Saturday, May 31, 2008

ഷെയറിംഗ് അക്കോമഡേഷനും പ്രവാസ ജീവിതവും.

ജോലിക്കുള്ള വേതനം ഒരിടത്ത് സ്ഥിരമായി നില്‍ക്കുകയും, താമസം/വെള്ളം/കറണ്ട്/കഞ്ഞി ചിലവുകള്‍ സ്ഥിരമായി ഉയര്‍ന്ന് ഉയര്‍ന്ന് പോവുകയും ചെയ്തു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല പ്രവാസ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി ഷെയറിംഗ് അക്കോമഡേഷന്‍ മാറിയത് ജീവിത ചിലവ് കുറയ്ക്കുവാനുള്ള പ്രവാസിയുടെ വ്യഗ്രതയില്‍ നിന്നുമാണ്.

പത്തടി നീളവും പന്ത്രണ്ടടി വീതിയും ഉള്ള ഇടുങ്ങിയ റൂമുകളിലെ വിശാലതയില്‍ മേലോട്ട് രണ്ടും നെരപ്പേ നാലും കട്ടിലുകളിലൊന്നിന്റെ ആഡംബരത്തില്‍ പ്രവാസ ജീവിതം നയിക്കുന്നവന്റെ നാട്ടിലെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന റൂമുകളുടെ എണ്ണം ഏറ്റവും കുറഞ്ഞത് മൂന്നെണ്ണം ആയിരിക്കും. ഭാര്യക്കും പൊന്നുമക്കള്‍ രണ്ടു പേര്‍ക്കുമായി പണി കഴിപ്പിച്ചിട്ടിരിക്കുന്ന മണി സൌധത്തിന്റെ എല്ലാ റൂമുകളിലും വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഒരു പക്ഷേ കുടുംബാംഗങ്ങളുടെ ശ്രദ്ധയെത്തുക പോലുമുണ്ടാകില്ല. വര്‍ഷത്തിലൊരിക്കലെ ആഡംബരത്തിന് വേണ്ടി മറ്റു പതിനൊന്ന് മാസവും നരകയാതനയെന്ന തത്വം പ്രവാസി തന്റെ ജീവിതവീഥിയില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. ചേട്ടന്‍/ഇക്ക/ഇച്ചായന്‍ വരുമ്പോള്‍ മാത്രം തുറക്കപ്പെടുന്ന റൂമുകളിലെ പൊടിയടിച്ച് പെയിന്റടിച്ച് മാസം ഒന്ന് തള്ളി നീക്കി തിരിച്ച് വീണ്ടും ചേട്ടന്‍/ഇക്ക/ഇച്ചായന്‍ വന്ന് കുടുസ്സു റൂമിലെ ബെഡ് സ്പെയിസ്സില്‍ ചേക്കേറും.

ബെഡ് സ്പെയിസ് എന്നാല്‍ ബെഡ് ഇടാനുള്ള സ്ഥലം മാത്രമായിരിക്കും ലഭ്യമാവുക. നാട്ടിലേക്ക് പോകാനും വരാനും ഉപയോഗിക്കുന്ന സ്യൂട്ട് കേയ്സ് ഏറ്റവും താഴെയുള്ള കട്ടിലിന്നടിയില്‍, വസ്ത്രം തൂക്കാന്‍ ഭിത്തിയില്‍ അടിച്ച നാലഞ്ചാണികള്‍, പതിനാറു പേര്‍ക്ക് പെരുമാറാ‍ന്‍ ബാത്ത് റൂം ഒന്ന്, പടല പിണക്കങ്ങളുടെ ഭാഗമായി അടുക്കള ഭാഗം വെച്ചതിനാല്‍ അടുക്കളയില്‍ കുത്തി നിറക്കപ്പെട്ട നാലഞ്ചു ഗ്യാസുകുറ്റികളും അടുപ്പുകളും, നില‍യ്ക്കാതെ ഓടി കൊണ്ടിരിക്കുന്ന ടി.വി. ഒന്ന്, ചീഞ്ഞ സോക്സിന്റെ മടുപ്പിക്കുന്ന രൂക്ഷ ഗന്ധം തങ്ങി നില്‍ക്കുന്ന റൂമുകള്‍, പ്രവാസിയുടെ ഷെയറിംഗ് അക്കോമഡേഷന്റെ നേര്‍ ചിത്രം അവിടെ കഴിയുന്നു. എക്സിക്യൂട്ടീവ് ബാച്ചിലര്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്ന വെള്ള കോളര്‍ ജീവനക്കാരന്റെ താമസ വിശേഷമാണീ പറഞ്ഞത്.

നീല കോളര്‍ കാരന്റെ താമസ വിശേഷം പറയാതിരിക്കുകയാണ് ഭേതം. റുമിന്റെ വലിപ്പം പത്തുക്ക് പത്ത്. താമസക്കാര്‍ പന്ത്രണ്ട്. നിലത്ത് നാല് കട്ടില്‍. മുകളിലേക്ക് മൂന്ന്. നടുക്ക് നാലുക്ക് നാല് സ്ഥലം ലീവിങ്ങ് സ്പെയിസാണ്. അവിടെയും ടി.വി യൊന്നുണ്ടാകും. കട്ടിലുകളുടെ തലയ്ക്കലും കാല്‍ക്കലുമായിട്ടായിരിക്കും സ്ഥാവര ജംഗമം മുഴുവന്‍. ചീഞ്ഞ സോക്സിന്റെ മടുപ്പിക്കുന്ന മണം ഇവിടേയും എക്സിക്യൂട്ടീവ് ബാച്ചിലര്‍ അക്കോമഡേഷനിലേതിന് തുല്യമായിരിക്കും. അടുക്കളയില്‍ ദേശീ, ബംഗാളി, പാകിസ്ഥാനി, നേപ്പാളി, ശ്രീലങ്കന്‍, ഫിലിപ്പൈനി ഗ്യാസ് കുറ്റികളും അടുപ്പുകളും വെവ്വേറെയുണ്ടാകും. തമ്മില്‍ തല്ല് ഉണ്ടാകുന്നത് അപൂര്‍വ്വം ആയിരിക്കും. തല്ലു പിടിക്കാന്‍ എപ്പോഴും അന്യ രാജ്യക്കാര്‍ ഉണ്ടാകും എന്നതിനാല്‍ നാം സംഘടിതരായിരിക്കും. അതിനാലാണ് രാജ്യാന്തര അടുപ്പു കുറ്റികളും അടുപ്പുകളും അടുക്കളയില്‍ ഉണ്ടാകുന്നത്. ഒരു കാര്യത്തില്‍ നീല കോളര്‍ ജീവനക്കാരന്‍ ഭാഗ്യവാനായിരിക്കും. എന്തെന്നാല്‍ ബാത്ത് റൂമുകള്‍ നാലു പേര്‍ക്ക് ഒന്നുണ്ടാകും. കാരണം ബാത്ത് റൂമിലെ തിരക്ക് കാരണം സൈറ്റിലേക്ക് പോകല്‍ താമസ്സിക്കരുത് എന്ന ശുദ്ധ വിചാരം ഭരിക്കുന്നതിനാല്‍ കമ്പനി മുതലാളി ബാത്ത് റൂമിന്റെ കാര്യത്തില്‍ എപ്പോഴും ഉദാര മനസ്കനായിരിക്കും. ഇത് നീല കോളര്‍ ഷെയറിംഗ് അക്കോമഡേഷന്റെ നീറുന്ന നേര്‍ ചിത്രം.

