Friday, October 30, 2009

ജ്വാലകള്‍ ശലഭങ്ങള്‍ മണല്‍ നഗരത്തിലും...

ശശി കൈതമുള്ളിന്റെ “ജ്വാലകള്‍ ശലഭങ്ങള്‍” മണല്‍ നഗരത്തിലും തുറന്ന് വിടാന്‍ കൂടിയ അക്ഷര കൂട്ടത്തില്‍ ജ്വലിച്ചുയര്‍ന്നത് സൌഹാര്‍ദ്ദത്തിന്റെ അഗ്നി ജ്വാലകളായിരുന്നു. ഏതെങ്കിലും ഒരു പുസ്തക പ്രകാശനത്തില്‍ നേര്‍ച്ച പോലെ പങ്കെടുത്ത് പ്രകാശനത്തിനു കൈയടിച്ചു മടങ്ങുന്ന ചടങ്ങുകള്‍ക്ക് വിപരീതമായി സ്വന്തം കുടുംബാംഗത്തിന്റെ പ്രജ്ഞയില്‍ ജന്മം കൊണ്ടൊരു പുസ്തകത്തിന്റെ പ്രകാശനത്തിനു പങ്കെടുക്കാന്‍ ഒരുമിച്ച് കൂടിയവരുടെ അവിസ്മരണീയമായ നിമിഷങ്ങള്‍ക്കാണ് പ്രവാസ ഭൂമിക ഇന്ന് സാക്ഷ്യം വഹിച്ചത്.

രാവിലെ ഒമ്പത് മണിയ്ക്ക് തുടങ്ങും എന്നറിയിച്ചിരുന്ന പ്രകാശനചടങ്ങില്‍ സമയ നിഷ്ടയില്‍ കണിശക്കാരനായ ഞാനും എന്റെ കുടുംബവും കിറു കൃത്യം പത്തര മണിയ്ക്ക് തന്നെ എത്തിച്ചേര്‍ന്നു. വേദിയിലേയ്ക്ക് കടക്കുമ്പോള്‍ താലപ്പോലി ഏന്തിയ ബാലികമാര്‍ എന്നെയും കുടുംബത്തേയും എതിരേറ്റു. ഹോ...അത്രയൊന്നും വേണ്ടിയിരുന്നില്ല എന്ന് മനസ്സില്‍ ഓര്‍ത്തു കോണ്ട് സദസ്സിലേയ്ക്ക് ഞങ്ങള്‍ കയറിയിട്ടും ബാലികമാര്‍ അവരുടെ നില തുടര്‍ന്നപ്പോഴാണ് മനസ്സിലായത് വിശിഷ്ടാതിഥികളെ സ്വീകരിയ്ക്കാനാണ് അവര്‍ താലപ്പൊലിയും ഏന്തി നിന്നിരുന്നത് എന്ന്. ആ പോട്ടെ. ആരും കണ്ടില്ല. താലപ്പൊലി ഏന്തിയ രണ്ട് ഫിലിപ്പൈനി സഹോദരന്മാര്‍... ജീവിതത്തിലെ ആദ്യത്തെ കാഴ്ചയുമായി. നല്ല ആത്മാര്‍ത്ഥതയുള്ള സഹോദരങ്ങള്‍...

സദസ്സിലേയ്ക്ക് കയറിയപ്പോള്‍ ഒഴികിയെത്തിയ കര്‍ണ്ണാനന്ദകരമായ സിത്താറിന്റെ വീചികള്‍ മനസ്സിനെ തെല്ലൊന്നുമല്ല കുളിര്‍മയിലാഴ്ത്തിയത്. ഉസ്താദ് ഇബ്രാഹിം കുട്ടി എന്ന അനുഗ്രഹീത കലാകാരന്റെ വിരലുകള്‍ സിത്താറിന്റെ തന്ത്രികളില്‍ കാട്ടിയ മായജാലം സദസ്സ് നന്നായി തന്നെ ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. സംഗീതത്തിന്റെ മാസ്മരികതയില്‍ സദസ്സ് ലയിച്ചിരുന്ന നിമിഷങ്ങള്‍... ഞങ്ങളും അതിലങ്ങിനെ ലയിച്ച്... ലയിച്ച്....

