Thursday, October 08, 2009

ജനാധിപത്യത്തിലെ ദുര്‍വ്യയങ്ങള്‍.

ഉപതിരഞ്ഞെടുപ്പിന്റെ കേളി കൊട്ടുയര്‍ന്നു കഴിഞ്ഞു. സുധാകരന്‍ കൂടുവിട്ട കണ്ണൂരും കേ.സീ.വേണുഗോപാല്‍ എം.പിയായപ്പോള്‍ അനാഥമായ ആലപ്പുഴയും കെ.വീ.തോമസ് കേന്ദ്രമന്ത്രിയാകാന്‍ കച്ചമുറുക്കിയപ്പോള്‍ അരോരുമില്ലാതായ എറണാകുളവും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്നു. തിരഞ്ഞെടുപ്പ് യോഗങ്ങള്‍, ഗോ..ഗോവിളികള്‍, കൊട്ടേഷന്‍ സംഘങ്ങള്‍, പാ‍ളയത്തില്‍ പട, വിഴുപ്പലക്കല്‍, കൊല, കൊള്ളിവെപ്പ്, അലമുറയിട്ട് തലങ്ങും വിലങ്ങും ഇടതടവില്ലാതോടുന്ന പ്രചരണ വാഹനങ്ങള്‍....ഇതിനിടയില്‍ ജീവന്‍ വാരിപ്പിടിച്ച് പണിയെടുക്കേണ്ടി വരുന്ന ഇലക്ഷന്‍ വേലയ്ക്ക് നിയോഗിയ്ക്കപ്പെടുന്ന പാവം സര്‍ക്കാര്‍ ജീവനക്കാര്‍...

തുലയാന്‍ പോകുന്ന കോടികള്‍ക്ക് കണക്കേതേലും ഉണ്ടോ - വെളുപ്പായിട്ടും കറുപ്പായിട്ടും? സര്‍ക്കാര്‍ സംവീധാനങ്ങള്‍ ഒഴുക്കേണ്ടി വരുന്ന പണം ഒരു വഴിയ്ക്ക്, സ്ഥാനാര്‍ത്ഥികള്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കത്തിച്ചു കളയുന്ന കോടികള്‍ മറുവഴിയ്ക്ക്. മുക്കിനും മുട്ടിനും നാട്ടുന്ന ഫ്ലക്സ് ബോര്‍ഡ് ഒന്നിനു നല്‍കുന്ന പണമുണ്ടേല്‍ ഒരു കുടുംബം ഒരുമാസം അല്ലലില്ലാതെ ജീവിയ്ക്കും!

ഒരു നിയമസഭാ തിരഞ്ഞെടുപ്പിനു സര്‍ക്കാര്‍ സംവീധാനങ്ങള്‍ ചിലവിടുന്നത് ഏറ്റവും കുറഞ്ഞത് നാല്പത് ലക്ഷം രൂപയാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും ഒരു ജനപ്രതിനിധിയെ വിരിയിച്ചെടുക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ചിലവിടുന്ന തുക മാത്രമാണിത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് പരമാവധി ചിലവഴിയ്ക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിരിയ്ക്കുന്ന തുക പതിനഞ്ചു ലക്ഷം. മുഖ്യ കക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ ഒരു തിരഞ്ഞെടുപ്പില്‍ ഒരിയ്ക്കലും ഇലക്ഷന്‍ കമ്മീഷന്റെ വരുതിയില്‍ നിന്നു ചിലവഴിച്ചല്ല മത്സരിയ്ക്കുന്നത്. ഇരുപത് ദിവസത്തെ പ്രചാരണത്തിനു ഒരു ദിവസം ഏറ്റവും കുറഞ്ഞത് പത്ത് ലക്ഷം വെച്ചെങ്കിലും പ്രധാന കക്ഷികള്‍ ചിലവിടും എന്നത് സമീപകാല തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പോസ്റ്റര്‍, നോട്ടീസ്, മൈക്ക് സെറ്റ് കെട്ടിവെച്ച വാഹനങ്ങള്‍ക്ക് ഉള്ള വാടക, ഇന്ധനം, ചുവരെഴുത്ത്, ഫ്ലക്സ് ബോര്‍ഡ്, മദ്യം, സ്ഥാനാര്‍ത്ഥിക്കും പരിവാരങ്ങള്‍ക്കും സഞ്ചരിയ്ക്കാനുള്ള വാഹനങ്ങള്‍ക്കുള്ള വാടക, അതിനു വേണ്ടുന്ന ഇന്ധനം, ഭക്ഷണം, പിന്നെ വോട്ടിനു പകരം നോട്ട്... എല്ലാം കൂടി പ്രധാനപ്പെട്ട മുന്ന് കക്ഷികളുടെ ഒരു ദിവസത്തെ ചിലവ് മുപ്പത് ലക്ഷം! അങ്ങിനെ ഇരുപത് ദിവസം എന്നാല്‍ ആറു കോടി രൂപ!

സര്‍ക്കാര്‍ സംവീധാനം ചിലവിടുന്ന അരക്കോടി വെളുപ്പും മുഖ്യ സ്ഥാനാര്‍ത്ഥികള്‍ ചിലവിടുന്ന ആറു കോടി കറുപ്പും വെളുപ്പും കൂടി ചേര്‍ന്നാല്‍ ആവിയാകുന്നത് ഏറ്റവും കുറഞ്ഞത് ആറര കോടി. കൂട്ടത്തില്‍ ഈര്‍ക്കിലി പാര്‍ട്ടികളും സ്വതന്ത്രന്മാരും ചിലവിടുന്ന ചില്ലറയും കൂടി ചേര്‍ത്താല്‍ പത്തു കോടിയെലെത്തുമെന്ന് ചുരുക്കം. അതായത് ഒരു അസംബ്ലി തിരഞ്ഞെടുപ്പിനു ഒരു മണ്ഡലത്തില്‍ പുകഞ്ഞ് പോകുന്നത് രൂപ പത്ത് കോടി.

അങ്ങിനെ മൂന്ന് മണ്ഡലങ്ങള്‍. കണ്ണൂ‍ര്‍, എറണാകുളം, ആലപ്പുഴ.

അഞ്ചു വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിയ്ക്കാന്‍ മൂന്ന് വര്‍ഷം മുന്നേ മൂന്ന് പ്രതിനിധികളെ മുപ്പത് കോടി ചിലവിട്ട് ജനം തിരഞ്ഞെടുത്ത് വിട്ട മണ്ഡലങ്ങള്‍. അഞ്ചു വര്‍ഷത്തെ സേവനത്തിനു ഉത്തരവാദിത്തം ഏറ്റെടുത്തവര്‍ പാതി വഴിയ്ക്ക് മണ്ഡലത്തെ കൈവിട്ട് ലോകസഭയിലേയ്ക്ക് മത്സരിച്ചു ജയിച്ചു. മറ്റൊരു തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചവര്‍ തങ്ങളുടെ മണ്ഡലം അനാഥമാക്കിയതിനു ഉത്തരവാദികള്‍ പൊതുജനമല്ല. അതിന്റെ ഉത്തരവാദിത്തം ഒരോ നിയമസഭാ മണ്ഡലത്തിലും മത്സരിച്ച് ജയിച്ചിട്ട് മറ്റൊരു തട്ടകത്തിനു വേണ്ടി മണ്ഡലത്തെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ജനപ്രതിനിധികളും അതിനു പ്രേരണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുമാണ്. പക്ഷേ ആ കൂടുമാറ്റത്തിനു വേണ്ടി വരുന്ന ദുര്‍വ്യയത്തിന്റെ ഭാരം ചുമക്കേണ്ടി വരുന്നത് പൊതുജനവും! എന്തെന്നാല്‍ വീണ്ടും ഒരു മുപ്പത് കോടി പുകയ്ക്കേണ്ടി വരും പൊതുജനത്തിനു മൂന്ന് പ്രതിനിധികളെ അടവെച്ച് വിരിയിച്ചെടുത്ത് നിയമസഭയിലേയ്ക്ക് അയയ്ക്കാന്‍ - ബാക്കിയാവുന്ന ഒന്നേ ഒന്നര വര്‍ഷത്തേയ്ക്ക് മാത്രം.

ഒന്നരവര്‍ഷത്തിനു ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിയ്ക്കാന്‍ പോകുന്ന മറ്റൊരു ദുരന്തം ഇപ്പോള്‍ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മഹാരഥന്മാരില്‍ ചിലര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് വീണ്ടും ലോകസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് കളം ഒരുക്കും എന്നുള്ളതാണ്. ജനത്തിന്റെ സ്വസ്ഥ ജീവിതം എപ്പോഴും ഞാണിന്മേല്‍ തന്നെയെന്നു ചുരുക്കം.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നും പിന്‍‌വലിപ്പിച്ച് വീണ്ടും മറ്റൊരു സഭയിലേയ്ക്ക് മത്സരിപ്പിക്കേണ്ടി വരുന്നത്ര ശുഷ്കമാണോ നമ്മുടെ പൊതുപ്രവര്‍ത്തകരുടെ നിര? അല്ലേ അല്ല. ഉപജാപങ്ങളുടേയും അമിതാധികാര മോഹങ്ങളുടേയും അനന്തരഫലമാണ് ഇമ്മാതിരി കൊള്ളരുതായ്മകള്‍. അതിനു വളം വെച്ചു കൊടുക്കുന്നതാണ് നമ്മുടെ ജനപ്രാതിനിധ്യ ചട്ടങ്ങളും.

