Thursday, October 22, 2009

ഖത്തറിലെ മാധ്യമ പ്രവര്‍ത്തനമെന്നാല്‍ കൂട്ട കോപ്പിയടിയോ?

സംഭവങ്ങളാണല്ലോ വാര്‍ത്തകളായി പരിണമിയ്ക്കുന്നത്. ഒരു സംഭവം ഉണ്ടായിക്കഴിഞ്ഞാല്‍ അതറിയുന്ന പത്രപ്രവര്‍ത്തകര്‍ ആ സംഭവത്തെ തന്റെ ഭാഷാനൈപുണ്യവും ശൈലിയും ഉപയോഗിച്ച് പ്രസിദ്ധീകരണ യോഗ്യമായ വാര്‍ത്തയായി പത്രമാധ്യമങ്ങളിലൂടെ അവതരിപ്പിയ്ക്കുന്നു. സംഭവത്തെ സമീപിയ്ക്കുന്ന പത്രപ്രവര്‍ത്തകന്റെ വീക്ഷണങ്ങളില്‍ വരുന്ന വ്യത്യാസം അനുസരിച്ച് ഒരേ വിഷയം തന്നെ വ്യത്യസ്ത നിലപാടുകളിലൂടെ അവരവരുടെ വാക്കുകളിലൂടെ വാചകങ്ങളിലൂടെ വാര്‍ത്തയായി അവതരിപ്പിയ്ക്കപ്പെടാം. അതായത് വിഷയം ഒന്ന്, എഴുതപ്പെടുന്ന വാക്കുകളും വാചകങ്ങളും ശൈലിയും വ്യത്യസ്തം. ഉദാഹരണമായി പൊന്ന്യത്ത് നടന്ന ബാങ്ക് കവര്‍ച്ചയിലെ പ്രതിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് നോക്കാം.

മലയാള മനോരമയില്‍ വാര്‍ത്ത വന്നത് ഇങ്ങിനെ:

തലക്കെട്ട്: പൊന്ന്യം ബാങ്ക് കവര്‍ച്ച മുഖ്യ പ്രതി അറസ്റ്റില്‍.

കണ്ണൂര്‍: തലശ്ശേരി പൊന്ന്യം സഹകരണ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രധാന പ്രതി തമിഴ്നാട് കാഞ്ചീപുരം മതുരാന്തകത്തെ ചിന്നമുരുകന്‍ (28) അറസ്റ്റിലായി. തുടര്‍ന്ന് ഇവിടെ വായിക്കാം.

ഇതേ വാര്‍ത്ത ദീപികയില്‍ വന്നത് ഇങ്ങിനെ:

തലക്കെട്ട്: പൊന്ന്യം ബാങ്ക് കവര്‍ച്ച : പ്രധാന പ്രതി അറസ്റ്റില്‍.
കണ്ണൂ‍ര്‍: തലശ്ശേരി പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ശാഖയില്‍ നിന്നും മൂന്നു കോടി രൂപയോളം വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം...അങ്ങിനെ വാര്‍ത്ത തുടരുന്നു.

കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങിനെ:

പൊന്ന്യം ബാങ്ക് കവര്‍ച്ച മുഖ്യ പ്രതി പിടിയില്‍ എന്ന തലക്കെട്ടോടെ വാര്‍ത്ത വന്നു.
കണ്ണൂര്‍: തലശ്ശേരി പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി തമിഴ്നാട് പെരിങ്കളത്തൂരിലെ കാരാട്ടേ മുരുകന്‍ എന്ന ചിന്ന മുരുകനെ (28‌) ചെന്നൈയിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നും അന്വേഷണ സംഘം പിടി കൂടി....വാര്‍ത്ത തുടരുന്നു.

മലയാളത്തിലിറങ്ങുന്ന മിക്കവാറും എല്ലാ പത്രങ്ങളും പൊന്ന്യത്തെ ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതിയെ പിടിച്ച വാര്‍ത്ത നല്‍കിയിരുന്നു. പക്ഷേ വാര്‍ത്ത തയ്യാറാക്കപ്പെട്ടത് വ്യത്യസ്ത രീതിയിലായിരുന്നു എന്നു മാത്രം. ഒരോ പത്രത്തിലേയും ഡെസ്കില്‍ ഉള്ളവരുടെ മനോധര്‍മ്മം അനുസരിച്ച് വാര്‍ത്തകള്‍ തയ്യാറാക്കപ്പെടുകയും അച്ചടിയ്ക്കപ്പെടുകയും ചെയ്യും. എല്ലായിപ്പോഴും അത് അങ്ങിനെ തന്നെയാണ്.