ഇന്നിയാണ് ഏറ്റവും ദുഷ്കരമായ ഷെയറിംഗ് ഫാമിലിയുടെ കദന കഥ കടന്ന് വരുന്നത്. വിവാഹിതന്‍ പ്രവാസം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അന്നന്നത്തെ അഷ്ടിക്ക് വക തികഞ്ഞില്ലാ എങ്കില്‍ കൂടിയും കുടുംബത്തെ എങ്ങിനെ ഇക്കരെ കടത്താം എന്നുള്ളതായിരിക്കും ഊണിലും ഉറക്കിലും ചിന്തിക്കുക. കുടുംബ വിസക്ക് ഗള്‍ഫ് ഭരണ കൂടങ്ങള്‍‍ നിഷ്‌കര്‍ഷിക്കുന്ന ശമ്പള മാനദണ്ഡങ്ങള്‍ എങ്ങിനേയും മറി കടന്ന് കുടുംബ വിസ തരപ്പെടുത്തി ഭാര്യയേയും മക്കളേയും കടല്‍ കടത്തുന്ന ഗള്‍ഫ് പ്രവാസി ആദ്യമായി തിരയുന്നത് ഷെയറിംഗ് ഫാമിലി അക്കോമഡേഷന്‍ ആയിരിക്കണമല്ലോ? എഴുന്നൂറ്റി അമ്പത് ദിര്‍ഹം ബെഡ് സ്പെയിസിന് വാടക കൊടുക്കാനില്ലാതെ ജീവിച്ച് പോകവേയായിരിക്കും കുടുംബത്തെ താമസിപ്പിക്കുവാന്‍ അക്കോമഡേഷന് തപ്പുന്നത്. സ്റ്റുഡിയോ ഫ്ലാറ്റിന് പോലും അമ്പതിനായിരം ദിര്‍ഹം കൊടുക്കേണ്ടി വരുന്നിടത്ത് ഷെയറിംഗ് അക്കോമഡേഷന്‍ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും തിരഞ്ഞെടുക്കാനുണ്ടാകില്ലല്ലോ? തുശ്ച വരുമാനക്കാരന് കുടുംബത്തോടൊപ്പം താമസിക്കുവാ‍നായി ഫ്ലാറ്റുകള്‍ പങ്കു വെച്ച് തുടങ്ങിയത് അങ്ങിനെയാണ്.

രണ്ടു ബെഡ് റും ഹാള്‍ ഫ്ലറ്റെടുക്കുന്നു. ബെഡ് റൂമുകള്‍ വീതം വെച്ച് താമസം ആരംഭിക്കുന്നു. അടുക്കളയും എറായവും* കുളിമുറിയും പൊതു സ്വത്തായിരിക്കും. പാചകം ചിലയിടത്ത് ഒന്നിച്ചും മറ്റു ചിലിടത്ത് വെവ്വേറെയും ആയിരിക്കും. ഇതൊക്കെയാണല്ലോ ഷെയറിങ്ങ് ഫാമിലി എന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്നത്. വാടക കൂടി കൂടി വന്നപ്പോള്‍ ഇതിലും ചില മാറ്റങ്ങള്‍ വന്നു. ഹാള്‍ ഇല്ലാതായി. അതും ഒരു റുമായി പരിവര്‍ത്തനപ്പെടുത്തി മൂന്ന് ഫാമിലി താമസിക്കാന്‍ തക്ക തരത്തിലാക്കി തുടങ്ങി. ബാല്‍ക്കണിയുണ്ടെങ്കില്‍ അവിടെ കെട്ടി മറച്ച് ചെറിയൊരു എറായം നിര്‍മ്മിക്കപ്പെട്ടു. അങ്ങിനെ വാടക ചിലവ് കുറയ്ക്കുവാനായി തുടങ്ങിയ ഷെയറിങ്ങ് ഫാമിലി സംവീധാനം ഒരു കച്ചവടമായി മാറുവാന്‍ പിന്നെ അധികം കഴിയേണ്ടി വന്നില്ല. ആദ്യം ഒരു ഫ്ലാറ്റെടുത്ത് വാടക കുറയ്ക്കാനായി ഒരു ഫാമിലിയെ കൂടെ കൂട്ടിയ ആള്‍ ഹാള്‍ കൂടി വാടകക്ക് കൊടുക്കാം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു ഫ്ലാറ്റെടുത്ത് റൂമുകള്‍ തിരിച്ച് വാടകക്ക് കൊടുത്തും ലാഭം ഉണ്ടാക്കാം എന്ന് മനസ്സിലാക്കുക കൂടിയായിരുന്നു. അത് മനസ്സിലാക്കിയവര്‍ക്ക്‍ ഷെയറിങ്ങ് അക്കോമഡേഷന്‍ എന്നാല്‍ ലൈസന്‍സ് വേണ്ടാത്ത നഷ്ട സാധ്യതയില്ലാത്ത കച്ചവടമായി മാറാനും കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല.

അങ്ങിനെ റൂമുകള്‍ വീണ്ടും വീണ്ടും വിഭജിക്കപ്പെട്ടു. ജിപ്സം ബോര്‍ഡും പ്ലൈയും ഒക്കെ കൊണ്ട് റൂമുകള്‍ ഇരട്ടിക്കപ്പെട്ടു. രണ്ടു ബെഡ് റൂം ഹാളില്‍ നാലില്‍ കൂടുതല്‍ കുടുംബങ്ങള്‍ ചേക്കേറി. അതോടൊപ്പം വില്ലകള്‍ വാടകക്കെടുത്തും ഭാഗം വെപ്പ് തുടങ്ങി. പഞ്ചായത്തീരാജ് നിലവില്‍ വന്ന കാലത്ത് അന്നത്തെ ഭരണ കക്ഷികക്ക് അനുകൂലമായി വാര്‍ഡുകള്‍ വിഭജിക്കപ്പെട്ടതു പോലെ ഇടിഞ്ഞ് വീഴാറാ‍യ വില്ലകളില്‍ റുമുകളെ വിഭജിച്ച് റൂമുകള്‍ക്കുള്ളില്‍ റുമുകള്‍ സൃഷ്ടിക്കപ്പെട്ടു. വില്ലകളിലെ കാര്‍ ഷെഡ് വരെ റൂമുകളായി പരിണമിച്ചു. ഒരു കുടുംബത്തിനായി പണികഴിക്കപ്പെട്ട വില്ലകളിലും ഫ്ലാറ്റുകളിലും അസംഖ്യം കുടുംബങ്ങള്‍ പാര്‍പ്പ് തുടങ്ങി. ഇതെല്ലാം അനധികൃതമായിരുന്നു. എല്ലാം അറിയാമായിരുന്നിട്ടും ഭരണ കൂടം കണ്ടില്ലാ എന്ന് നടിച്ചത് പാര്‍പ്പിട പ്രശ്നം രൂക്ഷമായത് കൊണ്ടാണെന്നും ഈ നാട്ടില്‍ ഭരണ കൂടത്തിന്റെ കണ്ണു വെട്ടിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലാ എന്നും ഷെയറിങ്ങ് അക്കോമഡേഷന്‍ കച്ചവടക്കാര്‍ മനസ്സിലാക്കിയില്ല. അങ്ങിനെയിരിക്കുമ്പോഴാണ് എല്ലാ പരിധികളും ലംഘിച്ച് ഷെയറിങ്ങ് അക്കോമഡേഷന്‍ പുതിയ സംസ്കാരത്തിന് തുടക്കമിട്ടത്. അതെങ്ങനെയെന്നല്ലേ?

മൂന്ന് ബെഡ്‌‌റൂം ഫ്ലാറ്റാണ് ഇവിടുത്തെ കഥാപാത്രം. മൂന്ന് കിടപ്പ് മുറിയുള്ള ഒരു ഫ്ലാറ്റില്‍ എത്ര കുടുംബത്തിന് കഴിയാം?
മൂന്ന് കുടുംബത്തിന്?
നാലോ?
അഞ്ച് കുടുംബത്തിനോ?
അല്ലേ അല്ല. പത്ത് കുടുംബങ്ങള്‍ വരെ മൂന്ന് കിടപ്പ് മുറികള്‍ ഉള്ള ഒരു ഫ്ലാറ്റില്‍ ചേക്കേറുന്നു എന്നത് വിശ്വസിക്കാന്‍ കഴിയുമോ? വിശ്വസിക്കണം. എങ്ങിനെയെന്നല്ലേ?

ആദ്യം മൂന്ന് കിടപ്പ് മുറികളുള്ള ഫ്ലാറ്റെടുക്കുന്നു. ഇവിടെ റുമുകള്‍ ഒന്നും വിഭജിക്കപ്പെടുന്നില്ല. പത്ത് കുടുംബത്തിലെ ഭര്‍ത്താക്കന്മാരെല്ലാം കൂടി ഒരു റൂമില്‍. ഭാര്യമാരും കുട്ടികളും മറ്റൊരു റൂമില്‍. മുന്നാമതൊരു റൂം മണിയറയാണ്. എല്ലാ ദിവസവും ഒരു കുടുംബത്തിന് ആ റൂം ഉപയോഗിക്കാം. അതായത് എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്മാരും ബാച്ചിലര്‍ സ്റ്റാറ്റസില്‍ രണ്ടു റൂമുകളിലായി കഴിയുന്നു. പത്ത് ദിവസത്തില്‍ ഒരിക്കല്‍ കുടുംബമായി മറ്റൊരു റൂമിലും. ഷെയറിങ്ങ് അക്കോമഡേഷന്റെ ഏറ്റവും നീചമായ പരിണാമമായിരുന്നു ഇത്. ഇതും സംഭവിക്കപ്പെട്ടു. തുശ്ചമായ വരുമാനത്തില്‍ വിദേശത്ത് കുടുംബത്തോടൊപ്പം കഴിയണം എന്ന മധ്യവര്‍ഗ്ഗത്തിന്റെ ചിന്തയില്‍ നിന്നുമാണ് ഇത്രയും മ്ലേഛമായ സംസ്കാരത്തിലേക്ക് പ്രവാസം വഴുതി വീണത്.

അങ്ങിനെ ഷെയറിങ്ങ് അക്കോമഡേഷന്‍ എല്ലാ പരിധികളും ലംഘിച്ചു തുടങ്ങി എന്ന് കണ്ടിടത്താണ് ഭരണകൂടം ചില നിബന്ധനകളുമായി രംഗത്ത് വന്ന് തുടങ്ങിയത്. ആദ്യ ഘട്ടമെന്ന നിലയില്‍ വില്ലകളില്‍ നിന്നും ഷെയറിങ്ങ് അക്കോമഡേഷന്‍ എന്ന ലൈസന്‍സ് ഇല്ലാ കച്ചവട പരിപാടി ഒഴിപ്പിച്ച് തുടങ്ങി. താമസം വിനാ ഫ്ലാറ്റുകളിലേക്കും ഒഴിപ്പിക്കല്‍ വ്യാപിപ്പിക്കപ്പെടും. അതായത്, തങ്ങളുടെ വരുമാനത്തിനുള്ളില്‍ നിന്ന് കൊണ്ട് വിദേശത്ത് കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയുന്നവരിലേക്ക് മാത്രമായി പ്രവാസത്തിലെ കുടുംബവിസാ സംവീധാനം ചുരുക്കപ്പെടും എന്ന് സാരം.

ലഭ്യമാക്കപ്പെടുന്ന സൌകര്യങ്ങളെ വന്‍ സാമ്പത്തിക ലാഭത്തിനായി ദുരുപയോഗപ്പെടുത്തുക എന്ന കുതന്ത്രത്തിന്റെ അനന്തരഫലാണ് ഇന്ന് പ്രവാസ ഭൂമികയില്‍ ഏര്‍പ്പെടുത്തപ്പെടുന്ന എല്ലാ നിബന്ധനകളും നിയന്ത്രണങ്ങളും എന്ന് ഒരിക്കല്‍ കൂടി ഇപ്പോഴത്തെ ഭരണകൂട നടപടികളും നമ്മേ ഓര്‍മ്മപ്പെടുത്തുന്നു!
--------------------------------
* ലിവിങ്ങ് റും.

19 comments:

അഞ്ചല്‍ക്കാരന്‍ said...

മൂന്ന് ബെഡ്‌‌റൂം ഫ്ലാറ്റാണ് ഇവിടുത്തെ കഥാപാത്രം. മൂന്ന് കിടപ്പ് മുറിയുള്ള ഒരു ഫ്ലാറ്റില്‍ എത്ര കുടുംബത്തിന് കഴിയാം?
മൂന്ന് കുടുംബത്തിന്?
നാലോ?
അഞ്ച് കുടുംബത്തിനോ?
അല്ലേ അല്ല. പത്ത് കുടുംബങ്ങള്‍ വരെ മൂന്ന് കിടപ്പ് മുറികള്‍ ഉള്ള ഒരു ഫ്ലാറ്റില്‍ ചേക്കേറുന്നു എന്നത് വിശ്വസിക്കാന്‍ കഴിയുമോ? വിശ്വസിക്കണം. എങ്ങിനെയെന്നല്ലേ?

പ്രിയ said...

അവസാനത്തെ ആ ഷെയറിങ് സ്ട്രക്ചര് ഒഴികെ മറ്റൊന്നും ഞെട്ടിച്ചില്ല (അവസാനത്തേത് സത്യമായും ഞെട്ടിച്ചു. ഭാര്യയും ഭര്ത്താവും രണ്ടു രണ്ടു ബാച്ചി അക്കോമഡേഷനില് തങ്ങുന്ന ഒരു ഫിലിപ്പിനോ സഹപ്രവര്തക എനിക്കുണ്ട്. അറിഞ്ഞതില് വിഷമം തോന്നിയത് അതായിരുന്നു. ഇതു അതിലും ഒത്തിരി വെഷമിപ്പിക്കുന്നുണ്ട് )

ഈ ഷെയറിങ് കച്ചവടം ആക്കിയ നാട്ടുകാരില് നല്ല നിലയില് ജീവിക്കുന്ന മലയാളികളും ഉണ്ട്. ഉയര്ന്ന ജോലിയുള്ള ഒരു മലയാളി അവര്ക്കു കമ്പനി അക്കോമഡേഷന് കിട്ടിയപ്പോള് പഴയ 2br ഫ്ലാറ്റ് 3 ആക്കി ഓരോ മുറിക്കും മൊത്തം ഫ്ലാറ്റ് വാടകക്ക് തുല്യമായ വാടകക്ക് കൊടുത്തിരിക്കുന്നു. ആ പഴയ ബില്ടിങ്ങില് പുതിയ ടെനന്റ്റിനു കിട്ടില്ല. അതിനാല് 2500 വച്ച് ഓരോ മുറിയിലെ താമസക്കാരും(മലയാളി -തമിള്- തെലുങ്ക് ) നല്കുന്നു.ഷെയറിങ് കിച്ചെന് ഷെയറിങ് ബാത്ത് റൂം.

ഭരണാധികാരികള് അറിയുന്നുന്ടെങ്കില്, താമസസൌകര്യത്തിന്റെ കുറവെന്ന് കരുതുന്നുവെങ്കില് അവര് ഈ വാടകയും അറിയുന്നുണ്ടാകുമല്ലോ. ഇല്ലേ? അതിനെ, അതിനെ മാത്രമല്ല വാടക കൂട്ടുന്നതിനെ പോലും കാര്യമായി നിയന്ത്രിക്കുന്നില്ല, (ഉദാഹരണം ഉണ്ട്. പുതിയ വാടക നല്കാന് തയാര് എന്കില് ആ നിമിഷം agreement ഒപ്പിടുക അല്ലെങ്കില് ഒരു മാസത്തിനുള്ളില് ഒഴിയാന് , മലയാളി അടക്കം ഉള്ള ഗുണ്ടകള് വന്നു ഭീക്ഷണി പെടുത്തിയ ആള്ക്കാരെയും അറിയാം)

ഇപ്പോഴും ഈ പുതിയ നിയന്ത്രണം വന്നത് ലൈസന്സ് ഉള്ള റിയല് എസ്റ്റേറ്റ്കാരുടെ പരാതി നിമിത്തം ആണ്.അവര്ക്കു clients കുറയുന്നു. അല്ലാതെ ഹൈജീനിക്-സെക്യൂരിറ്റി ഇഷ്യൂ കാരണം അല്ല.

(നാട്ടിലും മുംബൈ-ബാംഗ്ലൂര്- ചെന്നൈ നഗരങ്ങളില് ഇതു പോലെ ജീവിതം ഉണ്ടെന്നു ഒരിക്കല് വായിച്ചിരുന്നു. (മൊത്തം ചില്ലറയില്?) എല്ലാം ഇങ്ങനെ ഒക്കെ പോകും. നമ്മുടെ നാട് ഒന്നു പുരോഗമിക്കാന് പ്രാര്ത്ഥിക്കാം,പ്രവര്ത്തിക്കാം. എന്നിട്ട് തിരിച്ചു ചെന്നു നമുക്കു മാന്യമായി ജീവിക്കാം )

കണ്ണൂസ്‌ said...

കടുപ്പം!

ഗ്രീന്‍‌സിലും ഡിസ്ക‌വറി ഗാര്‍ഡന്‍സിലും ഒക്കെ പല ഫ്ലാറ്റുകള്‍ക്കും ആളെ കിട്ടിയിട്ടില്ല എന്നാണ്‌ ഞാന്‍ കേട്ടത്. വാടക തന്നെ കാരണം. ഒരിക്കല്‍ വാടക കുറച്ചാല്‍ വന്‍‌തുക മുടക്കി നിര്‍മ്മിക്കപ്പെടുന്ന ആഢംഭര അപ്പാര്‍ട്ട്മെന്റുകള്‍ക്ക് കക്ഷികളെ കിട്ടില്ല എന്നും അവര്‍ വിചാരിക്കുന്നുണ്ടാവണം.

വാടകയുടെ സമ്മര്‍ദ്ദം കാരണം കൊള്ളപ്പലിശക്ക് ലോണ്‍ എടുത്തായാലും സ്വന്തമായി ഒരു വീട് വാങ്ങിക്കളയാം എന്ന് അപ്പര്‍ മിഡില്‍ ക്ലാസുകാരന്‍ വിചാരിക്കുന്നതോടെ ഈ തന്ത്രം വിജയം കാണുന്നു. സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകള്‍ ഒരേ സമയ്ത്ത് വളരും.

ആവനാഴി said...

കഷ്ടം! ജീവിക്കാനുള തത്രപ്പാടുകള്‍! ഇതാണു ഒരു രാജ്യത്തൂള്ള പൌരന്‍‌മാര്‍ക്കു അതാതു രാജ്യത്തു മാന്യമായി ജീവിക്കാനുള്ള സംവിധാനമുണ്ടാകണം എന്നു പറയുന്നത്. കൃത്യമായി നികുതി പിരിച്ചു രാജ്യം വികസിപ്പിക്കാനുള്ള സംവിധാനം വേണം. അല്ലാതെ നികുതിവെട്ടിപ്പു നടത്തുക,അഴിമതി കൈക്കൂലി ഇവ തഴച്ചു വളരുക അങ്ങിനെ രാജ്യം കുട്ടിച്ചോറാക്കുക അങ്ങിനെയായാല്‍ പറ്റില്ല. ഒരു രാജ്യത്തിനു താങ്ങാന്‍ പറ്റാത്ത വിധം ജനസംഖ്യ പെരുകുന്നതിനെ കര്‍ശനമായി നിയന്തിക്കണം. അത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തി സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടേണ്ടി വന്നാല്‍ ഇടണം. ഞ്നും ഒരു പ്രവാസിയാണു. അഞ്ചല്‍ വിവരിച്ച പോലെയുള്ള വിഷമങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. പക്ഷെ ഒരു പ്രവാസിയായി ജീവിക്കുന്നതില്‍ വലിയ അഭിമാനമൊന്നും എനിക്കില്ല. എന്റെ നാട്ടില്‍ മാന്യമായി എനിക്കു ജീവിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ അതാണു ഞാന്‍ അഭിമാനമായി കാണുന്നത്.

Malayali Peringode said...

മൂന്നു നാലു ദിവസം മുന്‍പ് യു എ ഇയിലെ അജ്‌മാനില്‍ നടന്ന ഒരു സംഭവം...

അനധികൃത താമസക്കാരെ കണ്ടെത്താനുള്ള തിരച്ചിലിടയില്‍ യാദൃശ്ചികമായി ലേബര്‍ ഡിപാര്‍ട്ട് മെന്റ് ജീവനക്കാര്‍ അജ്‌മാനിലെ റാഷിദിയ എന്ന സ്ഥലത്തെ ഒരു വില്ലയില്‍ കയറി. അവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയത്രെ... അവീടുത്തെ താമസക്കാരുടെ എണ്ണം കണ്ടിട്ട്. എണ്ണം കേട്ടിട്ട് താങ്കള്‍ ഞെട്ടുമോ എന്നറിയില്ല.. ആകെ നാനൂറ് പേര്‍! കൂടാതെ ഒരു ബേക്കറിയും, അതിനു വേണ്ട ആട്ടയും മൈദയും എല്ലാം സ്റ്റോക്ക് ചെയ്യുന്നതും ഇവിടെ തന്നെ! ഒരു ബെഡിന് മൂന്ന് അവകാശികള്‍! ഉറങ്ങാന്‍ പോലും ഊഴം കാത്തു നില്‍ക്കേണ്ട അവസ്ഥ!! (മൂന്ന് ബെഡ് റൂമും ഒരു ഹാളും നാല് ബാത്ത്‌റൂമുകളും അതില്‍ തന്നെ ഒന്ന് പ്ലൈവുഡുകൊണ്ട് അടിച്ചുണ്ടാക്കിയത്! ആണിവിടെ ഉള്ള സൌകര്യം)

മെലോഡിയസ് said...

എന്റെ ദുഫായി സന്ദര്‍ശനത്തിന്റെ ആദ്യ ദിനം. എന്റെ കസിന്‍ എന്നെയും പിക്ക് ചെയ്ത് പുള്ളിക്കാരന്റെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഒന്നു കാണണം. അതൊക്കെ കണ്ടത് കൊണ്ട് അഞ്ചല്‍ എഴുതിയത് വായിച്ചിട്ട് അത്ര ഞെട്ടല്‍ വന്നില്ല. പക്ഷേ, അവസാനത്തേത് ഇച്ചിരി കടുപ്പം തന്നെയാ.

പ്രവാസി ജീവിതത്തിന്റെ തുടക്കത്തില്‍ ബാച്ചീ റൂമിലായിരുന്നു ഞാനും. അതോണ്ട് അവിടുത്തെ കാര്യങ്ങളും നല്ല പരിചയമുണ്ട്. അഞ്ചല്‍ പറഞ്ഞത് പോലെ 11 മാസം നരകയാതന അനുഭവിച്ച് അല്പം പൊങ്ങച്ചത്തിന്റെ മേമ്പൊടി ചേര്‍ത്ത് നാട്ടിലൊരു മാസം കഴിയണമല്ലോ!

ശ്രീവല്ലഭന്‍. said...

അവസാന ഭാഗം!!!

Radheyan said...

നല്ല ലേഖനം;ഷോക്കിംഗ് എന്നു പറഞ്ഞു കൂടാ.നാം എല്ലാം കണ്ടു കേട്ടുമല്ലേ ഇരിക്കുന്നത്.കുറേ കൂടി വ്യക്തമായി ഇത് അപഗ്രഥിക്കപ്പെടനമെന്ന് തോന്നുന്നു.

ഗള്‍ഫിലേക്ക് വരുന്നത് 10-12 വര്‍ഷത്തിനകം തിരികെ പോകാം എന്ന പ്രതീക്ഷയിലാണ്.പക്ഷെ ഇതൊരു രാവണന്‍ കോട്ടയാണ്.ഇനി വിസാ നീട്ടി കിട്ടില്ലെന്ന സമയമാകുമ്പോഴാണ് പലരും തിരികേ പോകുന്നത്.(നാട്ടിലെത്തി 2 വര്‍ഷത്തിനകം ആള്‍ പരലോകത്തേക്ക് വിസ കിട്ടി പോകും).

വിചാരിക്കുന്ന പോലെ തിരികേ പോവാന്‍ കഴിയാത്തത് വിചാരിച്ച പോലെ ഒന്നും മിച്ചം വെയ്ക്കാന്‍ കഴിയാത്തതു കൊണ്ണ്ടാണ്.തിരികേ പോകുമ്പോഴും ബാകിയായി ഉണ്ടാവുക അവസാ‍നമാസത്തെ ശമ്പളവും ഗ്രാറ്റുവിറ്റിയും ലീവ് സാലറി ക്രഡിറ്റില്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതും മാത്രമായിരിക്കും.

യു.എ.ഇ. ഒരു മായക്കാഴ്ച്ച മാത്രമാണ്.മിനിമം 4500 ദിര്‍ഹം ഇല്ലാതെ ഒറ്റയ്ക്കും 10000 ദിര്‍ഹമെങ്കിലും ഇല്ലാതെ കുടുംബമായും കഴിയുക പ്രയാസമായിരിക്കുന്നു.

ഒരു 4 അംഗ കുടുംബത്തിന്റെ ചിലവ് ഏതാണ്ട് ഇങ്ങനെ വരുമെന്ന് തോന്നുന്നു.
വീട്ടുചിലവ്-1200-1500,വിദ്യാഭ്യാസം-2000,മരുന്ന്-500,വാടക 3000 മുതല്‍ എത്രയും..കാര്‍ ഇന്ധനം-500,ഫോണ്‍-350,ഇതിനു പുറമേ ക്രഡിറ്റ് കാര്‍ഡില്‍ വാങ്ങുന്ന ആവശ്യമുള്ളതും ഇല്ലാത്തതുമായ ചിലവുകള്‍.

ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള സ്വാഭാവിക ബന്ധം ഇവിടെ നിലനില്‍ക്കുന്നില്ല.ഖിസൈസിലും നാദായിലും മറ്റും അനേകം കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു.അവയ്ക്ക് 80 മുതല്‍ 120 വരെ ലക്ഷം ദിര്‍ഹം വാടക ആവശ്യപ്പെടുന്നു.ആരും വരുന്നില്ല.എന്നിട്ടും വില മേലോട്ട് തന്നെ.ആരും വരാത്തതിനു കാരണം മാര്‍ക്കറ്റിനെ ബൈപ്പാസ് ചെയ്യാന്‍ ആളുകള്‍ കണ്ടുപിടിച്ച അഞ്ചല്‍ക്കാരന്‍ പറഞ്ഞ് വിവിധ സൂത്രങ്ങളാണ്.അവ സ്വാഭാവികമായി തകരുകയോ അധികാരികളാല്‍ തകര്‍ക്കപ്പെടുകയോ ചെയ്യും.

യു.എ.ഇ റിപ്പാട്ട്രിയേഷന്‍ നിയമങ്ങള്‍ ഇല്ലാത്ത രാജ്യമാണ്.ഇവിടെ സമ്പാദിക്കുന്ന പണം മുഴുവന്‍ നാട്ടിലേക്ക് കടത്തിയാലും സര്‍ക്കാറ് തടയില്ല.ആദ്യകാലങ്ങളില്‍ പണത്തിന്റെ 80 ശതമാനവും ഇങ്ങനെ കടത്തപ്പെടുകയായിരൂന്നു.ഇത് മനസ്സിലാക്കി പണം ഇവിടുത്തെ വിപണിയില്‍ നിന്നും പുറത്തു പോകാതിരിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ വ്യവസ്ഥിതി അവലംബിക്കുന്നു.അങ്ങനെയാണ് ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടിയും മറ്റും ഭരണകൂടം പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയത്.പക്ഷെ കണ്ണൂസ് പറഞ്ഞത് പോലെ വിചാരിച്ച റ്റേക്കിംഗ് ഇവയ്ക്കില്ല.ഇന്നും വീണിടം വിഷ്ണുലോകം എന്നു കരുതുന്ന ചില യൂറോപ്യന്മാര്‍ മാത്രമാണ് ഇവിടെ ഫ്ലാറ്റുകളും മറ്റും വാങ്ങുന്നത്.കൊടകരയില്‍ നിന്നും ജബല്‍ അലിക്ക് ദിനവും വന്നു പോകുന്ന മനമങ്ങും മിഴിയിങ്ങുമായ മലയാളികളെ കിട്ടിയാലേ ഈ കച്ചവടം പൊടിപൊടിക്കൂ.പക്ഷെ വളരെ ഹൈപ്പില്‍ ലോഞ്ച് ചെയ്യപ്പെട്ട റിയല്‍ എസ്റ്റേറ്റില്‍ മറുനാട്ടില്‍ നിന്നും വന്‍ തുക ലോണ്‍ എടുത്ത് നിക്ഷേപിക്കാമോ എന്ന് ആധി മലയാളിക്ക്.

20 വര്‍ഷത്തെ ഒരു നിക്ഷേപമായി ഇതിനെ കണ്ടാല്‍ കുഴപ്പമില്ല.ഇപ്പോള്‍ കൊടുക്കുന്ന വാടകയും നിക്ഷേപത്തിനൂ കരുതുന്ന തുകയും ചേര്‍ത്താല്‍ ഒരു പക്ഷെ മാസാമാസമുള്ള അടവാകുമായിരിക്കും.പക്ഷെ 20ആം വര്‍ഷമോ അതിനു മുന്‍പോ ഈ കെട്ടിടമൊക്കെ പഴകി,അത് പൊളിച്ചേക്ക് എന്ന് അധികാരികള്‍ പറഞ്ഞാല്‍........ശുഭം

(നീണ്ട കമന്റിനു മാപ്പ്)

കുഞ്ഞന്‍ said...

ഗള്‍ഫന്മാര്‍ക്കിത് ഒരു നേര്‍ക്കാഴ്ച മാത്രം..!

എന്നാലും 5ത്സ്, അവസാനം പറഞ്ഞ 10 ദിവസത്തിലൊരിക്കല്‍ എന്ന രീതി....ദൈവമേ ഞാന്‍ ഭാഗ്യവാനില്‍ ഭാഗ്യവാനാണ്.

അലിഅക്‌ബര്‍ said...

തറയിലും അവസരമുണ്ട്. വാടക കുറഞ്ഞു കിട്ടും. വൈകി വന്ന് മൊബൈല് വെളിച്ചത്തില് കിടപ്പാടം തിരയുന്നവരുടെ ചവിട്ടു കൂടുതലും

പ്രവീണ്‍ ചമ്പക്കര said...

കുറഞ്ഞ വരുമാനക്കാര്‍ക്ക് ആശ്വാ‍സം ആയിരുന്ന ഈ ഷെയറിങ്ങ് ഇതുപോലെ നശിപ്പിച്ചതും , നമ്മള്‍ മലയാ‍ളികള്‍ തന്നെ.ഗിസ്സയിസ്സ് ഏരിയയില്‍ 26 വില്ലകള്‍ വരെ എടുത്ത് കാര്‍ഡ്ബോര്‍ഡ് കൊണ്ട് മറ്ച്ച് മാസം2500 ദിര്‍ഹം വാങ്ങി- 3 മാസം കൊണ്ട് ഒരു വര്‍ഷത്തെ മുഴുവന്‍ വാ‍ടകയും കിട്ടി, പിന്നെയുള്ള 9 മാസ വാടക ലാഭം ആയി കൈയില്‍ വക്കുന്ന മലയാളിയെ എന്തു വിളിക്കണം?
പിന്നെ 5000 ദീര്‍ഹം വീട്ട് അലവന്‍സും 20000 ദിര്‍ഹം ശബളവും ഉള്ള ഒരു എഞിനിയര്‍ 10-7-5 വയസ്സുള്ള പെണ്‍കുട്ടികളുമാ‍യി, ഹോര്‍ലന്‍സില്‍, പട്ടാന്‍മാരുടെ ഇടയില്‍ ഒരു വില്ലയിലെ ഒരു റൂമില്‍ കഴിയുന്നതും കണ്ടു. ആ മലയാളിയെ എന്തു വിളിക്കണം?

കണ്ണൂസ്‌ said...

ഒന്നും വിചാരിക്കല്ലെ പ്രവീണേ. പൈസയുണ്ടാക്കുന്ന മലയാളിയെ എന്തു വിളിക്കണം എന്ന് ആലോചിച്ചിട്ട് കാര്യമൊന്നുമില്ല. കാരണം അവന്‍ ഇവിടെ നില്‍ക്കുന്നത് തന്നെ പൈസ ഉണ്ടാക്കാനാണ്‍`. അത്രയും പൈസ ശമ്പളം വാങ്ങ്നുന്ന എഞ്ചിനിയര്‍ ഇങ്ങ്നനെ ത്യാഗം സഹിച്ച് ജീവികണമെങ്കില്‍ അതിനു കാരണം അവന്‌ നോക്കാന്‍ ഒരു കുട്ംബമുള്ളതാണ്‍`. പണ്ടൊരിക്കല്‍ - ഒരു രണ്ടു കൊല്ലം മുന്‍പ് - ഞാന്‍ മലയാള വെദിയില്‍ ഒരു കണക്കെഴുതിയിരുന്നു. രണ്ടു കുട്ടികളുള്ള ഒരു കുടുംബത്തിന്‌ നാട്ടില്‍ തിരിച്ചു പോവുന്നെങ്കില്‍ സമാധാനമഅയി ജീവിക്കാന്‍ എഴുപത് ലക്ഷം രൂപ നീക്കിയിരുപ്പ് വേണം എന്ന് കാണീച്ച്. അന്ന് ദേവന്‍ ഉള്‍പ്പടെയുള്ളവര്‍ എന്നെ ചീത്ത പറഞ്ഞു. ഇന്ന് പറയുന്നു, രണ്ട് കുട്ടികളുള്ള ഒരാള്‍ക്ക് ധൈര്യമായി നാട്ടിലേക്ക് തിരിച്ചു പോണമെങ്കില്‍ അയാള്‍ക്ക് 1.2 കോടിയുടെ സമ്പാദ്യം എങ്കിലും വേണം. കണക്കു തരാം. അതു വേണമെങ്കില്‍ പിന്നെ 25000 dhs (അമേരിക്കക്കാര്‍ ശ്രദ്ധിക്കുക, ഗള്‍ഫിലെ ഈ ടാക്സ്‌ഫ്രീ ശമ്പളത്തിനു തുല്യമാവണമെങ്കില്‍ അമേരിക്കയില്‍ 140K US $ എങ്കിലും കിട്ടണം.) ശമ്പളമുള്ളവനും അങ്ങിനെയൊക്കെ ജീവിക്കേണ്ടി വരും.

അടുത്ത തലമുറയെങ്കിലും ഈ പണ്ടാരടങ്ങിയ ഫോര്‍മുലകളില്‍ നിന്ന് വെളിയില്‍ വന്നെങ്കില്‍!

പ്രവീണ്‍ ചമ്പക്കര said...

എന്റെ കണ്ണൂസേ..അങ്ങനെ ജീവിക്കണ്ട് ഒരുവന്‍ ആണേല്‍ ഞാന്‍ അങ്ങു സമ്മതിച്ചേനേ..ഇടുക്കി ജില്ലയില്‍ കുറെ റബ്ബര്‍ തോട്ടവും ഒരു നല്ല 2 നില വീടും, നാട്ടില്‍ ഹൌസിങ് ബോര്‍ഡില്‍ ജോലിയും ഉള്ള ഒരു വിരുതന്‍ ആണ്. അവന്‍ എങ്ങനെ വേണേല്‍ താമസിച്ചോട്ടെ. ആ കുടുംബത്തെ കൂറിച്ച് ഓര്‍ക്കുക.. അല്ലേല്‍ അവരെ പറ്റി ഞാന്‍ എന്തിനാ ഓര്‍ക്കുന്നേ? അല്ലേ?
അല്പം കൂടി. ട്രാന്‍സ്പോര്‍ടേഷന്‍ അലവന്‍സ് മേടിക്കുന്ന കക്ഷി സ്ഥിരമായി കംബനി ബസ്സില്‍ തൊഴിലാളികളോടൊപ്പം ചെന്നു ഇറങ്ങുന്ന ക്കണ്ടപ്പോള്‍ എതെങ്കിലും ഒന്നേ നടക്കൂ എന്നു കബനി പറഞ്ഞൂ. അതിനു ശേഷം ആണ് ഒരു പട്ടാന് പൈസ കോടുക്കാന്‍ തുടങ്ങിയത്. എതായാലും 10 ഫാമിലി താമസിക്കുന്ന ആ 3 റൂം ഫ്ലാറ്റിന്റെ നബര്‍ ഒന്നു കിട്ടിയിരുന്നേല്‍ പുള്ളീക്ക് ഞാന്‍ കൊടുത്തേനേ...ഇപ്പോല്‍ കൊടുക്കുന്ന 2500 ല്‍ കുറവ് കിട്ടിയാല്‍ നല്ലതല്ലേ?

ആവനാഴി said...

അല്ല, സത്യത്തില്‍ എന്തിനാണു ഇങ്ങനെ ചിലര്‍ ഭാര്യയേയും മക്കളേയും ദുബായില്‍ കൊണ്ടു വന്നു ഈ നരകയാതന അനുഭവിപ്പിക്കുന്നത്? “ഓ അവനങ്ങു ദുബായിലാ, ഫാമിലി സഹിതം” എന്നു നാട്ടില്‍ ബഡായി പറയാനല്ലേ എന്നു തോന്നിപ്പോകുന്നു.ഇതു മൂലം വള്ളരെയധികം വിഷമിക്കുന്നത് കുട്ടികളാണു. ഈ അന്തരീക്ഷത്തില്‍ അവര്‍ മുരടിച്ച ഇടുങ്ങിയ മനസ്സുകള്‍ക്കുടമകളായി വളരുന്നു. ഭാര്യയേയും മക്കളേയും നാട്ടില്‍ നിര്‍ത്തിയാല്‍ നാട്ടില്‍ കുറെ കാശയച്ചു കൊടുക്കാന്‍ സാധിക്കുമല്ലോ. അവര്‍ക്ക്കു ഈ ദുരിത്തം അനുഭവീക്കതെ ജ്ജീവിക്കാമല്ലോ.

ഇതു കയ്യിലെ കാശു മുഴുവന്‍ നഷ്ടം, ദുരിത ജീവിതവും. മലയാളി എന്നാണാ‍വോ നന്നാവുക? ജാഡ പറച്ചില്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുനിടത്തോളം അവനിങ്ങനെ നരകിച്ചു ജീവിക്കും!

പ്രിയ said...
This comment has been removed by the author.
പ്രിയ said...

ആവനാഴി, താങ്കള്‍ എന്നെങ്കിലും സ്വന്തം കുടുംബത്തെ പിരിഞ്ഞു ജീവിച്ചിട്ടുണ്ടോ? വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു മാസത്തെ അവധിക്ക് ഒരു വിരുന്നുകാരനെപ്പോലെ വരുന്ന അച്ഛനെ അറിഞ്ഞിട്ടുണ്ടോ?
ഞാന്‍ അറിഞ്ഞിട്ടുള്ളതിനാല്‍ താങ്കള്‍ പറഞ്ഞതിനെ ഞാന്‍ ഒരിക്കലും പിന്താങ്ങില്ല.

ഗള്‍ഫില്‍ നിന്നു അച്ഛന്‍ അയക്കുന്ന പണം കൊണ്ടു മോടി കാണിച്ചു ജീവിതമേ നഷ്ടപ്പെടുത്തുന്ന കൌമാരങ്ങളും താങ്കള്‍ നമ്മുടെ നാട്ടില്‍ കണ്ടിട്ടില്ലേ? അതാണോ നല്ലത് അതോ ഇല്ലായ്മയില്‍ അതറിഞ്ഞു, അച്ഛനേയും അമ്മയെയും കണ്ടു വളരുന്ന ബാല്യമോ?

ഇപ്പോഴും ഞാന്‍ പറയും (അല്ലെങ്കില്‍ ആഗ്രഹിക്കും)എല്ലാവരുടെയും കുടുംബം എന്നും അവരുടെ അടുത്തുണ്ടാകണം എന്ന്.വെറും ജാഡക്കപ്പുറം നഷ്ടപെടുന്ന ജീവിതനിമിഷങ്ങള്‍ ഒരിക്കലും പിന്നെ കിട്ടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു ചങ്ങാതി.

ആവനാഴി said...

പ്രിയേ,

തീര്‍ച്ചയായും ഭാര്യയും ഭര്‍ത്താവും മക്കളും ഒന്നിച്ചു ജീവിക്കുന്നതു തന്നെയാണു നല്ലത്. പക്ഷെ അഞ്ചല്‍ പറഞ്ഞതുപോലെ മൂന്നു ബെഡ്രൂമുകളും അതിലൊന്നു മണിയറയും പിന്നെ രണ്ടു മുറികളില്‍ ആണുങ്ങള്‍ ഒരു പറ്റം മറ്റേതില്‍ പെണ്ണുങ്ങള്‍ ഒരു പറ്റം കൂടെ കുഞ്ഞുങ്ങളും... ഇതിലും അഭികാമ്യം എന്തുകൊണ്ടും ഭാര്യയേയും മക്കളേയും നാട്ടില്‍ നിര്‍ത്തി ഭര്‍ത്താവു കൊല്ലത്തില്‍ ഒന്നു രണ്ടു തവണ നാട്ടില്‍ പോകുന്നതു തന്നെയായിരീക്കൂം എന്നു ഞാന്‍ വിശ്വസിക്കുന്നു.

എനിക്ക് ഒറ്റക്കു താമസിക്കേണ്ടി വന്നിട്ടില്ല. എന്നു വച്ചു മറ്റുള്ളവരുടെ പ്രയാസങ്ങള്‍‍ക്കു നേരെ ഞാന്‍ കണ്ണടക്കുകയല്ല എന്നു പറഞ്ഞു കൊള്ളട്ടെ.

അഞ്ചല്‍ പറഞ്ഞ സാഹചര്യത്തില്‍ എന്തു മനോവികാസമാണു ആ കുട്ടികള്‍ക്കു ലഭിക്കുന്നത്?

പിന്നെ മാതാപിതാക്കള്‍ തമ്മില്‍ നല്ല ധാരണ വേണം. അല്ലെങ്കില്‍ രണ്ടിടത്തായി താമസിക്കുന്നത് ബുദ്ധിമുട്ടാകും.

ശ്രീ said...

പ്രവാസികള്‍ എന്തെല്ലാം അനുഭവിയ്ക്കുന്നു...

Manikandan said...

ചിന്തയിൽ അനിൽശ്രീയുടെ “താ‍മസ സൗകര്യം ഇല്ലാത്ത നഗരം - അബുദാബി“ എന്ന ബ്ലോഗിൽ നിന്നുമാണ് ഞാൻ ഇവിടെയെത്തിയത്. പ്രവാസി ജീവിതത്തിന്റെ ദുരിതങ്ങളുടെ ഒരു നേർചിത്രം വരച്ചുകാണിച്ച നിങ്ങൾ എല്ലാവർക്കും വളരെ നന്ദി. അഞ്ചൽക്കാരൻ, അനിൽശ്രീ, അനോണി ആന്റണി. മൂന്നു ബ്ലോഗുകളും അതിൽ വന്ന മുഴുവൻ അഭിപ്രായവും ഞാൻ ഒറ്റ ഇരുപ്പിൽ വായിച്ചുതീർത്തു. ശരിക്കും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഞാൻ നാട്ടിൽ തന്നെയാണ്. എന്നാൽ എന്റെ അനുജൻ ഉൾപ്പെടെ നിരധി ബന്ധുക്കളും സുഹൃത്തുക്കളും പ്രവാസികളായി ഗൾഫ് നാടുകളിൽ ഉണ്ട്. അവരാരും ഇത്തരം ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടില്ല. എന്റെ സഹോദരനും ദുബായിയിൽ ആണ് ജോലിചെയ്യുന്നത്, താമസം ഷാർജയിലും. അവൻ ഒരിക്കലും ഇത്തരം ബുദ്ധിമുട്ടുകളെപ്പറ്റി പറഞ്ഞിട്ടില്ല. ഇപ്പോൾ അവൻ ലീവിൽ വീട്ടിലുണ്ട്. നാളെ രാവിലെ ചോദിക്കണം. ഇതെല്ലാം വായിച്ചപ്പോൾ വളരെ വിഷമം തോന്നി.