Saturday, November 21, 2009

തീമഴ പെയ്യാത്തതെന്തു കൊണ്ട്?

റുഖിയ.
റുഖിയയുടെ മകള്‍ റജീന.
പിന്നെ റജീനയുടെ മൂന്ന് മക്കള്‍.
നാലു മക്കള്‍ക്ക് ജന്മം നല്‍കിയെങ്കിലും റജീന അവിവാഹിതയാണ്. നാലു കുട്ടികളില്‍ ഒരാള്‍ മരിച്ചു. അഥവാ, നേരും നെറിയും നീതിയും ന്യായവും ബോധവും കെട്ട ലോകത്ത് നിന്നും ഒരു കുട്ടിയെങ്കിലും രക്ഷപെട്ടു!

റുഖിയയും റജീനയും.
കരുകോണ്‍ ഗ്രാമത്തിന്റെ ദുരന്ത കാഴ്ചയാണ് അവര്‍!
ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ ആരോ സമ്മാനിച്ച കൈകുഞ്ഞുമായി കരുകോണിലെത്തിയ റുഖിയ പതുക്കെ പതുക്കെ ഗ്രാമത്തിന്റെ തമാശയാവുകയായിരുന്നു. റജീനയുടെ ശൈശവത്തില്‍, റുഖിയ മുന്നില്‍ റുഖിയയുടെ ഉടുതുണിയില്‍ തൂങ്ങി റജീന. പിന്നെ കുട്ടി ശൈശവം വിട്ടപ്പോള്‍ മുന്നേ റജീന പിന്നില്‍ ഒരു വടിയുമായി റുഖിയ എന്ന നിലയ്ക്കായി യാത്ര. വടി പക്ഷേ റുഖിയ വെറുതെ അങ്ങിനെ കൊണ്ടു നടക്കുമെന്ന് മാത്രം. റജീനയുടെ പാതകളായിരുന്നു അക്കാലത്ത് റുഖിയയുടേയും വഴികള്‍. റജീന എങ്ങോട്ടു പോകുന്നോ അങ്ങോട്ടൊക്കെയും റുഖിയയും തിരിയും. റജീനയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ റുഖിയ ചീറും. റുഖിയയെ കളിയാക്കിയാല്‍ റജീനയും പ്രതികരിയ്ക്കും. അമ്മയ്ക്ക് മകളും മകള്‍ക്ക് അമ്മയും മാത്രം സ്വന്തമെങ്കിലും പക്ഷേ ചിലപ്പോള്‍ ഈ സൌഹാര്‍ദ്ദമൊക്കെ രൂക്ഷമായ സംഘര്‍ഷത്തിനു വഴിവെയ്ക്കും. അമ്മ മകളേയും മകള്‍ അമ്മയേയും കിട്ടുന്നതെല്ലാം എടുത്ത് പരസ്പരം തല്ലും.

വഴക്കും വക്കാണവും സൌഹൃദവും ഒക്കെയായി റുഖിയയും റജീനയും നാട്ടുകാര്‍ക്ക് എപ്പോഴും തമാശയ്ക്കുള്ള വകയായി. പ്രത്യേക ഉദ്ദേശ്യമോ ലക്ഷ്യമോ ഇല്ലാതെ ഗ്രാമത്തില്‍ അതിരാവിലെ മുതല്‍ മുന്നില്‍ റജീനയും പിന്നില്‍ റുഖിയയും നിത്യ യാത്രയില്‍. സഹൃദയര്‍ ആരെങ്കിലും വല്ലതും കൊടുത്താല്‍ ചിലപ്പോള്‍ വാങ്ങി കഴിയ്ക്കും. മിക്കപ്പോഴും തിരസ്കരിയ്ക്കും. മുട്ടിനു മുട്ടിനു വിദ്യാലയങ്ങളുടുണ്ട് ഞങ്ങളുടെ നാട്ടില്‍, പക്ഷേ റജീനയ്ക്കായി ഒരു സ്കൂളിന്റേയും വാതില്‍ തുറന്നില്ല. അവിവാഹിതയും മാനസിക രോഗിയുമായ അമ്മയ്ക്ക് പിറന്ന മകളെ സ്കൂളില്‍ ചേര്‍ക്കാന്‍ ഞങ്ങളുടെ പ്രബുദ്ധഗ്രാമത്തിനു ഉത്തരവാ‍ദിത്തം ഒന്നുമില്ലല്ലോ?

കാലം അങ്ങിനെ കടന്നു പോയി. റുഖിയയും റജീനയും ഗ്രാമവും ഒക്കെ പ്രവാസത്തില്‍ അന്യമാവുകയായിരുന്നു. പക്ഷേ രണ്ടു ദിവസം മുന്നേ ഒരു ദൃശ്യമാദ്ധ്യമത്തില്‍ കണ്ട കാഴ്ച. ഹോ.....ഇപ്പോഴും ആത്മനിന്ദ ഉളവാക്കുന്നു!

വിഭ്രാന്തിയുടെ ഏറ്റവും ദുഷ്കരമായ അവസ്ഥയില്‍ റുഖിയ. കൂടെ റജീനയും മൂന്ന് കുഞ്ഞുങ്ങളും. ഏറ്റവും ഇളയ കുട്ടിയ്ക്ക് പ്രായം ഇരുപത് ദിവസം മാത്രം!

മാനസ്സിക രോഗിയായിരുന്നു റുഖിയ. കാണുന്ന കാലത്ത് റജീനയ്ക്ക് അങ്ങിനെ മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി തോന്നിയിരുന്നില്ല. ഇപ്പോള്‍ റജീനയും മാനസിക രോഗി. പക്ഷേ അനാഥയും മാനസ്സിക രോഗിയുമായ ഒരു മാതാവിന്റെ അനാഥയായ പെണ്‍കുട്ടിയെ പിഴപ്പിയ്ക്കാന്‍ ഞങ്ങളുടെ ഗ്രാമത്തിനു അല്പം പോലും കരളറപ്പുണ്ടായിരുന്നില്ല. മാനസിക രോഗം ബാധിച്ച സമൂഹത്തിനു അനാഥ ബാല്യത്തെ പിഴപ്പിയ്ക്കാന്‍ അറപ്പേതുമുണ്ടാകേണ്ട കാര്യമില്ലല്ലോ?

അടിയ്ക്കടി പ്രസവിയ്ക്കേണ്ടി വരുന്ന അവിവാഹിതയായ അമ്മ! തങ്ങള്‍ അധിവസിയ്ക്കുന്ന സമൂഹത്തില്‍ നിരാലംബയായ ഒരു പെണ്‍ കുട്ടി അടിയ്ക്കടി അനാഥ ഗര്‍ഭം ചുമക്കേണ്ടി വരുമ്പോള്‍ അത് നോക്കി രസിയ്ക്കുന്ന ഗ്രാമവാസികള്‍. മാനസിക രോഗത്തിനടിമപ്പെട്ട നിരാലംബയായ ഒരു പെണ്‍കുട്ടിയെ അനുനിമിഷം പിഴപ്പിച്ചു കൊണ്ടിരിയ്ക്കുന്ന ഗ്രാമത്തിന്റെ മേലേ തീമഴ പെയ്യാത്തതെന്തുകൊണ്ട്?

പ്രവാസത്തിന്റെ പണക്കൊഴുപ്പ് ഞങ്ങളുടെ ഗ്രാമക്കാഴ്ചയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിയ്ക്കപ്പെട്ടിട്ടുള്ള മണിമാളികകള്‍ പാതയുടെ ഇരുവശവും കാണാം. വെറുതേയെങ്കിലും വര്‍ഷാവര്‍ഷം കെട്ടിടത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗങ്ങള്‍ ഇടിച്ച് പുതിയവ കൂട്ടിചേര്‍ക്കുക ഞങ്ങളുടെ ഹോബിയാണ്. അത്രയ്ക്കുണ്ട് ഞങ്ങളുടെ പണക്കൊഴുപ്പ്!

അല്ലേല്‍ നോക്കണം - ഇപ്പോള്‍ തന്നെ ആരാധനാലയങ്ങള്‍ എത്രയെണ്ണം ഞങ്ങള്‍ കെട്ടി പൊക്കി. പ്രാര്‍ത്ഥിയ്ക്കാന്‍ പക്ഷേ ആളുകള്‍ കമ്മിയാണെന്നു മാത്രം. ദേണ്ടെ കഴിഞ്ഞ മൂന്ന് മാസം മുന്നേ തന്നെ മൂന്ന് ആരാധനാലയങ്ങളാണ് ഞങ്ങളുടെ ഗ്രാമത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഏതാനും നാള്‍ മുന്നേ അഞ്ചല്‍ പട്ടണത്തില്‍ മതത്തിന്റെ പേരില്‍ ഒരു സാംസ്കാരിക കേന്ദ്രം തന്നെ ഞങ്ങള്‍ തുടങ്ങി. മഹലിന്റെ പേരില്‍ ഇപ്പോള്‍ ആഡിറ്റോറിയം പണിയുകയാണ് ഞങ്ങള്‍. അതൊക്കെ പോരെ.

ദൈവത്തിന്റെ കാര്യം ഞങ്ങള്‍ നോക്കാം. സാധുക്കളുടേ കാര്യം ദൈവം നോക്കിക്കോളും!

രമ്യഹര്‍മ്മ്യങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ നാട്!
ആരാധനാലയങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ നാട്!
സാംസ്കാരിക കേന്ദ്രങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ നാട്!
മാനസ്സിക രോഗിയായ ഒരു പെണ്‍ കുട്ടിയ്ക്ക് അടിയ്ക്കടി പിതൃത്വമില്ലാത്ത ഗര്‍ഭം സമ്മാനിയ്ക്കുന്ന ഞങ്ങളുടെ ഗ്രാമമേ നിന്റെ മേലേ ആ പെണ്‍കുട്ടിയുടേയും അനാഥ ബാല്യങ്ങളുടേയും ശാപം ഇടിത്തീയായി വീഴാ‍തിരിയ്ക്കാന്‍ എന്തുണ്ട് കാരണം?

അനാഥര്‍, ആലംബഹീനര്‍, മാനസിക വൈകല്യമുള്ളവര്‍, ദുര്‍ബലര്‍.
സമൂഹത്തിന്റെ സ്വത്താണവര്‍. അവരെ സംരക്ഷിയ്ക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. ആ ഉത്തരവാദിത്തം മറന്ന് ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പണിതുയര്‍ത്തിയിട്ട് കാര്യമൊന്നുമില്ല. ഈശ്വര ചൈതന്യം കെട്ട ആരാധനാലയങ്ങളും സാംസ്കാരിക ജീര്‍ണ്ണത ബാധിച്ച സാംസ്കാരിക കേന്ദ്രങ്ങളും നിറഞ്ഞ ഗ്രാമങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രാമം ഇന്ന് ഒരുദാഹരണമാണ്. അതിന്റെ ഭാഗമായതില്‍ അടക്കാനാകാത്ത ആത്മനിന്ദ തോന്നുന്നു.

മാനസ്സിക രോഗിയായ ഒരു അമ്മയ്ക്ക് പിറന്ന പെണ്‍കുട്ടിയെ സംരക്ഷിയ്ക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടെ ഗ്രാമം നിര്‍വഹിച്ചിരുന്നു എങ്കില്‍ ആ പെണ്‍ കുട്ടി പിഴയ്ക്കില്ലായിരുന്നു. ഒരിയ്ക്കല്‍ പിഴച്ചു പോയപ്പോഴെങ്കിലും ആ പെണ്‍കുട്ടിയുടെ ഇല്ലായ്മകളെ തിരിച്ചറിയാന്‍ ഞങ്ങളുടെ ഗ്രാമം ശ്രമിച്ചിരുന്നു എങ്കില്‍ അവള്‍ വീണ്ടും വീണ്ടും തന്തയില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിയ്ക്കില്ലായിരുന്നു.

ആര്‍ക്കെന്തു ചേതം.
“റുഖിയയുടെ മോള് വീണ്ടും പെറ്റു.”
അത് ഞങ്ങള്‍.... ഗ്രാമവാസികള്‍ക്ക് ഇപ്പോഴത്തെ തമാശ!
ചെറ്റകള്‍.

23 comments:

പാമരന്‍ said...

അതെ, തീമഴ പെയ്യാത്തതെന്ത്!

കരീം മാഷ്‌ said...

ദീന്‍ കാര്യം വെറും തീന്‍ കാര്യമായി കൊണ്ടു നടക്കുന്ന ലോകത്തു ഇതും ഇതിലപ്പുറവും സംഭവിക്കും.
സദ്യയുണ്ടും സുഖിച്ചും ജനം മദിക്കുകയാണ്. പണക്കൊഴുപ്പിന്റെ അഹങ്കാരം,അതു മുന്‍പന്നേത്തെതിനെക്കാള്‍ പ്രകടമാണ്.
കടമകള്‍ മറന്ന സമൂഹം.
ഒരു പ്രളയത്തിനു സമയമായി.

ഉസ്മാന്‍ പള്ളിക്കരയില്‍ said...
This comment has been removed by the author.
ഉസ്മാന്‍ പള്ളിക്കരയില്‍ said...

എല്ലാവരും‌ അവനവനിസത്തിന്റെ അറയിലേയ്ക്ക് ഉൾവലിയുന്ന ആസുരകാലം‌ ഇത്.
മനസ്സാക്ഷിയുണർ‌ത്തുന്ന കുറിപ്പ്‌.
സമൂഹം‌ കണ്ണ് തുറന്നെങ്കിൽ‌...!!!

chithrakaran:ചിത്രകാരന്‍ said...

അഞ്ചലിന്റെ മഹനീയമായ പോസ്റ്റ് എന്ന് ചിത്രകാരന്‍ ഇതിനെ വിളിക്കട്ടെ. മനുഷ്യന്റെ ആത്മാവിന്റെ ഏറ്റവും പരിപാവനമായ സ്ഥാനത്തുനിന്നാണ് അഞ്ചല്‍ മനുഷ്യന്റെ ഈ ആത്മവേദന പങ്കുവക്കുന്നത്. ആ അവബോധം മാനുഷികമായ വളര്‍ച്ചയുടെ ഉയര്‍ന്ന ശിഖരങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ധന്യം അഞ്ചല്‍.

പ്രതിപാദ്യമായ വിഷയത്തെക്കുറിച്ച് പറയുകയാണെങ്കില്‍ മനോരോഗം റുഖിയക്കും റജീനക്കുമല്ല. നമ്മുടെ മാന്യമെന്നും,കുലിനമെന്നും വിശ്വസിക്കപ്പെടുന്ന സമൂഹത്തിന്റെ മനോരോഗത്തിന്റെ ഇരകള്‍ മാത്രമാണ് റുഖിയയും,റജീനമാരും. വിഭവങ്ങളും,അവസരങ്ങളും,നീതിയും പങ്കുവക്കുന്നതിലെ
സ്വാര്‍ത്ഥതയുടെ അതിസാമര്‍ത്ഥ്യം സൃഷ്ടിക്കുന്ന കറുത്ത പാടുകളാണ് റുഖിയമാര്‍..റജീനമാര്‍ !!!

സമൂഹത്തിലെ ഏറ്റവും വെറുക്കപ്പെടുന്ന വേശ്യപോലും
ഒരു വ്യക്തിയെന്ന നിലയില്‍ ആദരിക്കപ്പെടുംബോള്‍, സുരക്ഷിതയാകുംബോള്‍ മാത്രമേ സമൂഹം സാംസ്ക്കാരികമായി ആരോഗ്യം നേടുന്നുള്ളു എന്നു മനസ്സിലാക്കാന്‍ നമ്മുടെ ജനം ഇനിയും എത്ര നൂറ്റാണ്ടുകളെടുക്കും ??? ഹഹഹ....നമുക്ക് റജീനയെ നോക്കി ചിരിക്കാം.(നമുക്ക് ആ ഗതി വന്നില്ലല്ലോ എന്ന സന്തോഷത്തില്‍)തന്തയില്ലാത്ത സമൂഹത്തിന്റെ മ്ലേച്ഛമായ വിഢിച്ചിരി !

kichu / കിച്ചു said...

ആ വാര്‍ത്ത വായിച്ചപ്പോള്‍ മന്‍സ്സില്‍ തോന്നിയതാ അഞ്ചലേ ഈ കുറിച്ചിരിക്കുന്നത്.

:( റജീനക്കു മാതൃഭാഗ്യം സമ്മാനിച്ചു കൊടുത്ത ആ മൃഗജന്മങ്ങളെക്കുറിച്ച് എന്തു പറയാന്‍ !!!

തീമഴ ഒറ്റയടിക്കു വിഴുങ്ങിയാല്‍ പോരാ.. അതു കുറഞ്ഞ ശിക്ഷയേ ആകൂ...

അനില്‍ശ്രീ... said...

അഞ്ചല്‍,

ആ റിപ്പോര്‍ട്ട് കണ്ടിരുന്നു. ( അന്നറിയില്ലായിരുന്നു ഇത് അഞ്ചലിന്റെ നാടാണെന്ന്. ) ഭ്രാന്തന്മാര്‍ എന്ന് നമ്മള്‍ കരുതുന്ന പലരേക്കാളും ഭ്രാന്ത് നിറഞ്ഞവരാണ് നമുക്കു ചുറ്റുമുള്ള പലരും. പക്ഷേ നാം അറിയുന്നില്ല എന്ന് മാത്രം.

അതേ ..ചെറ്റകള്‍ !!

കുഞ്ഞന്‍ said...

5ത്സ്..

ഇനിയും ഇത്തരം റുഖിയമാരും റെജീനമാരും ഉണ്ടാകാതിരിക്കട്ടെ...

5ത്സ് മാഷെ ആരെ പഴിക്കണം, നമ്മളെത്തന്നെ പഴിച്ചാൽ മതി കാരണം 5ത്സും ചെയ്യുന്നതും ഞാൻ ചെയ്യുന്നതും അതുതന്നെ. ഒരു കാര്യം ചോദിക്കട്ടെ അവിടെ 5ത്സ് ഉണ്ടായിരുന്നെങ്കിൽ ഇത്തരം സംഭവം നടക്കുകയില്ലായിരുന്നുവെന്ന് പറയാമൊ? അവിടെ ഉണ്ടായിരുന്നപ്പോൾ ആ റുഖിയാമ്മയെയും മകളെയും കണ്ടതല്ലെ എന്നിട്ട് എന്തെങ്കിലും അവർക്കുവേണ്ടി ചെയ്യാൻ തോന്നിയൊ ഇല്ല അതാണു നമ്മൾ..! സത്യം പറഞ്ഞാൽ എനിക്ക് 5ത്സിനോടാണ് സഹതാപം തോന്നുകയാണ്. ഇത്തരം വാർത്ത 5ത്സ് അറിഞ്ഞു, ശരി ഞാൻ വിദേശത്താണ് എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്നു ചിന്തിക്കാതെ പഴിക്കാതെ അവർക്ക് വേണ്ടി എന്താണ് ചെയ്തത്..? ഈ മനോഭാവം തന്നെയാണ് ആ ഗ്രാമത്തിലുള്ളവരും ചെയ്തത്. ഒരു കാര്യം കൂടി പറയട്ടെ പ്രായപൂർത്തിയായ അല്ലെങ്കിൽ വയസ്സറിയിച്ച ഒരു പെണ്ണിനെ പിഴപ്പിക്കുന്നതിനേക്കാൾ വലിയ ചെറ്റകൾ മൂന്നുവയസ്സുകാരിയേയും നാലുവയസ്സുകാരിയേയും പിഴപ്പിക്കുന്നവരാണ്. അതൊക്കെ കണ്ടാലും കേട്ടാലും ധാർമ്മിക രോഷം കൊള്ളുകയും എന്നിട്ട് സ്വയം പറയുകയും ചെയ്യും ഞാൻ അത്തരക്കാരനല്ലന്ന്...

ഓർക്കുക മറ്റുള്ളവരുടെ നേർക്ക് ചൂണ്ടുവിരൽ ചൂണ്ടുമ്പോൾ മറ്റു മൂന്നുവിരൽ നമ്മുടെ നേരെയാണ് ചൂണ്ടുന്നതെന്ന്.

**ഇവിടെ ഞാൻ തിരിച്ചറിയുന്നു 5ത്സ് എന്നത് കുഞ്ഞനെന്നൊ, പ്രവീണനൊ മറ്റു പലരുമാകാമെന്ന്.

ഇരുമ്പുഴിയൻ said...

തെറ്റു ചെയുന്ന സമൂഹങ്ങൾ, കേട്ടു മടുക്കുന്ന ഉദാഹരണങ്ങൾ..

chithrakaran:ചിത്രകാരന്‍ said...

ആരെയും ശിക്ഷിക്കാന്‍ നമ്മള്‍ ആരുടേയും ഉടമയല്ലല്ലോ! നമുക്കു രക്ഷിക്കാനെ അധികാരമുള്ളു.സംസ്ക്കാരമുള്ള ദൈവങ്ങള്‍ക്കും അതേ സാധിക്കു :)
ഒന്നുകില്‍ വ്യക്തിയെന്ന നിലയില്‍ നഷ്ടം സഹിച്ച് താല്‍ക്കാലിക പ്രശ്ന പരിഹാരം തേടണം. അല്ലെങ്കില്‍,
സാമൂഹ്യമായ മാറ്റത്തിലൂടെ മാനവിക സംസ്ക്കാരത്തിന്റെ സാമൂഹ്യ ബോധം ജനമനസ്സുകളില്‍ നട്ടു നനച്ചുവളര്‍ത്തി ശാശ്വതമായി ഈ പ്രശ്നം പരിഹരിക്കണം. അതിന് ചിന്താപരമായി വളരുകയും,മനസ്സിലെ അടിമത്വം ഒഴിയുകയും വേണമെന്നതിനാല്‍ കുറച്ചു കഷ്ടപ്പാടുണ്ട് :)സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പരിഹാരം വിലകൊടുത്തു വാങ്ങാനാകില്ല എന്നര്‍ത്ഥം !

നിസ്സഹായന്‍ said...

സഹതാപം കൊണ്ട് ആരെയും സഹായിക്കാനാവില്ല. മറ്റുള്ളവരുടെ ദുരിതം വിളിച്ചറിയിക്കുന്നത് അവര്‍ക്ക് സഹായം സമാഹരിക്കാനണെങ്കില്‍ നന്ന്‍. അഞ്ചല്‍ തന്നെ സ്വന്തം പ്രദേശത്തെ ഈ ദുഖിതരെ സഹായിച്ചു തുടങ്ങൂ. ശ്രീ കുഞ്ഞന്റെ കമന്റ് അര്‍ത്ഥവത്താണ്.

Rajeeve Chelanat said...

അതെ, അഞ്ചല്‍,
“ഭ്രാന്തിത്തള്ളയുടെ ഗുഹ്യഭാഗം കണ്ട്
കോള്‍മയിര്‍ കൊള്ളുകയും അവള്‍ക്കും അവളുടെ പെണ്മക്കള്‍ക്കും ദിവ്യഗര്‍ഭം സമ്മാനിക്കുകയും, ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുപിടിച്ചത്കണ്ട് ഊറിച്ചിരിക്കുകയും ചെയ്യുന്ന പൊലയാടിമക്കളുണ്ടിവിടെ“. ദൈവങ്ങളുടെ സ്വന്തം നാട്ടില്‍.

പെണ്‍‌വര്‍ഗ്ഗത്തിനു ബുദ്ധിയില്ലെന്ന നായക കോമാളികളുടെ വളിപ്പുകള്‍ നൂറ്റൊന്നാവര്‍ത്തിക്കുന്ന പുരുഷവീരകേസരികളുമുണ്ട് നമുക്കിടയില്‍.

അതിജീവനത്തിന് സ്ത്രീകള്‍ മറ്റുവഴികള്‍ ആരായേണ്ടിയിരിക്കുന്നു.

അഭിവാദ്യങ്ങളോടെ

Kaippally said...

ബോട്ടു മുങ്ങി: നെഞ്ചത്തടി, വിലാപയാത്ര.
ബോട്ടു വീണ്ടും മുങ്ങി: നെഞ്ചത്തടി, വിലാപയാത്ര, വാർതാഘോഷം.

അതുപോലെ തന്നെ അപലകളുടെ അവിഹിത ഗർഭവും: ഒന്നല്ല, രണ്ടല്ല, ഒരു ലക്ഷം.
നെഞ്ചത്തടിയും കൂട്ട കരച്ചിലും ബ്ലോഗിലും തുടങ്ങി. വളരെ നല്ലതു്.

ഇതു് ഇങ്ങനെ എല്ലാം സംഭവിക്കുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുകയും, ചർച്ചകളിലൂടെ പരിഹാരങ്ങളിൽ എത്തുകയും ചെയ്യുന്നതല്ലെ കുറച്ചുകൂടി നല്ല ഒരു മാർഗ്ഗം. അതല്ല നെഞ്ചത്തടിച്ചു് നിലവിളി മാത്രമാണു് എഴുത്തുകാരനും വായനക്കാരും ഉദ്ദേശിക്കുന്നതെങ്കിൽ ഞാനും കൂടാം:

"അയ്യോ കഷ്ടം. പാവം കുട്ടി. ഇങ്ങനയും ഉണ്ടോ ദുഷ്ട ജനം. ഹോ! ശോ! ഛെ !"

അനോണി ആന്റണി said...

ഇവരെ റീഹാബിലിറ്റേറ്റ് ചെയ്യാന്‍ എന്തെങ്കിലും വഴിയുണ്ടാവില്ലേ? ഏതെങ്കിലും സംഘടന തയ്യാറെങ്കില്‍ പണം എവിടെനിന്നെങ്കിലും പിരിച്ചുണ്ടാക്കാം.

★ Shine said...

അഞ്ചൽക്കാരാ, എനിക്കു താങ്കളുടെ എഴുത്തിലെ ആത്മാർഥത ശരിക്കും ഉൾക്കൊള്ളാനായി... ഇത്തരം കാര്യങ്ങൾ കാണുമ്പോൾ പ്രതികരിക്കാനുള്ള ആർജ്ജവമെങ്കിലും ഇപ്പോഴും സൂക്ഷിക്കാൻ കഴിയുന്നതു വലിയ കാര്യം തന്നെ!

Joker said...

അഞ്ചലെന്തു ചെയ്തി ഈ പ്രശ്നം പരിഹരിക്കുന്നതിനായി.

ponnemadathil said...

ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി
ഇവിടെ അമര്‍ത്തി വായിക്കാം

Melethil said...

ബ്ലോഗില്‍ ഞാന്‍ വായിച്ച ഏറ്റവും ദുഃഖം തോന്നിപ്പിച്ച പോസ്റ്റ്‌..
ചിത്രകാരന്‍ പറഞ്ഞ പോലെ മഹനീയമായ പോസ്റ്റ്‌!

Joe joseph said...

Being a ctizen of anchal, I felt ashamed.

Citizen Khan said...

"Being a ctizen of anchal" !!!!!!!!!!

anchal is my country all the coundries are my India. not only but also.

അഞ്ചലിൽ citizenship കൊടുത്തു തുടങ്ങിയോ?. ശോ ഇതൊക്കെ നമ്മളോടു കൂടി ഒന്നു പറയായിരുന്നില്ലെ?

ഇ.എ.സജിം തട്ടത്തുമല said...

ഇപ്പോഴാണീ പോസ്റ്റു കണ്ടത്. അള്ളാഹുത്താലയുടെ അടുത്ത ആളുകൾ ചമഞ്ഞ് പള്ളിയും പത്രാസുമായി കഴിയുന്നവരുടെ വിശ്വാസകാപട്യത്തോടുള്ള ഈയുള്ളവന്റെ നിഷേധത്തിന്റെ ശക്തി വീണ്ടും അപ്ഡേറ്റ് ചെയ്യപ്പെട്ടു, ഈ പോസ്റ്റ് വായിച്ചപ്പോൾ. ഇങ്ങനെ മനുഷ്യത്വം നഷ്ടപ്പെട്ടവരാണ് അള്ളാഹുവിനു പള്ളി പണിയുന്നത്. വിശ്വാസികൾ സാധാരണ പറയുമ്മാതിരി എല്ലാം അള്ളാന്റെ പരീക്ഷണങ്ങളാണെങ്കിൽ റുക്കിയയും റജീനയും (അതുപൊലെ എത്രയെത്ര ജീവിതങ്ങൾ) അള്ളാഹുവിന്റെ പരീക്ഷണങ്ങളാണെങ്കിൽ ആ പരീക്ഷണങ്ങളിൽ വിശ്വാസിവർഗ്ഗം പരാജയപ്പെട്ടുകൊണ്ടേയിരിയ്ക്കുന്നു. നോക്കണേ നരകത്തിൽ പോകേണ്ടവരുടെ കൂട്ടായ്മയായി സ്വയം മാറിയ വിശ്വസിസമൂഹം വൃഥാസ്വപ്നവും കണ്ട് ജീവിയ്ക്കുന്നത്. പ്രിയ അഞ്ചൽ, എവിടെയും തിമിർത്ത് പെയ്യേണ്ട തീമഴ പെയ്യാത്തത് അദ്ഭുതം തന്നെ! ഇത്രയും ക്രൂരരാകാൻ തന്റെ സൃഷ്ടികളായ മനുഷ്യനു കഴിയുന്നതോർത്ത് അദ്ഭുതപ്പെട്ട് തന്റെയീ സൃഷ്ടിയൊരു മഹാപരാധമായി പോയെന്ന് ചിന്തിയ്ക്കുകയായിരിയ്ക്കുമോ സാക്ഷാൽ ദൈവം/അള്ളാഹു/കർത്താവ് ? (ഇനി മതേതരത്വം പുലർത്തിയില്ലെന്നുവേണ്ട മൂന്ന് പേരുകളും ഇരിയ്ക്കട്ടെ!)

വിചാരം said...

അതേ റുഖിയക്ക് പകരമൊരു പേരുണ്ട് എന്റെ നാട്ടല് ... തന്ത ആരെന്നറിയാതെ അവര്‍ക്കുണ്ടായ മകള്‍ .. പാവം പതിമൂന്നാമത്തെ വയസ്സില്‍ അവളും അവിവാഹിതയായി തന്നെ അമ്മയായി.. വര്‍ഷാ വര്‍ഷം അത് തുടര്‍ന്നു , കഴിഞ്ഞ ചില മാസങ്ങള്‍ക്ക് മുന്‍‌പ് പത്രത്തിലൊരു വാര്‍ത്ത " പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയുടെ വീടും വീട്ടുപകരണങ്ങളും ലൈം‌ഗീതയ്ക്ക് വഴങ്ങാട്ത്തതിനാല്‍ ചില സാമൂഹ്യ വിരുദ്ദര്‍ തീയിട്ട് നശിപ്പിച്ചു... ചില ദിവസങ്ങള്‍ക്കുള്ളില്‍ പോലിസ്സും സാമൂഹ്യ പ്രവര്‍ത്തകരും പ്രവര്‍ത്തകരും ഇടപ്പെട്ട് അവര്‍ക്ക് പുതിയ വീട് പണിഞ്ഞു കൊടുത്തു ( ഈ വാര്‍ത്ത നിങ്ങളില്‍ ചിലരും വായിച്ചു കാണും പൊന്നാനിയില്‍ )

Anonymous said...

കാര്യങ്ങള്‍ ഇപ്പഴെങ്കിലും മനസിലായല്ല്....ചെറ്റകള്‍ എന്നല്ല സ്വയ വിളിക്കേണ്ടത്‌..പോട്ട്‌, സ്ഥലം വേറേയായിപ്പോയി...