ഒരിയ്ക്കല്‍ ഒരു വ്യക്തി ഒരു ജനപ്രതിനിധി സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ ഭരണ കാലാവധിയ്ക്കിടയ്ക്ക് വരുന്ന മറ്റൊരു സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുന്ന ഇന്നത്തെ ജനപ്രാതിനിധ്യ ചട്ടങ്ങളില്‍ സമൂലമായ മാറ്റം അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സഭകളില്‍ തങ്ങളില്‍ നിക്ഷിപ്തമായിരിയ്ക്കുന്ന കര്‍ത്തവ്യം നിര്‍വഹിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ട കാലഘട്ടം മുഴുവനും അതാതു തട്ടകങ്ങളില്‍ തന്നെ ചിലവിടാന്‍ പ്രതിനിധികള്‍ നിര്‍ബന്ധിതരാകണം. അതല്ലാതെ ഇഷ്ടമുള്ളപ്പോള്‍ പടം ഊരിയെറിഞ്ഞ് പുതിയത് വലിച്ച് കയറ്റാന്‍ കഴിയുന്ന ഇന്നത്തെ രീതി ഒരു ജനാധിപത്യ സംവീധാനത്തിനു ഒട്ടും അനുഗുണം അല്ല തന്നെ. ഒരു പ്രതിനിധിയുടെ മരണത്തോടെ അനാഥമാകുന്ന മണ്ഡലങ്ങളുടെ കാര്യം വ്യത്യസ്ഥമാണ്-എന്തെന്നാല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് മരണമേ നീ ഞങ്ങളുടെ പ്രതിനിധിയെ കടന്നു പിടിയ്ക്കരുതേ എന്നൊന്നും പറയാന്‍ കഴിയില്ലല്ലോ?

ഇന്നി അഥവാ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് തന്റെ കര്‍ത്തവ്യ കാലഘട്ടത്തിനിടയ്ക്ക് കടന്നു വരുന്ന പുതിയ തിരഞ്ഞെടുപ്പുകളില്‍ മത്സരിയ്ക്കണം എന്ന മുട്ടലുണ്ടായാല്‍ അയാള്‍ തിരഞ്ഞെടുക്കപ്പെട്ട ഇലക്ഷനില്‍ ചിലവഴിയ്ക്കപ്പെട്ട മുഴുവന്‍ തുകയും സര്‍ക്കാര്‍ ഖജനാവില്‍ അടയ്ക്കാന്‍ ബാധ്യസ്ഥനാകണം. പ്രതിഭയുള്ള യുവാക്കളും നേതാക്കളും ഒട്ടും കുറവല്ലാത്ത നമ്മുടെ നാട്ടില്‍ പുതിയവര്‍ക്ക് അവസരം ലഭിയ്ക്കാനും, കൂടുവിട്ട് കൂട് മാറ്റം നടത്തുന്ന നേതാക്കന്മാരെയും അതിനു ഒത്താശ്ശ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളേയും കൂടുമാറ്റം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിയ്ക്കാനും അതേയുള്ളൂ‍ മാര്‍ഗ്ഗം.

6 comments:

ജിവി/JiVi said...

കണ്ണൂരില്‍ കെ സുധാകരനും ആലപ്പുഴയില്‍ വേണുഗോപാലും എറണാകുളത്ത് തോമസ്മാഷും തന്നെ മത്സരിക്കട്ടെ. വേറെ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ എന്താണ്? അപ്പോള്‍ അവര്‍ക്ക് എം പി സ്ഥാനം രാജിവെക്കേണ്ടിവരും. പിന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പായി. അപ്പോഴും ഒത്തുതീര്‍പ്പ് എന്നനിലയില്‍ ഇവര്‍ തന്നെ മത്സരിക്കട്ടെ. പിന്നെ നിയമസഭാ ഉപതെരെഞ്ഞെടുപ്പായി....

