Monday, April 20, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും - 3 : ചെന്നൈയിലെ ശിഥില പാലം

ന്ന് നമുക്ക് ചെന്നൈയിലെ  അടയാർ നദിക്കരയിൽ നിന്നും സമുദ്ര തീരത്തേക്ക് നടക്കാം. അവിടെ അടയാർ നദിയ്ക്ക് സമാന്തരമായി കടലിലേക്ക് മുഖം തിരിച്ച് ഒരു തകർന്ന പാലം കാണാം.  1967-ൽ  നിർമ്മിച്ചതാണ് ഈ പാലം. മുക്കുവർക്ക് ഹാര്ബറിലേക്ക് എളുപ്പം എത്തിച്ചേരാൻ വേണ്ടിയാണ് ഇങ്ങിനെ ഒരു പാലം ഉണ്ടാക്കിയത്. ചെന്നൈയിലെ ദുരൂഹതകൾ നിറഞ്ഞ ബസന്ത് നഗറിലാണ് ഈ ഫിഷർമെൻ പാലം.
.
1977-ൽ ശക്തമായ കടൽ ക്ഷോഭത്തിൽ പെട്ട് പാലം തകർന്നു. അന്ന് മുതൽ പാലം "ബ്രോക്കൺ ബ്രിഡ്ജ്" എന്ന പേരിൽ അറിയപ്പെട്ടു.  പാലത്തിൻറെ കരഭാഗത്ത് ഉള്ള ഭാഗം അതേ പടി നില നിന്നു. ഓരോന്ന് നടക്കേണ്ടത് നടക്കേണ്ട സമയത്ത് തന്നെ നടക്കുമല്ലോ? അത് ഗുണം ആണെങ്കിലും ദോഷം ആണെങ്കിലും. ഫിഷെർമാൻ ബ്രിഡ്‌ജ്‌ ബ്രോക്കൺ ബ്രിഡ്‌ജ്‌ ആയതിൻറെ പിറ്റേ വർഷം തകർന്ന പാലത്തിനു മുകളിൽ വെച്ച് ഒരു രാത്രിയിൽ ഒരു പെൺ കുട്ടി കൊല്ലപ്പെട്ടു.ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ശേഷമാണ് ആ പെൺകുട്ടി കൊല്ലപ്പെട്ടത് എന്ന് പോസ്റ്റ്‌മോർട്ടത്തിൽ മനസ്സിലായി. പക്ഷേ കുറ്റവാളികളെ കണ്ടെത്താൻ ആയില്ല എന്ന് മാത്രമല്ല കൊല്ലപ്പെട്ട പെൺ കുട്ടിയെ കുറിച്ചും വിവരങ്ങൾ ഒന്നും ലഭിച്ചില്ല.
.
ദിവസങ്ങൾക്ക് ശേഷം ബ്രോക്കൺ ബ്രിഡ്ജിനു സമീപത്തെ രാത്രികാലങ്ങൾ ഭയത്തിന്റേത്‌ ആയി മാറി. ബ്രിഡ്ജിനു മുകളിൽ നിന്നും അസാധാരണമായ വെളിച്ചം കാണുന്നിടത്ത് ആണ് തുടക്കം. ചെന്ന് നോക്കുമ്പോൾ വെളിച്ചം അകന്ന് അകന്ന് കടലിലേക്ക് പോകും. ഇരുളും വെളിച്ചവും ഇഴചേർന്ന പെൺ രൂപം പാലത്തിനു മുകളിൽ കണ്ടിട്ടുണ്ട് എന്ന് സമീപ വാസികൾ സാക്ഷ്യ പെടുത്തുന്നുണ്ട്. രാത്രി ഒമ്പതരയ്ക്ക് ശേഷം ആരും അങ്ങോട്ട് പോകരുത് എന്ന് സമീപത്തെ ഷോപ്പുടമകൾ വിനോദ സഞ്ചാരികളെ ഓർമ്മപ്പെടുത്തും.
.
പകൽ സമയങ്ങളിൽ ഇപ്പോഴും സിനിമകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഒക്കെ ഷൂട്ടിങ്ങും വിനോദസഞ്ചാരികളുടെ ഇടപെടലും കൊണ്ട് സജീവമാണ് ഈ പ്രദേശം. പക്ഷേ രാത്രിയായാൽ ശ്മശാന മൂകതയാകും. 