Saturday, July 05, 2008

മലയാളത്തില്‍ പരീക്ഷയെഴുതിയ ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടി.

“ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടിയ്ക്കെന്താ മലയാളത്തില്‍ പരീക്ഷയെഴുതി കൂടെ?”
ചോദ്യം ഉമ്മന്‍ചാണ്ടി സാറിന്റെ സ്വന്തം തറവാട്ടു വക സ്കൂളിലെ സ്വന്തം പ്രധാനാദ്ധ്യാപികയുടേതാണ്.

ചാണ്ടി സാറിന്റെ പുതുപള്ളിയിലുള്ള തറവാട്ടു സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്നും “സാത്താന്റെ പാഠപുസ്തകം” തിരിച്ചു വാങ്ങിയത് ഒരു ഇടതു പക്ഷ രക്ഷാകര്‍ത്താവിന് തീരെ സുഖിച്ചില്ല. അതിയാന്‍ പരാതിയുമായി കാണേണ്ടവരെ കാണേണ്ടുന്ന രീതിയില്‍ കണ്ടു.

ഉത്തരവാദപ്പെട്ടവര്‍ സ്കൂളിലെത്തി വിവരങ്ങള്‍ തിരക്കിയപ്പോള്‍ സ്കൂള്‍ അധികൃതരുടെ ഭാഗം തികച്ചും ന്യായം:

“ആ കുട്ടി ഇംഗ്ലീഷ് മീഡിയത്തിലാണ്. ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകം തെറ്റി കൊടുത്തതാണ്. അത് തിരിച്ച് വാങ്ങിയെന്നേയുള്ളൂ‍....”
ഹോ എന്നാ വിനയം!

അപ്പോള്‍ പിന്നെ കുട്ടി കഴിഞ്ഞ ടേമില്‍ പരീക്ഷയെഴുതിയത് മലയാളത്തിലാണല്ലോയെന്നായി പത്രക്കാര്‍.

അതിന് മറുപടിയായിട്ടാണ് ചാണ്ടി സാറിന്റെ സ്വന്തം തറവാട്ടു സ്കൂളിലെ സ്വന്തം പ്രധാനാദ്ധ്യാപിക തുള്ളിതെറിച്ചുകൊണ്ട് ഇങ്ങിനെ തൊള്ള തുറന്നത്.

“കോളേജില്‍ വരെ മലയാളത്തില്‍ പരീക്ഷയെഴുതാം. പിന്നാണോ ഏഴാം ക്ലാസില്‍? ആദ്യം പോയി നിയമം പഠിച്ചിട്ട് വാടോ...”

മലയാളം മീഡിയത്തില്‍ പഠിയ്ക്കുന്ന തന്റെ കുട്ടി ഒറ്റ ദിനം കൊണ്ട് ഇംഗ്ലീഷ് മീഡിയത്തിലേയ്ക്ക് ഉടലോടെ ഉയര്‍ത്തപ്പെട്ടതറിഞ്ഞ രക്ഷാകര്‍ത്താവ് കണ്ണും മിഴിച്ച് നിന്ന കാഴ്ചയാണ് “സാത്താന്റെ പാഠപുസ്തക” വിവാദത്തിലെ ഏറ്റവും പുതിയ കൌതുകം.

ഏഴാം ക്ലാസിലെ സാമൂഹ്യപാഠം കുട്ടികളില്‍ നിന്നും തിരിച്ചു വാങ്ങിയെന്ന തെറ്റിനെ ന്യായീകരിയ്ക്കാന്‍ ഉളിപ്പേതുമില്ലാതെ കുട്ടിയെ സംബന്ധിച്ച പച്ചകള്ളം ദൃശ്യമാധ്യമങ്ങളിലൂടെ വിളിച്ച് പറയാന്‍ മടിയില്ലാത്ത ആയമ്മ, ഉമ്മന്‍ചാണ്ടി സാറിന്റെ തറവാട്ടു സ്കൂളിന് ഏറ്റവും അനുയോജ്യയായ പ്രധാനാദ്ധ്യാപിക തന്നെ.

അക്ഷരങ്ങളെ അഗ്നിക്കിരയാക്കാന്‍ അക്ഷരവിരോധികള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുന്ന പ്രതിപക്ഷ നേതാവിന്റെ കളരിയും ഒരു വേള തറവാട്ടു വക സ്കൂളു തന്നെയായിരുന്നിരിയ്ക്കണമല്ലോ?

8 comments:

അഞ്ചല്‍ക്കാരന്‍ said...

