുള്ളത്?

ആശുപത്രികള്‍ അക്രമിയ്ക്കപ്പെടാം. ജീവനു കേഴുന്ന രോഗികള്‍ പോലും ബന്ധിയാക്കപ്പെടാം.

പത്തു നാല്പതു ലക്ഷം ജീവനുകളെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ മുല്ലപ്പെരിയാര്‍ ലക്ഷ്യമാക്കപ്പെടാം. ആര്‍ക്കാണ് തടയാന്‍ കഴിയുക? ഡാമുകളെ തകര്‍ത്ത് മടങ്ങുവാന്‍ ഒരുമ്പെട്ടിറങ്ങുന്ന ആര്‍ക്കാണ് ലക്ഷ്യ പൂര്‍ത്തീകരണം അസ്സാധ്യമാകുന്നത്? നമ്മുടെ ഡാമുകള്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്?

എന്താണ് അസംഭവ്യം?

ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ആയുധം എടുക്കണ്ട - മലയാള മണ്ണില്‍ മരണം വിതയ്ക്കാന്‍. വിരലിലെണ്ണാവുന്നവര്‍ വിധ്വംസകര്‍ക്ക് വിധേയരായാല്‍ നിമിഷങ്ങള്‍ അധികമാണ് ഭൂമിമലയാളം ശവപ്പറമ്പാകാന്‍.

തലച്ചോറില്‍ വിധ്വംസനത്തിന്റെ വിഷബാധയേറ്റ അസംതൃപ്തരായ ചെറുപ്പക്കാര്‍ നമ്മുടെ തെരുവുകളില്‍ അശ്ശാന്തി വിതച്ചു തുടങ്ങിയിരിയ്ക്കുന്നത് നാമിന്ന് തിരിച്ചറിയുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളായി അധഃപതിയ്ക്കുമ്പോള്‍ അശ്ശരണരുടെ എണ്ണം കൂടും. അപ്പോള്‍ അവര്‍ തങ്ങള്‍ക്ക് തണലാകുന്നവരുടെ ചൊല്‍പ്പടിയ്ക്കു തുള്ളാന്‍ ബാധ്യസ്ഥരാകും.


വിപ്ലവ ബോധം സിരകളെ ബാധിച്ച ഒരു യുവ സമൂഹമാണ് നമ്മുടേത്. തിളയ്ക്കുന്ന ആ ചിന്തകളെ ഇന്ന് നേര്‍ വഴിയ്ക്ക് നയിയ്ക്കാന്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നതേയില്ല. അധികാരം എന്ന ഒരൊറ്റ പൊതുമിനിമം പരിപാടിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എത്തി നില്‍ക്കുന്നു. ഫലമോ? ആര്‍ക്കും ആയുധമെടുക്കാം എന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിയിരിയ്ക്കുന്നു.

പത്തിരുപത് ചെറുപ്പക്കാര്‍ ആയുധമെടുക്കാന്‍ തീരുമാനിച്ചാല്‍.... മരിച്ചു വീഴുന്നത് ആയിരങ്ങളാകാം. അത് ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു. നക്സലുകള്‍, ഗുണ്ടകള്‍, ഭീകരവാദികള്‍,സിമി, ജിഹാദികള്‍, അയ്യംങ്കാളി പട പേരെന്തു തന്നെയുമാകാം. അവര്‍ എപ്പോഴും കടന്നു വരാം. നാം ചാവിനു കാത്തിരിയ്ക്കുക...കരുതിയിരുന്നിട്ടിനി കാര്യമൊന്നുമില്ല. മരണം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചിറക് വിരിച്ച് കഴിഞ്ഞു. മസ്തിഷ്കത്തില്‍ പുഴുക്കുത്തു വീണ യുവതയുടെ ഭ്രാന്തിനു വളം വെച്ചു കൊടുക്കുകയാണ് നമ്മുടെ ഭരണ കൂടം. അധികാരം എന്ന ഒറ്റ അജണ്ടയില്‍ ജനതയെ മറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നാടിനെ കൊലക്കളമാക്കിയിരിയ്ക്കുന്നു.

ഭീകരത നമ്മുടെ നാടിനും അന്യമല്ല. അല്ലെങ്കില്‍ ഭീകരര്‍ക്ക് ആരും അന്യരല്ല. കൊല ചെയ്യപ്പെടാന്‍ പാകത്തില്‍ നിന്നു കൊടുക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം. കശ്ശാപ്പുചെയ്യുക എന്ന അവരുടെ ധര്‍മ്മം അവര്‍ തെല്ലിട വൈകാതെ ചെയ്തുകൊള്ളും. എപ്പോള്‍ ചാവു വിതയ്ക്കണം എന്നതില്‍ മാത്രമേ തീരുമാനമാകാനുള്ളു. അതവരുടെ തീരുമാനം. എപ്പോള്‍ വേണമെങ്കിലും അതു സംഭവിയ്ക്കാം. അതിനെ മറികടക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവീധാനങ്ങള്‍ക്ക് കഴിയില്ല. സംഭവ ശേഷം ജൂഡിഷ്യല്‍ അന്വേഷണം നടത്തുക എന്ന സര്‍ക്കാര്‍ കാര്യം മുറപോലെ നടക്കുമെന്നു മാത്രം.

വിധ്വംസകരുടെ വിരലില്‍ കെട്ടിയ കളിപ്പാവകളായി നമ്മുടെ യുവത്വം അധഃപതിയ്ക്കാന്‍ കാരണം പിടുപ്പുകെട്ട ഭരണകൂടങ്ങളാണ്. രാജനീതിയറിയാത്ത രാജാക്കന്മാര്‍ രാജ്യം ഭരിയ്ക്കുമ്പോള്‍ പ്രജകള്‍ക്ക് ചെയ്യാനുള്ളത് ചാവുകള്‍ക്ക് തലചായിച്ചു കൊടുക്കുക എന്നതുമാത്രമാണ്!

2 comments:

Unknown said...

ശരിയാണ്.ഇപ്പറഞ്ഞതിനപ്പുറം കേരളം ജീവിയ്ക്കാന്‍ കൊള്ളാത്ത നാടായി മാറുന്നതിന്റെ ലക്ഷണങ്ങള്‍ വേറെയും ധാരാളമുണ്ട്. മാനവികതയിലേക്കും ധാര്‍മ്മികതയിലേക്കും ഒക്കെ ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമെന്ന് തന്നെ വേണം കരുതാന്‍...

Joker said...

ഭരണ കൂടങ്ങളാലും , അവരുടെ മറ്റ് ഏജന്‍സികളാലും പാര്‍ശ്വ വല്‍ക്കരിക്കപ്പെടുന്ന യുവത്വത്തിനെ എളുപ്പം മറ്റുള്ളവര്‍ക്ക് തട്ടിയെടുക്കാനാവും എന്ന് കൂട്ട്റ്റി ചേര്‍ക്കാം എന്ന് തോന്നുന്നു. എപ്പോഴും ഭരണ്‍നകൂടത്തെ കുറ്റപ്പെട്റ്റുത്തുന്നതോടെ നമ്മുടം പ്രതിരോധവും പ്രവര്‍ത്തനവും പൂര്‍ണമാകുന്നു എന്നതാണ് ദുര്യോഗം.