1977-നു ശേഷം നിരവധി ദുർമരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്. തിരിച്ചറിയാൻ ആകാത്ത ശവശരീരങ്ങൾ ആയിരുന്നു മിക്കതും. ഉടൽ മാത്രമാകും അവശേഷിക്കുക. ആത്മഹത്യകളാണോ കൊലപാതകങ്ങൾ ആണോ എന്ന് തിരിച്ചറിയാൻ ആകാത്ത മരണങ്ങൾ. ശിരസ്സ് നഷ്ടപ്പെട്ടത് നായ്ക്കളോ കുറുനരികളോ കടിച്ച് മാറ്റിയതാകാം എന്നാണു മിക്ക ശവ പരിശോധനകളും ശെരിവെക്കുന്നത്. ആളെ തിരിച്ചറിയാൻ ആകുന്നില്ല എന്നതാണ് ഇവിടെ നടക്കുന്ന മരണങ്ങളിലെ ദുരൂഹത.
.
കുറച്ച് കാലം മുന്നേ രണ്ടു സ്‌കൂട്ടറുകളിലായി  വിനോദ സഞ്ചാരികളായ ചെറുപ്പക്കാർ ബസന്ത് നഗറിലേക്ക് യാത്ര തിരിച്ചു. പോകും മുന്നേ ഒരു തെരുവ് ഷോപ്പിൽ നിന്നും ചായയൊക്കെ കുടിച്ച് ബസന്ത് നഗറിൻറെ പ്രത്യേകത കടക്കാരനോട് ചോദിച്ചു. കടയുടമ ബ്രോക്കൺ ബ്രിഡ്ജിനെ കുറിച്ചു അവരോട് പറഞ്ഞു. കൂട്ടത്തിൽ രാത്രി ഒമ്പതരയ്ക്ക് ശേഷം ആ വഴി പോകരുത് എന്നും.
.
രണ്ടു സ്‌കൂട്ടർ കാരും മറീനയിലും മറ്റും കറങ്ങി തിരിഞ്ഞു രാത്രി  ജീ.പീ.എസ്സിൽ "ബ്രോക്കൺ ബ്രിഡ്ജ് പിടിച്ച് വെച്ച് ബസന്ത് നഗറിലേക്ക് യാത്രയായി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ട്രാഫിക്കിൽ പെട്ട്  രണ്ടു കൂട്ടരും വഴി പിരിഞ്ഞു. കുറേ കഴിഞ്ഞു അതിൽ ഒരാൾ മറ്റെയാളെ വിളിച്ച് എവിടെ എത്തി എന്ന് ചോദിച്ചപ്പോൾ പിന്നെയും ഒന്നര മണിക്കൂർ ദൂരം ജീ. പീ. എസ്സിൽ കാണിക്കുന്നുണ്ട് എന്ന് പറഞ്ഞു. പക്ഷേ വിളിച്ചയാൾ എത്ര ദൂരം ഉണ്ട് എന്ന് നോക്കാൻ മൊബൈൽ എടുത്ത വഴി മൊബൈൽ ബാറ്ററി തീർന്ന് ഓഫായിപ്പോയി. വീണ്ടും കുറച്ചു ദൂരം മുന്നോട്ട് പോയിട്ട് വഴിയരികിൽ കണ്ട തട്ട് കടയിൽ നിർത്തി ബ്രോക്കൺ ബ്രിഡ്ജ് ചോദിച്ചു. അവർ അപ്പോൾ ഏകദേശം ബ്രോക്കൺ  ബ്രിഡ്ജിനു അരികിൽ എത്തിയിരുന്നു.
.
ബൈക്ക് നിർത്തി അവർ തീരത്തിനടുത്തേക്ക് പോയി. അപ്പോൾ ബ്രിഡ്ജിന് മുകളിൽ നിന്നും ഒരു സ്ത്രീ അലറി കരയുന്ന ശബ്ദം കേട്ട പോലെ... ഇരുവരും നേരെ ഓടി ബ്രിഡ്ജിൽ കയറി. അപ്പോൾ അവിടം ശൂന്യം ആയിരുന്നു. പക്ഷെ പാലത്തിൻറെ അങ്ങേ തലയ്ക്കൽ ഒരു വെളിച്ചം. അവർ എന്താണ് എന്നറിയാത്ത ഒരു ഭയം അവരെ ഗ്രസിച്ചു. കുറച്ചു ദൂരം അവർ മുന്നോട്ട് പോയി. അപ്പോൾ ഒരു കറുത്ത പട്ടി അവർക്ക് അഭിമുഖമായി ഓടി വരുന്നു. നായയുടെ വരവ് കണ്ട് അവർ തിരിഞ്ഞോടി. പാലത്തിൽ നിന്നും ചാടി പിന്നെയും ഓടി. അപ്പോൾ വീണ്ടും പാലത്തിൽ നിന്നും സ്ത്രീയുടെ  അലർച്ചയും നിലവിളിയും കേട്ടു. ഭയന്ന് പോയ അവർ തിരിഞ്ഞു നോക്കുമ്പോൾ നായ അവരുടെ തൊട്ടു പിറകിൽ ഉണ്ട്. വീണ്ടും ഓടി കിതച്ച് ഇരുവരും ബൈക്ക് വെച്ചിരുന്നിടത്തേക്ക് എത്തി ചാടി പിടിച്ചു ബൈക്കിൽ കയറി തിരിഞ്ഞു നോക്കുമ്പോൾ നായയെ കണ്ടില്ല.ഭയന്ന് വിറച്ച് അവർ മടങ്ങി പോന്നു, അപ്പോൾ സമയം അർധരാത്രി ആകുന്നുണ്ടായിരുന്നു.
