Wednesday, August 13, 2025

ആരുടെ പിഴവ് ?

 അന്ന്...

ചുവരെഴുത്തും തോരണം വലിച്ച് കെട്ടും പോസ്റ്ററൊട്ടിപ്പും അഭ്യർത്ഥന നോട്ടീസ് വിതരണവും ചിഹ്നമുള്ള സ്ലിപ്പ് നൽകലും അയി തിരഞ്ഞെടുപ്പുകൾ ആഘോഷമാക്കിയിരുന്ന ഒരു കാലം.

വോട്ടേഴ്‌സ് ലിസ്റ്റിന്റെ കരട് കിട്ടുമ്പോൾ മുതൽ ആഘോഷം തുടങ്ങും. പാർട്ടിക്ക് കിട്ടേണ്ട ഏതെങ്കിലും വോട്ടു വിട്ടു പോയിട്ടുണ്ടോ? എതിർ പക്ഷത്തിനു കിട്ടാവുന്ന ഏതെങ്കിലും വോട്ടുകൾ പെട്ടു പോയിട്ടുണ്ടോ എന്നൊക്കെയുള്ള സൂഷ്മ പരിശോധനാ ദിനങ്ങൾ. ഒരു ബൂത്തിൽ ഏകദേശം  എഴുനൂറോളം വോട്ടുകൾ ആണ് അന്നൊക്കെയുള്ളത്. ശരാശരി ഒരു 300 വീടുകൾ. ഈ വീടുകളുടെ ഒക്കെയും വീട്ടു പേരും മിക്കവാറും  അംഗങ്ങളെയും അറിയാം എന്നുള്ളതായിരുന്നു അന്നത്തെ പാർട്ടീ പ്രവർത്തനത്തിന്റെ കാതൽ.

കരട് വോട്ടർ പട്ടിക ഒക്കെ സൂഷ്മ വിശകലനത്തിന് വിധേയമാക്കൽ ഒരു ചടങ്ങാണ്. ഏകദേശം അവസാന ദിവസങ്ങൾ ആകുമ്പോഴാകും ആ പണി തീരുക. അവസാന ലിസ്റ്റ് ആകുമ്പോൾ ചില തർക്കങ്ങൾ എതിർ കക്ഷിയും ആയുണ്ടാവുക ഒരു ആചാരമാണ്. അതൊക്കെ കഴിഞ്ഞു വരുമ്പഴേക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം എത്തും. പിന്നെ ഒരു ഓട്ട പാച്ചിൽ ആണ്.

വിജ്ഞാപനം വന്നാൽ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ തന്നെ ആദ്യവട്ട ഭവന സന്ദർശനം തുടങ്ങും. അനുകൂലമായി പോൾ  ചെയ്യപ്പെടാൻ സാധ്യത ഉള്ള വോട്ടുകൾ എല്ലാം  സ്ഥലത്ത് ഉണ്ട് എന്നുറപ്പിക്കൽ ആണ് പ്രധാനം. ഒപ്പം പാർട്ടി ബന്ധുക്കളിൽ നിന്നും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉള്ള സംഭാവന പിരിക്കലും അപ്പോൾ ആണ് നടക്കുക. ബൂത്ത് തലത്തിൽ ഉള്ള ചില്ലറ ചിലവുകൾക്കുള്ള പണം അതാത് വാർഡിൽ നിന്നും തന്നെ കണ്ടെത്തേണ്ടത് ഉണ്ടായിരുന്നു. കഴിയുന്നിടത്തോളം പാർട്ടീ ബന്ധു ഭവനങ്ങളിൽ നിന്നും ആണ് സംഭാവന പിരിക്കാൻ ശ്രമിക്കുക. മിക്കപ്പോഴും 5 രൂപ 10 രൂപ പിരിവ് വീടുകളിൽ നിന്നും ലഭിക്കും. കടകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കുറച്ചും കൂടി വല്യ തുക ലഭിക്കുമായിരുന്നു. ചുവരെഴുത്തിനും ചുവരെഴുതാൻ പോകുമ്പോൾ ഉള്ള വട്ട ചിലവിനും തോരണം കെട്ടാനും  ഒക്കെ ഈ പൈസയാണ് ഉപയോഗിക്കാറ്.