വാര്‍ത്തകള്‍ ഒന്നു തന്നെയാകാം. പക്ഷേ അത് അവതരിപ്പിയ്ക്കപ്പെടുന്ന രീതി, ഭാഷ, ശൈലി ഒക്കെയും തയ്യാറാക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പക്ഷേ ഖത്തറിലെ മീഡിയാ പ്രവര്‍ത്തകര്‍ അങ്ങിനെയല്ല. കിട്ടുന്ന വാര്‍ത്തകള്‍ ഒരാള്‍ എഴുതുന്നു ബാക്കിയെല്ലാരും കൂടി കുത്തിയിരുന്നു ഫോട്ടോ കോപ്പിയെടുത്ത് അച്ചു നിരത്തുന്നു. പറയുന്നത് ഞാനല്ല. “ഞങ്ങള്‍ ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍‍” എന്ന് അവകാശപ്പെടുന്ന ഒരു ചങ്ങാതിയാണ്. വിഷയീഭവിച്ച വാര്‍ത്ത, ഖത്തറില്‍ വീട്ടു ജോലിയ്ക്ക് വന്ന് സ്പോണ്‍സറുടെ ക്രൂരതകള്‍ക്ക് വിധേയനാകേണ്ടി വന്ന ഒരു സാധുവിനെ രക്ഷപെടുത്തിയതുമായി ബന്ധപ്പെട്ടതാണ്.

ഖത്തറിലെ ലീഡിങ്ങ് മലയാളം ഓണ്‍ലൈന്‍ ഡെയിലി എന്നവകാശപ്പെടുന്ന “ഖത്തര്‍ ടൈംസ്” എന്ന പത്രത്തില്‍ (പക്ഷേ പത്രത്തില്‍ ക്ലിക്കുമ്പോള്‍ അഡ്രസ്സ് ബാറില്‍ വരുന്നത് ഒരു ബ്ലോഗറുടെ പേരാണ്. അതെന്താണെന്ന് ആ പത്രത്തിന്റെ മുതലാളിയ്ക്ക് മാത്രമറിയാവുന്ന രഹസ്യം) പ്രസ്തുത വാര്‍ത്ത വന്നത് ഇങ്ങിനെ:

ദോഹ:ഖത്തറില്‍ വീട്ടുഡ്രൈവര്‍ വിസയിലെത്തിയെങ്കിലും ഒരാഴ്ചയ്ക്കകം സ്‌പോണ്‍സര്‍ സൗദി മരുഭൂമിയിലേക്ക് കൊണ്ടുപോയി രണ്ടരമാസത്തോളം നിര്‍ബന്ധിച്ച് ജോലിചെയ്യിച്ച പാലക്കാട് പുതുപ്പള്ളി സ്വദേശി ചോലന്‍കാട് റംഷാദ് സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിലൂടെ മോചിതനായി.

സൗദിയില്‍ അല്‍ഹാസയ്ക്കടുത്ത് ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ സ്‌പോണ്‍സറുടെ വൃദ്ധരായ കുടുംബാംഗങ്ങളുടെ ശുശ്രൂഷയ്ക്കും കാലികളെ മേയ്ക്കാനും നിയോഗിക്കപ്പെട്ട റംഷാദിന്റെ ദുരിതം അറിഞ്ഞ ദമാം ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിവരം ഖത്തര്‍ ഫ്രറ്റേര്‍ണിറ്റി ഫോറത്തിന് കൈമാറുകയായിരുന്നു.
ഇവിടെ വാര്‍ത്ത തുടരുന്നു.

ഇതേ വാര്‍ത്ത മാതൃഭൂമിയില്‍ വന്നത് ദേണ്ടെ ഇങ്ങിനേയും.
ദോഹ: ഖത്തറില്‍ വീട്ടുഡ്രൈവര്‍ വിസയിലെത്തിയെങ്കിലും ഒരാഴ്ചയ്ക്കകം സ്‌പോണ്‍സര്‍ സൗദി മരുഭൂമിയിലേക്ക് കൊണ്ടുപോയി രണ്ടരമാസത്തോളം നിര്‍ബന്ധിച്ച് ജോലിചെയ്യിച്ച പാലക്കാട് പുതുപ്പള്ളി സ്വദേശി ചോലന്‍കാട് റംഷാദ് സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിലൂടെ മോചിതനായി.

