Thursday, July 03, 2008

ഇരട്ടകളുടെ അപൂര്‍വ്വ സംഗമം.

ദുബായിലെ കരാമക്കടുത്ത് ഇരട്ട തെങ്ങുകളുടെ അപൂര്‍വ്വ സംഗമം കാണാം. ഒരു നിരയില്‍ അഞ്ച് തെങ്ങുകളാണ് ഇരട്ടകളായി കൌതുകം ഉണര്‍ത്തുന്നത്. കുറച്ച് നാള്‍ മുമ്പ് വരെ ആറ് തെങ്ങുകള്‍ ഇരട്ടകളായിരുന്നു. ഇപ്പോള്‍ ഒന്നിന്റെ ഒരു ശിഖരം കാണുന്നില്ല. മുറിഞ്ഞ് വീണതോ അതോ മുറിച്ച് മാറ്റിയതോ എന്നറിയില്ല.











കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പ് ഇവന് തന്നെ. ഷിന്‍ഡാഗ ടണല്‍ കേറി ഇടത്തേക്ക് തിരിഞ്ഞ് കരാമയിലേക്ക് പോകുമ്പോള്‍ ഏവരേയും ഇവനാണ് സ്വാഗതമോതുന്നത്.

ഇവന്‍ രണ്ടാമന്‍. അതേ റോഡില്‍ മുന്നോട്ട് പോകവേ‍ ഈദ്ഗാഹിനു മുന്നില്‍ നിറഞ്ഞ് നില്‍ക്കുന്നു. “ഞാനാരാ മോന്‍” എന്ന് മറ്റൊറ്റ തെങ്ങുകളെ നോക്കി കൊഞ്ഞനം കാട്ടുന്ന പോലെ തോന്നും ഇവന്റെ നില്പ് കണ്ടാല്‍.


ഗ്രൂപ്പ് ഫോട്ടൊ. അതേ വഴിക്ക് ഇത്തിരിക്കൂടെ മുന്നോട്ട് പോയാല്‍ ഇവന്മാര് മൂന്ന് പേരെ ഒന്നുച്ച് കാണാം. ഇടക്ക് ഒരു ഒറ്റയാനുണ്ട്. ആദ്യത്തവനും മൂന്നാമത്തവനും നാലാമത്തവനും ഇരട്ടകളാണ്. കുട്ടത്തില്‍ ഏറ്റവും കുഞ്ഞന്‍ ഇതില്‍ രണ്ടാമത്തവനാണ്.


ഇവന്‍ മൂന്നാമന്‍. (ഗ്രൂപ്പില്‍ കണ്ട ആദ്യത്തവന്‍.)


ഗ്രൂപ്പില്‍ രണ്ടാമന്‍. കൂട്ടത്തില്‍ ഏറ്റവും ചിന്നന്‍. ആരോഗ്യം തീരെ പോര. അടുത്തകാറ്റിന് യമപുരി പൂകുന്ന ലക്ഷണമാണ്.


ഗ്രൂപ്പില്‍ മൂന്നാമന്‍ വെള്ളക്കായും കൊതുമ്പും ഇവനിലേ പേരിനെങ്കിലും കാണാനാകുള്ളൂ. നിരയില്‍ ഏറ്റവും അവസാനത്തവനാണിവന്‍. കരാമയോട് ചേര്‍ന്നാണ് നില്പ്.


ഏറ്റവും ഒടുവിലത്തവന്റെ വെള്ളക്കായില്‍ മാത്രം ഫോക്കസ് ചെയ്തെടുത്തതാണ്. പൊട്ടോ പിടുത്തക്കാരന്റെ പരിചയ സമ്പന്നതകാരണം വെള്ളക്ക മാത്രം കിട്ടിയില്ല.

ഒരു നിരയയില്‍ അഞ്ച് തെങ്ങുകള്‍ ഇരട്ടകളായി കണ്ടപ്പോള്‍ തോന്നിയ കൌതുകം. അതും മരുഭൂമിയില്‍ വളര്‍ത്തി നിര്‍ത്തിയിരിക്കുന്ന തെങ്ങുകള്‍. ഒരിക്കലും കായിക്കാത്ത തെങ്ങുകള്‍. ഈതെങ്ങുകളെ ഇരട്ടകളായി കൃതൃമമായി ഉല്പാദിപ്പിക്കുന്നതാണോ? അല്ലാതെ ഇതെങ്ങിനാ ഏകദേശം ഒരേ പ്രായത്തിലുള്ള ഒന്നിലധികം തെങ്ങുകള്‍ ഇരട്ടകളായി പിറക്കുന്നത്?

Sunday, June 29, 2008

അവിടേയും ഇവിടേയും

“കൊച്ചിയില്‍ മെട്രോ റെയില്‍ ഗതാഗതം വരുന്നൂ....”
നാലു വര്‍ഷം മുമ്പ് കേട്ടൊരു വാര്‍ത്ത.
കൊച്ചീടെ മുഖഛായ മാറ്റാന്‍ പോകുന്നൊരു പദ്ധതി.

പദ്ധതി അടങ്കല്‍ പ്രഖ്യാപിച്ചു. സര്‍വ്വേ തുടങ്ങി. സ്ഥലമെടുപ്പാരംഭിച്ചു.
ഒപ്പം സമരവും തുടങ്ങി ജാഥ ജാഥയായി കോടതി സ്റ്റേകളും വന്നു.

മെട്രോ റെയില്‍ നഗരത്തിന്റെ ഭംഗി നശിപ്പിക്കുമെന്ന് ഒരു വിഭാഗം. കൊച്ചീ നഗരത്തിലെ എം.ജീ.റോഡിനങ്ങിനെയൊരു മഹത്തായ നഗര ഭംഗിയുണ്ടെന്ന് നാം മനസ്സിലാക്കാന്‍ മെട്രോ പദ്ധതി പ്രഖ്യാപിയ്ക്കേണ്ടി വന്നു. എം.ജി.റോഡിന്റെ ഒരു സൌന്ദര്യമേ. സൌരഭ്യത്താല്‍ മൂക്കില്‍ നിന്നും കൈയ്യെടുക്കാന്‍ കഴിയില്ലാ എന്ന് മാത്രം.

