ഗ്രാമമാണ് പക്ഷേ കുഗ്രാമമല്ല ഞങ്ങളുടേത്. അധികം കാടും കുറ്റിചെടികളൊന്നുമില്ല. എല്ലാ 20 മീറ്റര്‍ കഴിയുമ്പോഴും ഒരോ വീടുമുണ്ട്. ഒരോവീട്ടില്‍ നിന്നും ഏറ്റവും കുറഞ്ഞത് ഒരാളെങ്കിലും ഗള്‍ഫില്‍ ജോലിയും നോക്കുന്നുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു മിനി ചാവക്കാട്. ഗ്രാമത്തില്‍ പൊതുവായത് എന്ന് പറവാന്‍ ഒരു “തയ്ക്കാവും” (നിസ്കാര പള്ളി) അതോടനുബന്ധിച്ച് ഒരു മദ്രസയും. ഞങ്ങളുടെയെല്ലാം ആദ്യ കളരി ആ മദ്രസയാണ്. പിന്നെ ഞങ്ങള്‍ക്ക് അന്ന ദാനം നടത്തുന്ന ഒരു റേഷന്‍ കട. ഒരു മുറുക്കാന്‍ കട-മുറുക്കാന്‍ കടയെന്ന് പറഞ്ഞാല്‍ മുറുക്കാന്‍ മാത്രം കിട്ടുന്ന ഒരു കട. അഞ്ചല്‍ കൊളുത്തൂപ്പുഴ റോഡില്‍ തലയുയര്‍ത്തി നില്ക്കുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ അന്ന് വൈകിട്ട് ഒരു പാമ്പാട്ടി എത്തി. എന്ന് വൈകിട്ട് എന്ന് ചോദിച്ചാല്‍ 20 വര്‍ഷങ്ങല്‍ക്ക് മുമ്പ്. ഒരു ശനിയാഴ്ച വൈകിട്ട്.
കയ്യില്‍ നീളമുള്ള ഒരു ഇരുമ്പ് കമ്പി. അതിന്റെ നടുഭാഗത്ത് ഒരു ചാക്ക് കെട്ടിയിട്ടുണ്ട്. തലയില്‍ ഒരു ചുവന്ന തുണി ബാലചന്ദ്രന് സ്റ്റൈലില്‍, പിന്നെ ഒരു ചെറു ബാഗും. മുറുക്കാന്‍ മാത്രം കിട്ടുന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ സ്വന്തം മുറുക്കാന്‍ കടയില്‍ അദ്ദേഹം വന്നിരുന്നു. മുറുക്കിതുടങ്ങി. തമിഴ് കലര്‍ന്ന മലയാളത്തില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. താന്‍ പാമ്പാട്ടിയാണെന്നും പാമ്പുകളെ പിടിച്ച് മെരുക്കി പാമ്പുകളി നടത്തുമെന്നുമൊക്കെ. പിന്നെ അദ്ദേഹം നടത്തിയിട്ടുള്ള ചില പാമ്പു പിടുത്ത മഹാത്മ്യങ്ങളും വിളമ്പി.
ഞങ്ങള്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു അദ്ദേഹത്തിന്റെ പാമ്പു പുരാണം കേട്ടിട്ട്. അദ്ദേഹം അദ്ദേഹത്തിന്റെ പ്രഭാഷണം നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് വട്ടം നോക്കേണ്ടി വന്നു. കാരണം അദ്ദേഹം അദ്ദേഹത്തിന്റെ പ്രഭാഷണം നിര്‍ത്തിയത് ഇങ്ങിനെയാണ്.
“ഞാന്‍ ഇന്നലെ ഇതു വഴി പോയപ്പോള്‍ ഈ ഗ്രാമത്തില്‍ ഒരു പാട് പാമ്പുകള്‍ ഉണ്ട് എന്ന് മനസ്സിലായി. ആ പാമ്പുകളെ പിടിക്കാനാണ് താന്‍ വന്നിരിക്കുന്നത്. പാമ്പുകളെ പിടിച്ച് നിങ്ങളുടെ ഗ്രാമത്തെ രക്ഷിക്കാന്‍...”
ഞങ്ങള്‍ ഞെട്ടി പോയി. ഞങ്ങളുടെ ഗ്രാമത്തില്‍ പാമ്പുകളോ? ഗ്രാമവാസികളായ ഞങ്ങള്‍ക്ക് ശ്രദ്ധയില്‍ പെടാത്ത ഞങ്ങളുടെ ഗ്രാമത്തെ സംബന്ധിക്കുന്ന ഒരു കാര്യം ഒരു വരുത്തന് പാണ്ടി ഇരുന്ന് പറയുന്നത് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ തര്‍ക്കിച്ചു. അങ്ങിനെ ഒന്നില്ലായെന്നും. പാമ്പുകളെ ഞങ്ങള്‍ ഗ്രാമത്തില്‍ അങ്ങിനെ കണ്ടിട്ടില്ലായെന്നും കഴിയുന്ന എല്ലാ തരത്തിലും പറഞ്ഞു നോക്കി. അയാള്‍ ഒരു വിധത്തിലും സമ്മതിച്ചു തന്നില്ല. ഓടുവില്‍ ഒന്നിനെയെങ്കിലും കാട്ടിതരാമോ എന്നായി ഞങ്ങള്‍. ഒരു മടിയും കൂടാതെ ആ വെല്ലുവിളി അയാള്‍ ഏറ്റെടുത്തു.
ഒന്നു മുറുക്കി തുപ്പി കയ്യിലുണ്ടായിരുന്ന കമ്പിയുമായി അയാളെഴുന്നേറ്റു. നേരെ മുറുക്കാന്‍ കടയുടെ വടക്കു വശത്ത് കൂട്ടിയിട്ടിരുന്ന പാറകല്ലുകള്‍ക്കടുത്തേക്ക് നടന്ന പാമ്പാട്ടി ഒന്നു കുനിഞ്ഞ് പാറകല്ലുകള്‍ക്കിടയിലേക്ക് കമ്പികുത്തി കൈകടത്തി ഞെളിഞ്ഞ് നിവര്‍ന്നു. ഞങ്ങള്‍ നാലു പാടും ചിതറിയോടി. തിരിഞ്ഞുനിന്ന അയാളുടെ കയ്യില്‍ ഒരു എട്ടടി മൂര്‍ഖന്‍!
പിന്നെ ഞങ്ങള്‍ കൂടുതലൊന്നും പറഞ്ഞില്ല. ഗ്രാമത്തിന്റെ കാര്ന്നോര് - ഗ്രാമത്തിന്റെ കാര്യങ്ങളില്‍ സ്വയം ഇടപെടുന്ന ഞങ്ങളുടെ ഒരു ബന്ധു ഇടപെട്ടു. ഇനിയും പാമ്പുകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി. പിടിച്ചു കൊണ്ട് പോകാന്‍ ഞങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കച്ചവടക്കാരനായി. ഒരു പാമ്പിനെ പിടിക്കുന്നതിന് കൂലി 25 രൂപ. വിലപേശി 15 രൂപയിലെത്തിച്ചു.
പിറ്റേന്ന് സഹായിയേയും കൂട്ടി വരാമെന്ന് പറഞ്ഞ് അയാള്‍ പോയി. അന്ന് ഞങ്ങള്‍ക്ക് കാളരാത്രിയായിരുന്നു. പാമ്പുകളോ ഇഴജന്തുക്കളോ അങ്ങിനെയൊന്നുമില്ലാതിരുന്ന ഞങ്ങളുടെ ഗ്രാമം ഒറ്റ ദിനം കൊണ്ട് ആമസോണ്‍ കാടായപോലെ തോന്നി ഞങ്ങള്‍ക്ക്. അന്ന് രാത്രി എല്ലാവരും പുറത്തിറങ്ങാതെ കഴിച്ചുകൂട്ടാന്‍ ശ്രദ്ധിച്ചു.
പിറ്റേന്ന് രാവിലെ മുതല്‍ ഗ്രാമം മുഴുവനും അയാളെ കാത്ത് നില്പായി. അടുക്കളകളൊന്നും പുകഞ്ഞില്ല. എല്ലാര്ക്കും പാമ്പ് ഭയമായി മനസ്സില്‍ ഭണമുയര്‍ത്തി നിന്നു.പുറത്തിറങ്ങുന്നവര്‍ കാലിന് വട്ടം നോക്കി നടന്നു. വീട്ടിന്റെ മുക്കും മൂലയും വരെ അരിച്ചു പെറുക്കി. മുറ്റത്തെ കരിയിലകള്‍ കൂട്ടിയിട്ട് കത്തിച്ചു. ചെറിയ വാരങ്ങളില്‍ പോലും പുകയിട്ടു. പാമ്പുകളെ കണ്ടതേയില്ല. ഞങ്ങള്‍ വീണ്ടും ഉറപ്പിച്ചു - ഗ്രാമത്തില്‍ പാമ്പുകളൊന്നുമില്ല. അപ്പോള്‍ എങ്ങിനെയോ അയാള്‍ ആ പാമ്പിനെ കണ്ടതായിരിക്കണം. അങ്ങിനെ സമാധാനിച്ചിരിക്കേ വൈകിട്ട് നാലു മണിയോടെ പാമ്പാട്ടി സഹായികളുമായി എത്തി.സഹായികള്‍ രണ്ടു പേര്. ഞങ്ങള്‍ ചായയും പലഹാരങ്ങളും കൊടുത്ത് സ്വീകരിച്ചു - അണ്ണാച്ചിമാരെ.
ഏകദേശം നാലരയോടെ അവര്‍ കര്‍മ്മനിരതരായി. ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. പാമ്പുകളെ കിട്ടില്ലായെന്ന്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.
അവര്‍ മൂന്നു പേരും ഒരൊ ദിശയിലേക്ക് തിരിഞ്ഞു. ഒരാള്‍ ഒരു ഭാഗത്തെ കല് കൂട്ടങ്ങല്‍ക്കിടയില്‍നിന്നിം കുനിഞ്ഞ് നിവരുമ്പോള്‍ അയാളുടെ കയ്യില്‍ ചുറ്റിപിണഞ്ഞ പമ്പ്. അയാള്‍ ആ പാമ്പിനെ അവര്‍ കോണ്ട് വന്ന ചാക്കില്‍ കെട്ടും. നോക്കി നില്‍ക്കേ അടുത്തയാള്‍ മറ്റൊരു ദിക്കില്‍ നിന്നും മറ്റൊരു പാമ്പിനെയുമായി ഓടിവരും. മൂന്നാമത്തവന് തയ്ക്കാവിന്റെ പിന്നില്‍ നിന്നും പിടിച്ച പാമ്പിനെ ചാക്കില്‍ കെട്ടുന്നു.ചില കല്‍കൂമ്പാരങ്ങളുടേം മറ്റും ഇടക്ക് ചെന്നിരുന്ന് പ്രധാന പാമ്പാട്ടി മകുടി ഊതുന്നു. മകുടി ഊതികഴിഞ്ഞിട്ട് ആ ഭാഗങ്ങളില്‍ നിന്നും തന്നെ പാമ്പുമായി വരുന്നു. മകുടി ഊതുന്നത് പാമ്പിന് കേള്‍ക്കാന്‍ ചെവികളില്ലായെന്നും മകുടിയുടെ ചലനത്തിനൊപ്പിച്ച് പാമ്പ് ഭണം ചലിപ്പിക്കുന്നതാണെന്നുമൊക്കെയുള്ള ശാസ്ത്രീയതയൊക്കെ ഞങ്ങള്‍ മറന്നു. പാമ്പു പിടുത്തം അതങ്ങിനെ അനസ്യൂതം തുടരുകയാണ്. അനങ്ങാന്‍ കഴിയാതെ ഗ്രാമം തരിച്ചു നിന്നു. അവര്‍ കൊണ്ട് വന്ന മുപ്പതോളം ചാക്കുകള്‍ പാമ്പുകളാല്‍ നിറഞ്ഞു.
എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്ന ഗ്രാമം ആകെ അവര്‍ പിടിച്ച 287 പാമ്പിന്റെ കൂലിയായ 4,305 രൂപയും അതിന്റെ കൂടെ 150 രൂപ അധികവും കൊടുത്ത് അവരെ യാത്രയാക്കി. നാട്ടില്‍ അതിന് ശേഷം എല്ലാവര്ക്കും ഒരു പാമ്പ് ഭയം ഉണ്ടെങ്കിലും ഞങ്ങള്‍ക്ക് ജീവിതം പഴയത് പോലെ തന്നെ. പാമ്പാട്ടി വരുന്നതിന് മുമ്പുള്ളതുപോലെ. ആ ദിനത്തിനുമുമ്പും ഞങ്ങള്‍ പാമ്പുകളെ ഇങ്ങിനെ കണ്ടിട്ടില്ലല്ലോ. അതിന് ശേഷവും അങ്ങിനെ തന്നെ. പിന്നെ എന്താണ് അന്ന് സംഭവിച്ചത്?
ഒരു പാമ്പിനെ പോലും കണ്ട് പേടിച്ചിട്ടില്ലാത്ത ഞങ്ങള്‍ ഒരു ദിവസം 287 പാമ്പുകളെയാണ് കണ്ടത്. അവര്‍ ആ പാമ്പുകളെ ചാക്കില്‍ കെട്ടി കൊണ്ട് പോകുന്നത് ഇന്നും കണ്മുന്നിലുണ്ട്. ഇതിന്റെ ശസ്ത്രമെന്താണ്. ഇന്നും ഉത്തരം കിട്ടിയിട്ടില്ല.
Sunday, June 17, 2007
Subscribe to:
Post Comments (Atom)
21 comments:
ഇരുപത് വര്‍ഷങ്ങല്‍ക്ക് മുമ്പ് ഒരു വൈകുന്നേരം ഞെട്ടലോടെ സാക്ഷിയാകേണ്ടി വന്നതാണീ പാമ്പാട്ടിയുടെ സേവനം. അന്നുമിന്നും ഇതിന്റെ പിന്നിലെ ശാസ്ത്രം എന്തെന്ന് മനസ്സിലായിട്ടില്ല. ആര്‍ക്കെങ്കിലും വിശദീകരണമുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നു.
കുരുത്തം കെട്ട ബുദ്ധിയില്‍ തോന്നുന്ന ഏറ്റവും സിമ്പിള്‍ ഉത്തരം അവര്‍ പിടിച്ചത് അവര്‍ കൊണ്ടുവന്ന പാമ്പുകളെത്തന്നെയായിരുന്നു എന്നതാണ്. ഇത്തരത്തിലുള്ള ഒരു ബിസിനസ്സ് തന്ത്രം കേട്ടിട്ടുണ്ട്.
ഹ ഹ ഹ വക്കാരി അതു ഇത്ര പെട്ടെന്നു കണ്ടു പിടിച്ചു
ഇതു കുരുട്ടു ബുദ്ധിയല്ല വക്കാരീ -- ജനാര്ദ്ദനന് പറഞ്ഞതു പോലെ ഒരു നല്ല ചേര്‍ച്ചയുള്ള വാക്കു ചേര്‍ത്തോളൂ, എനിക്കങ്ങനൊരെണ്ണം തോന്നുന്നില്ല.
:-)
diva
ഇത്രയധികം പാമ്പുകളെ പിടിക്കാറില്ലങ്കിലും വീട്ടിനകത്തു നിന്നും പകയുള്ള പാമ്പിനെ നീക്കിത്തരാം എന്നു പറഞ്ഞു പറ്റിച്ചു അവരുടെ തന്നെ പാമ്പിനെ സൂത്രത്തില്‍ അകത്തു നിന്നും പുറത്തെടുക്കുന്ന വിദ്യ കേട്ടിട്ടുണ്ട്.
287 പാമ്പോ?
ഹമ്മോ വല്ലാത്ത കയ്യടക്കം.
തന്ത്രം വക്കാരി പറഞ്ഞതു തന്നെ...അവന്റെ പാമ്പ് അവന്റെ മകുടി അവന്റെ സഹായികള്‍...
ഇരുപതുകൊല്ലം മുന്‍പ് ഒരു പാമ്പിനു 15 രൂപയോ?
qw_er_ty
മൂര്‍ത്തീ അവര്‍ ഒരു പാമ്പിനെ പിടിക്കുന്നതിന് 25 രൂപയാ ചോദിച്ചത്. ഞങ്ങള്‍ വില പേശി 15 ആക്കിയതാണ്. വിലപേശി കരാറൊപ്പിക്കുമ്പോഴും ഞങ്ങള്‍ എന്താ വിചാരിക്കുന്നത് ഒരു പാമ്പിനേം കിട്ടില്ല, അല്ലെങ്കില്‍ അങ്ങേയറ്റം ഒരു പത്ത് പാമ്പ് അത്ര തന്നെ. പിടിച്ചു തുടങ്ങിയപ്പോഴല്ലേ അതങ്ങ് 287 ല്‍ എത്തിയത്. ഒടുവില്‍ തര്‍ക്കിക്കാന്‍ പറ്റിയ ഒരു മാനസികാവസ്തയിലായിരുന്നില്ല ഞങ്ങള്‍ ഗ്രാമവാസികളും.
വക്കരീ, ഈ സംശയം അന്നു മുതല്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. കാരണം പിടിച്ച പാമ്പുകളെ അവിടെ വെച്ചു തന്നെ കൊല്ലണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ അതിന് തയ്യാറായില്ലായിരുന്നു. അത് ഞങ്ങളുടെ ഗ്രാമത്തിന് സര്‍പ്പ കോപം ഉണ്ടാക്കും എന്നൊക്കെ പറഞ്ഞു ഞങ്ങളെ നന്നായി ഭയപ്പെടുത്തി. അവര്‍ പറയുന്നതിനെ അപ്പാടെ വിഴുങ്ങുന്ന ഒരു തരം ഹിസ്റ്റീരിയ ബാധിച്ചുകഴിഞ്ഞിരുന്നു ഗ്രാമത്തിനപ്പാടെ. പക്ഷേ ഒന്നുണ്ട് അവര്‍ വരുന്നതിന് തൊട്ടുമുന്നേ ഞങ്ങള്‍ പാമ്പുകളെ തിരഞ്ഞിടത്ത് നിന്നു പോലും അവര്‍ക്ക് പാമ്പുകളെ പിടിക്കാനായത് എങ്ങിനെയാണ്?. കയ്യടക്കമാണ് അല്ലെങ്കില്‍ കണകെട്ടായിരുന്നുവെങ്കില് ഇത്രയും പാമ്പുകളെ അവിടെ കൂടിയിരുന്ന ജനകൂട്ടത്തിന്റെ കണ്ണില്‍ നിന്നും എങ്ങിനെ മറക്കാന്‍ കഴിഞ്ഞു.
എന്തോ ഇപ്പോഴും അതൊരു പേടി നിറഞ്ഞ ഓര്‍മ്മ തന്നെ.
ഗ്രിമ്മിന്റെ ഹാമ്ലിനിലെ പൈഡ് പൈപ്പറിന്റെ പുതിയ രൂപമാണല്ലോ...
ഏതായാലും കാശു കൊടുത്തത് നന്നായി. അല്ലേല്‍ അങ്ങേര് പിള്ളേരേം അടിച്ചോണ്ട് പോയേനേ.. :-)
ഹോ! വിശ്വസിക്കാന്‍ വലിയ പ്രയാസം തന്നെ. 287 പാമ്പുകളെ ഒരു ചാക്കിനകത്താക്കാനും, ചുമന്ന് കൊണ്ടുപോകാനും കഴിഞ്ഞത് അല്‍ഭുതം തന്നെ!
ഒരു പാമ്പിന്റെ ഭാരം ശരാശരി 500 ഗ്രാം എന്നു കണക്കാക്കിയാല്‍ മൊത്തം 143.5 കിലോ കാണുമല്ലോ. പിടിച്ചതെല്ലാം എട്ടടി മൂര്‍ഖന്‍ ഇനത്തില്‍ പെട്ടതായിരുന്നുവെങ്കില്‍ ഭാരം ഇതിലും കൂടുമായിരുന്നു!!
വക്കാരി പറഞ്ഞതു തന്നെ തന്ത്രം.
കേരളാ ഹൌസെന്ന സിനിമയിലെ പാമ്പു രംഗങ്ങളും, ഇപ്പം പൊട്ടും എന്നു പറഞ്ഞു് നെടുമുടിയെന്ന മാന്ത്രികനെ നോക്കുന്ന ജഗതിയും, കൂടുപാത്രം ജഗതി നേരത്തേ കുഴിച്ചിട്ടിരുന്നതു് തുള്ളി കണ്ടു പിടിക്കുന്ന മാളയും....
ഈ തട്ടിപ്പുകളുടെ ദൃശ്യാവിഷ്ക്കാരങ്ങള്‍ അല്ലേ..:)
ഇതിലിപ്പോ ചിന്തിക്കാനെന്തിരിക്കുന്നു ,
അഞ്ചല്‍ക്കാരന്റ്റെ നാട്ടുകാരെല്ലാം പൊട്ടന്മാര് എന്നതുറപ്പ് :)
നല്ല വിവരണം
അപജയങ്ങളീല്‍ അഹങ്കരിക്കുന്നവന്. വടികൊടുത്ത് അടി ഇരന്ന് വാങ്ങുന്നവന്..........?
ശാസ്ത്രം ജയിക്കും മനുഷ്യന് തോല്‍ക്കും.!!
അതെ ഇവിടെയും സമ്പവിച്ചിട്ടുള്ളൂ മാഷെ..
പ്രപഞ്ചത്തിന് വിലപറയാന്‍ മനുഷ്യനു പറ്റുമോ..?
[പാമ്പുകളെങ്കിലും ഉണ്ടല്ലൊ ഈ ഭൂമിയില്‍]
ഈ അഭിപ്രായത്തിന് എനിക്ക് മറുപടി നല്‍കും മുന്നെ ശെരിക്കും ആലോചിക്കുക.!!
അഹങ്കാരമാണേല് ക്ഷമിക്കുക സസ്നേഹം ഒരു സുഹൃത്ത്.!!
ഹൊ 287 പാമ്പുകളെ ഒരുമിച്ചു കാണാന്‍ കഴിഞ്ഞ താങ്കള്‍ ഒരു ഭാഗ്യവാന് തന്നെ....
അല്ല അഞ്ചല്‍കാരാ എന്നാലും ഇതു വല്യ കഷ്ടമായി പോയി...
ഇത്ര്യെം പാമ്പുണ്ടായിട്ടും ഒന്നുപോലും ഉണ്ടായില്ലല്ലോ നിങ്ങളെ ഒക്കെ കടിക്കാന്‍....
അല്ലേലും ഈ പാമ്പിനെ ഒക്കെ എന്തിനാ ഇത്ര പേടിക്കുന്നത് ...(എനിക്കു അതിനെ കാണുമ്പോ മാത്രേ പേടി ഉള്ളൂ)
മനോഹരമായ ബ്ലോഗും ഈ പോസ്റ്റും ഇപ്പോഴ് കാണാന്‍ സാധിച്ചത്.
പാമ്പാട്ടികല്ക്ക് തീര്‍ച്ചയായും അപാരമായ സിദ്ധിയുണ്ട്. നാഗങ്ങളുടെയും സര്‍പ്പങ്ങളുടേയും ശാസ്ത്രമറിയുന്നവരാണവര്. പ്രപഞ്ചതിനു ചില താളങ്ങളുണ്ട്. അതനുസരിചാണ് പാമ്പും പുഴുവും പച്ചിലയും പോലും ഭൂമിയില്‍ ഇഴയുന്നത്. ആ താളത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നവര്‍ക്ക് 287 അല്ല അതിന്റെ നൂറിരട്ടി പാമ്പുകള്‍ നിങ്ങളുടെ കട്ടിലിനടിയില്‍ നിന്നു വരെ തപ്പിയെടുക്കാം!
വിവരദോഷികളായ യുക്തിവാദികളെ നേരെയാക്കാനാണോ പുറപ്പാട് ? ഇതു പോലുള്ള എത്ര അത്ഭുത കഥ പരഞ്ഞാലും അവര്‍ നേരെയാവില്ല മിസ്റ്റര്‍ അഞ്ചല്‍കാരാ, കാരണം ദൈവചിന്തയോ, പ്രപഞ്ചകാരണമായ ആ ബ്രഹ്മചൈതന്യത്തിന്റെ അനുഗ്രഹമൊ ഉപേക്ഷിച്ച് നടക്കുന്ന അജ്ഞാന മണ്ഡൂകങ്ങളെ പഠിപ്പിച്ച് എന്തിനു ഈശ്വര നാമസങ്കീര്‍ത്തനത്തിനുള്ള അമൂല്യ സമയം നാം പാഴാക്കണം.?
ഇതിലിത്ര അതിശയിക്കാനുണ്ടെന്നു തോന്നുന്നില്ല.
കാരണം വിഷപാമ്പുകള്‍ പൊതുവേ പകല്‍ സമയങ്ങളില്‍ മാളത്തില്‍ നിന്ന് പുറത്തിറങ്ങാറില്ല എന്നാണറിവ്. തീരെ വിശപ്പ് സഹിക്കാതാവുമ്പോഴോ ഒക്കെയാണ് അവ പകലിറങ്ങുന്നത്. അതേ സമയം ചേര പൊലുള്ള വിഷമില്ലാത്ത പാമ്പുകള്‍ പകല്‍ സമയത്തും ഇര തേടും.
അഞ്ചല്‍ക്കാരന്റെ ഗ്രാമത്തിലെ പാമ്പുകള്‍ക്ക് രാത്രിയിലെ ഇര തേടലില്‍ തന്നെ മൃഷ്ടാന്നം ഭുജിക്കാനുള്ളവ കിട്ടുന്നുണ്ടാകും. അതിനാല്‍ അവ പകല്‍ സമയങ്ങളില്‍ മനുഷ്യന്റെ കണ്ണു വെട്ടത്തു വരുന്നില്ലാന്നു മാത്രം. ഒന്നോ രണ്ടോ പാമ്പുകളെയാണെങ്കില് കണ്കെട്ടു വിദ്യയാണെന്ന് പറയാം. പക്ഷെ 287 പാമ്പുകളെ അങ്ങനെ കങ്കെട്ടു വിദ്യയിലൂടെ സൃഷ്ടിക്കാന്‍ പറ്റുമോ?
ഹോ ഭയങ്കരം തന്നെ!
ചിലതെല്ലാം വിശദീകരണത്തിനതീതമാണെന്നതു സത്യം
I welcome all those made comments here to my pages. thank u.
ഹോ അതിശയം തന്നെ... അഞ്ചല്‍ക്കാരന്റെ നാട്ടുകാരെ മുഴുവന്‍ ആ പാമ്പാട്ടി പറ്റിച്ചല്ലോ കഷ്ടം
i too cant belive.....may be its his buisness trick..avar thanne kondu vannu..aa pambukale avar thane pidichu....
Post a Comment