Tuesday, October 27, 2009

ശരിയോ തെറ്റോ?

അങ്ങിനെ ആ തിരശ്ശീലയും വീണു.
അടൂര്‍ ഭവാനി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഒരിയ്ക്കലും മരിയ്ക്കാത്ത ഒരു പിടി കഥാപാത്രങ്ങളെ ഭൂമിമലയാളത്തിനു സമ്മാനിച്ചു അവര്‍ പടിയിറങ്ങി. അനുജത്തിയ്ക്ക് അകമ്പടിയായി മലയാള സിനിമയിലേയ്ക്ക് പിച്ച വെച്ച് കടന്നു വന്ന ഭവാനിയമ്മ ചക്കി മരയ്ക്കാത്തിയിലൂടെ മലയാളിയുടെ മനം കവരുകയായിരുന്നു. മുന്നൂറിലേറെ സിനിമകള്‍... ജീവന്‍ നല്‍കിയ കഥാപാത്രങ്ങളെല്ലാം മലയാളീ സിനിമാ പ്രേക്ഷകന്റെ മനസ്സില്‍ മരണത്തെ അതി ജീവിച്ച് നില്‍ക്കുന്നു. മുന്നൂറ് സിനിമകള്‍ പക്ഷേ ഭവാനിയമ്മയ്ക്ക് നല്‍കിയത് തീരാ ദാരിദ്ര്യമായിരുന്നു. ജീവന്‍ രക്ഷാഔഷധങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച സിനിമാ താരം! ജീവിയ്ക്കാന്‍ മറന്നു പോയവര്‍ മലയാള സിനിമയില്‍ എന്നും ഉണ്ടായിട്ടുണ്ട്. അതിലൊരാളായി അടൂര്‍ ഭവാനിയും അവസാനിച്ചു.

പക്ഷേ ആ നല്ല നാടക നടിയുടെ, സിനിമാതാരത്തിന്റെ ജീവിതം അവസാനിച്ച ദിനം മലയാള സിനിമാ പ്രസ്ഥാനം കാട്ടിയ നെറികേട്, അല്പത്വം, അസ്സഹനീയമായിരുന്നു. ഒരിയ്ക്കല്‍ ഒരു മാധ്യമത്തോടു സിനിമയുടെ മായിക ലോകത്തെ പണമായി മാറ്റാന്‍ മറന്നു പോയ ആ പച്ച സ്ത്രീ പറഞ്ഞ വാക്കുകള്‍....

“എന്നെ ആരും തിരിഞ്ഞു നോക്കുന്നില്ല. മരുന്നു വാങ്ങാന്‍ പോലും കഴിയുന്നില്ല. എന്റെ കുഞ്ഞ് ഉണ്ടായതു കൊണ്ട് ഞാന്‍ കഞ്ഞി കുടിച്ച് കഴിയുന്നു...”

ഒരായുഷ്കാലം മുഴുവന്‍ ഇടപഴകിയിരുന്ന സമ്പന്നതയുടെ പര്യയമായ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയ്ക്ക് ജീവിത സായഹ്നത്തില്‍ നേരിട്ട അവഗണനയുടേയും ദുരിതത്തിന്റേയും നേര്‍ക്കാഴ്ചയായിരുന്നു ആ വാക്കുകള്‍. വിറങ്ങലിച്ച വാക്കുകളിലൂടെ അവര്‍ വരച്ചു കാട്ടിയത് സിനിമ തന്നോടു ചെയ്ത നെറികേടിന്റെ ചിത്രമായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക ശവമടക്കല്‍ ചടങ്ങിനു മുന്നേ സിനിമാക്കാര്‍ ന്യായങ്ങളുമായി എത്തിയ കാഴ്ച എത്രയോ അരോചകമായിരുന്നു. അതില്‍ ഏറ്റവും ദുസ്സഹമായി തോന്നിയത് കവിയൂര്‍ പൊന്നമ്മയുടെ നാട്യങ്ങളായിരുന്നു.

“....ഞാനും ഞങ്ങളുടെ അസ്സോസിയേഷന്‍ പ്രതിനിധികളും ഭവാനിയമ്മയെ കാണാന്‍ പോയിരുന്നു... ഞങ്ങള്‍ ഒരു തുക ഭവാനിയമ്മയ്ക്ക് നല്‍കി. ഞങ്ങള്‍ എല്ലാം അന്വേഷിയ്ക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം. ആരും തിരിഞ്ഞ് നോക്കിയില്ല എന്നതൊന്നും സത്യമല്ല....”

അങ്ങിനെ പോയി അവരുടെ ഗീര്‍വ്വാണം. മരിച്ചു നിമിഷങ്ങള്‍ കഴിയുമുന്നേയായിരുന്നു കവിയൂ‍ര്‍ പൊന്നമ്മയുടെ പതം പറച്ചില്‍. ആ മഹാനടി ജീവിത സായഹ്നത്തില്‍ ദുരിതങ്ങളോടു പടവെട്ടി ദുസ്സഹമായ വേദനയോടെ മരുന്നിനു പോലും പണമില്ലാതെ ഇഹലോക വാസം വെടിഞ്ഞതിലല്ലായിരുന്നു ആ അമ്മനടിയുടെ വിഷമം. ഒറ്റപ്പെടലിന്റെ വേദനയില്‍ നരകിച്ച തന്റെ സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ താനും പെട്ടു പോയല്ലോ എന്നതായിരുന്നു അവരുടെ ഗീര്‍വ്വാ‍ണത്തിനു പ്രചോദനം. എന്നിട്ടും മണ്ണടിയുമുന്നേ ചെയ്ത ഉപകാരങ്ങളുടെ വിളംബരവും മരിയ്ക്കും മുന്നേ തങ്ങള്‍ അവരുടെ വീട്ടില്‍ ചെന്നിരുന്നു എന്ന അവകാശ വാദവും. അടൂര്‍ഭവാനിയെ കാണാന്‍ കവിയൂര്‍ പൊന്നമ്മ ഭവാനിയമ്മയുടെ വീട്ടില്‍ ചെന്നതും വാര്‍ത്തയായിരുന്നു. കൊട്ടും കുരവയും പത്രക്കാരും ചാനല്‍ക്കാരും എല്ലാം കൂടി ആകെ ബഹളം. കൂട്ടത്തില്‍ “തുക” കൈമാറിയത് ലൈവായും കണ്ടു! പക്ഷേ ആ “തുക” ഒരു ചാരിറ്റബിള്‍ സൊസൈറ്റി അടൂര്‍ ഭവനിയ്ക്ക് നല്‍കിയ അവാര്‍ഡിന്റെ ഭാഗമായിരുന്നു എന്നത് ഗീര്‍വ്വാണത്തിനിടയില്‍ കവിയൂര്‍ പൊന്നമ്മ സൌകര്യ പൂര്‍വ്വം പറയാന്‍ മറന്നു. എല്ലാം പ്രകടനം!

തുടര്‍ന്നു സുകുമാരി, കല്പന, ഇന്നസെന്റ്, മിക്കവാറും എല്ലാ താരങ്ങളും, താരങ്ങളുടെ താരങ്ങളും അടൂര്‍ഭവാനിയെ അനുസ്മരിയ്ക്കുന്നുണ്ടായിരുന്നു. എല്ലാര്‍ക്കും പറയാനുണ്ടായിരുന്നത് അവരവര്‍ ഭവാനിയമ്മയ്ക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങളെ കുറിച്ചായിരുന്നു. അതിനിടയ്ക്ക് ചിലര്‍ പറയുന്നത് കേട്ടു “മലയാള സിനിമയില്‍ അല്ലായിരുന്നു എങ്കില്‍ അടൂര്‍ ഭവാനി ലോകം കണ്ട ഏറ്റവും നല്ല സിനിമാക്കാരി ആകുമായിരുന്നു” എന്ന്. എല്ലാ ഔചിത്യവും കാറ്റില്‍ പറത്തുന്ന രീതിയില്‍ സിനിമാക്കാര്‍ അടൂര്‍ ഭവാനിയോട് മരണ ശേഷവും നെറികേടാണ് കാട്ടിയത്!