സര്‍വ്വേ,സെമിനാറുകള്‍,പഞ്ചനക്ഷത്ര മീറ്റിങ്ങുകള്‍, ബിരിയാണി വിഴുങ്ങല്‍, സുലൈമാനി കുടി, അടിച്ച് പിരിയല്‍, ദില്ലീ യാത്ര, തിരോന്തരം യാത്ര, ദില്ലി തിരോന്തരം യാത്ര, മെട്രോകാണാന്‍ മന്ത്രിമാരുടെ ഉഗാണ്ടന്‍ യാത്ര, ഭൂമി,പൊന്നുംവില,ഏറ്റെടുക്കല്‍,സമരം,സ്റ്റേ....

അങ്ങിനെയങ്ങിനെയങ്ങിനെ ഒടുവില്‍ വര്‍ഷം നാലിനിപ്പുറം മെട്രോ ഇപ്പോഴും തിരുനക്കര തന്നെ. വേണോ വേണ്ടയോ എന്ന് അടുത്ത് തന്നെ തീരുമാനിക്കും എന്ന്.

ദുബായില്‍ മൂന്ന് വര്‍ഷം മുമ്പ് മെട്രോ പദ്ധതി വരുന്നു എന്ന് ആദ്യം കേട്ടു. വര്‍ഷം മൂന്നിനിപ്പുറം പണികള്‍ നല്ലൊരു പങ്കും കഴിഞ്ഞു. ആദ്യത്തെ ട്രയല്‍ റണ്‍ കഴിഞ്ഞ മാസം നടന്നു. അടുത്ത വര്‍ഷം അവസാനത്തോടെ ട്രെയിന്‍ ഓടിതുടങ്ങും.

പണമാണോ ദുബായിലെ മെട്രോ പണികള്‍ ത്വരിത ഗതിയിലാക്കിയത്? കൊച്ചിയിലെ മെട്രോ ഇപ്പോഴും തിരുനക്കര തന്നെയാകാന്‍ സാമ്പത്തിക പ്രതിസന്ധി കാ‍രണമാകുന്നുണ്ടോ?

സാമ്പത്തികമല്ല ഇവിടെ മാനദണ്ഡം. അവനവന്‍ ചേരികളാണ് നമ്മുടെ നാട്ടിന്റെ വികസനത്തെ പിന്നോട്ട് വലിയ്ക്കുന്നത്. ഒരുവന് വേണ്ടി,ഒരു സമൂഹത്തിന് വേണ്ടി,നളേയ്ക്ക് വേണ്ടി ഒന്നും നഷ്ടപ്പെടുത്താന്‍ നാം ഇന്ന് തയ്യാറല്ല.

ഒരു സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാ‍ക്കുന്ന പദ്ധതിയ്ക്കു വേണ്ടി സ്ഥലം വിട്ടുകൊടുക്കാന്‍ മടിക്കുന്ന ഒരു സമൂഹം ഒരു രാജ്യത്തിന്റെ വികസനത്തെ തന്നെയാണ് തുരങ്കം വെയ്ക്കുന്നത്. തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്നിടത്ത് ഒരു സമൂഹത്തിന് ലഭിയ്ക്കാവുന്ന നന്മകളെ തള്ളിപറയുന്നത് ഒരു സമൂഹത്തെയാകെ വില്പന ചരക്കാക്കുന്നതിന് തുല്യമാണ്. അവനവന്‍ ചേരികള്‍ പടുത്തുയര്‍ത്തി പൊതു നന്മയ്ക്കെതിര്‍ നില്‍ക്കുന്നവരുടെ സംഘാടക ശക്തിയാണ് നമ്മുടെ നാട് ഇന്ന് അനുഭവിയ്ക്കുന്ന എല്ലാ ശാപങ്ങള്‍ക്കും കാരണം.

അപ്പോള്‍ പിന്നെ അവനവന്‍ചേരികളുടെ അവകാശ സംരക്ഷണാര്‍ത്ഥം അനായാസം ചെയ്യാന്‍ കഴിയുന്ന തൊഴില്‍ നമ്മുക്ക് ഒരുമിച്ചങ്ങ് ചെയ്ത് കൊണ്ടേയിരിക്കാം. ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിനും ഭരിക്കപ്പെടുന്നവര്‍ക്കും എല്ലാം ഒരേ പോലെ ചെയ്യാന്‍ കഴിയുന്ന നമ്മുടെ ദേശീയ തൊഴില്‍...

“ഇങ്ക്വിലാബ് സിന്ദാബാദ്...."
“ലക്ഷം ലക്ഷം പിന്നാലേ...”
“എണ്ണാമെങ്കില്‍ എണ്ണിക്കോ...”
“നാളെ കള്ളം പറയരുതേ....”

Friday, June 27, 2008

ഞാന്‍ അസീദ - കൊല ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നവള്‍.