പാവം കുട്ടി. ഇരുട്ടി വെളുത്തപ്പോള്‍ ഇംഗ്ലീഷ് മീഡിയത്തില്‍. ഇത് ഉമ്മന്‍ ചാണ്ടി സാറിന്റെ തറവാട്ടു വക സ്കൂളിലെ മാജിക്!

മലമൂടന്‍ മരമണ്ടന്‍ said...
This comment has been removed by the author.
മലമൂടന്‍ മരമണ്ടന്‍ said...

അഞ്ചല്‍ക്കാര..... ഉപ്പു കൂട്ടി അന്നം കയിക്കണ
ആ‍യമ്മ ഉണ്ടചോറിന് നന്ദി കാട്ടിയാല്‍ കുറ്റം പറയാമോ? എന്തായായും ക്യാപ്പിറ്റേഷനില്ലാതെ ചുളുവില്‍ ഒരു ഇംങ്കളീസ് മീഡിയം അഡ്മിസന്‍ തരപ്പെട്ടില്ലേ! ഈശ്വരോ രക്ഷതു!

Ajith Pantheeradi said...

ഒരു ദിവസം കൊണ്ട് മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തിലെത്തിയ മാജിക്കിനു ശേഷം കുട്ടി പടിക്കു പുറത്തു നില്‍ക്കുന്ന മാജിക്കായിരിക്കും അടുത്തത്..

ചാണക്യന്‍ said...

പാവം ഉമ്മന്‍ചാണ്ടി, ഇതിന്റെ പേരില്‍ ആ സ്കൂളു പൂട്ടിയാല്‍ അങ്ങേര്‍ക്ക് കഞ്ഞിക്കുള്ള അരി വാങ്ങാന്‍ കഴിയില്ല....
ഉമ്മഞ്ചാണ്ടി കുഞ്ഞാടിന് നല്ലിടയന്മാരെ അനുസരിക്കുകയെ വഴിയുള്ളൂ...
വിട്ടുകള മാഷെ അങ്ങേര്‍ ഇങ്ങനെയെങ്കിലും ജീവിച്ചോട്ടെ...

അടകോടന്‍ said...

ഭരണം ഏതായാലും കലക്കന്‍ ...
ഈ കലക്കന്‍ പുസ്തകം പഠിച്ചാല്‍ നാടൊന്ന് കലക്കും
പുസ്തക വിവാദവും കലക്കട്ടെ..
ഈ കലക്കവെള്ളത്തില്‍ മീന്‍ കിട്ടുവോ ആവോ.....

യാരിദ്‌|~|Yarid said...

അരമനയുടെ ഉള്ളിലിരുന്ന്, കല്പനകള്‍ പുറപ്പെടുവിക്കുന്ന നല്ലിടയന്മാരെ അനുസരിച്ചുള്ള ശീലമെ ചാണ്ടിച്ചായനുള്ളു.ആ ചാണ്ടിച്ചായനെ അനുസരിച്ചുള്ള ശീലമെ ചാണ്ടിച്ചായന്റെ സ്കൂളിലെ അധ്യാപികക്കുമുള്ളു, അപ്പോള്‍ ഇങ്ങനെയല്ലാതെ എങ്ങനെ വേണമെന്നാണ് പിന്നെ പറയുന്നത്..;)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അഞ്ചല്‍ക്കാരാ... ടീ.വി. ക്യാമറകള്‍ക്ക് നന്ദി പറയാതിരിക്കാന്‍ വയ്യ, തുള്ളിത്തെറിക്കുന്ന, തിന്ന ചോറിനു കൂറുകാണിക്കാന്‍ മത്രം പഠിച്ച ഒരു പ്രധാന‍ അധ്യാപികയെക്കാണിച്ചതിന്. ‘തറവാട്ട് സ്കൂളിന് അനുയോജ്യയായ അധ്യാപിക‘ എന്ന താങ്കളുടെ വിശേഷണം തികച്ചും അനുയോജ്യമായിട്ടുണ്ട്. ഏതായാലും ഈയടുത്ത കാലത്തു കണ്ട പ്രതിഷേധങ്ങളില്‍ വച്ച് ഏറ്റവും ഹീനമായ പ്രവൃത്തിയായി പാഠപുസ്തകങ്ങളെ തീയിലിട്ടു ചുട്ട സംഭവങ്ങളെ കാണേണ്ടതുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ആ ഒരൊറ്റ കാരണം മാത്രം മതി അതിനു പിറകില്‍ ഉത്തേജകങ്ങളായി പ്രവര്‍ത്തിച്ചവരോടുള്ള ആദരവു മുഴുവന്‍ നഷ്ടമാകുവാന്‍.