വിശിഷ്ടാതിഥികള്‍ക്ക് ഊഷ്മളമാ‍യ സ്വീകരണം നല്‍കുമ്പോഴും വേദിയില്‍ ഉസ്താദ് ഇബ്രാഹിം കുട്ടിയുടെ സംഗീത വിരുന്ന് തുടരുകയായിരുന്നു. പ്രകാശന ചടങ്ങിനു മുന്നോടിയായി സിത്താര്‍ നാദം അവസാനിപ്പിച്ചു.

കൂഴൂര്‍ വിത്സന്‍ മാഷ് വന്ന് വേദിയുടെ മൂലയ്ക്കിരുന്ന ഓര്‍ക്കിഡ് സൌന്ദര്യം പീഠത്തോടു കൂടി വേദിയുടെ കേന്ദ്ര ഭാഗത്തേയ്ക്ക് കൊണ്ടു വെച്ചപ്പോള്‍ പുസ്തക പ്രകാശന ചടങ്ങുകള്‍ ഔപചാരികമായി തുടങ്ങുന്നു എന്ന അറിയിപ്പ് കിച്ചുവിന്റെ ശബ്ദത്തില്‍ ഹാളില്‍ മുഴങ്ങി. ചടങ്ങുകള്‍ക്ക് രാം മോഹന്‍ പാലിയത്ത് സ്വാഗതം ഓതി. പുസ്തകത്തെ കുറിച്ചും, ബ്ലോഗെന്ന മാധ്യമത്തെ കുറിച്ചും, അരബ് വംശജനായ വിശിഷ്ടാതിഥിയും മലയാളവും തമ്മിലുള്ള ഗാഢ ബന്ധത്തെ കുറിച്ചും ഒക്കെ സ്വാഗത പ്രാസംഗികന്‍ ചെറുതെങ്കിലും തന്റെ സുന്ദരമായ ഭാഷയില്‍‍ വ്യക്തമായി തന്നെ വിവരിച്ചു. വിശിഷ്ടാതിഥിയുടെ വൈശിഷ്ട്യവും പുസ്തകത്തിന്റെ സന്ദേശവും സദസ്സിലേയ്ക്ക് സന്നിവേശിപ്പിയ്ക്കുന്നതായിരുന്നു സ്വാഗത പ്രാസംഗികന്റെ സ്വാഗതമോതല്‍.

ശ്രീ. ബാലചന്ദ്രന്‍ തെക്കന്മാര്‍ അദ്ധ്യക്ഷനായി പരിപാടികള്‍ തുടര്‍ന്നു. പ്രവാസത്തില്‍ മുപ്പത്തി ആറ് വയസ്സായ ബാലചന്ദ്രന്‍ തെക്കന്മാര്‍ മുപ്പത്തി അഞ്ച് വയസ്സായ ശശികൈതമുള്ളിന്റെ പുസ്തക പ്രകാശനത്തിന്റെ അദ്ധ്യക്ഷനായത് ആകസ്മികമായിട്ടല്ല എന്ന അദ്ധ്യക്ഷന്റെ പരാമര്‍ശം വേദിയില്‍ ചിരിയുയര്‍ത്തി.

വിശിഷ്ടാതിഥി ശ്രീ. ശിഹാബ് എം. ഘാനിം മലയാളത്തേയും, മലയാളിയുടെ ഭാഷാ സ്നേഹത്തേയും, പ്രവാസത്തില്‍ പോലും മാതൃഭാഷയുടെ പേരില്‍ ഒത്തു ചേരാന്‍ സമയം കണ്ടെത്തിയതിന്റെ മഹത്വത്തേയും, മുക്തഖണ്ഡം പ്രശംസിച്ചു കൊണ്ടാണ് തന്റെ പ്രഭാഷണം ആരംഭിച്ചത്. മലയാളത്തിന്റെ സ്വന്തമായ പല രചനകളും അറബിയിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള ശ്രീ. ഘാനിം തന്റെ പതിഞ്ഞ ശബ്ദത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ സദസ്സിന്റെ ഹൃദയം കവരുകയായിരുന്നു. കവയത്രിയും നോവലിസ്റ്റുമായ ശ്രീമതി സിന്ധു മനോഹരന് ഒരു പ്രതി നല്‍കി കൊണ്ട് ശ്രീ. ഘാനിം “ജ്വാലകള്‍ ശലഭങ്ങള്‍” പ്രകാശിപ്പിച്ചപ്പോള്‍ നീണ്ടു നിന്ന ഘരാഘോഷം “ജ്വാലകള്‍ ശലഭങ്ങളുടെ” ആദ്യ വായനക്കാരായ ബൂലോഗ വാസികളുടെ അംഗീകാരം കൂടിയായിരുന്നു. ആദ്യ വായനക്കാരുടെ അകമഴിഞ്ഞ സ്നേഹാദരം...