(പുനര്‍ പോസ്റ്റിങ്ങാണ്. കുഞ്ഞുങ്ങളുടെ ദൈന്യത കണ്മുന്നില്‍ നിന്നും മായുന്നില്ല. കഴിഞ്ഞ ജൂണില്‍ പ്രസിദ്ധീകരിച്ചത് ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ വീണ്ടും പ്രസിദ്ധീകരിക്കുന്നു. നേരത്തേ വായിച്ചിട്ടുള്ളവരോട് ക്ഷമാപണം.)
************************************************
ഞാന്‍ അസീദ.
നിങ്ങള്‍ക്ക് ഞാന്‍ അപരിചിതയായിരുന്നില്ലല്ലോ-ഒരിക്കലും!
കുഞ്ഞായിരുന്ന കാലം മുതല്‍ ഞാന്‍ നിങ്ങള്‍ക്ക് വാര്‍ത്തയായിരുന്നു...
കലാപത്തില്‍ ഉമ്മയും ഉപ്പയും ഒപ്പം ഒരു കാലും നഷ്ടപെട്ട് കത്തിയെരിയുന്ന കൂരക്ക് മുന്നില്‍ നിലവിളിച്ചു കിടന്ന എന്റെ ദൈന്യത ഏറ്റവും നല്ല ഫോട്ടോക്കുള്ള പുരസ്കാരം നേടിയ വാര്‍ത്ത എന്റെ ഫോട്ടോ അടക്കം നിങ്ങള്‍ കണ്ടതല്ലേ? അന്നാണ് ഞാന്‍ ആദ്യമായി വാര്‍ത്തയായത്. ആ പത്രക്കാരന്‍ അന്നെന്റെ അനാഥത്വം വാര്‍ത്തയാക്കില്ലായിരുന്നെങ്കില്‍ സര്‍ക്കാരെന്നെ ദത്തെടുക്കുമായിരുന്നില്ല.

അതുകൊണ്ട് തന്നെ അനാഥാലയത്തിലേക്കുള്ള എന്റെ പ്രവേശനവും വാര്‍ത്തയായിരുന്നല്ലോ. സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രിയും ജില്ലാ കളക്ടറും നേരിട്ടെത്തി എനിക്ക് അനാഥാലായത്തില്‍ പ്രവേശനം തന്നതും മുഖ്യമന്ത്രിക്ക് വരാന്‍ കഴിയാത്തതുകൊണ്ട് അദ്ദേഹത്തിന്റെ സന്ദേശം കളക്ടര്‍ വായിച്ചതുമൊക്കെ ഇമ്മിണി വല്യ വാര്‍ത്തകളായി നിങ്ങള്‍ കണ്ടിട്ടുണ്ട്. “ഉമ്മയും ഉപ്പയും ഇല്ലാത്ത ദുഃഖം അറിയിക്കാതെ, അല്ലലില്ലാതെ ഈ കുട്ടിയെ നാം വളര്‍ത്തും” അന്ന് മന്ത്രി പറഞ്ഞതും നിങ്ങളോര്‍ക്കുന്നില്ലേ...

അന്ന് എനിക്ക് അഞ്ച് വയസ്സാ. രാത്രി ഞെട്ടിയുണര്‍ന്നപ്പോള്‍ ഉപ്പാനെ നീണ്ട വാളു കൊണ്ട് വെട്ടുന്ന തെക്കേ വീട്ടിലെ ചേട്ടനെ തടയാന്‍ ഓടിയെത്തിയ ഉമ്മയാണ് ആദ്യം വെട്ടേറ്റ് വീണത്. പിറകേ ഉപ്പയും. എന്റെ കുഞ്ഞു വാവാച്ചിയും ഉമ്മിച്ചിയോടൊപ്പം പോയി. വാവാച്ചി ഉമ്മിച്ചിയുടെ വയറ്റിലായിരുന്നല്ലോ? വാവാച്ചിക്കും ഉമ്മിച്ചിക്കും ഉപ്പിച്ചിക്കും ഒപ്പം എനിക്കും മരിച്ചാല്‍ മതിയായിരുന്നു. പക്ഷേ വാവാച്ചിക്ക് കിട്ടിയ ഭാഗ്യം എനിക്ക് കിട്ടിയില്ല. ഉമ്മിച്ചിയേം ഉപ്പിച്ചിയേം ആ ചേട്ടന്‍ തീയിട്ടിട്ടാ പോയേ. തീപിടിക്കുമ്പോള്‍ ഉപ്പിച്ചീം ഉമ്മിച്ചീം അനങ്ങിയതേയില്ല. അവര് മരിച്ചിരുന്നല്ലോ. ഇവിടെ എത്ര തവണ എന്നെ തീ പൊള്ളിച്ചിരിക്കുന്നു. തെറ്റുകള്‍ ചെയ്തിട്ടാണ് അങ്ങിനെ ചെയ്യുന്നതെന്നാണ് ഗീതു പറയുന്നത്. ഗീതൂനെ അറിയൂലെ. ഓളും എന്റെ വീട്ടിനടുത്തായിരുന്നു. ഓളുടെ അഛനേം അമ്മേനേം വല്യമ്മച്ചിയേയും അവളുടെ ഗോപിയേട്ടനേം അന്നു രാത്രിയാ ചുട്ടുകൊന്നത്. ഓളുടെ അമ്മ പുറമാകെ തീപിടിച്ച് അലറി വിളിക്കുന്നത് അവള്‍ക്ക് ഇപ്പോഴും കേള്‍ക്കാമത്രേ. എന്റെ വല്യുപ്പാന്റെ മോനാ അവരെ തീവെച്ചതെന്നാ ഗീതു പറേന്നേ.

“എന്തിനാ അസീദേ ഓന്‍ എന്റെ അമ്മേനേം അഛനേം ഗോപിയേട്ടനേം വല്യമ്മച്ചിയേം ചുട്ടു കൊന്നത്?” ഓള് ഇപ്പോഴും ഇടക്കിടെ ചോദിക്കും.

എന്റെ ഉമ്മാനേം ഉപ്പാനേം വാവാച്ചിയേം വെട്ടി മുറിച്ചതെന്തിനാണെന്ന് എനിക്കും അറിയില്ലാല്ലോ?

ഒരു കാലില്ലാത്ത കുറവ് ഞാനറിയാത്തത് ഗീതു കൂടെയുള്ളത് കൊണ്ടാണ്. ഗീതുവിന് വിശപ്പാണ് - എപ്പോഴും. എനിക്ക് കിട്ടുന്നതില്‍ പകുതി ഞാനവള്‍ക്ക് കൊടുക്കും. ഇവിടുത്തെ ആന്റി കണ്ടാല്‍ രണ്ടു പേരുടേം തുടയില്‍ നിന്നും പൊള്ളിച്ച ചട്ടുകം “ശ്ശീയ്..” ശബ്ദത്തോടെ തൊലി പറിച്ചെടുക്കുമെന്ന്‍ ഉറപ്പാണ്. എന്റെ ഭക്ഷണം ഞാന്‍ ഗീതുവിന് കൊടുക്കുന്നത് തെറ്റാണോ? ആണെന്നാണ് ഇവിടുത്തെ ചട്ടം. അവരവര്‍ക്ക് ഉള്ളത് അവരവര്‍ക്ക്. പക്ഷേ ഞങ്ങള്‍ക്കുള്ളത് എന്തിനാ തട്ടിതെറിപ്പിച്ചിട്ട് ഞങ്ങളെ അനാഥരാക്കിയത്. ഓ..ചോദിക്കാനും ഞങ്ങള്‍ക്ക് അവകാശമില്ലല്ലോ.

അനാഥ കുട്ടികള്‍ക്ക് വേണ്ടിയുള്ള സമൂഹ വിവാഹത്തില്‍ ഒരു കാലില്ലാത്ത എന്നെ ആര്‍ക്കും വേണ്ടാതായപ്പോള്‍ ഗീതു ഒരു പാട് കരഞ്ഞു. ഗീതുവിനെ ഒരാള്‍ക്ക് ഇഷ്ടപെട്ടിരിന്നു. പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞിട്ട് ഗീതൂനെ ഇഷ്ടമാണെന്ന് അയാള്‍ പറഞ്ഞപ്പോഴും ഗീതൂന് ചിരിക്കാനോ സന്തോഷിക്കാനോ കഴിഞ്ഞില്ല. അവള്‍ക്ക് എന്നെ ഓര്‍ത്തുള്ള വേവലാതിയായിരുന്നു. സമൂഹവിവാഹത്തിന്റെ തീയതി അടുത്തെത്തുന്തോറും ഗീതൂന് സങ്കടമേറി കൊണ്ടേയിരുന്നു. പത്രങ്ങളായ പത്രങ്ങളെല്ലാം ഗീതു അരിച്ചു പെറുക്കി. “വധുവിനെ ആവശ്യമുണ്ട്” പരസ്യങ്ങള്‍ ഗീതുവിന് മനപാഠമായി. അനാഥയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള രണ്ടാം കെട്ടായ ആളെയെങ്കിലും പരസ്യങ്ങളില്‍ നിന്നും കിട്ടുമെന്നും സമൂഹ വിവാഹത്തിന് മുന്നേ അങ്ങിനെയൊരാളെ എനിക്ക് വേണ്ടി കണ്ടെത്താന്‍ കഴിയുമെന്നും ഗീതു ഉറച്ചു വിശ്വാസിച്ചു.

അവളുടെ വിശ്വാസത്തെ ശരിവെച്ചുകൊണ്ടാണ് റഹീം ഇക്ക എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ഗള്‍ഫില്‍ കച്ചവടം നടത്തുന്ന ചെറുപ്പകാരന് വധുവിനെ ആവശ്യമുണ്ട്. സാമ്പത്തികം പ്രശ്നമല്ല. ആ പരസ്യം എനിക്ക് വെളിച്ചമാവുകയായിരുന്നല്ലോ. ആ വാര്‍ത്തയും നിങ്ങളറിഞ്ഞു.
“ദുരന്തങ്ങളുടെ കൂട്ടുകാരിക്ക് കടലിനക്കരെ നിന്നൊരു മാരന്‍”
പത്രങ്ങളൊക്കെ വേണ്ടും വിധം അത് ആഘോഷിച്ചതും നിങ്ങളെല്ലാരും ഗീതുവിനോടൊപ്പം എന്റെ സൌഭാഗ്യത്തില്‍ പങ്കുചേര്‍ന്നതും എനിക്കറിയാം.

റഹീമിക്കായും അനാഥനായിരുന്നു. അതുകൊണ്ട് കൂടുതല്‍ ദിവസം നാട്ടില്‍ നില്‍ക്കണ്ടായെന്നും പോയിട്ട് വേഗം വിസ അയച്ചു തരാമെന്നും പറഞ്ഞ് റഹീമിക്ക വിവാഹത്തിന്റെ പന്ത്രണ്ടാം നാള്‍ ഗള്‍ഫിലേക്ക് പറന്നു. പാസ്പോര്‍ട്ടെടുക്കാനും വിസക്കും വേണ്ടി വന്ന അമ്പത്തി മൂന്ന് ദിവസങ്ങള്‍ എനിക്ക് അമ്പത്തി മൂന്ന് വര്‍ഷങ്ങളായിരുന്നു. യാത്ര അയക്കാന്‍ ഗീതുവും വന്നിരുന്നു. എനിക്ക് ലഭിച്ച സൌഭാഗ്യത്തില്‍ എന്നെക്കാള്‍ സന്തോഷിച്ചത് അവളായിരുന്നല്ലോ.

ഉപ്പയുടേയും ഉമ്മയുടേയും വേര്‍പാടിന് ശേഷം എനിക്ക് ജീവിതം തിരിച്ചു കിട്ടിയ ദിനങ്ങളായിരുന്നു പിന്നീട്. എന്നെ എന്റെ ഇക്ക ജീവന് തുല്യം സ്നേഹിച്ചു. കച്ചവടം ഇത്തിരി മോശമാണെന്നും കുറച്ചു ബുദ്ധിമുട്ടുണ്ട് എന്നും എനിക്ക് അറിയാമായിരുന്നു. പല ദിവസങ്ങളിലും ഇക്ക കടയില്‍ പോകാറില്ലായിരുന്നു. ഏറെ നേരം മൊബൈലില്‍ സംസാരിക്കുന്നതും കാണാമയിരുന്നു. എങ്കിലും എന്നോട് വല്യ സ്നേഹമായിരുന്നു. ദുബായിലാണ് കച്ചവടമെങ്കിലും എന്നെ അങ്ങോട്ട് കൊണ്ട് പോയിട്ടില്ല. അതൊന്നും എനിക്ക് പ്രശ്നവും അല്ലായിരുന്നല്ലോ. ഒരു വര്‍ഷം എത്ര പെട്ടെന്നാ കഴിഞ്ഞു പോയത്?

എന്റെ സന്തോഷത്തില്‍ പടച്ചോന്‍ അസൂയ പൂണ്ടോ എന്തോ? അല്ലെങ്കില്‍ അതു സംഭവിക്കുമായിരുന്നോ? ആ ഇരുപത്തി രണ്ടാം നിലയില്‍ നിന്നും ഞാന്‍ താഴേക്ക് വീണത് ഇക്കായെ എന്തു മാത്രം വിഷമിപ്പിച്ചിട്ടുണ്ട്. അതും ഇക്ക ഒരു ഉപ്പയാകാന്‍ പോകുന്നു എന്ന് ഞാന്‍ ഇക്കായോട് പറഞ്ഞ നിമിഷം തന്നെ. ഇക്ക എന്നെ വാരി എടുക്കുകയായിരുന്നു. അപ്പോള്‍ ജനലിനടുത്ത് നിന്നതാണ് കുഴപ്പമായത്. നടുറോഡില്‍ ചിന്നി ചിതറി കിടന്ന ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ എന്റെ ഇക്കായെ പരതിയെങ്കിലും എനിക്ക് ഇക്കായെ മാത്രം കാണാന്‍ കഴിഞ്ഞില്ല.

നാളെ ഇക്കാന്റെ രണ്ടാം നിക്കാഹാണ്. എന്റെ മരണത്തിന് ശേഷം ഇക്കാടെ എല്ലാ വിഷമങ്ങളും മാറി. എന്നെ കൊണ്ട് വന്നതിന് ഒരാഴ്ചക്ക് ശേഷം എന്റെ പേരിലെടുത്ത ഇന്‍ഷ്വറന്‍സ് ഇക്കാടെ കടമെല്ലാം തീര്‍ത്തു. കച്ചവടം നല്ല നിലക്കായി. ഇക്ക ഇമ്മിണി വല്യ ഒരു മുതലാളി ആയിരിക്കുന്നു.പണവും പത്രാസും ഒക്കെയുള്ള നല്ലൊരു പെങ്കുട്ടീനെ സ്ത്രീധനമൊക്കെ വാങ്ങിയാ ഇക്ക കെട്ടുന്നത്. കല്ല്യാണവീട്ടില്‍ ഞാനൊരു വിഷയമേ അല്ലാ. അതേയ്... അതാണല്ലോ അതിന്റെ ശരി. ഞാന്‍ അവിടെ ഒരു വിഷയം ആയികൂടല്ലോ. ഒരു വര്‍ഷം എനിക്ക് ഇക്ക ദാനമായി തന്ന ജീവിതത്തിന് പകരം വക്കാന്‍ മറ്റൊന്നുമില്ലല്ലോ. ഇക്ക പുതിയ കുട്ടീനെ നിക്കാഹ് കഴിച്ച് സുഖമായി ജീവിക്കട്ടെ.

പക്ഷേ അവര്‍ വീണ്ടും ആ ഇരുപത്തി രണ്ടാമത്തെ നിലയില്‍ ഫ്ലാറ്റെടുക്കാതിരുന്നാല്‍ മതിയായിരുന്നെന്റെ റബ്ബേ...

Thursday, June 26, 2008

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവന് വധശിക്ഷ വേണ്ട-അമേരിക്കന്‍ സുപ്രീം കോടതി.

കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ലൂസിയാന സ്റ്റേറ്റിന്റെ നിയമത്തെ റദ്ദാക്കികൊണ്ട് അമേരിക്കന്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച വാര്‍ത്ത വന്നത്, നാല്പത്തിമൂന്ന് കാരന്റെ ലൈംഗിക വൈകൃതത്തിന് വിധേയയായി ജീവന്‍ വെടിയേണ്ടി വന്ന ഷാഹിനയെന്ന കുരുന്നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ മരവിപ്പിക്കുന്ന ദിവസങ്ങളില്‍ ഒന്നായത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. ലോകത്തിലെ ഏറ്റവും പരിഷ്കൃതമായി ഗണിക്കപ്പെടുന്ന അമേരിക്കന്‍ ജീവിത സാഹചര്യങ്ങളില്‍ പോലും പിതാക്കന്മാരാലും വളര്‍ത്തഛന്മാരാലും അമ്മാ‍വന്മാരാലും അയല്‍വാസികളാലും ലൈംഗിക പീഡനത്തിനിരയാകുന്ന ബാല്യങ്ങളുടെ എണ്ണം നമ്മുടെ ജീര്‍ണ്ണതകളില്‍ നിന്നും തുലോം വിരളമല്ല എന്ന ഭീതിതമായ വസ്തുതയിലേക്കാണ് അമേരിക്കന്‍ സുപ്രീം കോടതി വിധിയുടെ ലിങ്കിലൂടെ പിടിച്ചു കയറുന്ന ഒരുവന്‍‍ എത്തിച്ചേരുന്നത്. അഞ്ചും എട്ടും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ലൂസിയാനക്കാരായ രണ്ട് സാമദ്രോഹികളുടെ വധശിക്ഷയാണ് അമേരിക്കന്‍ സുപ്രിം കോടതി വിധിയിലൂടെ റദ്ദാക്കപ്പെടുന്നത്.

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്ന ഒരുവന്‍ ജീവിച്ചിരിക്കാനുള്ള അവകാശം ഉള്ളവനല്ല എന്നതാണ് വസ്തുത. അവന്‍ ഒരു സാമുഹ്യ ജീവിയും അല്ല. മനുഷ്യന്‍ എന്ന പദത്തേക്കാള്‍ “ജന്തു” എന്ന പദമാണ് ഇവര്‍ക്ക് യോജിക്കുന്നതും. ഈ ജന്തുക്കളെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നത് പേയ് പിടിച്ച നായ്ക്കളെ ജനസഞ്ചയത്തിനിടയിലേക്ക് തുറന്ന് വിടുന്നതിനേക്കാള്‍ അപകടമാണ്. പേപ്പട്ടി കടിച്ചാല്‍ പ്രതിരോധ കുത്തിവെയ്പിലൂടെ ജീവന്‍ രക്ഷിക്കാം. ഈ ജന്തുക്കളുടെ അക്രമണത്തിന് വിധേയമാകുന്ന കുഞ്ഞുങ്ങള്‍ക്ക് പിന്നെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയുക അപൂര്‍വ്വമാണ്. മിക്കവരും മരണത്തെ പുല്‍കുകയാണ് പതിവ്.

മനുഷ്യന് വധശിക്ഷ വിധിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. വധശിക്ഷ ഒരു ശിക്ഷാവിധിയേ അല്ല. ഒരു തരം പ്രതികാരമാണത്. നിയമവിധേയമായ പ്രതികാരം. കൊല ആരു ചെയ്താലും അത് തെറ്റ് തന്നെ. ഭരണകൂടത്തിനും നിയമത്തിന്റെ ആ‍നുകൂല്യത്തില്‍ ഒരുവനെ കൊല്ലാനുള്ള അവകാശം ഇല്ല. കൊടും ക്രൂരതയ്ക്ക് ശിക്ഷയായി കൊലപ്പെടുത്തുക എന്നാല്‍ കുറ്റവാളിയെ ഒരു നിമിഷം മുന്നേ രക്ഷപെടുത്തുക എന്നതാണര്‍ത്ഥം. മരിക്കുന്നവന്‍ ശിക്ഷിക്കപ്പെടുന്നില്ല. ജീവിച്ചിരുന്നെങ്കില്‍ മാത്രമേ അവന്‍ ശിക്ഷിക്കപ്പെടുന്നുള്ളു. മരണമെന്ന പരമമായ പ്രപഞ്ച സത്യത്തിലേക്ക് ഒരുവനെ ഒരു നിമിഷം മുന്നേ തള്ളിവിടുന്നത് എങ്ങിനെ ശിക്ഷയാകും? കൊടും ക്രൂരതകള്‍ക്ക് മുതിരുന്നവന് പാഠമാണ് വധശിക്ഷയെന്ന ന്യായവും വെറും ജലരേഖയാണ്. കൊടും ക്രൂരതയ്ക് പുറപ്പെടുന്നവന്‍ ചെയ്യുന്ന തെറ്റിന്റെ ശിക്ഷയെ തൂക്കി നോക്കിയിട്ടല്ല കുറ്റം ചെയ്യുന്നത്. രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കി വെയ്ക്കുക എന്നതല്ലാതെ കിട്ടുന്ന ശിക്ഷയെ കുറിച്ച് പഠിച്ചിട്ടാണ് ഒരുവന്‍ കുറ്റം ചെയ്യാന്‍ പുറപ്പെടുന്നത് എന്ന നിഗമനം എത്രത്തോളം ബാലിശമാണ്?

വധശിക്ഷ ഒരു ശിക്ഷാവിധി അല്ല എന്നതു കൊണ്ട് തന്നെ അത് നിരോധിക്കേണ്ടതുമാണ്. കുറ്റം ചെയ്തവന്‍ ശിക്ഷയായി കൊല്ലപ്പെട്ടാല്‍ രണ്ടുനാള്‍ ദിനം കൊണ്ട് ആ വാര്‍ത്ത സമൂഹത്തില്‍ നിന്നും മറയും. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാനുള്ള സാഹചര്യമാണ് നിയമ വ്യവസ്ഥയില്‍ ഉണ്ടാകേണ്ടുന്നത്. കൊടും ക്രൂരതകള്‍ക്ക് അവസരം പാര്‍ത്തിരിക്കുന്നവര്‍ക്കും പൈശാചിക കുറ്റവാസനകള്‍ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവര്‍ക്കും കുറ്റവാളി ജീവനോടെയിരുന്ന് ശിക്ഷിക്കപ്പെടുന്നതാണ് പാഠമാകുക. സുന്ദരമായ ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കെട്ട് സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ഏകാന്ത വാസം അനുഭവിക്കുക എന്നത് വധശിക്ഷയ്ക്കും എത്രയോ ഉയര്‍ന്ന ദണ്ഡനമുറയാണ്?

ഒമ്പത് വയസ്സുകാരിയെ മാനഭംഗത്തിന്നിരയാക്കി കൊലപ്പെടുത്തിയ ഭൂമിമലയാളത്തിലെ ജന്തുവിനും ലൂസിയാനയിലെ ജന്തുക്കള്‍ക്കും ഒരേ മുഖമാണുള്ളത്. ജീര്‍ണ്ണതയുടെ പുഴുത്ത് നാറിയ മുഖം. ഈ ജീര്‍ണ്ണത ഇക്കൂട്ടരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. നാം അധിവസിക്കുന്ന സമൂഹത്തിലാകെ ഇഴകി ചേര്‍ന്നിരിക്കുന്ന മഹാ വിപത്താണ്.

ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള അശ്ലീലത കുട്ടികളുമായി ബന്ധപ്പെട്ടതാണ് എന്ന വസ്തുത ഒട്ടും രഹസ്യമല്ല. കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വൈകൃതങ്ങള്‍ ചിത്രീകരിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മാഫിയ തന്നെ ഇന്ന് ലോകത്ത് നിലവിലുണ്ട്. പണത്തിനായി കുട്ടികളെ പീഡിപ്പിച്ച് നീല ചിത്രം നിര്‍മ്മിക്കുന്ന ഒരുവന്‍ ആ ഉത്പന്നം നട്ടു നനച്ച് വളര്‍ത്തി വിളവെടുത്തല്ല പണമുണ്ടാക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തിന് വിറ്റ് പണമുണ്ടാക്കാനാണ് പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത്. അഥവാ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്, പണം കൊടുത്ത് ആ നീലചിത്രങ്ങള്‍ വാങ്ങുന്ന ഒരു സമൂഹത്തിന്റെ മാനസികോല്ലാസത്തിന് വേണ്ടിയാണ്. ഒരു ജന്തുവിന്റെ ഒരു നിമിഷത്തെ മാനസിക വൈകൃതത്തിന് വിധേയമാകുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ക്രൂരമാണ് കൃത്യമായ തിരകഥയുടെ അകമ്പടിയോടെ ക്യാമറയുടെ മുന്നില്‍ രതിവൈകൃതങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കുട്ടികളുടെ അവസ്ഥ?

പിഞ്ചുപെണ്‍കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള രതിവൈകൃതങ്ങള്‍ക്ക് വിപണിയുണ്ടാകുന്നത് സമൂഹത്തിന്റെ മുഴുവന്‍ സാംസ്കാരിക ജീര്‍ണ്ണതയ്ക്ക് മകുടോദാഹരണമാണ്. പീഡനത്തിനിരയാക്കുന്നവര്‍ ചെയ്യുന്ന ക്രൂരതയ്ക്കും മേലെയാണ് അത് വിലകൊടുത്ത് വാങ്ങി ആസ്വാദിക്കുന്നവര്‍ ചെയ്യുന്ന തെറ്റ്.

സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള ഒരവകാശവും പെണ്‍കുഞ്ഞുങ്ങളെ പച്ച ജീവനോടെ കടിച്ച് കീറുന്നവനില്ല. ഒരു നിമിഷത്തെ മാ‍നസിക വൈകല്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മേലേ കടന്ന് കയറുന്നവനെ ഭ്രാന്താശുപത്രിയിലടയ്ക്കാം. പക്ഷേ വ്യക്തമായ ലക്ഷ്യത്തോടെ കുഞ്ഞുങ്ങളെ കച്ചവടത്തിനായി പീഡിപ്പിക്കുകയും ആ പീഡനങ്ങള്‍ ആസ്വൊദിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ ആജീവനാന്തം കാരാഗൃഹത്തിലടയ്ക്കണം. വധശിക്ഷ എന്നാല്‍ ആ ജന്തുക്കളെ രക്ഷപ്പെടുത്തുക എന്നതാണ് അര്‍ത്ഥം. സാമൂഹിക ജീവിതത്തില്‍ നിന്നും ഇരുട്ടറയിലേക്ക് മാറ്റപ്പെടുന്ന ഇത്തരം കൊടും പാതകികളെ ഇടയ്ക്കിടയ്ക്ക് പുറം ലോകത്തിന് കാട്ടിയും കൊടുക്കണം-മനുഷ്യനും മൃഗത്തിനും ഇടയ്ക്കുള്ള അവസ്ഥയില്‍ കാരാഗൃഹ വാസം അനുഭവിക്കുന്നവന്റെ ജീവിതാവസ്ഥകള്‍ പുറം ലോകത്ത് ജീവിച്ചിരിക്കുന്ന പകല്‍ മാന്യന്മാരായ കുറ്റവാളികള്‍ക്ക് പാഠമാകാന്‍.


പെണ്‍കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗിക പീഡനം കൊടും പാതകങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്ന് തന്നെ. പക്ഷേ അതിന് മരണ ശിക്ഷയല്ല വേണ്ടത് എന്ന അമേരിക്കന്‍ സുപ്രീം കോടതി വിധി സാധൂകരിക്കപ്പെടുന്നത്, ജീവിച്ചിരിക്കുന്ന കുറ്റവാളിയേ ശിക്ഷിക്കപ്പെടുന്നുള്ളു എന്ന തത്വത്തിലൂടെയാണ്. തൂക്കിലേറ്റപ്പെടുന്നവന് വധശിക്ഷയൊരിയ്ക്കലും ഒരു ശിക്ഷാവിധിയാകുന്നില്ല. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാന്‍ ഈ ജന്തുക്കളെ അനുവദിയ്ക്കണം. അത് തന്നെയാണ് വധശിക്ഷയ്ക്ക് വിധേയനാകുന്ന കുറ്റവാളിയേക്കാള്‍ സമൂഹത്തിന് പാഠമാകുന്നതും.

Tuesday, June 24, 2008

ഏറ്റവും അനിവാര്യമായതെന്ത്?


ജീര്‍ണ്ണ സംസ്കാരത്തിന്റെ ചീഞ്ഞ മുഖം

ജീവവായുവാണോ ഏറ്റവും അനിവാര്യമായത്? അല്ല. ആവശ്യം പോലെയുണ്ട്. വെറുതേ മൂക്കുവിടര്‍ത്തി വലിച്ചങ്ങ് കേറ്റുക. പുറത്തേക്ക് വിടണ്ട. നിമിഷമൊന്നു കഴിയുമ്പോള്‍ നാം പോലും അറിയാതെ അതങ്ങ് പുറത്തേക്ക് പൊയ്ക്കൊള്ളും.

വെള്ളം? മലിനമാണ്. പക്ഷേ കുപ്പിയിലാക്കിയത് ആവോളം. കാശ് കൊടുക്കുക വാങ്ങി വലിച്ചു കുടിക്കുക. അപ്പോള്‍ വെള്ളവും നമ്മുക്കൊരു പ്രശ്നമല്ല.

തീറ്റ? ആന്ധ്രയില്‍ നിന്നും പഞ്ചാബില്‍ നിന്നും വരുന്നുണ്ട്. ഇപ്പോള്‍ ബംഗാളില്‍ നിന്നും എത്തിതുടങ്ങി. ചുമ്മാ ഉരുട്ടി വിഴുങ്ങിയാല്‍ മതി.