സൗദിയില്‍ അല്‍ഹാസയ്ക്കടുത്ത് ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ സ്‌പോണ്‍സറുടെ വൃദ്ധരായ കുടുംബാംഗങ്ങളുടെ ശുശ്രൂഷയ്ക്കും കാലികളെ മേയ്ക്കാനും നിയോഗിക്കപ്പെട്ട റംഷാദിന്റെ ദുരിതം അറിഞ്ഞ ദമാം ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിവരം ഖത്തര്‍ ഫ്രറ്റേര്‍ണിറ്റി ഫോറത്തിന് കൈമാറുകയായിരുന്നു.
മാതൃഭൂമി വാര്‍ത്ത ഇവിടെ തുടരുന്നു.

വാര്‍ത്തയിലെ ഈ കോപ്പീ പേസ്റ്റിന്റെ സാംഗത്യം ചൂണ്ടി കാണിക്കപ്പെട്ടപ്പോള്‍ ഖത്തര്‍ ടൈംസിന്റെ മുഖ്യ പത്രാധിപര്‍ (?) മുന്നോട്ടു വെച്ച ന്യായമാണ് ചുവടെ.

ന്യായം നമ്പര്‍ ഒന്ന്: മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
അഞ്ചല്‍,ഈ വാര്‍ത്ത മാതൃഭൂമി എന്നില്‍ നിന്നോ മാതൃഭൂമിയില്‍ നിന്നോ കോപ്പി അടിച്ചതല്ല,മറിച്ച് ഈ വാര്‍ത്ത മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കിയത് അഹമ്മദ് പാതിരപറ്റ എന്ന മാതൃഭൂമി ലേഖകനാണ്.സ്വാഭാവികമായും ഒരു വാര്‍ത്ത കിട്ടിയാല്‍ അത് ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍) പരസ്പരം കൈമാറുക പതിവാണ്.അങ്ങിനെ ഉണ്ടായതിനാലാണ് നിങ്ങള്‍ക്ക് ഒരു ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞത്.പിന്നെ ഞാന്‍ എന്തു ചെയ്തോ അത് ചെയ്തു എന്നു തന്നെ പറയും,അതില്‍ എനിക്ക് ഒരു മടിയും ഇല്ല എന്ന് ഇനിയും മനസിലാക്കിയാല്‍ നന്നായിരുന്നു.
October 21, 2009 8:05 AM


ന്യായം നമ്പര്‍ രണ്ട്: മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
അഞ്ചല്‍,മറന്ന ഒരു കാര്യമെഴുതാന്‍ വേണ്ടി,ഇനിയും ഈ ന്യൂസ്സ് ബുള്ളറ്റിനില്‍ ഖത്തറില്‍ നിന്നുള്ള (ഇതില്‍ അതു മാത്രമേ ഉള്ളൂ) പല വാര്‍ത്തകളിലും മറ്റു പല പത്രങ്ങളിലെ വാര്‍ത്തകളോട് സാമ്യം കാണും.ഇതിനു കാരണം ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍)വാര്‍ത്തകള്‍ പരസ്പരം കൈമാറുക പതിവാണ്. ഇതെല്ലാം അടിച്ചുമാറ്റിയതാണ് എന്ന് ധരിക്കരുത്.കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയരെടുക്കുന്ന നിങ്ങളുടെ ഈ രീതി ഒന്നു മാറ്റുക.
ഇതിലേ പോയാല്‍ അവിടെ വായിക്കാം

പരസ്പരം കൈമാറ്റം ചെയ്യപ്പെട്ട വാര്‍ത്തയുടെ കോലമാണ് മുകളില്‍ തൂക്കിയിട്ടിരിയ്ക്കുന്നത്. സാമ്യമെന്നാല്‍ ഇതാണ് സാമ്യം. സയാമീസ് സാമ്യം! അതായത് ഖത്തറിലെ ഇന്‍ഡ്യന്‍ മീഡിയ ഫോറത്തിനു ഒരു വാര്‍ത്ത കിട്ടിയാല്‍ ആരെങ്കിലും ഒരാള്‍ വാര്‍ത്ത എഴുതുന്നു. ബാക്കിയെല്ലാവരും വട്ടം കൂടിയിരുന്ന് കോപ്പിയെടുത്ത് അവരവരുടെ ജിഹ്വാകളിലേയ്ക്ക് അയയ്ക്കുന്നു! ആ മാധ്യമങ്ങള്‍ അത് കത്രിക വെയ്ക്കാതെ അതേപടി അച്ചടിയ്ക്കുന്നു. വായനക്കാരന്‍ വെള്ളം തൊടാതെ വിഴുങ്ങുന്നു!

