Tuesday, April 10, 2012

മാര്‍ക്സിസ്റ്റ്‌ പാര്‍ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ ചര്‍ദ്ദി!

വി.എസ്. അച്ചുദാനന്ദനെ മാര്‍ക്സിസ്റ്റ്‌ കമ്യുണിസ്റ്റ് പാര്‍ടിയുടെ പരമോന്നത സഭയായ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പെടുത്താത് ശരിയോ തെറ്റോ എന്നുള്ളത് പൊതു സമൂഹത്തിനും താല്പര്യം ഉള്ള വിഷയം തന്നെ ആണ്. അത്  പാര്‍ടികാര്‍ മാത്രം സംസാരിച്ചാല്‍ മതിയെന്നോ മറ്റുള്ളവര്‍ ഇട പെടെണ്ട കാര്യം ഇല്ലാ എന്നോ ഒക്കെ പിണറായി പറയുന്നത് മുടി പ്രശ്നം വിശ്വാസികള്‍ മാത്രം ചര്‍ച്ച ചെയ്‌താല്‍ മതി എന്ന കാന്തപുരത്തിന്റെ അഭിപ്രയത്തോളം അല്ലെങ്കില്‍ അതിലും ഉപരി ബാലിശം ആണ്. പൊതു സമൂഹത്തിനു ചുറ്റും നടക്കുന്ന എന്തിനെ കുറിച്ചും അഭിപ്രായം പറയാനും ചര്‍ച്ചകള്‍ നടത്താനും സ്വാതന്ത്ര്യവും അവകാശവും ഉണ്ട്.

വി.എസ്. അച്ചുദാനന്ദന്‍ പാര്‍ടിയില്‍ നിന്നു തന്നെ പുറത്താക്കേണ്ട തരത്തില്‍ അദ്ദേഹം അംഗമായ പാര്‍ടിയോട് നീതി കെടും അച്ചടക്ക രാഹിത്യവും കാണിച്ച ഒരാളാണ്. അങ്ങിനെ  ഒരാളെ അതിന്റെ ഉപരി സഭയില്‍ നിന്നും മാത്രമേ ഒഴിവാക്കിയിട്ട് ഉള്ളൂ എന്നതാണ് വസ്തുത. ഏതു പാര്‍ട്ടിയില്‍ ആണെങ്കിലും വ്യക്തി പാര്‍ടിക്ക് വിധേയന്‍ ആവുക തന്നെ വേണം. കാരണം വ്യക്തി പാര്‍ടി ആയി മാറിയാല്‍ വ്യക്തി ഇല്ലാതാവുമ്പോള്‍ പാര്‍ടിയും ഇല്ലാതാകും! ഉദാഹരണം പശ്ചിമ ബംഗാള്‍ തന്നെ. അവിടെ ജ്യോതി ബസു ആയിരുന്നു പാര്‍ടി. അദ്ദേഹം കിടക്കയില്‍ ആയപ്പോള്‍ പാര്‍ടിയും കിടക്കയില്‍ ആയി. അദ്ദേഹം മരിച്ചപ്പോള്‍ പാര്‍ടിയും മരണത്തിന്റെ വാക്കിലേക്ക് എത്തി നില്‍ക്കുന്നു!

ഈ തലത്തില്‍ നിന്നും കൊണ്ട് വി.എസ്. വിഷയം പരിശോധിച്ചാല്‍ വി.എസ്. തെറ്റുകാരന്‍ തന്നെ ആണ്. വ്യക്തി ഒരിക്കലും പാര്‍ടിക് അതീതന്‍ ആകരുത്. അത് ഒരു പാര്‍ടിക്കും ഗുണകരം ആകില്ല. വ്യക്തി കേന്ദ്രീക്രിതം ആകുന്ന പാര്‍ട്ടി വ്യക്തിയുടെ അന്ത്യത്തോടെ അവസാനിക്കും. പര്ടിയെക്കാള്‍ വ്യക്തി വലുതാകുമ്പോള്‍ (അത് ഏതു പാര്‍ട്ടിയും ആകട്ടെ) ആ വ്യക്തി പാര്‍ടിയെയും കൂടെ നിര്‍ത്തി പാര്‍ടിയെയും ഒപ്പം വലുതാക്കാന്‍ ശ്രമിക്കണം. ഇവിടെ വി.എസ്.എന്ന വ്യക്തി പാര്‍ടിക്കും മുകളിലേക്ക് വളരുമ്പോള്‍ പാര്‍ടിയെ ഒപ്പം കൂട്ടാന്‍ അദ്ദേഹത്തിന് കഴിയാതെ വന്നു. അത് കൊണ്ടാണ് പാര്‍ടി ഒരു വശത്തും വ്യക്തി മറു വശത്തും ആയതു.

ഇന്ന് പാര്‍ട്ടി അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നം ഐഡന്റിറ്റി  ക്രൈസിസ് ആണ്.. പാര്‍ടി എന്താണെന്ന് പാര്‍ടി കാര്‍ക്ക് അറിയാന്‍ കഴിയാത്ത അവസ്ഥ. അധികാരം എന്നത് ജനങ്ങളുടെ അംഗീകാരത്തോടെ എത്തേണ്ട ഒന്നാണ് എന്നതിന് പകരം അടവ് നയങ്ങളുടെ പിന്നാലെ പോകേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന അടിസ്ഥാന പരം ആയ പാളിച്ച. അതായത് പാര്‍ടിക്ക് സ്വയം ഒരു കേഡര്‍ സ്വഭാവത്തില്‍ നില്‍കുകയും വേണം എന്നാല്‍ അധികാരത്തിന്റെ ശീതള ച്ഛായ വിട്ടോഴിയാനും വയ്യ. ഇവിടെ വി.എസ് എന്ന ജനകീയനെ മുന്നില്‍ നിര്‍ത്തി അധികാരം പിടിക്കണം എന്നാല്‍ വി.എസ്. പാര്‍ടിക്ക് അതീതന്‍ ആകുന്നോ എന്ന സംശയവും. പാര്‍ടിക്ക് അതീതന്‍ ആകുന്നു എന്ന് കണ്ടാല്‍ പാര്‍ടിയില്‍ നിന്നും പുറത്തു കളയണം. പക്ഷെ വി.എസിന് ഉണ്ട് എന്ന് പാര്‍ട്ടിയോ അല്ലെങ്കില്‍ വി.എസ്. തന്നയോ കരുതുന്ന ജന പിന്തുണ കളയാനും വയ്യ. പക്ഷെ പാര്‍ടിയും വി.എസും അറിഞ്ഞോ അറിയാതെയോ മറന്നു പോകുന്ന ഒരു സംഗതി വി.എസിന് ലഭിച്ച ജനകീയ പരിവേഷം പാര്‍ടിയുടെ ശത്രുക്കള്‍ അദ്ദേഹത്തിന് ഉണ്ടാക്കി കൊടുത്തതാണ് എന്നതാണ്.

ഭരണത്തില്‍ ഇരുന്നപ്പോള്‍ പാര്‍ടിക്ക് എതിരേ നില്‍ക്കുന്നു എന്ന് തോന്നിയപ്പോഴാണ് ശത്രു പക്ഷം വി.എസിന് പിന്നാലെ കൂടിയത്. അത് തെറ്റായിരുന്നു എന്നും തങ്ങള്‍ ഉണ്ടാക്കി കൊടുത്ത ജനകീയ പരിവേഷം തങ്ങള്‍ക് തന്നെ വിന ആകും എന്നും തിരിച്ചറിഞ്ഞപ്പോള്‍ ആണ് വി.എസിന് എതിരേ പാര്‍ടിയുടെ ശത്രു പക്ഷം തിരിഞ്ഞത്. അപ്പോഴേക്കും പാര്‍ടിയില്‍ വി.എസ്. ആവശ്യത്തില്‍ അധികം ശത്രുക്കളെ ഉണ്ടാക്കി കഴിഞ്ഞിരുന്നു. ഇവിടെ തിരിച്ചറിയേണ്ടത്  വി.എസ്. ഒരിക്കലും നമ്മള്‍ ധരിച്ചു വെച്ചിരിക്കുന്നത് പോലെ  അത്ര സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമ അല്ല എന്നതാണ്. സസൂഷ്മം നിരീക്ഷിക്കുന്ന ഒരാള്‍ക് ഒരു തരം അവസരവാദം നിലപാടുകള്‍ അദ്ദേഹത്തിന്റെ  ജീവിതത്തില്‍ ഉടനീളം ദര്‍ശിക്കാന്‍ കഴിയും.

ഈ.എം.എസിന് എതിരേയും, കേരളം കണ്ട ഏറ്റവും മികച്ച  ജനകീയ നേതാക്കളില്‍ ഒരാളായ നായനാര്‍ക്ക് എതിരെയും ഗൌരിയമ്മക്ക് എതിരെയും ഒക്കെ ഇദ്ദേഹം സ്വന്തം കാര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.  ഗൌരിയമ്മയുടെ പുറത്തു പോക്കിനും വി.എസ്. തന്റേതായ പങ്കു വഹിച്ചിട്ടുണ്ട്‌. പിണറായിയും വി.എസും ഒരു കാലത്ത് ഒരേ തൂവല്‍ പക്ഷികള്‍ ആയിരുന്നു എന്നതും വസ്തുത ആണല്ലോ? മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ പത്രക്കാരെയും കൂട്ടി മലകയറിയതും പ്രതി പക്ഷത് ആയിരുന്നപ്പോള്‍ പറഞ്ഞതൊക്കെയും ഭരണം കിട്ടിയപ്പോള്‍ വിഴുങ്ങിയതും മകനെ കയറൂരി വിട്ടതും ഒക്കെ അദ്ദേഹത്തിന്റെ അവസരവാദത്തിന്റെയും അധികാര മോഹത്തിന്റെയും ഉദാഹരണങ്ങള്‍ ആണ്. എന്നാല്‍ ഇതിനു ഒക്കെയും അപ്പുറം അദ്ദേഹത്തെ ഇന്ന് കാണുന്ന ഇമേജ് ഉള്ള ഒരു വി.എസ്. ആക്കി മാറ്റിയത് പാര്‍ടിയുടെയും അദ്ദേഹത്തിന്റെ സ്വന്തം തന്നെയും ശത്രു പക്ഷം ആണ്.

എങ്ങിനെയും അധികാരം എന്ന നിലപാട് മൂലം ആണ് അനഭിമതന്‍ ആയ വി.എസിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കാതെ അവര്‍ക്ക് പിന്നെയും പിന്നെയും  ചുമക്കേണ്ടി വരുന്നത്. പാര്‍ടി സ്വന്തം അസ്ഥിത്വം തിരിച്ചറിഞ്ഞു ദന്തഗോപുരങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക്‌ ഇടയിലേക്ക് ഇറങ്ങി ചെന്ന് ജനങ്ങള്‍ക് വേണ്ടി നില കൊണ്ട് അങ്ങിനെ സ്വാഭാവികം ആയി ആര്‍ജിക്കുന്ന ജന പിന്തുണയോടെ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്നതിനു പകരം അടവ് നയങ്ങള്‍ക് പിറകെ പോയാല്‍ വി.എസിനെ പോലെയുള്ള ചര്‍ദ്ദി തുപ്പി കളയാതെ വായില്‍ നിറച്ചു കൊണ്ട് നടക്കേണ്ടി വരും - ഇന്നിയും.

3 comments:

Baiju Elikkattoor said...

'ഛ൪ദ്ദീ'...!

അഭിപ്രായങ്ങളോട് ഏറെക്കുറെ യോജിക്കുന്നൂ.

ഫസല്‍ ബിനാലി.. said...

വി എസ്സിനെ പി ബി യില്‍ എടുത്തോ ഇല്ലയോ എന്നത് ഒരു ജനകീയ വിഷയമേ അല്ല. ഒരു പക്ഷെ സി സി ക്ക് ഇനിയും അദ്ദേഹത്തെ പി ബിയിലേക്ക് പരിഗണിക്കാവുന്നതാണ് . അത് പാര്‍ട്ടി അണികളുടെ പ്രതിഷേധത്തിന്റെ അളവ് പരിഗണിച്ച് മാത്രമാകും (പ്രതിഷേധം ഭയന്ന്‍ അല്ലെങ്കില്‍ അതിനനുസരിച്ച് തീരുമാനങ്ങളില്‍ മാറ്റം സി പി എമ്മില്‍ വന്നു തുടങ്ങിയത് മുതലാണ്‌ ജനങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയാന്‍ കഴിയാതെ പോയത്). എന്നാല്‍ അവശേഷിക്കുന്ന വി എസ് ഗ്രൂപ്പുകാരനായ വി എസ് അച്ചുതാനന്ദന്‍ സി പി എമ്മിലെ മായാമോഹിനിയായി തുടരാന്‍ തന്നെയാണ് സാധ്യത.

ഫസല്‍ ബിനാലി.. said...

സി സി യുടെ പരിഗണനാഫലമായി പിന്നീട് പി ബി യിലേക്ക് എടുത്താലും ഇല്ലെങ്കിലും ലക്ഷങ്ങള്‍ ചിലവഴിച്ച് നടത്തിയ സമ്മേളന മഹാമഹത്തിന്റെ മാധ്യമ വിചാരണയെ വഴി തിരിച്ചു വിടാന്‍ ഈയൊരു പ്രയോഗത്തിലൂടെ പാര്‍ട്ടിക്ക് കഴിഞ്ഞു (ഇത് തന്നെയാന്‍ വര്‍ഗ്ഗ വിപ്ലവം, പക്ഷെ ചിലവഴിച്ച തുക "ഹാവ്സ്" ന്റെയോ "ഹാവ്നോട്ട്സ്" ന്റെയോ, അതോ പാര്‍ട്ടി, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന അടിച്ച് മാറ്റി വെച്ചിരുന്നതോ..?) നിയമ സഭാ തിഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാതെ, പിന്നീട് സീറ്റ് കൊടുത്ത് നടത്തിയ വില കുറഞ്ഞ പൈങ്കിളി അടവുനയം വീണ്ടും ആവര്ത്തിക്കപ്പെട്ടിരിക്കുന്നു...