കിടപ്പാടം? സ്വന്തമായില്ലായെങ്കില്‍ വെട്ടിപ്പിടിക്കാം. ഇന്നിയും വെട്ടിപ്പിടിക്കാനെവിടെല്ലാം ബാക്കിയാണ്. സൈലന്റ് വാലിയും പൊന്മുടിയും ഒക്കെ വെറുതെ കിടക്കുകയല്ലേ? നികത്താനാണെങ്കില്‍ വേമ്പനാട്ട് കായലും ഇത്തിക്കരയാറും ശാസ്താംകോട്ട തടാകവും ആളെക്കിട്ടാതെ വിഷമത്തിലും. അപ്പോ കിടപ്പാടവും നമ്മുക്ക് പ്രശ്നമേ അല്ല.

തുണി? അനാവശ്യം. ഇടയ്ക്കിടയ്ക്ക് ഉരിഞ്ഞുടുക്കണം എന്ന അസൌകര്യാമല്ലാതെ തുണികൊണ്ട് എന്തു ഗുണം? മോന്തിയായാല്‍ ഉരിഞ്ഞ് തലയില്‍ കെട്ടാം. അങ്ങിനൊരു ഗുണമുണ്ട്. പക്ഷേ അതും ഒരു പ്രശ്നമൊന്നുമല്ലല്ലോ?

പിന്നെന്താ നമ്മുടെ പ്രശ്നം?
നമ്മുടെ പ്രശ്നം ലൈംഗികതയാണ്. സാരി തുമ്പ് കണ്ടാല്‍, പെണ്ണെന്ന് കേട്ടാല്‍ സര്‍വ്വ നിയന്ത്രണവും പൊട്ടിത്തകരുന്ന പ്രശ്നം. പുലരുവോളം നാം നീല കണ്ട് ആസ്വാദിക്കും. പുലര്‍ന്നാല്‍ സദാചാരം പ്രസംഗിക്കും. നീലയിലെ നായികയെ പകല്‍ വെട്ടത്ത് കണ്ടാല്‍ കല്ലെറിഞ്ഞ് കൊല്ലും. കല്ലെറിഞ്ഞ് കൊന്ന നായികയുടെ നീല രാത്രിയില്‍ വീണ്ടും കണ്‍കുളിര്‍ക്കേ കണ്ട് സ്വയംഭോഗം നടത്തും.

ഒന്നര മാസം (ഒന്നര വയസ്സല്ല) മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മാവന്‍ ലൈംഗികാധിക്രമത്തിന് വിധേയമാക്കിയ വാര്‍ത്തയുണ്ടാക്കിയ നടുക്കം വിട്ടുമാറുന്നില്ല.

പതിനാലു കാരിയുടെ ജീര്‍ണ്ണിച്ച ജഡം തേയില കാട്ടില്‍ നിന്നും കണ്ടെത്തുമ്പോള്‍ അവള്‍ കൊല്ലപ്പെട്ടത് പിതാവിന്റെ കാമപൂര്‍ത്തീകരണത്തിന് ശേഷമായിരുന്നു എന്ന വാര്‍ത്ത ഞടുക്കമല്ല ഉണ്ടാക്കിയത്. അറപ്പാണ്. ഈ സമൂഹത്തില്‍ ജീവിയ്ക്കേണ്ടി വരുന്നല്ലോ എന്ന അറപ്പ്.

ഒമ്പത് കാരിയുടെ ചുരുട്ടികൂട്ടി ചാക്കില്‍കയറ്റിയ ജഡം തട്ടിന്‍ പുറത്ത് നിന്നും കെട്ടിയിറക്കുമ്പോള്‍ ആ കുട്ടി മരണത്തിനെ അഭിമുഖീകരിച്ച നിമിഷങ്ങള്‍ മുന്നിലൂടെ കടന്ന് പോകുന്നു. കിരാതന്റെ കരം കടിച്ചു മുറിച്ചും കുതറിമാറിയും വാവിട്ട് നിലവിളിച്ചും ജീവന് വേണ്ടി യാജിച്ച കുരുന്നിന്റെ പിഞ്ചു മുഖം....

ഹോ...കഷ്ടം.
കംഫര്‍ട്ട് സ്റ്റേഷനുകള്‍ക്ക് പകരം നമ്മുക്ക് വേണ്ടത് വാര്‍ഡുകള്‍ തോറുമുള്ള പ്രാഥമിക ലൈംഗികാശ്വോസ കേന്ദ്രങ്ങളാണ്. പൊതു നിരത്തിലിരുന്ന് തൂറുകയും പെടുക്കുകയും വാളുവെയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനെന്തിന് കംഫര്‍ട്ട് സ്റ്റേഷന്‍?. ലൈംഗികാരജകത്വം കൊടികുത്തി വാഴുന്ന നാട്ടില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും മാനവും ജീവനും സംരക്ഷിക്കപ്പെടണമെങ്കില്‍ വാര്‍ഡുകള്‍ തോറും പ്രാഥമിക ലൈംഗികാ‍ശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങണം. കാമം തലയ്ക്ക് പിടിച്ച് ഒന്നര വയസ്സുകാരിയെ പ്രാപിയ്ക്കാന്‍ പുറപ്പെടുന്നവന്‍ അവിടങ്ങളില്‍ കയറി കാമം പൂരണം നടത്തട്ടെ.

പാവാടതുമ്പ് കാണുമ്പോള്‍ ഉദ്ധാരണം സംഭവിക്കുന്ന കേരളീയ പൌരുഷ്വത്തിന് ഓടിക്കയറി കാമാസക്തി ഒഴുക്കികളയാനുള്ള പൊതു സംവീധാനമാണ് നമ്മുക്കിന്ന് ഏറ്റവും അനിവാര്യമായി ഉണ്ടാകേണ്ട അടിസ്ഥാന ജീവിത സൌകര്യം. ജീര്‍ണ്ണിച്ച സമൂഹത്തിന്റെ കാമാഗ്നിയില്‍ നിന്നും നമ്മുടെ പെണ്‍കുഞ്ഞുങ്ങളേയും സ്ത്രീകളേയും രക്ഷപെടുത്താന്‍ മറ്റെന്തുണ്ട് മാര്‍ഗ്ഗം?