പുസ്തകത്തിനും പുസ്തകക്കാരനും എന്റേയും സ്നേഹാദരം!

പുസ്തകം ഏറ്റു വാങ്ങി കൊണ്ട് ശ്രീമതി സിന്ധു മനോഹരന്‍ പറഞ്ഞ് വെച്ചത് പതിനഞ്ച് പെണ്‍ ഹൃദയങ്ങളിലൂടെ സഞ്ചരിച്ച് ശശി കൈതമുള്ള് അവതരിപ്പിച്ചിരിയ്ക്കുന്നത് സ്ത്രീകളുടെ മൊത്തം ആകുലതകളും ആശങ്കകളും വിഹ്വലതകളുമാണെന്നാണ്.

കൂട്ടം എന്ന കമ്മ്യൂണിറ്റി വെബ്ലൈറ്റിന്റെ അമരക്കാരനായ ജ്വോതികുമാറിന്റെ ആശംസാ പ്രസംഗം സുഖമുള്ള കേള്‍വിയായിരുന്നു. സദാശിവന്‍ അമ്പലമേടും കൂ‍ഴൂര്‍ വിത്സനും ആശംസകള്‍ നേര്‍ന്നു. ബൂലോഗത്തെ ആദ്യത്തെ പുസ്തകത്തിന്റെ ഉടമ വിശാലമനസ്കന്‍ തന്റെ സ്വതസിദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ ശൈലിയില്‍ പുസ്തകക്കാരന് ആശംസകള്‍ നേര്‍ന്നതിനൊപ്പം ഇങ്ങിനെയൊരു തുറന്നെഴുത്തിനു തടസ്സം നില്‍ക്കാതിരുന്ന പുസ്തകക്കാരന്റെ നല്ലപാതിയേയും ആശംസകള്‍ അറിയിച്ചു. പുസ്തക പ്രകാശന ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന ദേവസേനയുടെ ആശംസാ സന്ദേശം ചടങ്ങില്‍ വായിയ്ക്കപ്പെട്ടു. ആശംസാ കുറിപ്പില്‍ നമ്മെ വിട്ടകന്ന കവി ജ്വോനവനെ സ്മരിയ്ക്കാനും ദേവസേന മറന്നില്ല.

നന്ദി പ്രകാശനത്തിനു ആളെ വിളിച്ചപ്പോള്‍ കൈതമുള്ള് ശശിയേട്ടനെ കാണാനില്ല! നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. ഉദ്യോഗഭരിതമായ നിമിഷങ്ങള്‍... വേദി ശശിയേട്ടനെ കാത്തിരുന്ന വേള. ഒടുവില്‍ അദ്ദേഹം വേദിയിലെത്തി. കാര്യം പറഞ്ഞു. വിശിഷ്ടാതിഥികളെ യാത്രയാക്കാന്‍ പോയതിനാലാണ് പേരു വിളിച്ചപ്പോള്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നത് എന്ന ക്ഷമാപണത്തോടെ ആര്‍ക്കാണ് നന്ദി പറയേണ്ടുന്നത് എന്ന ചോദ്യത്തില്‍ ശശിയേട്ടന്റെ നന്ദി പ്രകടനം അവസാനിച്ചു. അപരിചിതരായി ആരുമില്ലാത്ത സദസ്സ്, ഒരു കുടുംബത്തിലെ അംഗത്തിനു മറ്റൊരു അംഗത്തോടു എന്തിന്റെ പേരില്‍ നന്ദി പറയാന്‍ കഴിയും? നമ്മുടെ പുസ്തകം. നമ്മുടെ ചടങ്ങ്. നമ്മള്‍ വിജയിപ്പിച്ചു!

തുടര്‍ന്നു വന്നത് നിഥിന്‍ വാവയുടെ സംഗീത വിരുന്ന്. വയലിന്‍ കൊണ്ട് വാവയും നാദ വിസ്മയം തീര്‍ത്തു.

ഡീ.സി. ബുക്സിന്റേയും ബുക്ക് റിപ്പബ്ലിക്കിന്റേയും പുസ്തക പ്രദര്‍ശനം ചടങ്ങുകള്‍ക്കിടയില്‍ ഭംഗിയായി നടക്കുന്നുണ്ടായിരുന്നു. എല്ലാം കൊണ്ടും തികച്ചും അക്ഷര കൂട്ടായ്മ. പ്രവാസത്തിലും മാതൃഭാഷയുടെ മഹനീയത മനസ്സിലാക്കുന്ന ഒരു സമൂഹത്തിന്റെ ഒത്തു ചേരല്‍...

ഭോജനം... പിന്നെ കൈപ്പള്ളിയുടെ ഫോട്ടോ ഷോ. സുന്ദരമായ ഫോട്ടോകളുടെ സാങ്കേതികത്വത്തിലേക്ക് കൈപ്പള്ളി സദസ്സിനെ കൂട്ടി കൊണ്ടു പോയി. ഫോട്ടോ ഷോയ്ക്കിടയില്‍ കൈപ്പള്ളീ സ്റ്റൈല്‍ ചോദ്യോത്തര പരിപാടിയും ശരിയുത്തരം പറഞ്ഞവര്‍ക്ക് തത്സമയ സമ്മാന വിതരണവും. ഒരു വിധത്തില്‍ അതങ്ങ് അവസാനിച്ചു!

കൂഴൂര്‍ വിത്സന്റെ ചൊല്‍ക്കാഴ്ചയും പുത്തന്‍ അനുഭവമായിരുന്നു. കവിതകളുടെ ഒരു കൊളാഷ്! കാമ്പസില്‍ പാടി നടന്ന കവിതകള്‍ മുതല്‍ ബ്ലോഗുകളിലൂടെ പരിചിതമായ കവിതകള്‍ വരെ അരമണിക്കൂര്‍ കൊണ്ട് അദ്ദേഹം നമ്മുക്ക് ചിരപരിചിതമായ ശബ്ദത്തില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് പരോളിന്റെ പ്രദര്‍ശനം. നാലുമണിയോടെ “പരോളും” കഴിഞ്ഞു. ഞറുക്കെടുപ്പ്. സമ്മാനദാനം.

പരിപാടിയൊക്കെ ഭംഗിയായി അവസാനിച്ചു. പക്ഷേ, ഭരതവാക്യം കഴിഞ്ഞപ്പോഴാ ഓര്‍ത്തത് “ജ്വാലകള്‍ ശലഭങ്ങള്‍” വാങ്ങിയില്ലാല്ലോ എന്ന്. ശശിയേട്ടനെ തപ്പി ഒരു കോപ്പി ആവശ്യപ്പെട്ടു.

“വിലയെത്രയാ ശശിയേട്ടാ?” ഞാന്‍.

“പതിനഞ്ച് ദിര്‍ഹം”. ശശിയേട്ടന്‍.

“ഹോ... പതിനഞ്ച് പെണ്ണനുഭവങ്ങള്‍ക്ക് പതിനഞ്ച് ദിര്‍ഹം... നിങ്ങളുടെ പെണ്ണനുഭവങ്ങള്‍ പതിനഞ്ചില്‍ നിന്നു പോയത് കാര്യമായി. ഒരു നൂറോ ഇരുന്നൂറോ അനുഭവങ്ങള്‍ ഉണ്ടായിരുന്നേല്‍ വിലയെത്രയായേനെ? ഒടയതമ്പുരാന്‍ രക്ഷിച്ചു...” - ആത്മഗതം!

തിരികേ വരുമ്പോള്‍ ഒരു പുസ്തക പ്രകാശന ചടങ്ങല്ലായിരുന്നു മനസ്സില്‍ - ഒരു കുടുംബയോഗത്തില്‍ സംബന്ധിച്ച ആത്മ നിര്‍വൃതിയായിരുന്നു!
-----------------------------------------------------

ചേര്‍ത്ത് വായിയ്ക്കാം... ആ സുന്ദര നിമിഷങ്ങളെ അനുഭവിയ്ക്കാം!