ആരും തിരിഞ്ഞ് നോക്കാനില്ലാതെ അശ്ശരണയായി മരണം വരിച്ച മഹാ കലാകാരിയോട് മലയാള സമൂഹം മാപ്പ് പറയണം. തിക്കുറിശ്ശിയുടെ “ശരിയോ തെറ്റോ” എന്ന സിനിമയിലൂടെ മലയാളക്കര കീഴടക്കിയ അടൂര്‍ ഭവാനിയോട് ശരികേടാണ് നാം കാട്ടിയത്. ഔദ്യോഗികതയുടെ പേരില്‍ ആകാശത്തേയ്ക്ക് വെടിവെച്ച് കുഴിച്ചിടുമ്പോള്‍ ശരിയാകുന്നതല്ല ആ ശരികേട്. അര്‍ഹിയ്ക്കുന്ന അവസരത്തില്‍ ആ സാധു സ്ത്രീയോടു സഹായ ഹസ്തം നീട്ടാന്‍ നമ്മുക്കായില്ല. അഭ്രപാളികളില്‍ ജീവിച്ചു നമ്മേ രസിപ്പിച്ച, പ്രശസ്തിയുടെ നാളുകളില്‍ ജീവിയ്ക്കാനും പണം സമ്പാതിയ്ക്കാനും മറന്നു പോയ നിരവധി കലാകാരന്മാര്‍ ജീവിത സായഹ്നത്തില്‍ നിസ്സഹായരായി നമ്മുടെ മുന്നില്‍ ഉണ്ട്. അവരുടെ മഹത്വം മനസ്സിലാക്കാന്‍ മരിച്ചു കഴിയണം എന്ന നിലപാട് അവസാനിപ്പിയ്ക്കണം. അടൂര്‍ഭവാനിയുടെ മരണം നമ്മേ പഠിപ്പിയ്ക്കുന്ന പാഠം അതാണ്.

പ്രിയപ്പെട്ട കലാകാരീ...
മാപ്പ്.... മാപ്പ്.... മാപ്പ്...
ഞങ്ങള്‍ ഇങ്ങിനെയൊക്കെയാണ്. ചാവിന്റെ ബന്ധുത്വമേ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുള്ളൂ‍. കണ്ടില്ലേ ചാവെത്തിയപ്പോള്‍ ഞങ്ങളാകാശത്തേയ്ക്ക് വെടിവെച്ചത്? ചിതയായി കത്തിയമരുന്നത് ചാനലില്‍ തത്സമയം കാട്ടിയത്? താര രാജക്കന്മാര്‍ വിലയേറിയ പുഷ്പ ചക്രങ്ങളുമായി നിരനിരയായി നിന്ന് അനുശോചനം അറിയിച്ചത്? മന്ത്രി പുംഗവന്മാരും നേതാക്കന്മാരും പഞ്ചപുശ്ചമടക്കി തങ്ങളുടെ ഊഴം കാത്തു നിന്നത്? ചാനല്‍ ചര്‍ച്ചകളില്‍ ഞങ്ങള്‍ നിങ്ങളെ വാഴ്ത്തിപ്പാടിയത്?

ആനന്ദലബ്ദിയ്ക്കിനി മറ്റെന്തു വേണ്ടൂ...

പ്രണാമം!
------------------------------
ചേര്‍ത്ത് വായിയ്ക്കാം : നന്ദി കേടില്ലാത്ത ലോകത്തേയ്ക്ക് ഒരു താരം കൂടി.

6 comments:

മാണിക്യം said...

ചലചിത്ര കലാകാരന്മാരും കലാകാരികളും അദ്രപാളികള്‍ വിട്ടാല്‍ പ്രേഷകരും സിനിമ കുടുംബവും സൗകര്യപൂര്‍‌വ്വം അവരെ മറക്കുന്നു.
അതുകൊണ്ടാണ് ചിലര്‍ പറയുന്നത് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍'മരിക്കണം'എന്ന്...

ഇന്ന് ചാനലുകള്‍ മരണം ആഘോഷിക്കുമ്പോള്‍ മരിച്ചവരോടുള്ള ആദരവല്ല അനാദരവാണ്
മുന്നിട്ട് നില്‍‌ക്കുന്നത്.

മലയാളസിനിമയുള്ള കാലത്തോളം
ചക്കിമരക്കാത്തി ജ്വലിച്ചു നില്‍ക്കും
അടൂര്‍ ഭവാനിയുടെ ആത്മാവിന്റെ
നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു

ശ്രീ said...

"പ്രിയപ്പെട്ട കലാകാരീ, മാപ്പ്"

ഇത്ര തന്നെയേ ഇനി മലയാള സിനിമയ്ക്ക് പറയാന്‍ കഴിയൂ.

Joker said...

ഇവിടെ മാടമ്പി നടന്മാര്‍ക്കുള്ള പ്രതിഫല തര്‍ക്കത്തിലല്ലേ ചര്‍ച്ചയുള്ളൂ. ജൂനിയര്‍ നടന്മാര്‍ക്കും മറ്റ് സാങ്കേതിക വിദഗ്ദരുട്റ്റെയും പ്രശ്നങ്ങളില്‍ ഇടപെടാന്‍ ആര്‍ക്ക് സമയം. സിനിമ ഒരു വ്യവസായമായി അംഗീകരിച്ചെങ്കിലും അതുമായി ബന്ധപ്പെട്ടവര്‍ക്ക് മുതല്‍ കൂട്ടാകുന്ന തരത്തില്‍ വന്‍ തുക പ്രതിഫലം കൈപറ്റുന്ന മാടമ്പിമാരില്‍ നിന്നും സര്‍ക്കാര്‍ തന്നെ ഒരു നിശ്സ്ചിത ശതമാനം വാങ്ങി കലാകാരന്മാരുടെ ഉന്നമനത്തിനായി ഉപയോഗപ്പെടുത്തണം. കാരണം ഇവരുട്റ്റെയൊക്കെ അധ്വാനം കൊണ്ട് കൂടിയാണ് എല്ലാ പുകള്‍ പെറ്റ നടന്മാരും നിലനില്‍ക്കുന്നത്. ബീഡിയും വലിച്ച് സൈഡ് റോളും ആയി നടന്നവര്‍ പിന്നീട് വലിയ നടന്‍ മാരാകുമ്പോള്‍ പിന്നെ തിരിഞ്ഞു നോട്ടമില്ല.

ആകാശത്തിലെ താരകങ്ങളെ പോലെ ഇവരും താരമായി മാത്രം ജീവിക്കുന്നു. പട്ടാള പടത്തിലെ മികച്ച അഭിനയത്തിന് നടനെ പട്ടാളത്തില്‍ എട്റ്റുക്കുന്നു. എന്നിട്ട് നടന്ന പരേഡില്‍ ഒന്നാം സ്ഥാനം കൊട്റ്റുക്കുന്നു. അബ്രപാളികളില്‍ ദീനദയാലുവും പട്ടാളവും പോഒലീസും ആകുന്നവര്‍ ജീവിതത്തില്‍ വെറും പിച്ചക്കാരുട്റ്റെ സ്വഭാവം കാണിക്കുന്നു.

വണ്ടി ചെക്കുകള്‍ കിട്ടുമ്പോള്‍ തന്നെ അത് കൊടുത്തവരെ കൂടി കുടുക്കാനുള്ള ആവേശം ഈ നട്റ്റന്മാരും നട്റ്റിമാരും കാണിക്കേണ്ടതാണ്. വണ്ടി ചെക്കുകള്‍ കൊണ്ട് വഞ്ചിക്ക പ്പെട്ട മറ്റൊരു നടനായിരുന്നു. മരിച്ചു പോയ ക്യഷ്ണന്‍ കുട്ടി നായര്‍.

കഷ്ടം.

Typist | എഴുത്തുകാരി said...

“പ്രിയപ്പെട്ട കലാകാരീ...
മാപ്പ്.... മാപ്പ്.... മാപ്പ്...“

ഇതല്ലാതെ വേറെന്തു പറയാന്‍!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

:(

ജയകുമാര്‍ said...

I don't agree with your comments. You can say without any doubts that Adoor Bhavani was a great actress, but that does not mean that she has given lot of contributions to Malayalam Movies. After all Film field is only another profession just like a job. You get pension in Govt jobs, but it is your own contribution from your salary. This system does not apply in film industry. She was in Films, did some good films, all these are facts. It is everyones responsibility to take care of such actress. Please note that that everyone includes you too. So you should blame yourself for such mistakes.