രാത്രികൾ ആണ് ചുവരെഴുത്ത്. പാർട്ടീ ബന്ധു വീടുകളിൽ നിന്നും കഞ്ഞിയും പയറും പിന്നെ കപ്പക്കാലമാണ് എങ്കിൽ പുഴുങ്ങിയ കപ്പയും ചക്കക്കാലമാണ് എങ്കിൽ ചക്ക പുഴുക്കും ഒക്കെ കിട്ടും. ചിലപ്പോഴെങ്കിലും ചേമ്പും  കപ്പയും ചേനയും കാച്ചിലും ഒക്കെ കൂടിയ കൂട്ടപ്പുഴുക്കും ഉടച്ച മുളകും ഒക്കെ കിട്ടും. പിന്നെ കട്ടൻ കാപ്പിയും.

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞാൽ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അഭ്യർത്ഥനയുമായി ഭവന സന്ദർശനം തുടങ്ങും. എല്ലാ വീടും കവർ ചെയ്യും. ഇപ്പോഴും ഉറപ്പുള്ള വോട്ടുകൾ സ്ഥലത്ത് തന്നെ ഉണ്ട് എന്നുറപ്പിക്കും. അടച്ചിട്ട വീടുകളും അവിടുത്തെ വോട്ടർന്മാരെയും പ്രത്യേകം ശ്രദ്ധിക്കും. അനുകൂലമായി വീഴാവുന്ന വോട്ടുള്ള വീടുകൾ അടഞ്ഞു കിടന്നാൽ അതിന്റെ കാരണം അന്വഷിക്കും. അങ്ങിനെ രണ്ടാം ഘട്ട ഭവന സന്ദർശനം കഴിയും.

അപ്പോഴേക്കും സ്ലിപ്പ് കിട്ടിയിട്ടുണ്ടാകും. ബാലറ്റിൽ സ്ഥാനാർത്ഥിയുടെ സ്ഥാനം അടക്കം വോട്ടർന്മാരെ ബോധ്യപ്പെടുത്തും. ഓരോ വീട്ടിലെയും ഓരോ വോട്ടർക്കും ചിഹ്നം അടക്കം ഉള്ള സ്ലിപ്പ് പേരെഴുതി നൽകും. വോട്ടറുടെ പേര്,  ക്രമ നമ്പർ, വീട്ടു പേര്, വീട്ടു നമ്പർ, ബൂത്ത് നമ്പർ ഒക്കെയും സ്ലിപ്പിൽ ഉണ്ടാകും. എല്ലാ വീടുകളിലും പൂർണ്ണമായും സ്ലിപ്പ് എത്തിക്കും. 

ഇതിനിടയ്ക്ക് തന്നെ പ്രാദേശിക നേതാക്കൾ പങ്കെടുക്കുന്ന കുടുംബ യോഗങ്ങളും കവല പ്രസംഗങ്ങളും സ്ഥാനാർത്ഥിക്കുള്ള സ്വീകരണവും ഒക്കെ നടക്കും. പാർട്ടിയുടെ സംസ്ഥാന തലത്തിൽ ഉള്ള നേതാക്കൾ പങ്കെടുക്കുന്ന  കൺവെൻഷനുകളും വാഹന പ്രചാരണവും ഒക്കെയായി ഒരാഘോഷം ആണ്.

അങ്ങിനെ നിശബ്ദ പ്രചാരണത്തിലേക്ക് തിരഞ്ഞെടുപ്പ് മഹോത്സവം എത്തും. അവസാന വട്ട ഭവന സന്ദർശനത്തിന് ഉള്ളതാണ് ഈ ദിവസം. ആകെയുള്ള പ്രവർത്തകരെ അഞ്ചോ ആറോ വിഭാഗമായി തിരിച്ച് ഓരോ വിഭാഗവും ഒരു നിശ്ചിത പ്രദേശത്തെ വീടുകൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കും. ഒറ്റ ദിവസം കൊണ്ട് മുഴുവൻ വീടും കവർ ചെയ്യും.

അന്ന് രാത്രി പിന്നെ പിടിപ്പത് പണിയാണ്. പോളിംഗ് സ്റ്റേഷന് അടുത്തതായി പോളിംഗ് ഓഫീസ് ഉണ്ടാക്കും. ഓലയും ടാര്പോളിനും മുളയും ഒക്കെ വെച്ച് ഷെഡ് ഉണ്ടാക്കി  പോസ്റ്ററുകൾ വാരി  വിതറി കെട്ടിയാണ് താൽക്കാലിക ബൂത്ത് ഓഫീസ് ഉണ്ടാക്കുക.   സ്ലിപ്പും വോട്ടർ പട്ടികയും ഒക്കെയായി നാലഞ്ച് പേർ  പുലർച്ചെ മുതൽ അവിടെ ഉണ്ടാകും. നാരങ്ങയും  പഞ്ചസാരയും മൺകലത്തിൽ വെള്ളവും ഉണ്ടാകും. ചിലപ്പോൾ മോരും വെള്ളവും.

വോട്ടറന്മാർ വരുമ്പോൾ ദൂരെ നിന്നെ വോട്ടഭ്യർത്ഥിക്കാൻ ഒരു ഗ്രൂപ്പ് നിയോഗിക്കപ്പെടും. അവരെ പോളിങ്ങ് ബൂത്തിലേക്ക് കയറ്റി വിട്ടാൽ അപ്പോൾ തന്നെ വോട്ടേഴ്‌സ് ലിസ്റ്റ് നോക്കി ആ വോട്ട് എങ്ങോട്ടു പോകും എന്ന് രേഖപ്പെടുത്തും. വോട്ടർ ബൂത്തിലെത്തി കഴിയുമ്പോൾ ബൂത്തിൽ ഉള്ള ഏജന്റും വോട്ടർ പട്ടിക നോക്കി വോട്ടറെ ഐഡന്റിഫൈ ചെയ്യും. എതിർ പക്ഷത്തേക്ക് പോകും എന്ന് ഉറപ്പുള്ള വോട്ടുകൾ നേരിയ കാരണങ്ങൾ പറഞ്ഞു പോളിങ്ങ് ഏജന്റ് ചലഞ്ച് ചെയ്യും. എതിർ പക്ഷത്തുള്ളവരും അത് തന്നെ ചെയ്യും. പാവം റിട്ടേണിങ്ങ് ഓഫീസർ.... ഇതിനിടയിൽ അവരുടെ കാര്യമാണ് മഹാ  കഷ്ടം. 

പോളിങ്ങ് ഏജന്റ് അവിടെയും പോൾ ചെയ്യപ്പെട്ട വോട്ടു എങ്ങോട്ടു പോയിട്ടുണ്ടാകും എന്ന് വോട്ടേഴ്സ് ലിസ്റ്റിൽ രേഖപ്പെടുത്തും.  എല്ലാ വോട്ടറന്മാരെയും മിക്കവാറും വ്യക്തിപരമായി അറിയാം എന്നത് ആണ് അന്നത്തെ രാഷ്ട്രീയ പ്രവർത്തനം. അത് കൊണ്ടാണ് വോട്ടുകൾ എങ്ങോട്ടു തിരിയും എന്ന് ഒരു ധാരണ ഉണ്ടാകുന്നത്.