.
റൂമിൽ എത്തുമ്പോൾ മറ്റേ ബൈക്ക് കാർ റൂമിൽ ഉണ്ടായിരുന്നു. അവർ ഗൂഗിൾ മാപ്പും വെച്ച് ബ്രോക്കൺ ബ്രിഡ്ജിലേക്ക് പോകവേ ജീ പീ എസ്സിൽ വഴി തിരിഞ്ഞു കൊണ്ടേയിരുന്നു, ഒന്നര രണ്ടു മണിക്കൂറോളം ബൈക്ക് ഓടിച്ചിട്ടും ബ്രോക്കൺ ബ്രിഡ്ജിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നില്ല. പിന്നെ ഇവരെ വിളിച്ചിട്ട് കിട്ടുന്നതും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഹോട്ടലിലേക്ക് മടങ്ങി പോന്നു.
.
തുടർന്ന് അവർ ഓഫായി പോയ ഫോൺ ചാർജിൽ വെച്ചു. അപ്പോൾ തന്നെ ഓൺ ആക്കി നോക്കുമ്പോൾ ഫോണിൽ 45 % ചാർജ്ജ് ഉണ്ടായിരുന്നു. ആശങ്കകൾ അസ്തമിക്കാതെ അവർ നടന്നതെല്ലാം പരസ്പരം പറഞ്ഞു. തുടർന്നു ബ്രോക്കൺ ബ്രിഡ്ജിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ നെറ്റിൽ സെർച്ച് ചെയ്തു. പിറ്റേന്ന് കബന്ധങ്ങൾ ആയി തീരത്ത് കിടക്കേണ്ടി വന്നില്ലല്ലോ എന്നാശ്വസിച്ച് അവർ മടങ്ങി പോയി.
.
ബ്രോക്കൺ ബ്രിഡ്ജിൽ നിന്നും കേട്ട ഏറ്റവും ദുരൂഹമായ സംഭവമാണ് ഈ ചെറുപ്പക്കാർക്ക് ഉണ്ടായത്. വേണ്ടത്ര ചാർജ്ജ് ഉണ്ടായിട്ടും ബാറ്ററി ചാർജ്ജ് തീർന്നത് പോലെ ഫോൺ ഓഫായത് ഒരു പക്ഷേ ഫോണിൻറെ പിഴവ് ആയിരിക്കാം എന്നത് അല്ലാതെ ജീ.പീ.എസ്സ് വഴി തെറ്റിച്ചത് മുതൽ ഉള്ള കാര്യങ്ങളിൽ ഇവർക്ക് വ്യക്തമായ വിശദീകരണങ്ങൾ ഇല്ല.
.
അജ്ഞാതരാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് അതിക്രൂരമായി കൊല്ലപ്പെട്ട അജ്ഞാതയായ ആ പെൺ കുട്ടിയുടെ ആത്മാവ്   നീതി തേടി ഇപ്പോഴും അലയുന്നു എന്നാണു വാ മൊഴി. അവിടെ മരണപ്പെട്ടവർ എല്ലാവരും  ഇപ്പോഴും അജ്ഞാതരായി തുടരുകയും ചെയ്യുന്നു. 

2 comments:

ഷൈജു.എ.എച്ച് said...

ഒരു ഹൊറർ ഫിലിം കാണുന്ന ഫീലിംഗ് ഉണ്ടായിരുന്നു വായനയിൽ...സത്യമോ നുണയോ ആവട്ടെ...അനുഭവിച്ചവർക്കേ അതറിയൂ...ഞാൻ ആദ്യമാണ് ഇങ്ങനെ ഒരു പാലത്തെ കുറിച്ച് കേൾക്കുന്നത് കേട്ടോ..
http://ettavattam.blogspot.com

Tessa D said...

This is a fascinating and spooky story.