ഉറുമ്പ്‌ /ANT said...

നന്നായി പറഞ്ഞിരിക്കുന്നു അഞ്ചൽ‌കാരൻ.
മിതമായ ഭാഷ.
പഴയ ബൂലോക വിചാരം കളഞ്ഞോ?

Anonymous said...

@ ജിവി

:)

പോസ്റ്റിടുക, അതില്‍ സ്വയം കമന്റിടുക, ആ കമന്റ് പോസ്റ്റാക്കുക, പിന്നെ അതില്‍ ഒരു കമന്റിടുക, അത് പോസ്റ്റാക്കുക,പിന്നെ കമന്റിടുക...

അങ്ങിനെ ചെയ്യുന്ന ഒരാള്‍ക്കിട്ടല്ലേ കൊട്ട്? :):)

(ഓഫിനു സോറി അഞ്ചല്‍ക്കാരാ)

ജിവി/JiVi said...

എന്റെ അനോണീ, അതാരാ? അങ്ങനെയൊരാളുണ്ടോ?

കൊട്ടിയത് കോണ്‍ഗ്രസ്സിനിട്ട്, എനിക്ക് കഴിയാവുന്നത്രയും ശക്തിയായിട്ട് തന്നെ. എന്നാലും തീരെ ദുര്‍ബലമായിപ്പോയി, നാണക്കേട്.

അങ്കിള്‍ said...

അഞ്ചൽക്കാരൻ,

കക്ഷി രാഷ്ട്രീയം മാത്രം നോക്കി വോട്ട് നൽകാത്ത നല്ലൊരു ശതമാനം ജനങ്ങൾ ഈ പറഞ്ഞ നിയോജകമണ്ടലങ്ങളിലെല്ലാം ഉണ്ട്. ചിലപ്പോൾ അവർ നിർണ്ണായക ഘടകം ആകാറുമുണ്ട്, തിരുവനന്തപുരം പോലെ. ഈ തെരഞ്ഞെടുപ്പിനു ഉത്തരവാദി ആരെന്ന് അവർ ചിന്തിക്കാതിരിക്കില്ല. കോടിക്കണക്കിനു നികുതിപ്പണം ചെലവിടേണ്ടി വരുന്ന ഒഴിവാക്കാമായിരുന്ന ഈ പ്രക്രിയക്ക് ഉത്തരവാദികളായ് രാഷ്ട്രീയ നേതൃത്തിനെതിരെ ബാലറ്റ് പെട്ടിയിലൂടെ അവർ തിരിച്ചടിക്കാതിരിക്കില്ല, തീർച്ച.

അല്ലേലും ഈ മൂന്നു സ്ഥലത്തും യു.ഡി.ഏഫിനെ ജയിപ്പിച്ചിട്ട് വരുന്ന ഒന്നര കൊല്ലം ഇവിടെ ഒന്നും നേടാനില്ലെന്നു അറിയാത്തവരല്ല, നമ്മുടെ വോട്ടർമാർ. മൂന്നിടത്തും യു.ഡി.എഫ് തോറ്റാൽ മാത്രമേ, കഴിഞ്ഞ തവണ അവരെ ജയിപ്പിച്ച സമ്മതിദായകരുടെ മുഖത്തൊഴിച്ച കരിവെള്ളം മാറുകയുള്ളൂ.

ഷൈജൻ കാക്കര said...

പണ്ടാരോ പറഞ്ഞതു പോലെ, ഇലക്ഷൻ ആണ്‌ ജനാധിപത്യത്തിന്റെ അടിത്തറ (അടിവസ്ത്രം). അപ്പോൾ പിന്നെ അടിവസ്ത്രം ഇല്ലാതെ എന്തു.... രണ്ട്‌ അടിവസ്ത്രം ഒരുമിച്ചു അലക്കി എടുത്തിട്ടുള്ള മദാമ (കടപാട്‌ - മുരളി) (ബെല്ലാരി), ലീടർജി (നേമം), പിന്നെ അടിവസ്ത്രത്തിന്റെ മൊത്ത കച്ചവടക്കാർ ആയ വടക്കൻ ദാദമാർക്കും നാളികേരത്തിന്റെ നാട്ടിലെ ചില്ലറ കച്ചവടക്കാർ ആയ ഉമ്മൻ, ചെന്നിത്തല, പിന്നെ ആർഷ ഭാരതത്തിലെ എല്ലാ മണ്ടന്മ്മാർക്കും എന്റെ ജനാധിപത്യ ഉമ്മകൾ.