ഹോ....ഒരൊന്നൊന്നര പത്രപ്രവര്‍ത്തനം തന്നെ. പത്രപ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന, ഐ.എം.എഫ് ഖത്തറിന്റെ ഒരംഗം എന്നവകാശപ്പെടുന്ന ഒരാളാണ് ഈ പ്രസ്ഥാവന നടത്തിയിയ്ക്കുന്നത് എന്നതിനാല്‍ ഈ വെളിപ്പെടുത്തല്‍ ഗുരുതരമായ ഏറ്റുപറച്ചില്‍ അല്ലേ? ഖത്തറിലെ ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ പത്രപ്രവര്‍ത്തനം എന്നാല്‍ കൂട്ട കോപ്പിയടിയാണോ?

അന്യായങ്ങളെ ന്യായങ്ങളാക്കുക മേപ്പടി “പത്രക്കാരന്റെ” ചര്യയാണ്. പക്ഷേ തന്റെ ചെയ്തി പിടിയ്ക്കപ്പെട്ടപ്പോള്‍ തലയൂരാന്‍ ഒരു വിഭാഗം പത്രപ്രവര്‍ത്തകരെ അപ്പാടെ കോപ്പിയടിക്കാരായി ചിത്രീകരിച്ച മീഡിയ ഫോറത്തിന്റെ അംഗത്തിനോടു സഹതപിയ്ക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍.

പൊന്ന്യത്തെ ബാങ്ക് കൊള്ളയും ബൂലോഗത്തെ അക്ഷര കൊള്ളയും തമ്മില്‍ എവിടെയാണ് വേര്‍തിരിവ്? മോഷണം എവിടെയാണെങ്കിലും മോഷ്ടാവ് കള്ളന്‍ അല്ലാതെ മറ്റാരുമാകുന്നില്ലല്ലോ?

കലികാലവൈഭവം!

8 comments:

Haree said...

ഇതിപ്പോ ‘ചത്തതു കീചകനെങ്കില്‍...’ എന്ന മട്ടിലായിട്ടുണ്ടല്ലോ! :-) ഏറ്റവും കൂടുതല്‍ കണ്ടന്റ് മോഷ്ടിച്ച വ്യക്തി എന്ന പേരില്‍ റിക്കാര്‍ഡിഡാനോ മറ്റോ ആണൊ എന്തോ!
--

അനില്‍@ബ്ലോഗ് // anil said...

:)

യാരിദ്‌|~|Yarid said...

അഞ്ചൽ രണ്ടും കൽ‌പ്പിച്ചിറങ്ങിയിരിക്കുകയാണല്ലൊ. സഗീറിനെ വെറുതെ വിടാൻ ഉദ്ദേശമില്ലല്ലെ? അയാളെങ്ങനെയെങ്കിലും പിഴച്ച് പോട്ടന്നെ.

നരിക്കുന്നൻ said...

നാട്ടിലെ പോലെ ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്കിടയിൽ പത്രപ്രവർത്തനത്തിൽ വലിയ വാശിയും വൈരാഗ്യവും കാണാത്തത് കൊണ്ടാകാം, [സ്വന്തമായി വാർത്തകൾ കണ്ടെത്താനുള്ള കഴിവില്ലായ്മ എന്ന് ഞാൻ പറയും] ഞാൻ താമസിക്കുന്ന ജിദ്ദയിലും ഇതൊക്കെ തന്നെ സ്ഥിതി. ഇവിടെയും വാർത്തകൾ പരസ്പരം കൈമാറുന്നത് എന്റെ സഹപ്രവർത്തകനിൽ നിന്ന് കണ്ടിട്ടുണ്ട്. പക്ഷേ, അവയിൽ അവരുടേതായ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് മാത്രം. ഒരാൾ ഉണ്ടാക്കിയ വാർത്ത ചെറിയ മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിച്ചത് കൊണ്ട് മാത്രം മോഷണം മോഷണമല്ലാതിരിക്കില്ലല്ലൊ.. ഈ ലേഖനം സഗീറിനെ മാത്രം പ്രതിക്കൂട്ടിൽ കേറ്റിയതിനാൽ ഒരു വിഷയദാരിദ്ര്യം ഫീൽ ചെയ്തു.

സോറി... ഞാനില്ലേ..

അഞ്ചല്‍ക്കാരന്‍ said...

നരിക്കുന്നന്‍,
വാര്‍ത്തകള്‍ പങ്കു വെയ്ക്കുന്നതും ഒരു വാര്‍ത്ത ഒരു പത്രത്തില്‍ വന്നത് അതേ പടി കോപ്പീ പേസ്റ്റ് ചെയ്യുന്നതും രണ്ടും രണ്ടാണ്. ഇവിടെ പരാമര്‍ശിയ്ക്കപ്പെട്ട വാര്‍ത്ത ഒരു മാധ്യമത്തില്‍ നിന്നും കോപ്പീ പേസ്റ്റിന്റെ ആനുകൂല്യത്തില്‍ മറ്റൊരു മാധ്യമത്തില്‍ തന്റേതായി അവകാശപ്പെട്ടു കൊണ്ടു കൊടുത്തതാണ്. അങ്ങിനെയൊരു സംഗതി ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഖത്തറില്‍ അങ്ങിനെയൊക്കെയാണ് തനിയ്ക്ക് എന്തു വേണം എന്ന രീതിയില്‍ വന്ന മറുപടിയാണീ പോസ്റ്റിനാധാരം.

അല്ലെങ്കില്‍ ഖത്തറിലെ പത്രപ്രവര്‍ത്തനം എന്നാല്‍ പരസ്പരം കോപ്പിയടിയാണെന്ന് ഖത്തറിലെ മീഡിയാ ഫോറത്തിലെ അംഗം എന്നവകാശപ്പെടുന്ന ഒരാള്‍ തന്നെ വെളിപ്പെടുത്തിയതിലെ നിജസ്ഥിതിയെ കുറിച്ചുള്ള ഒരന്വേഷണമാണീ പോസ്റ്റ്.

ഈ പോസ്റ്റില്‍ പരാമര്‍ശിയ്ക്കപ്പെട്ട വ്യക്തിയുടെ വ്യത്യസ്തമായ ഡസനോളം കണ്ടന്റ് മോഷണങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ നിലപാട് നിഷേധാത്മകമായിരുന്നു എന്നത് താങ്കള്‍ക്കും അറിയാമല്ലോ?

ഇതൊക്കെ പറയാന്‍ താനാരാ കൂവേ ബൂലോഗ പോലീസോ എന്നാണ് ചോദ്യമെങ്കില്‍ പറയാനുള്ളത് പറയേണ്ട രീതിയില്‍ പറയാനാണ് ഞാനീ കട തുറന്നു വെച്ചിരിയ്ക്കുന്നത് എന്നത് മറുപടി.

നന്ദി.

സേതുലക്ഷ്മി said...

ഖത്തറിലെ വിശേഷങ്ങള്‍ അപ്പോ ഇങ്ങനെയാണല്ലേ!!!

നരിക്കുന്നൻ said...

അഞ്ചൽക്കാരൻ

ഒരു ചർച്ചക്കോ വാദത്തിനോ ഞാനില്ല.. എനിക്ക് തോന്നിയത് പറഞ്ഞു എന്നേ ഉള്ളൂ.. പലപ്പോഴും എന്റെ കണ്മുന്നിലും ഇതേ രീതിയിൽ വാർത്തകൾ ഷയർചെയ്യപ്പെടുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതും ഇതും ഒരേപോലെയാണെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒരു പ്രതികരണം നടത്തിയത്. സഗീറുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങളിൽ അഭിപ്രായം പറയാൻ ഞാനാളല്ല. ഒരുപാട് നല്ല രചനകൾ കൊണ്ട് സമ്പന്നമായ ഈ ബ്ലോഗ് ഇത്തരം ചർച്ചകൾക്ക് പിന്നാലെ പോയി നശിപ്പിക്കരുതെന്ന് തോന്നി. ഒരിക്കൽകൂടി പറയട്ടേ, എനിക്കിത്തരം വിവാദങ്ങൾക്ക് താത്പര്യം ഇല്ല. അല്ലങ്കിലും ആരെങ്കിലും ഒക്കെ ബ്ലോഗെഴുതി ജീവിച്ച് പോട്ടേന്ന്. ഓൻ കട്ടെങ്കിൽ ഞമ്മെക്കെന്താ കോയ.

Joker said...

അഞ്ചലേ,

ഖേദത്തോടെ ഒരു ഓഫ്::-

ഈ വാര്‍ത്തയില്‍ പറഞ്ഞ “ ദമാം ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം“‘ എന്ന സംഘടന തന്നെയല്ലേ ജന്മ ഭൂമി പറഞ്ഞ , ലൌ ജിഹാദിന്‌ ഫണ്ടിംഗ് നടത്തുന്ന സംഘടന.

http://jokercircus.blogspot.com/2009/10/love-jihad.htmlവ്