1. പകല്‍ കിനാവന്‍ തയ്യാറാക്കിയ പ്രകാശന ചടങ്ങിന്റെ ഫോട്ടോ ഫീച്ചര്‍ ഇവിടെ.

2. പുള്ളി പുലിയുടെ ഫോട്ടോ മാജിക് : പ്രകാശം പരത്തുന്ന കവി ഇവിടെ.

3. വശംവദന്റെ ജ്വാലകള്‍ ആളിപടര്‍ന്നപ്പോള്‍ ഇവിടെ.

4. കുട്ടേട്ടന്റെ അക്ഷരങ്ങള്‍ കൊണ്ടാടപ്പെടുകയും സിത്താര്‍ കേള്‍ക്കുകയും ചെയ്ത ഒരു വെള്ളിയാഴ്ചയുടെ ഓര്‍മ്മയ്ക്ക് ഇവിടെ.

28 comments:

അഞ്ചല്‍ക്കാരന്‍ said...

കൈതമുള്ള ശശിയേട്ടന്റെ പുസ്തകം “ജ്വാ‍ലകള്‍ ശലഭങ്ങള്‍” മണല്‍ നഗരത്തിലും പ്രകാശിതമായി. ഒരു പുസ്തക പ്രകാശന ചടങ്ങ് എന്നതിനപ്പുറം സൌഹാര്‍ദ്ദത്തിന്റേയും ആഹ്ലാദത്തിന്റേയും നിമിഷങ്ങളിലൂടെയായിരുന്നു പ്രവാസത്തിലെ അക്ഷര സ്നേഹികളുടെ കൂടുംബയോഗം കടന്നു പോയത്...

☮ Kaippally കൈപ്പള്ളി ☢ said...

ഹോ. ഇത്ര പെട്ടന്നു തന്നെ ഇതെഴുതിയോ?

ആദ്യ ലേഖനം ഷിഹാബിന്റേതു തന്നെ. kangaroolations.

Anonymous said...

.

☮ Kaippally കൈപ്പള്ളി ☢ said...
This comment has been removed by the author.
സിമി said...

ഒരൊന്നര പ്രകാശനമായിരുന്നു

☮ Kaippally കൈപ്പള്ളി ☢ said...

ശശിയണ്ണന്റെ പുസ്തക പ്രകാശന പരിപാടി എല്ലാം വളരെ നന്നായിരുന്നു. ഒരു കാര്യം എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.

UAEയിൽ സിത്താർ വായനക്കാരിൽ ഏറ്റവും പ്രസിദ്ധനാണു് ഉസ്താദ് ഇബ്രാഹിം കുട്ടി. അതുപോലെ തന്നെ UAEയിൽ മലയാളിളിൽ Western classical വായിക്കുന്നവരും ചുരുക്കം ഒരു കുട്ടിയാണു് നിഥിൻ "വാവ". അവതരണത്തിന്റെ അവസാനം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക എന്നതു് കലകാരനു കൊടുക്കുന്ന ഒരു സാമാന്യ മരിയാതയാണു് എന്നാണു് എന്റെ അറിവു്. ഇവരുടെ പരിപാടികൾ കഴിഞ്ഞപ്പോൾ കയ്യടിക്കാൻ പ്രത്യേകം എടുത്തു പറയുകയുണ്ടായി. അപ്പോൾ എന്റെ ചോദ്യം ഇവയാണു്. അവതരിപ്പിച്ച സംഗീതം മലയാള സില്മാ ഗാനം അല്ലാത്തുകൊണ്ടാണോ ജനം കയ്യടിക്കാത്തു്?
കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതു്, പ്രത്യേകിച്ചും കുട്ടികളുടെ പരിപാടികൾ കഴിയുമ്പോൾ, നമ്മൾ മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗം അല്ലയോ? രാഷ്ട്രീയ കാരുടേ പ്രസംഗത്തിനു മാത്രമേ കൈയ്യടിക്കാവു എന്നു് ഏതെങ്കിലും രഹസ്യ study-classൽ പഠിപ്പിച്ചു തരുന്നുണ്ടോ?

kichu / കിച്ചു said...

നിങ്ങളു പുലി തന്നെ. അപ്പൊഴെക്കും പോയി പോസ്റ്റ് ഇട്ടോ!!. ഇതിനാണല്ലെ നേരത്തെ സ്കൂട്ട് (കട: വിശാലു)ആയത്. അദ്യത്തെ പോസ്റ്റിന് ഫസ്റ്റ് പ്രൈസ് ഉണ്ടെന്നൊന്നും കൈത പറഞ്ഞില്ലല്ലോ 5ല്‍.നേരത്തെ വന്നില്ലെങ്കിലും നേരത്തേ പോയി മാന്യനായല്ലോ:)
പോസ്റ്റ് കലക്കി മാഷേ

അഞ്ചല്‍ക്കാരന്‍ said...

കൈപ്പള്ളീ,
ഉസ്താദ് ഇബ്രാഹിം കുട്ടിയുടേയും നിഥിന്‍ വാവയുടേയും സംഗീത വിരുന്ന് അവിസ്മരണീയമായിരുന്നു. ഇപ്പോഴും അവരുടെ തന്ത്രികളില്‍ നിന്നും ഉതിര്‍ന്നു വീണ സംഗീതത്തിന്റെ വീചികള്‍ ഹൃദയത്തില്‍ പ്രതിധ്വനിയ്ക്കുന്നുണ്ട്. ഉസ്താദ് ഇബ്രാഹിം കുട്ടിയുടെ കച്ചേരിയ്ക്ക് അര്‍ഹിയ്ക്കുന്ന പ്രോത്സാഹനം സദസ്സ് നല്‍കി എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ പരിപാടി അവസാനിച്ചപ്പൊള്‍ ഘരാഘോഷം ഉണ്ടായിരുന്നു.

പക്ഷേ നിഥിന്‍ വാവയുടെ കാര്യത്തില്‍ സദസ്സ് കാട്ടിയത് കുറ്റകരമായ നിഷ്കൃയത്വമാണ്. ഞാനടക്കം കൈയൊന്നു തട്ടുവാന്‍ മറന്ന സദസ്സ് മാപ്പര്‍ഹിയ്ക്കുന്നേയില്ല.

അവിടെ കാട്ടിയ തെറ്റിനു ഞാനിവിടെ ക്ഷമ ചോദിയ്ക്കുന്നു. നിഥിന്‍ വാവയ്ക്ക് ഒരിയ്ക്കല്‍ കൂടി അഭിനന്ദനങ്ങള്‍.

താങ്കളുടെ സംശയം വസ്തുനിഷ്ടമാണ്. മിമിക്രി കണ്ടാല്‍ മാത്രമേ നാം കൈയടിയ്ക്കാറുള്ളൂ‍. പിന്നെ രാഷ്ട്രീയ കാരന്റെ തട്ടുപൊളിപ്പന്‍ പ്രസംഗത്തിലും. അതും ഒരു തരത്തില്‍ മിമിക്രിയാണല്ലോ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അഞ്ചലുകാരാ,

എന്തും ആദ്യം ചെയ്യുന്നതിനു ഒരു സുഖമുണ്ട്.ഈ പുസ്തക പ്രകാശനത്തിന്റെ വിവരങ്ങൾ ചൂടാറും മുൻ‌പ് തനതു ശൈലിയിൽ പങ്കു വച്ചതിനു നന്ദി

ആശംസകൾ!

krish | കൃഷ് said...

വായിച്ചപ്പോള്‍ പ്രകാശചടങ്ങിനെത്തിയതുപോലെ ഒരു തോന്നല്‍.
ആശംസകള്‍!!

Cartoonist said...

അഞ്ചല്‍മേന്‍,
ആശംസ് !
2008-ഇലെ ആദ്യ പോസ്റ്റ് ഞാന്‍ മിനിഞ്ഞാന്നാണ് കണ്ടത്.. :)

പുള്ളി പുലി said...

അപ്പോ ആദ്യം വന്നു ഗോളടിച്ചു അല്ലേ നന്നായി

അനുരഞ്ജ വര്‍മ്മ said...

ഫോട്ടോഷോയില്‍ നിന്ന് ഒരു ചോദ്യോത്തരം.

കൈപ്‌സ് : What is the exposure of this photo?
ഉത്തരം : 4 days !!!

:: VM :: said...

വരണാമെന്നാഗ്രഹിച്ചിരുന്ന ഒരു പ്രോഗ്രാം , പക്ഷേ ടൂമച്ച് ബ്രോബ്ബ്ലംസ്, വരാനൊത്തില്ല.

സംഭവം ഗംഭീരമായെന്നറിഞ്ഞതില് സന്തോഷം. കൈതമുള്ളിനു എല്ലാ ആശംസകളും

മാണിക്യം said...


"സ്വന്തം കുടുംബാംഗത്തിന്റെ പ്രജ്ഞയില്‍ ജന്മം കൊണ്ടൊരു പുസ്തകത്തിന്റെ പ്രകാശനത്തിനു പങ്കെടുക്കാന്‍ ഒരുമിച്ച് കൂടിയവരുടെ അവിസ്മരണീയമായ നിമിഷങ്ങള്‍ക്കാണ്
പ്രവാസ ഭൂമിക ഇന്ന് സാക്ഷ്യം വഹിച്ചത്. "

കൈതമുള്ളിന്റെ “ജ്വാ‍ലകള്‍ ശലഭങ്ങള്‍” മണല്‍ നഗരത്തിലും പ്രകാശം പരത്തുന്ന ചടങ്ങ് മംഗളമായി പര്യവസാനിച്ചു എന്നറിയുന്നതില്‍ അതിയായാ സന്തോഷം ..അഞ്ചല്‍ക്കാരാ പോസ്റ്റിനു നന്ദി .

ഹരീഷ് തൊടുപുഴ said...

തിരികേ വരുമ്പോള്‍ ഒരു പുസ്തക പ്രകാശന ചടങ്ങല്ലായിരുന്നു മനസ്സില്‍ - ഒരു കുടുംബയോഗത്തില്‍ സംബന്ധിച്ച ആത്മ നിര്‍വൃതിയായിരുന്നു!

ആശംസകൾ...

ഹരീഷ് തൊടുപുഴ said...

നിഥിൻ വാവേ;

മോനു ഈ അങ്കിളിന്റെ വക ഒരു ബിഗ് ക്ലാപ്പ്..!!

അഭിനന്ദനങ്ങൾ..

കുഞ്ഞന്‍ said...

ആ വിശേഷങ്ങൾ ഞങ്ങളിലേക്കെത്തിച്ച 5ത്സിന് നന്ദി പറയുന്നു. നിഥിൻ വാവയ്ക്ക് എന്റെ കൈയ്യടികൾ..!

ഒരു ഓൺ ടോക്ക്..കൈപ്പള്ളിമാഷ് ചൂണ്ടിക്കാണിച്ച പോയന്റ് ശരി തന്നെ(കൈയ്യടി), കൈപ്പള്ളിയോട് ഒരു ചോദ്യം മാഷ് ആ പരിപാടി കഴിഞ്ഞപ്പോൾത്തന്നെ കൈയ്യടിച്ചിരുന്നുവൊ? (ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഒരാൾ കൈയ്യടിച്ചാൽ സദസ്സ് മുഴുവൻ അതേറ്റുവാങ്ങിയിട്ടുണ്ടാകും..!)

ആവനാഴി said...

“ജ്വാലകൾ ശലഭങ്ങൾ” എന്ന കൈതമുള്ളിന്റെ പുസ്തകത്തിന്റെ പ്രകാശനത്തെപ്പറ്റിയുള്ള അഞ്ചലിന്റെ പോസ്റ്റ് സമയോചിതമായി.

വിവരങ്ങൾ വിശദമായി വിവരിച്ചതിനു നന്ദി.

ഒപ്പം എന്റെ കയ്യടിയും.

ഇനി പടങ്ങൾ പോരട്ടെ.

Eranadan / ഏറനാടന്‍ said...

എല്ലാം അറിയാൻ സാധിച്ചതിൽ സന്തോഷം. ഞാൻ ക്ഷമ ചോദിക്കുകയാണ്. ഇന്നലെ വരാൻ പറ്റിയില്ല. ഇവിടെ നാടകറിഹേഴ്സലും ഒരു എക്സിബിഷനും ഉണ്ടായിരുന്നു. ശശിയേട്ടനോട് സോറി. എന്തായാലും പരിപാടി ഗംഭീരമായല്ലോ.

പണ്ട് കത്തുകളുമായി നാടാകെ ഓടിനടന്നിരുന്ന അഞ്ചൽക്കാരൻ എന്ന സന്ദേശവാഹകരെ ഓർമ്മിപ്പിച്ച നമ്മുടെ അഞ്ചൽക്കാരൻ അവർകൾക്ക് പ്രത്യേകം നന്ദി. ഇത്രവേഗം വിവരങ്ങൾ എത്തിച്ച്കതിന്!!

നരിക്കുന്നൻ said...

കൊള്ളാം.. കുറച്ച്‌ ചിത്രങ്ങൾ കൂടി വേണമായിരുന്നു. ആശംസകൾ

ഉറുമ്പ്‌ /ANT said...

അഞ്ചൽക്കാരനു നന്ദി. ചടങ്ങിന്റെ വളരെ ലളിതമായ റിപ്പോർട്ടിന്.

കൈപ്പള്ളീ,
ചില സംഗീത സദസ്സുകൾ കഴിഞ്ഞാൽ കൈയ്യടിക്കാൻ കഴിയാറില്ല. ഒരുതരം ഫ്രീസിങ്ങ് സൈലൻസ്‌ (ഇതിനെ മലയാളത്തിലാക്കാനെനിക്കറിയില്ല) ആണൂണ്ടാവുക. ഒരു പക്ഷേ പരിസരം മറന്നുള്ള ഒരിരുപ്പ്. നന്നായി ആസ്വദിക്കാനായൽ മാത്രമുണ്ടാകുന്ന അവസ്ഥയാണത്. നിഥിൻ വാവയുടെ കച്ചേരി എങ്ങിനൂണ്ടായിരുന്നു എന്നറിയില്ല.
ഒരു പോഡ് കാസ്റ്റിടാമായിരുന്നു

നന്ദി.

അരുണ്‍ ചുള്ളിക്കല്‍ said...

വരാന്‍ കഴിഞ്ഞില്ല പോസ്റ്റ് വായിച്ചപ്പോള്‍ സങ്കടം തോന്നി :(. ഷിഹാബ്ക്കാ ഒരുപാട് നന്ദി. പുസ്തകം എവിടെയാണ് കിട്ടുന്നത്?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ലൊരു അനുഭവം..ഈ വിവരണവും

kaithamullu : കൈതമുള്ള് said...

ഒരു പരമ ശുദ്ധന്റെ മുഖം മൂടിയണിഞ്ഞ്, തടിയൊക്കെ കുറച്ച് കുട്ടപ്പനായി,ഹാളിന്റെ ഒരരുകില്‍ ചാരി നിന്നിരുന്ന അഞ്ചത്സ് വാളുമായി എല്ലാര്‍ക്കും മുന്‍പേ ചാടി വീഴുമെന്ന് തീരെ നിരീച്ചില്യാ ട്ടോ!

ഒരു ഇസ്മായ്‌ ലീ!

പകല്‍കിനാവന്‍ | daYdreaMer said...

പരിപാടി ഏകദേശം തീരാറായപ്പോള്‍ എത്തിയ അഞ്ചല്‍ക്കാരാ നിങ്ങള്‍ ഇതെങ്ങനെ ഇവിടെ പകര്‍ത്തിയെഴുതി.. അപ്പൊ ക്യത്യസമയത്ത് വന്നിരുന്നെങ്കിലോ.. :) തകര്‍ത്തു.. :)

kichu / കിച്ചു said...

പകലാ..
അഞ്ചല്‍ക്കാരന്‍ ആരാ മ്വാന്‍ എന്നാ വിചാരം.ഇനി വന്നില്ലേലും ഇതിലും നല്ല പോസ്റ്റ് മൂപ്പരു കാച്ചും :) :)

ഉന്ന്യകള്‍ക്കും ഒരു ബ്ലോഗ് said...

അഞ്ചലുകാരാ, കോപ്പിയടിക്കാന്‍ തോന്നുന്നു