വോട്ടെടുപ്പ് കഴിയുന്ന മുറക്ക് എല്ലാവരും ഒത്തു ചേരും. പുറത്തെ ലിസ്റ്റും പോളിംഗ് ഏജന്റിന്റെ ലിസ്റ്റും ഒത്തു നോക്കും. അതിൽ നിന്നും നമുക്ക് അനുകൂലമായ വോട്ടുകൾ ക്രോഡീകരിക്കും. കമ്പ്യൂട്ടറും എക്സലും ഒന്നും ഇല്ല. ബുക്കിൽ ടാലി മാർക്ക് ഇട്ടാണ്  കണക്കാക്കുന്നത്. വോട്ടിങ് പാറ്റേൺ ഉപരി കമ്മറ്റിയിലേക്ക് എത്തിക്കും. റിസൾട്ട് വരുമ്പോൾ നമ്മൾ കണക്കാക്കിയ വോട്ടും നമുക്ക് ലഭിച്ച വോട്ടും ഏറക്കുറെ  ഒന്ന് തന്നെയായിരിക്കും. അത്രമേൽ സൂഷ്‌മം ആകും ലിസ്റ്റ്. 

എല്ലാ വോട്ടറേയും അറിയാം. അപരിചിതൻ ആയ ഒരാൾക്കും പോളിങ്ങ് ബൂത്തിലേക്ക് കടക്കാൻ ആകില്ല. കള്ളവോട്ട് ചെയ്യാനും ചെയ്യാതിരിക്കാനും ശ്രമിക്കും. പരസ്പരം അറിയാവുന്ന കൊണ്ട് അതൊക്കെ വല്യ റിസ്ക്ക് ആയിരുന്നു. എതിർപക്ഷത്തിന്റെ കണ്ണ് വെട്ടിക്കണം എങ്കിൽ എതിർ ഏജന്റ് ബൂത്തിൽ ഇല്ലാതിരിക്കണം. അതിനുള്ള സാഹചര്യം തീരെ കുറവും.

അന്ന്...

ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ ഇല്ല, കമ്പ്യൂട്ടർ ഇല്ല, മൊബൈൽ ഇല്ല, വാട്സാപ്പ് ഇല്ല. മനുഷ്യനും മനുഷ്യനെ അറിയാവുന്ന കാലം. 

ഇന്ന്...

ഇലക്ഷൻ വന്നാൽ ഇടക്കും മറ്റും വാഹന പ്രചാരണം കേൾക്കാം. സ്ലിപ്പുമായി ആരും വരാറില്ല. പ്രാദേശിക പ്രവർത്തകർക്ക് വോട്ടർന്മാരുമായി യാതൊരു ബന്ധവും ഇല്ല. വോട്ടെടുപ്പ് കഴിഞ്ഞാൽ ഒരു ലിസ്റ്റ് ഉപരികമ്മറ്റിക്ക് അയക്കും. റിസൾട്ട് വരുന്നതിന്റെ അന്ന് ആ ലിസ്റ്റ് പൊട്ടും. കിട്ടിയ വോട്ടും കണക്കാക്കിയ വോട്ടും തമ്മിൽ പുല  ബന്ധം പോലും ഉണ്ടാകില്ല. 

അടച്ചിട്ട വീട്ടിൽ അമ്പത് വോട്ടർന്മാർ ഉണ്ടായിരുന്നു  എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവും സ്ഥാനാർത്ഥിയുടെ കുതന്ത്രവും സംഘികളുടെ കാപട്യവും  ആണ് എന്നതിനപ്പുറം സമൂഹവുമായി ബന്ധമില്ലാത്ത വോട്ടറെ അറിയാത്ത നാടിന്റെ നാഡീസ്പന്ദനം അറിയാത്ത നാമ്മുടെ പുത്തൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പിടിപ്പ് കേട് കൂടിയാണ്. 

ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട പോലെ ചെയ്യാതെ ഇപ്പോൾ കിടന്നു ചന്ദ്രഹാസമിളക്കിയിട്ട് എന്ത്?

No comments: