Tuesday, August 22, 2017

വേണം പുതിയ ഊർജ്ജ സംസ്കാരം.

കേരളത്തിലെ വൈദ്യുത പ്രതിസന്ധിക്ക് പുതിയ ജലവൈദ്യുത പദ്ധതികൾ ഒരിക്കലും പരിഹാരം ആകില്ല. മഴയെ ആശ്രയിച്ച് ഊർജോത്പാദനത്തിനു പകരം വെയിലിനെ ആശ്രയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പുനരുപയോഗ വൈദ്യുത സ്രോതസുകളിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ തിരിയേണ്ടതുണ്ട്. സ്വതവേ പരിസ്ഥിതി ദുർബലം പ്രദേശം ആണ് കേരളം. ആകപ്പാടെ ഇമ്മിണി സ്ഥലം. അവിടെ തന്നെ ഡസൻ കണക്കിന് ഡാമുകളും. എന്നിട്ടും മഴയില്ലേൽ വെളിച്ചത്തിനു മാനത്തോട്ടു നോക്കേണ്ട സ്ഥിതിയും.
.
വനവും മഴക്കാടും നശിപ്പിച്ചിട്ട് പ്രകൃതിയെ പ്രോകോപിപ്പിച്ച് മഴയെ ആട്ടി ഓടിച്ചിട്ട് ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന അതിരപ്പള്ളി വൈദ്യുത പദ്ധതിയും മഴയെ ആശ്രയിച്ച് തന്നെ കെട്ടി പൊക്കാൻ ശ്രമിക്കുന്നത്. മാതാപിതാക്കളെ തല്ലി കൊന്നിട്ട് കോടതിയിൽ ചെന്ന് "ഞാൻ അനാഥനാണ് യുവർ ഓണർ... എന്നെ വെറുതെ വിടണം" എന്ന് പറയുന്നത് പോലെ നിരർത്ഥകം. ഊർജ്ജത്തിനായി മലകളെയും മരങ്ങളെയും നശിപ്പിക്കും. ഡാമുകൾ കെട്ടിപ്പൊക്കും. മഴക്കായി പിന്നെ മാനത്തോട്ടു നോക്കി ഇരിക്കും. മഴയും ഇല്ല വെള്ളവും ഇല്ല വെളിച്ചവും ഇല്ല. വീണ്ടും അയൽ സംസ്ഥാനങ്ങളുടെ ദയയ്ക്കായി കാത്തിരിക്കും. അല്ലെങ്കിൽ ദേശീയ ഗ്രിഡിൽ നിന്നും അന്യായ വില കൊടുത്ത് ഊർജം വാങ്ങും. എന്നാ പിന്നെ ഡാമുകൾ കെട്ടാതെ ഇതങ്ങു ആദ്യം ചെയ്‌താൽ പോരെ? കാലാവസ്ഥാ വ്യതിയാനം സംഭവിച്ചാൽ ചൂട് കൂടും. എയർ കണ്ടീഷനുകളുടെ എണ്ണം കൂടും. പ്രകൃതിയെ നശിപ്പിച്ച് കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമ്പോൾ അങ്ങിനെ മൂന്നു യൂണിറ്റ് വൈദ്യുതി പുതുതായി ചിലവാക്കപ്പെടും. വീണ്ടും നമ്മുക്ക് ഡാമുകൾ നിർമിക്കേണ്ടി വരും. എന്നാലോ ഊർജ്ജ പ്രതിസന്ധി അവസാനിക്കുകയും ഇല്ല. അണിയറയിൽ പ്രവർത്തിക്കുന്നവരുടെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാൻ മാത്രമേ പുതുതായി ഉണ്ടാകുന്ന ജലവൈദ്യുത പദ്ധതികൾ കാരണം ആവുകയുള്ളൂ.
.
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സിലേക്ക് നാം മാറണം. ജലവൈദ്യുത പദ്ധതിക്ക് ചിലവാക്കുന്ന പണം പാരമ്പര്യേതര ഊർജ്ജ സ്രോതസുകളിലേക്ക് മാറ്റിയാൽ അത് ഭാവി തലമുറയോട് ചെയ്യുന്ന നീതിയായിരിക്കും. മൂലധന നിക്ഷേപം താരതമ്യേന കൂടുതൽ ആയിരിക്കും എന്നതാണ് സോളാർ എനർജിയിലേക്കും വിൻഡ് മില്ലിലേക്കും തിരിയുന്നതിൽ നിന്നും നമ്മെ പിന്നോട്ട് വലിക്കുന്നത്.
.
പൊതു ജന പങ്കാളിത്തത്തോടെ ഊർജ്ജ പ്രതിസന്ധിയെ അതിജീവിക്കാൻ ഭാവനാ പൂർവ്വം ആയ നടപടികൾ ആണ് ഉണ്ടാകേണ്ടത്. പാരമ്പര്യേതര ഊർജോത്പാദനത്തിനു വേണ്ടി പുതിയ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ഉണ്ടാക്കണം. കേരളത്തിലെ മുഴുവൻ ആളുകളെയും അതിൽ ഓഹരി ഉടമകൾ ആക്കണം. നാടിന്റെ നില നില്പിനു് വേണ്ടിയുള്ള കരുതലിന്റെ ഭാഗം ആണ് ഈ ഉദ്യമം എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം. മറ്റു കമ്പനികളിലെ മൂലധന നിക്ഷേപത്തിന്റെ മാനദണ്ഡത്തിൽ നിന്നും തികച്ചു വ്യത്യസ്തം ആയി ഓരോ കുടുംബത്തിലും നിലവിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിനെയും അംഗങ്ങളുടെ എണ്ണത്തെയും മാനദണ്ഡം ആക്കി ഓരോ കുടുംബവും എടുക്കേണ്ട ഓഹരികൾ നിശ്ചയിക്കണം. ഒരു മാസം ഒരു കുടുംബം ഉപയോഗിക്കുന്ന ഓരോ ഇരുപത്തി അഞ്ചു യൂണിറ്റിനും ഒരു ഓഹരി നിർബന്ധം ആക്കണം. ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരെ ഓഹരി എടുക്കാൻ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും അനർട്ടും സഹായിക്കണം.
.
ഒരുപാട് കാര്യങ്ങൾക്ക് നാം കേരളീയർ ലോകത്തിനു മാതൃക ആയിട്ടുണ്ട്. പൊതു ജന പങ്കാളിത്തത്തോടെ ഊർജോത്പാദനം എന്ന ഈ മിത്ത് സംഭവിക്കപ്പെടുക ആണെങ്കിൽ അതും ലോകത്തിനു മാതൃക ആണ്. പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ ഉപയോഗിക്കുന്നതിനു പകരം ആയി ആഗോള തലത്തിൽ ലഭിക്കുന്ന കാർബൺ ക്രെഡിറ്റിലൂടെയും ഒരു വരുമാനം ഉണ്ടാക്കാനും നമുക്ക് ഇതിലൂടെ സാധിക്കും. ഓഹരി ഉടമകൾക്ക് ചിലവ് കുറഞ്ഞ വൈദ്യുതി, പ്രകൃതിക്ക് സംരക്ഷണം, പുതിയൊരു ഊർജ്ജ വിനിയോഗ സംസ്കാരം എല്ലാം നേടാൻ കഴിയും. ഇതൊരു ബ്രിഹത് പദ്ധതി ആയിരിക്കും. വൈദ്യുതിയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അല്ല നിക്ഷേപം സ്വീകരിക്കേണ്ടത്. സ്വകാര്യ കോർപ്പറേറ്റ് മൂലധനവും സ്വീകരിക്കാം.
.
കൃത്യം ആയി പഠിച്ച് നടപ്പാക്കുക ആണ് എങ്കിൽ ഓരോ വീടും ഓരോ ഊർജോൽപ്പാദന യൂണിറ്റുകൾ ആയി മാറും. തരിശായി കിടക്കുന്നിടം, കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ തുടങ്ങി എവിടെയും ഊർജ്ജം ഉൽപാദിപ്പിക്കാം. നാളേക്കായി ഇന്നേ കരുതാം.

No comments: